ബ്യൂട്ടിഫുള്‍: പേരുപോലെ പടവും 'ബ്യൂട്ടിഫുള്‍'
ഹരീ, ചിത്രവിശേഷം

സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 8.00 / 10
: 7.50 / 10
: 4.00 / 05
: 3.00 / 05
* ഇത് ചിത്രത്തിലെ എറ്റവും നല്ല സംഭാഷണ ശകലങ്ങളില്‍ ഏറ്റവും താഴത്തേതാണിതെന്ന് ഞാന്‍ പറയും. മറ്റുള്ളവ തിയേറ്ററില്‍ തന്നെ ആസ്വദിക്കുക! :)
Beautiful
Directed by
V.K. Prakash
Produced by
Anand Kumar
Story, Screenplay, Dialogues by
Anoop Menon
Starring
Jayasurya, Anoop Menon, Meghana Raj, Tini Tom, Jayan, Nandu, Aparna Nair, Thesni Khan, Unni Menon, K.B. Venu, Kishor, Deepak Nair, Parvathi Nair, Praveena etc.
Cinematography (Camera) by
Jomon T. John
Editing by
Mahesh Narayanan
Production Design (Art) by
Ajayan Mangad
Music / Background Score by
Ratheesh Vegha
Sound Effects by
Arun Seenu
Lyrics by
Anoop Menon
Make-Up by
Hasan Wandoor
Costumes by
Azeez Palakkad
Choreography by
Bobby
Banner
Yes Cinema Company
ഓരോ കഥാപാത്രങ്ങള്‍ക്കുമായി നിശ്ചയിച്ച അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിനും സംവിധായകന്‍ പ്രശംസയര്‍ഹിക്കുന്നു. ഒരേ മട്ടിലുള്ള രണ്ടാംതരം വേഷങ്ങളില്‍ ഒതുങ്ങിപ്പോയ ചിലരൊക്കെ ഇതില്‍ പ്രസക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴുത്തിനു കീഴ്‍പോട്ട് തളര്‍ന്ന് കട്ടിലില്‍ തളച്ചിടപ്പെടുമ്പോഴും; ശുഭചിന്തകളോടെ, ഓജസ്സോടെ ജീവിക്കുന്ന സ്റ്റീഫനെ അതിഭാവുകത്വമൊഴിവാക്കി ചെയ്തു വിജയിപ്പിക്കുവാന്‍ ജയസൂര്യയ്‍ക്കു കഴിഞ്ഞു. തന്റെ സ്ഥിരം പൈങ്കിളി ശൈലിയൊക്കെ മാറ്റിവെച്ച് പക്വമായൊരു സമീപനം ജയസൂര്യ സ്വീകരിച്ചു എന്നതാണ് ഈയൊരു മികവിനാധാരമെന്നു പറയാം. ജയസൂര്യയുടെ സ്റ്റീഫനോട് കിടപിടിക്കുന്നത് എന്നു പറയുവാനാവില്ലെങ്കിലും, അനൂപ് മേനോന്റെ ജോണും ചിത്രത്തില്‍ മികവു പുലര്‍ത്തുന്നു. ജീവിതത്തില്‍ ആഗ്രഹങ്ങളുള്ളപ്പോഴും ലക്ഷ്യബോധമില്ലാതെ പെരുമാറുന്ന ഒരുവനെപ്പോലെ തോന്നി ചിത്രത്തിലെ ജോണ്‍. കുറച്ചു കൂടി ആഴം ജോണ്‍ എന്ന കഥാപാത്രത്തിന് ആവാമായിരുന്നെന്നു തോന്നി. മേഘ്‍ന രാജിന്റെ ഇതുവരെയുള്ള അഭിനയജീവിതത്തില്‍ ലഭിച്ചിട്ടുള്ള വേഷങ്ങളില്‍ ഏറ്റവും മികച്ചതെന്ന് ഈ ചിത്രത്തിലെ അഞ്ജലിയെക്കുറിച്ച് പറയാം. മേഘ്‍ന തനിക്കു ലഭിച്ച അവസരം നന്നായി വിനിയോഗിക്കുകയും ചെയ്‍തു. ടിനി ടോമിന്റെ അലക്സ്, നന്ദു അവതരിപ്പിച്ച കമലാസനന്‍, തെസ്‍നി ഖാന്റെ കന്യക തുടങ്ങിയവരോടൊപ്പം ചിത്രത്തിലെ മറ്റ് ചെറുവേഷങ്ങളിലെത്തുന്നവരും തങ്ങളുടേതായ രീതിയില്‍ ചിത്രത്തിന്റെ മികവിലേക്ക് എന്തെങ്കിലുമൊക്കെ ചേര്‍ക്കുന്നുണ്ട്. ഉണ്ണി മേനോന്‍ അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രം മാത്രം പിന്നിലായിപ്പോയെന്നു പറയാം.
'ചാപ്പാ കുരിശി'ലൂടെ മുഖ്യധാരാ ഛായാഗ്രാഹകനായി അറിഞ്ഞു തുടങ്ങിയ ജോമോന്‍ ടി. ജോണിന്റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ വളരെ മികവു പുലര്‍ത്തുന്നു. ഓരോ ഷോട്ടും എങ്ങിനെയെങ്കിലുമൊക്കെ എടുത്തു വെയ്‍ക്കാതെ ഒരു അനുഭവമാക്കി മാറ്റുവാനുള്ള ജോമോന്റെ ശ്രമങ്ങള്‍ ഫലം കണ്ടുവെന്നു പറയാം. ഭൂരിഭാഗം ദൃശ്യങ്ങളും ഇത്തരത്തില്‍ മികവിലേക്കെത്തുന്നതിനാല്‍; ചുരുക്കം ചില ദൃശ്യങ്ങളുടെ ഔട്ട്-ഓഫ്-ഫോക്കസ് പോലും കല്ലുകടിയാണ് താനും! തട്ടും തടയലുമൊന്നും അനുഭവപ്പെടാതെ ജോമോന്‍ പകര്‍ത്തിയ ദൃശ്യങ്ങളെ ഒഴുക്കോടെ ചേര്‍ത്തുവെച്ച മഹേഷ് നാരായണന്റെ ചിത്രസന്നിവേശത്തിനും ചിത്രത്തിന്റെ സാങ്കേതികമികവുയര്‍ത്തുന്നതില്‍ പ്രധാന പങ്കുണ്ട്. പലപ്പോഴും പശ്ചാത്തല സംഗീതം ദൃശ്യങ്ങളെ അപ്രസക്തമാക്കുന്നതായാണ് അനുഭവം. ഈയൊരു പ്രശ്നമുണ്ടാവാതെ, സംഗീത പശ്ചാത്തലമൊരുക്കുവാന്‍ രതീഷ് വേഗയ്‍ക്കും ഒപ്പം അവ ശരിയായി ഉപയോഗിക്കുവാന്‍ ശബ്ദസംവിധാനം നിര്‍വ്വഹിച്ച അരുണ്‍ സീനുവിനും സാധിച്ചു. അജയന്‍ മങ്ങാടിന്റെ കലാസംവിധാനം, അസീസ് പാലക്കാടിന്റെ ചമയം, ഹസന്‍ വണ്ടൂരിന്റെ വസ്‍ത്രാലങ്കാരം തുടങ്ങിയവയും ചിത്രത്തിനു യോജിച്ചവ തന്നെ.
അനൂപ് മേനോന്‍ എഴുതി രതീഷ് വേഗ ഈണമിട്ട "മഴനീര്‍ തുള്ളികള്‍...", "മൂവന്തിയായ് അകലെ..." എന്നീ ഗാനങ്ങളും പിന്നീടൊരു റാപ് ഗാനവുമാണ് ചിത്രത്തിലുള്ളത്. "മഴനീര്‍ തുള്ളികള്‍..." എന്ന ഗാനമൊഴികെ കാര്യമായ മികവ് ഇതരഗാനങ്ങള്‍ക്ക് അവകാശപ്പെടുവാന്‍ കഴിയുമോ എന്നു സംശയമാണ്. ഉണ്ണിമേനോന്‍ ആലപിച്ചിരിക്കുന്ന പ്രസ്‍തുത ഗാനത്തിന്റെ ചിത്രത്തിലെ ഉപയോഗവും നന്ന്. ഒരു ഗിറ്റാറിസ്റ്റാണ് ജോണ്‍ എന്നു കണ്ടാല്‍, ഗാനങ്ങളേക്കാള്‍ ഗിറ്റാര്‍ സംഗീതത്തിന് പ്രാധാന്യം വന്നിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു എന്നും തോന്നി. നൃത്തസംവിധായകനായി ബോബിയുടെ പേരു കണ്ടെങ്കിലും എന്താണ് ചിത്രത്തില്‍ അദ്ദേഹം ചെയ്തിട്ടുള്ളതെന്നത് അജ്ഞാതം!
ചിത്രത്തിന്റെ * ഔദ്യോഗിക വെബ്സൈറ്റില്‍ പശ്ചാത്തലമായി കേള്‍ക്കുന്ന ഗിറ്റാര്‍ സംഗീതശകലം അഥവാ തീം സോംഗാണ് ഗാനങ്ങളേക്കാള്‍ ഇഷ്ടമായത്.
ആസ്വാദ്യകരമായ ഒരു സിനിമ എന്നതിലുപരി, നിലവിലെ സദാചാരവാദങ്ങളോട് കയര്‍ക്കുന്ന ചില ആശയങ്ങളും ഈ ചിത്രം മുന്നോട്ടു വെയ്‍ക്കുന്നു. ഒരുപക്ഷെ, പലര്‍ക്കും ഇത് ദഹിച്ചെന്നു വരില്ലെന്നു മാത്രം. അത്തരത്തിലുള്ളവരെ തൃപ്തിപ്പെടുത്തുവാന്‍ തക്കവണ്ണം മനഃപൂര്‍വ്വമായ ഒളിച്ചു കളികള്‍ക്കായി രചയിതാവോ സംവിധായകനോ ശ്രമിച്ചിട്ടില്ല എന്നതാണ് ഇവിടെ പ്രധാനം. വി.കെ. പ്രകാശിന്റെ സിനിമ എന്നതിനേക്കാളുപരി രചയിതാവായ അനൂപ് മേനോന്റെ സിനിമ എന്ന രീതിയിലാവാം ചിത്രം വരും കാലങ്ങളില്‍ ഓര്‍മ്മിക്കപ്പെടുക. ആരുടെ പേരില്‍ ഓര്‍മ്മിക്കപ്പെട്ടാലും ഇന്നു സിനിമകാണുന്ന പ്രേക്ഷകരുടെ കൈയ്യടി നേടുവാന്‍ ചിത്രത്തിനു കഴിയുന്നുണ്ട്. ഒരു സിനിമയെ സംബന്ധിച്ചിടത്തോളം അതാണല്ലോ അതിന്റെ 'ബ്യൂട്ടി'. 'ബ്യൂട്ടിഫുള്ളി'നെ സുന്ദരമാക്കിയ അണിയറപ്രവര്‍ത്തകര്‍ക്ക് / അഭിനേതാക്കള്‍ക്ക് 'ചിത്രവിശേഷ'ത്തിന്റെ ആശംസകള്‍, അനുമോദനങ്ങള്‍!






