നായിക (Review: Naayika)

Published on: 11/28/2011 07:59:00 AM
Naayika: A film by Jayaraj starring Sharada, Mamta Mohandas, Jayaram, Padmapriya etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിപ്പതിനൊന്നിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ 'ദി ട്രയിന്‍' എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ 'നായിക'. 'ഗുല്‍മോഹറി'നു ശേഷം ദീദി ദാമോദരന്‍ ജയരാജിനു വേണ്ടി വീണ്ടും രചന നിര്‍വ്വഹിക്കുന്നു ഈ ചിത്രത്തില്‍. കേന്ദ്രകഥാപാത്രമായി ശാരദയും ഒപ്പം ജയറാം, പദ്മപ്രിയ, മം‍മ്‍ത മോഹന്‍ദാസ് തുടങ്ങിയ ഇതര താരങ്ങളും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നു. മകീരം ക്രിയേഷന്‍സിന്റെ ബാനറില്‍ തോമസ് ബെഞ്ചമിനാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളിവെളിച്ചത്തിന്റെ താരപ്രഭയില്‍ നില്‍ക്കുമ്പോഴും, അനുഭാവമര്‍ഹിക്കുന്നൊരു ജീവിത പശ്ചാത്തലമുള്ള മലയാളത്തിലെ പോയകാല നായികമാരുടെ കഥയാണ്‌ ഗ്രേസി എന്ന നായികയുടെ സിനിമാക്കഥയിലൂടെ ദീദി ദാമോദരനും ജയരാജും പറയുവാന്‍ ശ്രമിക്കുന്നത്. പ്രത്യേകിച്ചൊരു വ്യക്തിയെ അടിസ്ഥാനമാക്കിയല്ല, പല നായികമാരുടേയും യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളുടെ ഒരു ആകെത്തുകയാണ്‌ ചിത്രമെന്നാണ്‌ സംവിധായകന്‍ പറഞ്ഞു കേട്ടത്. ഇപ്രകാരമുള്ള ഒരു കഥാതന്തുവിലുള്ള പ്രമേയപരമായ സാധ്യതകളൊന്നും പ്രയോജനപ്പെടുത്തുവാന്‍ രചയിതാവിനോ സംവിധായകനോ കഴിയാതെ പോയത് ശുഷ്കമായൊരു ചലച്ചിത്രാനുഭവമാക്കി 'നായിക'യെ മാറ്റുന്നു.

ആകെത്തുക     : 3.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 1.00 / 10
: 4.00 / 10
: 2.50 / 05
: 3.50 / 05
ഒറ്റവരിയില്‍ കേള്‍ക്കുവാന്‍ രസമുള്ള കഥാതന്തുവെങ്കിലും ദീദി ദാമോദരന്‍ അത് തിരനാടകമായി എഴുതിവന്നപ്പോള്‍ സകല രസവും പോയിക്കിട്ടി. ഒരു പഴയകാല നടിയുടെ അവിചാരിതമായ പിന്‍വാങ്ങല്‍, അവരുടെ അഭിനേത്രിയായ വളര്‍ത്തുമകളുടെ മരണം; ഇങ്ങിനെ ചിലതിനെയൊക്കെ ചുറ്റിപ്പറ്റിയാണ്‌ ചിത്രം വികസിക്കുന്നതെങ്കിലും പ്രേക്ഷകരില്‍ താത്പര്യമുണര്‍ത്തുന്ന തരത്തില്‍ ഇവയൊന്നും അവതരിപ്പിക്കുവാന്‍ ദീദിക്ക് കഴിഞ്ഞില്ല. രംഗങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധവും പലപ്പോഴും നന്നേ കഷ്ടി. കൂട്ടത്തില്‍ അനാവശ്യ രംഗങ്ങളും കഥാപാത്രങ്ങളുമൊക്കെ വേണ്ടുവോളം കയറിവരുകയും ചെയ്യുന്നു. മൂന്നോ നാലോ കാലഘട്ടത്തിലൂടെയാണ്‌ ചിത്രം സഞ്ചരിക്കുന്നതെങ്കിലും, സിനിമയില്‍ ഇവയൊക്കെ കലാസംവിധായകന്റെ ശ്രമങ്ങളില്‍ മാത്രമാണ്‌ അനുഭവിക്കുവാന്‍ കഴിയുക. ഈ കുറവുകളൊക്കെ എടുത്തു കാട്ടുന്ന തരത്തിലുള്ള ജയരാജിന്റെ സംവിധാനം കൂടിയായപ്പോള്‍ പൂര്‍ണം! ചിത്രത്തില്‍ പിന്നെയും ആസ്വാദ്യകരമായി പറയാവുന്നത്, തുടക്കത്തില്‍ കാര്‍ത്തിക് ഒരുക്കിയ ടൈറ്റിലുകളും പിന്നെ ചില ഗാനരംഗങ്ങളും മാത്രമാണ്‌ എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.

Cast & Crew
Naayika

Directed by
Jayaraj

Produced by
Thomas Benjamin

Story, Screenplay, Dialogues by
Deedi Damodaran

Starring
Sharada, Mamta Mohandas, Jayaram, Padmapriya, Siddique, Sabitha Jayaraj, Sarayu, Jagathy Sreekumar, KPAC Lalitha, Salim Kumar etc.

Cinematography (Camera) by
Sinu Murukumpuzha

Editing by
Sobin K. Soman

Production Design (Art) by
Sujith

Background Music by
Rajamani

Music by
M.K. Arjunan

Lyrics by
Sreekumaran Thampi

Make-Up by
Biju Bhasker

Costumes by
Sheeba

Audiography by
N. Harikumar

Choreography by
Selvi

Action (Stunts / Thrills) by
Name

Banner
Makeeram Creations

'നായിക'യിലെ നായികയായ ഗ്രേസിയെ മലയാളസിനിമയുടെ ദുഃഖപുത്രിയെന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ശാരദ അവതരിപ്പിച്ചിരിക്കുന്നു. ഗ്രേസിയുടെ ജീവിതകഥ ഡോക്യുമെന്ററിയാക്കുന്ന സംവിധായിക അലീനയുടെ വേഷത്തിലാണ്‌ മം‍മ്ത മോഹന്‍ദാസ്. ചിത്രത്തിന്റെ പ്രധാന മികവായി പറയാവുന്നത്, ഈ വേഷങ്ങളിലുള്ള ഇരുവരുടേയും, പ്രത്യേകിച്ച് മം‍മ്തയുടെ, പക്വമായ അഭിനയമാണ്‌. സ്വയം അനുകരിക്കുന്ന നടനെന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള ജയറാമിന്റെ ചുട്ട മറുപടിയാണ്‌ ചിത്രത്തിലെ ആനന്ദ് എന്ന കഥാപാത്രം; കാരണം, ഈ ചിത്രത്തില്‍ ജയറാം തന്നെയല്ല മറിച്ച് പ്രേം‍നസീറിനെയാണ്‌ അനുകരിച്ചു പഠിക്കുന്നത്! ഗ്രേസിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്ന പത്മപ്രിയ, ഗ്രേസിയുടെ വളര്‍ത്തുമകളായ വാണിയായി വരുന്ന സരയു തുടങ്ങിയവരില്‍ നിന്നും ഇതിലുമധികം ആ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നു തോന്നി. സിദ്ദിഖിന്റെ സംഭാഷണങ്ങളും ഡബ്ബിംഗുമൊക്കെ കൊള്ളാമായിരുന്നെങ്കിലും ആകെപ്പാടെയൊരു കൃത്രിമത്വം അദ്ദേഹത്തിന്റെ കഥാപാത്രത്തിലും കാണുവാനുണ്ടായിരുന്നു. അലീനയുടെ ഒപ്പമുള്ള പത്രപ്രവര്‍ത്തകയായി സബിത ജയരാജുമുണ്ട് ചിത്രത്തില്‍. ദൂരദര്‍ശനിലും മറ്റും നിര്‍വികാരമായി വാര്‍ത്തവായിക്കുന്നവരെ ഓര്‍മ്മപ്പെടുത്തും വിധമാണ്‌ സബിതയുടെ അഭിനയം! ജഗതി ശ്രീകുമാര്‍, കെ.പി.എ.സി. ലളിത, സലിം കുമാര്‍ തുടങ്ങിയവരും, കണ്ടാലറിയാവുന്ന മറ്റു ചിലരും വിവിധ വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. സുകുമാരി, സുകുമാരിയായി തന്നെ ചെറിയൊരു ഭാഗത്ത് എത്തുന്നു.

സിനിമയുടെ കുറേ ഭാഗം കളറിലും ഇടയ്‍ക്കിടെ ചില ഭാഗങ്ങള്‍ ബ്ലാക്ക് & വൈറ്റിലുമാണ്‌ കാണുവാനുള്ളത്. ഭൂതകാലം ബ്ലാക്ക് & വൈറ്റും വര്‍ത്തമാനകാലം കളറിലും അല്ലെങ്കില്‍ ഗ്രേസിയുടെ നിറമുള്ള ഓര്‍മ്മകള്‍ കളറിലും അങ്ങിനെയല്ലാത്തവ ബ്ലാക്ക് & വൈറ്റിലും; ഇങ്ങിനെയൊരു പരിഗണനയും കളര്‍ / ബ്ലാക്ക് & വൈറ്റ് മാറ്റങ്ങള്‍ക്ക് കൊടുക്കുവാന്‍ കഴിയുന്നില്ല. ചിത്രസന്നിവേശകന്‍ സോബിന്‍ കെ. സോമനോട് തന്നെ ചോദിക്കേണ്ടി വരും എന്തിന്റെ അടിസ്ഥാനത്തിലാണ്‌ ബ്ലാക്ക് & വൈറ്റ് ചില ദൃശ്യങ്ങള്‍ക്ക് മാത്രമായി തിരഞ്ഞെടുത്തതെന്ന്. സിനു മുരുക്കുമ്പുഴയുടെ ഛായാഗ്രഹണം തരക്കേടില്ലാതെ പോവുന്നു. സുജിത്തിന്റെ കലാസംവിധാനത്തിലും അതുപോലെ ബിജു ഭാസ്കറിന്റെ ചമയം, ഷീബയുടെ വസ്‍ത്രാലങ്കാരം തുടങ്ങിയവയിലും പഴയകാലം പുനഃസൃഷ്ടിക്കുന്നതിന്റെ ആയാസം പ്രകടമാണ്‌. രാജാമണിയുടെ പശ്ചാത്തലസംഗീതവും എന്‍. ഹരികുമാറിന്റെ ശബ്ദലേഖനവുമാണ്‌ ചിത്രത്തില്‍ പിന്നെയും മികവു പുലര്‍ത്തുന്ന സാങ്കേതിക മേഖലകള്‍.

ശ്രീകുമാരന്‍ തമ്പി എഴുതി എം.കെ. അര്‍ജ്ജുനന്‍ ഈണമിട്ട നാലു ഗാനങ്ങളാണ്‌ ചിത്രത്തില്‍. 'പിക്‍നിക്' എന്ന ചിത്രത്തിനു വേണ്ടി ഇവരിരുവരും മുന്‍പ് ഒരുമിച്ച് തയ്യാറാക്കി കെ.ജെ. യേശുദാസ് ആലപിച്ച "കസ്‍തൂരി മണക്കുന്നല്ലോ..." എന്ന ഗാനം ഈ ചിത്രത്തില്‍ വീണ്ടും ഉപയോഗിച്ചിരിക്കുന്നു. അന്നത്തെ ഗാനത്തിന്റെ കസ്‍തൂരി മണം ഇന്നും നഷ്ടമായിട്ടില്ല എന്നു സ്‍പഷ്ടം. പി. ജയചന്ദ്രനും സുജാതയും ചേര്‍ന്നാലപിച്ച "നനയും നിന്‍ മിഴിയോരം...", കെ.എസ്. ചിത്രയുടെ ശബ്ദത്തിലുള്ള "നിലാവു പോലൊരമ്മ..." എന്നീ ഗാനങ്ങളും കേള്‍ക്കുവാന്‍ ഏറെ ഇമ്പമുള്ളവ തന്നെ. കെ.ജെ. യേശുദാസ് പാടിയ "പഴയൊരു രജനിതന്‍..." എന്ന മറ്റൊരു ഗാനവും ചിത്രത്തിലുണ്ട്. ഈ ഗാനങ്ങളില്‍ പത്മപ്രിയയ്‍ക്കായി സെല്‍വി ഒരുക്കിയിരിക്കുന്ന നൃത്തച്ചുവടുകളും കൗതുകകരം.

സംവിധായകന്‍ എന്താണ്‌ ചിത്രത്തിലൂടെ പറയുവാന്‍ ഉദ്ദേശിച്ചതെന്ന് സിനിമ കഴിയുമ്പോഴും പ്രേക്ഷകര്‍ക്ക് പിടികിട്ടാത്തൊരു മരീചികയായി തുടരും. ആത്മഹത്യയെന്ന് കരുതുന്ന പല നടികളുടേയും മരണം കൊലപാതകമായിരുന്നു എന്നു പറയുവാനായിരുന്നോ (അതു തന്നെ വ്യക്തമായൊന്നും പറയുന്നില്ല, എങ്ങും തൊടാതൊരു അഴകൊഴമ്പന്‍ മട്ടില്‍ പറഞ്ഞെന്നു വരുത്തുന്നു.) ഇങ്ങിനെയൊരു മാരണം? ഏതായാലും ഈ സിനിമ കാണിച്ചു തരുന്നതിലും കൂടുതല്‍ സിനിമയെക്കുറിച്ചും അതിന്റെ പിന്നാമ്പുറ വിശേഷങ്ങളെക്കുറിച്ചുമൊക്കെ പൊതുജനത്തിനറിയാം. അതിനാല്‍ തന്നെ സിനിമയിലെ വാണി എന്ന നായിക മരിച്ചതെങ്ങിനെ എന്നറിയുവാന്‍ സിനിമ കണ്ടു തീര്‍ക്കേണ്ട കാര്യമൊന്നുമില്ല താനും. കാര്യം അതാണെങ്കിലും, 'പഴയകാല നായികമാരെ അവഗണിക്കുന്ന പ്രേക്ഷകര്‍ അവരെക്കുറിച്ചുള്ള തന്റെ സിനിമയായ 'നായിക'യേയും അവഗണിച്ചേ!' എന്ന സംവിധായകന്റെ പരിഭവം അധികം വൈകാതെ തന്നെ നമുക്കു കേള്‍ക്കുവാനാവുമെന്നു കരുതാം!

അന്നത്തെ നടീനടന്മാരെയും സിനിമയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരേയും വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിലായിപ്പോയി ചിത്രത്തിലെ പല കഥാപാത്രങ്ങളുടേയും നിര്‍മ്മിതി എന്നതു കാണാതിരിക്കുവാനാവില്ല. പഴയകാല സിനിമകളിലെ രംഗങ്ങള്‍ പുനഃസൃഷ്ടിച്ച് ചിരിപ്പിക്കുന്നതിലും വിലകുറഞ്ഞ ഏര്‍പ്പാടായിപ്പോയി അത്.

ഇന്നത്തെ ചിന്താവിഷയം: ഒടുവില്‍ ക്രെഡിറ്റ്സ് എഴുതി വന്നപ്പോള്‍ ഗ്രേസിയുടെ അപ്പച്ചനെ അവതരിപ്പിച്ച അഭിനേതാവിന്റെ പേരായി കണ്ടത് 'ഭരത് സലിം കുമാര്‍'. ഈ 'ഭരത്' എന്ന കൂട്ടിച്ചേര്‍ക്കലില്ലാതെ വയ്യെങ്കില്‍ പിന്നെ അതെന്തിനാണ്‌ അവാര്‍ഡിന്റെ പേരില്‍ നിന്നും എടുത്തു മാറ്റിയത്? രസകരമായ കാര്യം 'ഉര്‍വ്വശി ശാരദ' എന്നെഴുതി കണ്ടതുമില്ല എന്നതാണ്‌.

10 comments :

  1. ദീദി ദാമോദരന്‍ രചന നിര്‍വ്വഹിച്ച് ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'നായിക'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    @newnHaree
    Haree
    #Naayika: May be a good theme, completely spoiled by the writer and the director. Coming soon: bit.ly/cv-reviews #Nayika #Jayaraj
    11 hours ago via web
    --

    ReplyDelete
  2. ഉര്‍വ്വശി ശാരദ എന്ന് ക്രെഡിറ്റില്‍ ഉണ്ടായിരുന്നല്ലോ ഹരീ....

    ReplyDelete
  3. @tk sujith,
    ഉണ്ടായിരുന്നുവോ? അങ്ങിനെ കണ്ടതായി ഓര്‍മ്മയിലില്ല, അതിനാലാണ്‌ അങ്ങിനെ എഴുതിയത്. തിരുത്തിയതിനു നന്ദി. :)
    --

    ReplyDelete
  4. ചുരുക്കി പറഞ്ഞാല്‍ വിളക്കും സമരവും പ്രതിസന്ധിയും ഒക്കെത്തന്നെയാണ് മലയാള പ്രേക്ഷകര്‍ക്ക് നല്ലത്.. കൊള്ളാവുന്നത് തമിഴനും ഹിന്ദിക്കാരനും ഒക്കെ ഉണ്ടാക്കുന്നുണ്ടല്ലോ

    ReplyDelete
  5. എല്ലാ പ്രതീക്ഷകളും തകര്‍ത്തു തരിപ്പണം ആക്കുന്ന ജയരാജിന്റെ മറ്റൊരു അപൂര്‍വ്വ ചിത്രം ...! റിവ്യു നന്നായിട്ടുണ്ട് ..അഭിനന്ദനങ്ങള്‍ ..!

    ReplyDelete
  6. ജയരാജിന് ഇപ്പോഴും ആ ട്രെയിനിന്റെ ഹാങ്ങോവർ മാറിയിട്ടില്ലെന്നു തോന്നുന്നു.

    ReplyDelete
  7. ജയരാജ് ഈ സിനിമയിലൂടെ ആരോടോ കണക്ക് തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് തോന്നുന്നു.സിദ്ദീക്ക് അവതരിപ്പിച്ച സ്റ്റീഫന്‍ മുതലാളി എന്ന കഥാപാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്ന 70കളിലെ ഏതോ നിര്‍മ്മാതാവാണ്. എം.സി.ഡാനിയേല്‍ പുരസ്കാരം(ജെ.സി. ഡാനിയല്‍) കുന്നത്തൂര്‍ കോട്ട (പൊന്നാപുരം കോട്ട) മുതലായ പരാമര്‍ശങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. മലയാള സിനിമ സ്റ്റുഡിയോകളില്‍ ഒതുങ്ങി നിന്ന 60കളിലെ അഭിനേതാക്കളുടെ അവസ്ഥ താരാധിപത്യം നിലനില്‍ക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഓര്‍മ്മപ്പെടുത്തി എന്നതാണ് ഈ സിനിമയ്ക്ക് അവകാശപ്പെടാന്‍ കഴിയുന്ന ഒരു മേന്മ. പക്ഷേ, അതുപോലും അതിഭവുകത്വവും ക്ലീഷെയും ഉപയോഗിച്ച് അരോചകമാക്കുകയും ചെയ്തു. പ്രേംനസീറിന്റെ ശബ്ദം ജയറാമിന്റെ ചുണ്ടില്‍ ‘ഫിറ്റ്’ ചെയ്തത് ഒട്ടും ശരിയായില്ല. പ്രത്യേകിച്ചും ജയറാമിന്റെ കഥാപാത്രത്തിന്റെ പേര് ആനന്ദന്‍ എന്നാണെന്നതുകൊണ്ട്(പ്രേം നസീര്‍ എന്നല്ലാത്തതുകൊണ്ട്). ഒരു പഴയകാല മലയാളസിനിമാനടിയുടെ ജീവിതത്തിലെ താളപ്പിഴകള്‍ എന്നത് ഒരു മികച്ച പ്രമേയമാണെങ്കിലും ‘തിരക്കഥ’ എന്ന പേരില്‍ 2008-ല്‍ ഒരു സിനിമ ഇറങ്ങിയതിനാല്‍ ഒട്ടും പുതുമ അവകാശപ്പെടാനില്ല. ഒരേ പ്രമേയം സ്വീകരിച്ചുകൂടെന്നില്ലെങ്കിലും ‘തിരക്കഥ’യെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ അവതരിപ്പിക്കാന്‍ ജയരാജിന് ബാധ്യത ഉണ്ടായിരുന്നു. പക്ഷെ,’തിരക്കഥ’ ഇതിനെക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട ഒരു സിനിമയായിരുന്നു.
    എന്തായാലും, പഴയ ഗാനങ്ങള്‍ remix ചെയ്യാനുള്ള ജയരാജിന്റെ ശ്രമം നല്ലതുതന്നെ. ലൌഡ് സ്പീക്കറിലെ ‘അല്ലിയാമ്പല്‍ കടവില്‍’ ഹൃദ്യമായിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളും നന്നായി remix ചെയ്തിരിക്കുന്നു.
    Off topic- Dam 999 കണ്ടിരുന്നോ? എത്രയും വേഗം രിവ്യൂ ഇടുക.

    ReplyDelete
  8. mullaperiyar-support the campaign..


    sory for spamming...

    ReplyDelete
  9. http://nikhimenon.blogspot.com/2011/11/mullaperiyar-issue-support-campaign.html

    ReplyDelete
  10. കാണണം എന്ന് കരുതിയിരുന്നതാണ്...ഇപ്പോഴും ആ വിചാരം പൂർണ്ണമായി മനസിൽ നിന്ന് പോയിട്ടില്ല..പക്ഷെ തീരെ സമയമില്ല അതാണ് പ്രശ്നം..

    ReplyDelete