Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

വെനീസിലെ വ്യാപാരി (Review: Venicile Vyapari)

Published on: December 17, 2011

വെനീസിലെ വ്യാപാരി: ഷാഫിയുടെ വിപണിയറിഞ്ഞൊരു വ്യാപാരം

ഹരീ, ചിത്രവിശേഷം

Venicile Vyapari: A film by Shafi starring Mammootty, Kavya Madhavan, Poonam Bajwa etc. Film Review by Haree for Chithravishesham.
'മേരിക്കുണ്ടൊരു കുഞ്ഞാട്', 'മേക്കപ്പ് മാന്‍' എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം ഷാഫി ഒരുക്കുന്ന ചിത്രമാണ്‌ 'വെനീസിലെ വ്യാപാരി'. ഷാഫിയുടെ മറ്റൊരു ഹിറ്റ് ചിത്രമായ 'മായാവി'ക്കു ശേഷം (പിന്നീടിറങ്ങിയ 'ചട്ടമ്പിനാട്' ഹിറ്റല്ലെന്ന വിശ്വാസത്തില്‍...) മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ഹിറ്റ് എന്ന പ്രതീക്ഷയാണ്‌ 'വെനീസിലെ വ്യാപാരി' നല്‍കുന്നത്. കാവ്യ മാധവനും പൂനം ബാജ്‍വയുമാണ്‌ ചിത്രത്തിലെ നായികമാര്‍. മുരളി ഫിലിംസിന്റെ ബാനറില്‍ വി.പി. മാധവന്‍ നായര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി 'ക്ലാസ്‍മേറ്റ്സി'ലൂടെ ശ്രദ്ധേയനായ ജയിംസ് ആല്‍ബര്‍ട്ട് രചന നിര്‍വ്വഹിച്ചിരിക്കുന്നു. പഴയകാലത്തിന്റെ പുനരാവിഷ്‍കാരമാണ്‌ ഇപ്പോള്‍ ചിലവാകുന്ന സാധനമെന്നു മനസിലാക്കി, അത്തരമൊരു കുപ്പിയില്‍ മലയാളസിനിമയില്‍ കാലങ്ങളായി കണ്ടുവരുന്ന പ്രമേയത്തെ അവതരിപ്പിച്ചിരിക്കുന്നതാണ്‌ ഈ സിനിമയെന്ന് ഒറ്റവാചകത്തില്‍ പറയാം.

ആകെത്തുക     : 4.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.50 / 10
: 5.00 / 10
: 6.00 / 10
: 3.00 / 05
: 2.50 / 05
മലയാള സിനിമാക്കാര്‍ക്കിത് പറഞ്ഞാലും പറഞ്ഞാലും മതിയാവില്ലേ എന്ന് ആരും സംശയിച്ചു പോവുന്നൊരു കഥയാണ്‌ 'വെനീസിലെ വ്യാപാരി'ക്കും പറയുവാനുള്ളത്. ഷാഫി-മമ്മൂട്ടി കൂട്ടുകെട്ടിലുണ്ടായ 'മായാവി'യുടെ കഥ പോലും ഏതാണ്ടിതൊക്കെ തന്നെയാണെന്ന് പറയാം. പിന്നെ, സംഗതി വ്യാപാരവും കാലം പത്തിരുപത് വര്‍ഷം പിന്നിലുമായതിനാല്‍ ചില രസമുള്ള നമ്പരുകള്‍ ഇടയ്‍ക്കൊക്കെ കാണുവാനുണ്ടെന്നു മാത്രം. 'വടക്കുനോക്കിയന്ത്ര'ത്തിലെ ദിനേശനെ അനു‍സ്‍മരിപ്പിക്കുന്ന തരത്തില്‍ ഫലിതബിന്ദുക്കളിലെ ചില കേട്ടുപഴകിയ തമാശകളൊക്കെ കഥാപാത്രങ്ങള്‍ ഇടക്കിടെ പറയുന്നുമുണ്ട്. ഇനി, എണ്‍പതുകളിലേ ഈ തമാശയൊക്കെ ഉണ്ടായിരുന്നു എന്നു കാണിക്കുവാനാണൊ രചയിതാവ് ശ്രമിച്ചതെന്നും സംശയിക്കാതെയില്ല. ചിത്രത്തിലെ ബാക്കിയുള്ള ഭാഗങ്ങളൊക്കെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പലവട്ടം നാം കണ്ടു മടുത്തവ തന്നെ. കൂട്ടത്തില്‍, ആവര്‍ത്തന വിരസമായ കഥാപാത്രങ്ങള്‍ കൂടിയാവുമ്പോള്‍ ജയിംസ് ആല്‍ബര്‍ട്ട് രചന നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ ഏറ്റവും മോശമെന്നു പറയാം വെനീസിലെത്തിയ ഈ വ്യാപാരി.

Cast & Crew
Venicile Vyapari

Directed by
Shafi

Produced by
V.P. Madhavan Nair

Story, Screenplay, Dialogues by
James Albert

Starring
Mammootty, Kavya Madhavan, Suraj Venjarammoodu, Salim Kumar, Poonam Bajwa, Jagathy Sreekumar, Janardhanan, Biju Menon, Vijayaraghavan, Suresh Krishna, Guinness Pakru etc.

Cinematography (Camera) by
Shamdat

Editing by
Manoj

Production Design (Art) by
Joseph Nellickal

Music by
Bijibal

Lyrics by
Kaithapram Damodaran Namboothiri

Make-Up by
Pattanam Rasheed

Costumes by
S.B. Satheesan

Choreography by
Name

Action (Stunts / Thrills) by
Name

Banner
Murali Films

വളരെ പ്രതീക്ഷിതമായ കഥാഗതിയും ഒടുക്കവുമുള്ള ഈയൊരു ചിത്രം കണ്ടിരിക്കുവാന്‍ പാകത്തിലാക്കുന്നതില്‍ മമ്മൂട്ടിയുടെ തിരസാന്നിധ്യത്തിന്‌ വലിയൊരു പങ്കുണ്ട്. ചുരുങ്ങിയ പക്ഷം, അദ്ദേഹത്തിന്റെ ആരാധകരെയെങ്കിലും തൃപ്തിപ്പെടുത്തുവാന്‍ തക്കവണ്ണം പവിത്രന്‍ മുതലാളിയെന്ന വേഷത്തില്‍ ഷാഫി മമ്മൂട്ടിയെ നന്നായി ഉപയോഗിച്ചിട്ടുണ്ട്‍. അതേ സമയം ഇതര അഭിനേതാക്കളുടെ വേഷങ്ങളൊന്നുമൊട്ട് ശോഭിച്ചതുമില്ല. സുരാജിന്റെ ഒടിയന്‍ ചന്തുവും സലിം കുമാറിന്റെ കമലാസനനും ജഗതി ശ്രീകുമാറിന്റെ കാലടിയുമൊക്കെ പതിവിന്‍ പടി തന്നെ. കാവ്യ മാധവന്‍ തരക്കേടില്ലാതെ തന്റെ വേഷം അവതരിപ്പിച്ചെങ്കില്‍ മറ്റൊരു നായികയായ പൂജ ബാജ്‍വ ചിത്രത്തിലെന്ത് അഭിനയമാണ്‌ കാഴ്‍ച വെച്ചതെന്ന് മനസിലായില്ല. ഇടയ്‍ക്കിടെ പല്ലുകടിച്ച് മുരളുന്ന സ്ഥിരം വില്ലന്മാരുടെ ശൈലിയില്‍ വിജയരാഘവനും സുരേഷ് കൃഷ്ണയും ഇവര്‍ക്കൊപ്പമുണ്ട്, കൂട്ടത്തിലൊരു ഡമ്മി വില്ലനായി വി.കെ. ശ്രീരാമനും. ഗിന്നസ് പക്രു, ജനാര്‍ദ്ദനന്‍ തുടങ്ങി മറ്റു ചിലരേയും അങ്ങിങ്ങായി കാണാം. തൊഴിലാണി നേതാവായ അജയനെന്നൊരു ശുഷ്‍കമായൊരു വേഷത്തിനായി ബിജു മേനോനെ പോലെയൊരു നടനെ ഉള്‍പ്പെടുത്തേണ്ടിയിരുന്നില്ല എന്നും പടം കഴിഞ്ഞപ്പോള്‍ തോന്നി!

മമ്മൂട്ടിയുടെ തിരസാന്നിധ്യത്തോടൊപ്പം ചിത്രത്തിന്റെ മികവുയര്‍ത്തുന്നതില്‍ പ്രധാന ഘടകമാവുന്നത് അണിയറ പ്രവര്‍ത്തകര്‍ കൈവരിച്ചിരിക്കുന്ന സാങ്കേതികമേന്മയാണ്‌. ഷാംദത്ത് പകര്‍ത്തിയിരിക്കുന്ന കുട്ടനാടന്‍ പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങള്‍ മനോജിന്റെ സം‍യോജനമികവില്‍ ഒഴുക്കോടെ ചേരുന്നു. പഴയകാലം അവതരിപ്പിക്കുന്നതിനായി ജോസഫ് നെല്ലിക്കല്‍ പല കാര്യങ്ങളും ഉള്‍പ്പെടുത്തിയെങ്കിലും, സ്വാഭാവികത പലപ്പോഴും അന്യമായി തോന്നി. എസ്.ബി. സതീശന്റെ വസ്‍ത്രാലങ്കാരം, പട്ടണം റഷീദിന്റെ ചമയം എന്നിവയ്‍ക്കും ഈ പറഞ്ഞത് ബാധകമാണ്‌. പലപ്പോഴും പല സാമഗ്രികളും, വേഷങ്ങളുമെല്ലാം പഴയശൈലിയില്‍ പുതിയതായി ഉണ്ടാക്കിയതെന്ന തോന്നലാണ്‌ നല്‍കുന്നത്. ജയന്‍ അഭിനയിച്ച 'അങ്ങാടി'യിലെ "കണ്ണും കണ്ണും..." എന്നൊരു ഗാനം ഈ ചിത്രത്തില്‍ വീണ്ടും കാണാം. ഗാനരംഗം അത്യാവശ്യം നന്നായി തന്നെ മോശമാക്കിയിട്ടുണ്ടെന്നു പറയാം. കൈതപ്രം രചന നിര്‍വ്വഹിച്ച് ബിജിബാല്‍ ഈണമിട്ടിരിക്കുന്ന ചിത്രത്തിലെ ഇതരഗാനങ്ങളും ശ്രദ്ധ നേടുന്നില്ല.

മലയാളസിനിമയുടെ വിപണി നന്നായി മനസിലാക്കിയൊരു സംവിധായകനെന്ന (അതോ വ്യാപാരിയോ?) നിലയില്‍ ഈ ചിത്രത്തിലും സ്ഥിരം ചേരുവകള്‍ സമര്‍ത്ഥമായി ഉപയോഗിക്കുവാന്‍ ഷാഫിക്കു കഴിഞ്ഞു. ഈയൊരു കാരണം കൊണ്ടു തന്നെ ഈ ക്രിസ്‍തുമസ് കാലത്ത് ലാഭം കൊയ്യുവാന്‍ കിഴക്കിന്റെ വെനീസിലെത്തുന്ന ഈ വ്യാപാരിക്ക് കഴിയും എന്നു തന്നെ കരുതാം. എങ്കിലും, സിനിമകാണുവാനായി പുറപ്പെടുവാന്‍ തുടങ്ങുന്ന ആരാധകരുള്‍പ്പടെയുള്ള എല്ലാവരോടുമുള്ള ഒരു ചോദ്യത്തോടെ വിശേഷം അവസാനിപ്പിക്കാം. (അവസാന രംഗത്തെക്കുറിച്ച് ചെറിയൊരു സൂചന നല്‍കാതെ തരമില്ല, ക്ഷമിക്കുക!) ഒരാള്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന പവിത്രനെ പിന്നില്‍ നിന്നും പിടിച്ചു നിര്‍ത്തുന്നു, പ്രധാന വില്ലന്‍ തോക്കെടുത്ത് പവിത്രനെ ലാക്കാക്കി വെടിവെയ്‍ക്കുന്നു. എന്താണ്‌ തുടര്‍ന്ന് സംഭവിച്ചിരിക്കുക? നിങ്ങള്‍ക്കിതിന്‌ ഉത്തരം പറയുവാന്‍ കഴിയുന്നെങ്കില്‍ പിന്നിതു കാണേണ്ടതുണ്ടോ?

ആരാധകര്‍ കൈയ്യടിക്കുന്നതും കടലാസെറിയുന്നതുമൊക്കെ പഴയ ഫാഷനായി! സിനിമയ്‍ക്ക് മുന്‍പ് താരാരാധക സംഘടനയുടെ വിവിധ യൂണിറ്റുകളുടെ സ്ലൈഡ് ഷോയും ഇടവേളയില്‍ "ജയ് ജയ് മമ്മൂക്കാ, സൂപ്പര്‍ താരം മമ്മൂക്കാ..." എന്നൊരു പാട്ടും; പോരേ പൂരം!

Post a Comment

ശ്രദ്ധിക്കുക: 30 ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളില്‍ ചേര്‍ക്കുന്ന കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

13 comments:

Haree N said...

മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്‍ത 'വെനീസിലെ വ്യാപാരി' എന്ന ക്രിസ്‍തുമസ് ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

ഇത് ചിത്രവിശേഷത്തിലെ മുന്നൂറാം പോസ്റ്റ്. :)

Haree
@newnHaree
#VenicileVyapari is the same old plot in a new mold; an entertainer especially to the fans of #Mammootty. Coming soon: bit.ly/cv-reviews
3:12 PM - 16 Dec 11 via web
--

sadique M Koya said...

ഇത് വരെ ഫാന്‍സ്‌ റിപ്പോര്‍ട്ട്‌ മാത്രമേ കേട്ടിരുന്നുള്ളൂ. ഗംഭീരം , ഉജ്വലം എന്നൊക്കെയായിരുന്നു പ്രതികരണങ്ങള്‍. ഞാന്‍ പണ്ടേ അത് വിശ്വസിക്കാറില്ല.
നല്ലൊരു റിവ്യൂ . നന്നായി വിലയിരുത്തി. നന്നായി എഴുതി .നന്ദി

ഭായി said...

മുന്നൂറാം പോസ്റ്റിന് ആശംസകൾ.
ഒപ്പം ഈ മനക്കരുത്തിനെ നമിയ്ക്കാതിരിയ്ക്കാൻ കഴിയുന്നില്ല....!!

Prakas K.P said...

രണ്ടു സൂപ്പര്‍ താര ചിത്രങ്ങള്‍ ബ്യൂട്ടിഫുള്‍ പോലെ യുള്ള കൊച്ചു ചിത്രങ്ങളെ തിയേറ്ററില്‍ നിന്നും വേഗം നീക്കി
ശരിക്കും പുറത്താക്കി. മേക്കുപ് മാന്‍ ഹിറ്റ ആയതുപോലെ ഇതും ഹിറ്റ്‌ ആകുമോ...

വിശ്വസ്തന്‍ said...

മരുഭൂമി കഥയ്ക്കും വെനീസിലെ വ്യാപാരിക്കും വേണ്ടി Beautiful തീയറ്ററില്‍ നിന്നും മാറ്റിയ തീയറ്ററുകാര്‍ അധികം വൈകാതെ Beautiful തിരിച്ചു ചോദിച്ചു വരും.കാരണം പ്രേക്ഷകര്‍ക്ക്‌ കാണാന്‍ താല്പര്യം നല്ല സിനിമകളാണ്.

പ്രേക്ഷകര്‍ ഇപ്പോഴും പൊട്ടന്മാര്‍ ആണെന്നാണ്‌ ഇവരൊക്കെ ധരിച്ചുവച്ചിരിക്കുന്നത് .
പഴയ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ചു സൂപ്പര്‍ സ്റാര്‍ എന്ന ലേബലും ഒട്ടിച്ചു കൊണ്ട് വന്ന് വച്ചിരിക്കുന്നു .കഷ്ട്ടം ....

Shaju said...

2000-ഇല്‍ ഇറങ്ങിയ സഹ യാത്രികക്ക്‌ സ്നേഹ പൂര്‍വം എന്ന തല്ലിപോളി ചിത്ര ത്തിന്റെ സ്ക്രിപ്ട് എഴുതുന്നതില്‍ ജയിംസ് ആല്‍ബര്‍ട്ട് പന്ഗാളി ആയിരുന്നു. അതുകൊണ്ട്‌ 'വെനീസിലെ വ്യാപാരി ഏറ്റവും മോശം തിരകഥ എന്നു പറയാന്‍ പറ്റില്ല.

sree said...

really haree...i couldnt understand why shafi opted for such a period..ee kadha ippozhathe kaalathum oru prasnavumillathe parayamallo??highly
artificial treatment.
sreeja

മുനീര്‍ തൂതപ്പുഴയോരം said...

ഫാന്‍സിനത്ര ഇഷ്ടപ്പെട്ടിട്ടില്ലാന്നാണല്ലോ ആദ്യ രിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഫാന്‍സിന്റെ ഇഷ്ടവും ഹരിയുടെ ഇഷ്ടവും തമ്മില്‍ ചേരുന്നില്ലന്നര്‍ത്ഥം.:)

Satheesh Haripad said...

അപ്പോൾ സംഭവം ആകെ തട്ടിക്കൂട്ടാണ് അല്ലേ...

മരുഭൂമിക്കഥയുടെ റിവ്യൂവിനായി കാത്തിരിക്കുന്നു ( അതുകൂടിയാകുമ്പോൾ പൂർത്തിയാവും!)

അപ്പൂട്ടൻ said...

ഈ ചിത്രം എന്തിന് എൺപതുകളിലാക്കി എന്നത് എനിക്കിനിയും മനസിലായിട്ടില്ല. 2011-ൽ സംഭവിച്ചാലും (മമ്മൂട്ടിയുടെ ജയിൽവാസവും കൂടി കണക്കിലെടുത്ത് 2008-ൽ) ഈ കൊലപാതകത്തിന് യാതൊരു വ്യത്യാസവും വരില്ലായിരുന്നു. എന്തെങ്കിലും ഫ്ലാഷ്‌ബാക്കൊ മറ്റൊ കാണും എന്നായിരുന്നു ആദ്യം കരുതിയത്, അതുപോലുമില്ല.
കൂറ സസ്പെൻസ് എന്നാണ് തിയേറ്റർ വിട്ടിറങ്ങുമ്പോൾ ഒരു പ്രേക്ഷകനിൽ നിന്നു കേട്ടത്.

ഒരേയൊരു പോസിറ്റീവ് - ഏത് ഗെറ്റപ്പായാലും തനിക്ക് ചേരും എന്ന് മമ്മൂട്ടി ഒരിക്കൽക്കൂടി തെളിയിച്ചു, ബെൽബോട്ടമെങ്കിൽ അത്, സ്റ്റെപ് കട്ടെങ്കിൽ അത്.

ഒരു ചെറുതിരുത്ത് പറഞ്ഞോട്ടെ (പലരും അങ്ങിനെ എഴുതിക്കണാറുണ്ട്, അതിനാലാണ്)
ശ്യാംദത്ത് എന്നല്ല സിനിമാറ്റോഗ്രാഫറുടെ പേര്, ഷാംദത്ത് എന്നാണ്.

Haree N said...

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

ഒരുപക്ഷെ, പഴയൊരു ഗെറ്റപ്പില്‍ മമ്മൂട്ടിയെ അവതരിപ്പിക്കുക എന്നതേ കഥ പഴയ കാലത്തേക്ക് മാറ്റിയതു വഴി ഉദ്ദേശിച്ചിട്ടുണ്ടാവുകയുള്ളൂ. അങ്ങിനെയൊരു മാറ്റമെങ്കിലും ഇല്ലെങ്കില്‍ ഇതിനെന്തു പുതുമ തോന്നുവാനാണ്?

ഷാംദത്ത് എന്നു തിരുത്തിയിട്ടുണ്ട്.
--

Said said...

Hi Haree,

There's a display issue with firefox - IE8 too. ആകെത്തുക section is overlapped with main content. In chrome it seems OK.

Shijith said...

I saw this film, Oru Marubhoomi kadha and Beautiful. Now I know what was "Sannthosh Pandit is telling about his film in most of his interviews. Malayalee's does not have the right to see good films.
Beautiful was far far better than these two super start films. But in my native (calicut) beautiful is just one show in one theater, but these super start films are there in two theaters.
We are not supposed to watch good films.

Featured Videos

Trailer: Unnam

Unnam: A film by Sibi Malayil starring Asif Ali, Lal, Rima Kallingal, Swetha Menon etc.

WATCH VIDEO
Teaser: Second Show

Second Show: A film by Srinath Rajendran starring Dulquer Salman Gauthami Nair etc.

WATCH VIDEO
Trailer: Njanum Ente Familiyum

Njanum Ente Familiyum: A film by K.K. Rajeev starring Jayaram, Mamta Mohandas etc.

WATCH VIDEO