സെക്കന്‍റ് ഷോ: പുതുമ വാക്കിലല്ല, തിരശീലയില്‍ കാണാം!
ഹരീ, ചിത്രവിശേഷം
നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്‍, ക്യാമറയ്‍ക്ക് മുന്നിലും പിന്നിലും ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയിരിക്കുന്ന ചിത്രമാണ് '
സെക്കന്റ് ഷോ'. മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ക്കറിനോടൊപ്പം പുതുമുഖങ്ങളായ സണ്ണി വെയ്‍ന്‍, ഗൗതമി നായര്‍ എന്നിവരും ബാബുരാജ്, രോഹിണി, കുഞ്ചന്‍ തുടങ്ങിയ പരിചിത അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടുന്നു. മറ്റൊരു തുടക്കക്കാരനായ വിനി വിശ്വലാലിന്റെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും. അധികം അവകാശവാദങ്ങളോ പറഞ്ഞു പൊലിപ്പിക്കലോ ഒന്നുമില്ലാതെയാണ് നിര്‍മ്മാതാക്കളായ AOPL എന്റര്‍ടൈന്മെന്റ് ചിത്രം തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്. പറയുന്നതു പലതും അതുപോലെയോ അല്ലെങ്കില്‍ അതിന്റെ ചെറിയൊരംശമെങ്കിലുമോ തിരശീലയില്‍ കാണാത്ത പതിവു രീതികള്‍ വിട്ട്, ഒന്നും പറയാതെ എന്നാല്‍ അങ്ങിനെ പറയാമായിരുന്ന പുതുമകള്‍ പലതും തിരശീലയില്‍ കാണിച്ചു തരുന്നുണ്ട് ശ്രീനാഥ് രാജേന്ദ്രനും സംഘവും. യുവനിരയുടെ ആത്മാര്‍ത്ഥമായ പരിശ്രമം നല്‍കുന്ന പുതുമ തന്നെയാണ് ചിത്രത്തിന്റെ കാതലായ മികവെന്ന് നിസ്സംശയം പറയാം.
ആകെത്തുക : 7.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.00 / 10
: 8.00 / 10
: 6.00 / 10
: 4.50 / 05
: 3.50 / 05
പ്രമേയപരമായി ചിത്രത്തിന് കാര്യമായ പുതുമയൊന്നും പറയുവാനില്ലെങ്കിലും അതിന്റെ അവതരണത്തില്‍ തികഞ്ഞ മൗലികത കൊണ്ടുവരുവാന്‍ രചയിതാവായ വിനി വിശ്വലാലിന് സാധിച്ചു. വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍, അവര്‍ക്കു ചേരുന്ന മികവുറ്റ സംഭാഷണങ്ങള്‍ എന്നിവയും രചനയില്‍ എടുത്തു പറയാവുന്ന കാര്യങ്ങളാണ്. ചുഴിഞ്ഞു നോക്കിയാല്‍ ചില ചില്ലറ ആശയക്കുഴപ്പങ്ങള്‍ പറയാമെങ്കിലും അവയൊന്നും ചിത്രത്തിന്റെ ആസ്വാദ്യതയെ ബാധിക്കുന്നില്ല. ഒരു സംവിധായകന്റെ സിനിമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കുവാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാത്തതിനു പ്രധാന കാരണവും ഇതു തന്നെ. തികഞ്ഞ കൈയ്യടക്കത്തോടെ വ്യത്യസ്തമായൊരു പരിചരണം ചിത്രത്തില്‍ ഉടനീളം സ്വീകരിക്കുവാന്‍ ശ്രീനാഥ് രാജേന്ദ്രന് കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ല. മലയാളത്തിനു പരിചിതമല്ലാത്ത, എന്നാല്‍ വിദേശചിത്രങ്ങളുടെ കേവലാനുകരണം മാത്രമായിപ്പോവാത്ത ഒരു രീതിയാണ് ചിത്രത്തിനുള്ളത്. കഥാപാത്രങ്ങള്‍ക്കായി യുക്തമായ അഭിനേതാക്കളെ കണ്ടെത്തിയിരിക്കുന്നതിലും സംവിധായകനു പിഴച്ചിട്ടില്ല. സ്ഥിരം കാണാറുള്ള മുഖങ്ങളും ഭാവങ്ങളുമല്ല തിരശീലയില്‍ കാണുവാനുള്ളത് എന്നത് കുറച്ചൊന്നുമല്ല ചിത്രത്തെ സഹായിക്കുന്നത്. ഇടവേളയ്‍ക്കു ശേഷമുള്ള ചില ഭാഗങ്ങളൊഴിച്ചു നിര്‍ത്തിയാല്‍, ചിത്രത്തിന്റെ പ്രമേയത്തിനാവശ്യമായ വേഗത ചിത്രത്തിലുടനീളം കൈവരിക്കുവാനും ശ്രീനാഥിന് സാധിച്ചു. വാണിജ്യവിജയത്തിന് ആവശ്യമെന്ന പേരിലുള്ള വിട്ടുവീഴ്ചകള്‍ക്ക് സംവിധായകന്‍ തയ്യാറായിട്ടില്ല എന്നതും ഇവിടെ പ്രസക്തം.
Cast & Crew
Second Show
Directed by
Srinath Rajendran
Produced by
AOPL Entertainment Pvt. Ltd.
Story, Screenplay, Dialogues by
Vini Viswalal
Starring
Dulquer Salmaan, Gauthami Nair, Sunny Wayne, Sudesh Berry, Kunjan, Rohini, Baburaj, Muralikrishna etc.
Cinematography (Camera) by
Pappu
Editing by
Praveen L., Sreekanth N.B.
Production Design (Art) by
Justin Antony
Background Score by
Rex Vijayan
Sound Design by
Renganaath Ravee
Music by
Nikhil Rajan, Avial
Lyrics by
Kaithapram Damodaran Namboothiri, Engandiyoor Chandrasekharan, Sudhi Venamanoor
Make-Up by
Biju Bhaskar Sami
Costumes by
Sakhi
Action (Stunts / Thrills) by
Mafia Sasi
Banner
AOPL Entertainment Pvt. Ltd.
ലാലുവെന്ന ഹരിലാലും കുരുടിയെന്ന നെല്‍സണ്‍ മണ്ടേലയുമാണ് ചിത്രത്തിലെ കേന്ദ്രബിന്ദുക്കള്‍. സിനിമയുടെ വിജയം എന്നത് ഒരു പരിധിവരെ ഈ കഥാപാത്രങ്ങളുടെ വിജയം കൂടിയാണ്. ഈ രണ്ടു കഥാപാത്രങ്ങളെ യഥാക്രമം ദുല്‍ക്കര്‍ സല്‍മാനും സണ്ണി വെയ്‍നും അവതരിപ്പിച്ചിരിക്കുന്നു. അത്തരത്തിലുള്ള ഒരു പ്രകടനം ദുല്‍ക്കര്‍ സല്‍മാനില്‍ നിന്നും സണ്ണി വെയ്‍നില്‍ നിന്നും പുറത്തെടുക്കുവാന്‍ സംവിധായകനു കഴിഞ്ഞു എന്നതാണ് കാര്യം. ദുല്‍ക്കറിന്റേത് ശരാശരി അഭിനയമാണെങ്കില്‍ കുരുടിയായി വേഷമിട്ട സണ്ണി വെയ്‍ന്‍ കൈയ്യടി നേടുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ട്. കുരുടി എന്ന കഥാപാത്രത്തിന്റെ പ്രത്യേകതകളും സണ്ണിയെ ഇതിനു സഹായിക്കുന്നുണ്ട്. ബാബുരാജിന്റെ ചാവേര്‍ വാവച്ചന്‍, സച്ചി എന്ന പോലീസ് ഉദ്യോഗസ്ഥന്‍, സുദേഷ് ബെറിയുടെ വില്ലന്‍ എന്നീ വേഷങ്ങളും പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കും. കുറഞ്ഞ സമയമേ ഗീതുവെന്ന നായികയെ തിരശീലയില്‍ കാണുവാനുള്ളെങ്കിലും ഗൗതമി നായര്‍ ആ സമയം കൊണ്ട് ഗീതുവിനെ പ്രേക്ഷകരിലെത്തിക്കുന്നു. ലാലുവിന്റെ കൂട്ടാളികളായി വേഷമിടുന്നവര്‍ പോലും കേവലം ഒരു നിഴലായല്ല മറിച്ച് വ്യക്തിത്വമുള്ള വേഷങ്ങളായി മാറുന്നുമുണ്ട്. കുഞ്ചന്‍, രോഹിണി എന്നിവരുടെ വേഷങ്ങളും ചിത്രത്തില്‍ പ്രസക്തമാണ്.
കഥാസന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍, വെളിച്ചം ആവശ്യത്തിനു മാത്രമുപയോഗിച്ചുള്ള പപ്പുവിന്റെ ഛായാഗ്രഹണം വേറിട്ടൊരു അനുഭവമാണ് നല്‍കുന്നത്. ചില സ്ഥലങ്ങളില്‍ കഥാപാത്രങ്ങളെ തിരിച്ചറിയുവാന്‍ കൂടി കഴിയാത്ത തരത്തില്‍ ദൃശ്യങ്ങള്‍ ഇരുണ്ടു പോയോ എന്നും തോന്നാതെയില്ല. കഥാഗതിയുടെ വേഗത പ്രതിഫലിക്കുന്ന തരത്തില്‍ പ്രവീണ്‍ എല്‍., ശ്രീകാന്ത് എന്‍.ബി. എന്നിവര്‍ ചേര്‍ന്ന് പപ്പുവിന്റെ ദൃശ്യങ്ങളെ ഭംഗിയായി സന്നിവേശിപ്പിച്ചിട്ടുമുണ്ട്. റെക്സ് വിജയന്‍ ഒരുക്കിയിരിക്കുന്ന പശ്ചാത്തലസംഗീതം രംഗനാഥ് രവീ ഭംഗിയായി ചിത്രങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ചിലപ്പോഴൊക്കെ, നിലവിലുള്ള രീതികളെ പരിഹസിക്കുന്ന തരത്തിലാണ് പശ്ചാത്തലം ഉപയോഗിച്ചിരിക്കുന്നത്. ചില രംഗങ്ങളുടെ ഭാവം തന്നെ പശ്ചാത്തലമൊന്നു കൊണ്ടൂ മാത്രം മാറ്റിമറിച്ചിരിക്കുന്നത് ചിത്രത്തില്‍ അനുഭവവേദ്യമാണ്. ജസ്റ്റിന്‍ ആന്റണിയുടെ കലാസംവിധാനം, ബിജു ഭാസ്കര്‍ സമിയുടെ ചമയം, സഖിയുടെ വസ്‍ത്രാലങ്കാരം എന്നിവയും ചിത്രത്തിനു യോജിച്ചവ തന്നെ. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരെഴുതി നിഖില്‍ രാജന്‍, അവിയല്‍ ബാന്‍ഡ് എന്നിവര്‍ ഈണമിട്ടിരിക്കുന്ന ഗാനങ്ങള്‍ക്ക് ചിത്രത്തില്‍ കാര്യമായ പ്രാധാന്യം വരുന്നില്ല. ഗാനങ്ങളേക്കാള്‍, അവിയലിന്റെ രണ്ടു ഗാനങ്ങള്‍ പശ്ചാത്തലത്തോട് ഇണക്കി ഉപയോഗിച്ചിരിക്കുന്നതാണ് ശ്രദ്ധേയം. മാഫിയ ശശിയെ കയറൂരി വിടാത്തതിനാല്‍ സംഘട്ടന രംഗങ്ങള്‍ക്ക് കുറച്ചു വിശ്വസനീയത തോന്നിക്കും. ചിത്രത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കാര്യമായ പുതുമയൊന്നും സംഘട്ടന രംഗങ്ങള്‍ക്ക് തോന്നിച്ചില്ല എന്നതൊരു കുറവായി പറയാം.
നിലവിലെ വാണിജ്യസിനിമകളില്‍ ആവര്‍ത്തിച്ചു വരുന്ന ചില സങ്കേതങ്ങളെ / സന്ദര്‍ഭങ്ങളെ പരിഹസിക്കുന്ന ഒന്നിലധികം രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിലപ്പോഴത് സംഭാഷണത്തിലാവാം, മറ്റു ചിലപ്പോളത് രംഗം വിഭാവനം ചെയ്തിരിക്കുന്നയിടത്താവാം അതുമല്ലെങ്കില്‍ പശ്ചാത്തലം ഉപയോഗിച്ചിരിക്കുന്നതിലുമാവാം. അതിനാടകീയമായി പറയാതെ യഥാതഥമായി കാര്യങ്ങള്‍ പറയുവാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇടവേളയ്‍ക്കു ശേഷമല്‍പം ഭാഗം മുഷിപ്പിക്കുമെന്നതൊഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയുള്ള സമയമത്രയും സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുക തന്നെ ചെയ്യും. ചിലയിടങ്ങളിലെ ചില കറുത്ത തമാശകളും രസകരമായി തോന്നി. ഈ ചിത്രത്തിലൂടെ തുടക്കം കുറിച്ച ആരേയും വിലയിരുത്തേണ്ടത് ഇതു കണ്ടല്ല മറിച്ച് ഇവരുടെയൊക്കെ അടുത്ത ചിത്രം കൂടി കണ്ടിട്ടാവണം എന്ന വസ്‍തുത നിലനില്‍ക്കുമ്പോഴും, പ്രതീക്ഷ നല്‍കുന്നൊരു യുവനിരയാണ് ഇതിന്റെ മുന്നിലും പിന്നിലും അണിനിരന്നിട്ടുള്ളതെന്ന് പറയാതെ വയ്യ. സമകാലീന മലയാള സിനിമാ പ്രേക്ഷകരുടെ എല്ലാവരുടേയും രുചിക്കിണങ്ങുന്നതാണ് ഈ ചിത്രമെന്ന് കരുതുന്നില്ലെങ്കിലും, ബഹുഭൂരിപക്ഷവും 'ഇദാണ് ഞങ്ങ പറഞ്ഞ പടം!' എന്നു പറഞ്ഞു ചിത്രത്തെ നെഞ്ചേറ്റുമെന്നു തന്നെ കരുതാം. അത്തരമൊരു വിജയം നല്‍കുന്ന ഊര്‍ജ്ജവുമായി ശ്രീനാഥ് രാജേന്ദ്രനും മറ്റു തുടക്കക്കാര്‍ക്കും മലയാളസിനിമയില്‍ മുന്നേറുവാന്‍ കഴിയുമെന്ന പ്രത്യാശ നല്‍കിയാണ് 'സെക്കന്റ് ഷോ' അവസാനിക്കുന്നത്.
അടിക്കുറിപ്പ്: ചിത്രത്തിന്റെ
ട്രൈലര്‍,
ഔദ്യോഗിക വെബ്‍സൈറ്റ് എന്നിവയെക്കുറിച്ചു കൂടി ചിലത്. ഒരു ചക്യാര്‍ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ട്രൈലര്‍ തീര്‍ച്ചയായും പുതുമയുള്ളതാണ്. ഔദ്യോഗിക വെബ്‍സൈറ്റിന്റെ രൂപവും ഭാവവുമൊക്കെ നന്നെങ്കിലും പരിമിതമായ ഉള്ളടക്കമാണ് നല്‍കിയിട്ടുള്ളത് എന്നതിനാല്‍, പൂര്‍ണമായ രീതിയില്‍ ഒരു വെബ്‍സൈറ്റിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നില്ല എന്നു പറയാം.