കര്‍മ്മയോഗി (Review: Karmayogi)

Published on: 3/17/2012 08:02:00 PM

കര്‍മ്മയോഗി: കഥയല്ല മറിച്ച് സിനിമ തന്നെ ദുരന്തമാകുമ്പോള്‍!‌

ഹരീ, ചിത്രവിശേഷം

'ബ്യൂട്ടിഫുള്ളി'നും രണ്ട് കൊല്ലം മുന്‍പു തന്നെ പൂര്‍ത്തിയാക്കിയെങ്കിലും ഇപ്പോള്‍ മാത്രമാണ്‌ വി.കെ. പ്രകാശിന്റെ 'കര്‍മ്മയോഗി'യെ തിയേറ്ററില്‍ കാണുവാന്‍ പ്രേക്ഷകര്‍ക്ക് അവസരമുണ്ടായത്. ട്രെന്‍ഡ്സ് ആഡ് ഫിലിംസിന്റെയും ഇന്‍ഫോസ്റ്റോം എന്റര്‍ടൈന്മെന്റ് ഗ്രൂപ്പിന്റെയും സം‍യുക്തബാനറില്‍ വചന്‍ ഷെട്ടി, സജിത പ്രകാശ് എന്നിവരൊരുമിച്ചാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്ദ്രജിത്ത്, പത്മിനി കൊലാപുരി, തലൈവാസല്‍ വിജയ്, നിത്യ മേനോന്‍ തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മുന്‍പ് ഷേക്‍സ്പിയറിന്റെ മറ്റൊരു നാടകമായ 'ഒഥല്ലോ' ജയരാജിനു വേണ്ടി 'കളിയാട്ട'മാക്കിയ ബല്‍റാം മട്ടന്നൂരാണ്‌ ചിത്രത്തിനു വേണ്ടി രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഷേക്‍സ്പിയറിന്റെ തന്നെ മറ്റൊരു ദുരന്തനാടകമായ 'ഹാം‍ലെറ്റാ'ണ്‌ ഇവിടെ സിനിമയ്‍ക്കു വേണ്ടി രചയിതാവ് അവലംബിച്ചിരിക്കുന്നത്. ഷേ‍ക്സ്പിയറിന്റെ നാടകത്തെ പ്രമേയപരമായാണ്‌ ദുരന്തമെന്ന് അല്ലെങ്കില്‍ ദുഃഖപര്യവസായി എന്നൊക്കെ പറയുന്നതെങ്കില്‍ ബല്‍റാം മട്ടന്നൂരും വി.കെ. പ്രകാശും ചേര്‍ന്നതിനെ മലയാള സിനിമയാക്കിയപ്പോള്‍ ഒരു പടി കൂടി കടന്ന്, കഥയ്‍ക്കുമപ്പുറം സിനിമ തന്നെയൊരു ദുരന്തമാവുന്ന കാഴ്ച‍യാണ്‌ കാണുവാനുള്ളത്.

ആകെത്തുക     : 3.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 4.00 / 10
: 4.00 / 10
: 2.50 / 05
: 2.50 / 05
'ഒഥല്ലോ'യെ മലയാളത്തിലാക്കുവാന്‍ തെയ്യത്തേയും അതിലെ കലാകാരന്മാരേയും മറ്റുമാണ്‌ കൂട്ടുപിടിച്ചതെങ്കില്‍ ഇവിടെ ബല്‍റാം യോഗി സമുദായത്തെയും അവരുടെ അനുഷ്ഠാനങ്ങളേയുമാണ്‌ 'ഹാം‍ലെറ്റി'ന്റെ മലയാളത്തിനു പശ്ചാത്തലമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരുപക്ഷെ ഇത്തരത്തിലൊരു പ്രമേയത്തെ അവതരിപ്പിക്കുവാന്‍ ഭൂതകാലവും ദേശവുമൊക്കെ അനുയോജ്യമെങ്കിലും, വിശ്വസനീയമായി കഥ അവതരിപ്പിക്കുവാന്‍ രചയിതാവിന്‌ കഴിയുന്നില്ല. നാടകത്തില്‍ നിന്നും സിനിമയാവുമ്പോള്‍ ഓരോ രംഗവും വേറിട്ട് അനുഭവപ്പെടാതിരിക്കുക എന്നതും പ്രധാനമാണ്. പല ലൊക്കേഷനുകളില്‍ ഓരോ രംഗങ്ങളും അവതരിപ്പിച്ച് പകര്‍ത്തിയിരിക്കുന്നു എന്നതിനപ്പുറം ഒരു സിനിമയുടെ സാധ്യതകള്‍ ഇവിടെ കാര്യമായൊന്നും ഉപയോഗിക്കപ്പെടുന്നില്ല. 'To be or Not To Be?' എന്ന ഷേക്‍സ്പിയര്‍ വാചകം ഓര്‍മ്മിപ്പിച്ചാണ്‌ ഇടവേളയെത്തുന്നത്, അതിനു ശേഷം ഒരുപക്ഷെ പ്രേക്ഷകര്‍ വീണ്ടും തങ്ങളോടു തന്നെ ചോദിച്ചു സമയം തള്ളുന്നതും ഇതു തന്നെയാവും! ('ഇതും കണ്ടിരിക്കണോ അതോ പോണോ?' എന്നു പരിഭാഷ.)

Cast & Crew
Karmayogi

Directed by
V.K. Prakash

Produced by
Vachan Shetty, Sajitha Prakash

Story, Screenplay, Dialogues by
Belram Mattannoor

Starring
Indrajith, Padmini Kolhapure, Thalaivasal Vijay, Saiju Kurup, Nithya Menon, Ashokan, Manikuttan, Kani, Sreejith Ravi, Vinay Forrt, M.N. Gopakumar, Babu Nampoothiri etc.

Cinematography (Camera) by
R.D. Rajasekhar

Editing by
Beena Paul

Production Design (Art) by
Bava

Music by
Ouseppachan

Lyrics by
Shibu Chakravarthy

Make-Up by
Bineesh Bhaskar

Costumes by
Kukku Parameswaran

Choreography by
Name

Action (Stunts / Thrills) by
Name

Banner
Trends Ad Films, Infostorm Entertainment Group

അഭിനേതാക്കളില്‍ പലരുടേയും പ്രകടനം കണ്ടാല്‍ ചിരിക്കണോ അതോ കരയണോ എന്നാവും സംശയം. ഗോപകുമാറിനേയും വിനയ് ഫോര്‍ട്ടിനേയുമൊക്കെ ('അപൂ‍ര്‍വരാഗ'ങ്ങളിലെ നാരായണന്‍ ഫെയിം) ഈവിധം കോമാളി കളിപ്പിച്ചതിന്‌ വി.കെ. പ്രകാശിനു മാപ്പില്ല! നിത്യ മേനോന്റെ മൂന്നുമണിയുടെ കാര്യവും ഇങ്ങിനെ തന്നെ. പിന്നെയും സഹിക്കാവുന്നത് പത്മിനി കൊലാപുരിയുടേയും തലൈവാസല്‍ വിജയുടേയും കഥാപാത്രങ്ങളാണ്. തലൈവാസല്‍ വിജയുടെ ഭൈരവനുള്ള പാതി അംഗീകാരം ശബ്ദം നല്‍കിയ റിസബാവയ്‍ക്കു നല്‍കണം. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള 2010-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം റിസബാവയ്ക്ക് നേടിക്കൊടുത്ത കഥാപാത്രമാണിത്. നായകനായി ഇന്ദ്രജിത്തും എതിരാളിയായി സൈജു കുറുപ്പുമൊക്കെ ബലം പിടിക്കുന്നതു കണ്ടാല്‍ എന്തോ കാര്യം സാധിക്കാന്‍ മറന്ന് അഭിനയിക്കാനെത്തിയ പ്രതീതിയാണ്. സൈജു കുറുപ്പില്‍ നിന്നും ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇന്ദ്രജിത്തില്‍ നിന്നും ഇതിലും മികച്ചൊരു പ്രകടനം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. 'ഇന്‍ ഹരിഹര്‍ നഗറി'ലെ തോമസൂട്ടി ഫാന്‍സി ഡ്രസ്സില്‍ പങ്കെടുക്കുന്നുവെന്നു തോന്നുന്ന മട്ടാണ്‌ അശോകന്റെ കഥാപാത്രത്തിന്. മണിക്കുട്ടന്‍, ബാബു നമ്പൂതിരി, ശ്രീജിത്ത് രവി, കനി എന്നിങ്ങനെ മറ്റു ചിലരുമുണ്ട് ചിത്രത്തില്‍ അഭിനേതാക്കളായി.

ഷിബു ചക്രവര്‍ത്തി എഴുതി ഔസേപ്പച്ചന്‍ ഈണമിട്ട ഗാനങ്ങളില്‍ ചിന്മയി ആലപിച്ച "മലര്‍ മഞ്ജരിയില്‍..." എന്ന ഗാനം ആസ്വാദ്യകരമാണ്‌. ഇരയിമ്മന്‍ തമ്പിയുടെ "പ്രാണനാഥനെനിക്കു നല്‍കിയ..." എന്ന പ്രശസ്‍തമായ പദത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ ഗാനം. ഭൂതകാലത്തിലേക്ക് പോവുമ്പോള്‍ അധികം പ്രശ്നമില്ലാത്ത ചില ചുറ്റുപാടുകള്‍ മാത്രമേ ചിത്രീകരണത്തിനു തിരഞ്ഞെടുത്തിട്ടുള്ളു. അധികം മിനക്കെടാതെ അതിനാല്‍ തന്നെ ബാവയ്ക്ക് കലാസംവിധാനം നിര്‍വ്വഹിക്കുവാന്‍ കഴിഞ്ഞിരിക്കണം. ആര്‍.ഡി. രാജശേഖര്‍ പകര്‍ത്തി ബീന പോള്‍ (ക്രെഡിറ്റ്സില്‍ 'ബിന' എന്നേയുള്ളൂ!) സന്നിവേശിപ്പിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ഏറെ മികവ് പറയുവാനില്ല. ബിനീഷ് ഭാസ്‍കറിന്റെ ചമയവും കുക്കു പരമേശ്വരന്റെ വസ്‍ത്രാലങ്കാരവും തരക്കേടില്ലാതെ പോവുന്നു. നായികയുടെ വേഷം മാത്രമെന്തേ കാലത്തിനു ചേരത്തതായി എന്നു മനസിലായില്ല. കളരിപ്പയറ്റും മറ്റുമുള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ വിശ്വസനീയമായി അവതരിപ്പിച്ചിരിക്കുന്നത് നന്നെന്നു പറയാം.

സംവിധായകനെന്ന നിലയില്‍ വി.കെ. പ്രകാശിന്റെ ഭാവനാശൂന്യമായ ഇടപെടലുകള്‍ ചിത്രത്തില്‍ പലയിടത്തും വെളിപ്പെടുന്നു. മൂന്നുമണിയുടെ മനോനില തകരാറായതിനു ശേഷമുള്ള അലച്ചില്‍ സിനിമയില്‍ ചേര്‍ത്തിരിക്കുന്നത് എടുത്തു പറയാവുന്ന ഉദാഹരണം. ഒരാള്‍ മറ്റൊരാളെ തെറ്റിദ്ധരിപ്പിക്കുന്നു, അല്ലെങ്കില്‍ രണ്ടുപേര്‍ ചേര്‍ന്നുള്ള ഗൂഢാലോചന; ഇവയ്ക്കൊന്നും സ്ഥിരം ശൈലിയില്‍ നിന്നും മാറിയൊരു ഷോട്ടോ അല്ലെങ്കില്‍ മറ്റൊരു കാഴ്ചയോ ഒന്നും വി.കെ. പ്രകാശ് ചേര്‍ക്കുന്നുമില്ല. കൊള്ളാവുന്ന ഒരു ഗാനമുണ്ടായിട്ടും അതു പോലും ഭംഗിയായി ചിത്രീകരിച്ചു കാട്ടുവാന്‍ സംവിധായകനായില്ല. ഗാനങ്ങളുടെ കാര്യം പോട്ടെന്നു വെച്ചാലും, ചിത്രത്തിലെ ഇതര രംഗങ്ങള്‍ തമ്മിലും കാര്യമായ ചേര്‍ച്ചയൊന്നും പലപ്പോഴുമില്ല. തിരനാടകത്തിലെ ഈയൊരു കുറവ് അതേപടി തിരശീലയിലും കാണാം. ഇതെന്തിനാണിപ്പോള്‍ കാണിച്ചതെന്ന് സംശയം തോന്നും പലതും കാണുമ്പോള്‍! പിന്നെ, ആകെയൊരു മെച്ചമെന്നു പറയുന്നത് ഏതാണ്ട് രണ്ടു മണിക്കൂറോളമേ ചിത്രം മിനക്കെടുത്തുന്നുള്ളൂ എന്നതാണ്. ഹാം‍ലെറ്റുള്‍പ്പടെ എല്ലാവരും മരിക്കുന്നൊരു ദുരന്തമായാണ്‌ 'ഹാം‍ലറ്റ്' നാടകം അവസാനിക്കുന്നതെങ്കില്‍; സിനിമയില്‍ പലരും മരിക്കുന്നെങ്കില്‍ പോലും (നായകനെ ഒഴിവാക്കിയിട്ടുണ്ട്) ഒരു വിഷമവും കാണികള്‍ക്കു തോന്നില്ല. അങ്ങിനെയൊരു ദുരന്തമായാണ്‌ 'കര്‍മ്മയോഗി'യുടെ അവസാനമെന്നു ചുരുക്കം!

പിന്‍മൊഴി: സാക്ഷാല്‍ ഷേക്‍സ്പിയര്‍ ഈ ചിത്രം കണ്ടിരുന്നെങ്കില്‍, വി.കെ. പ്രകാശും / ബല്‍റാമും എത്രയൊക്കെ ആണയിട്ടാലും ഇത് തന്റെ 'ഹാം‍ലെറ്റി'ന്റെ മറ്റൊരു രൂപമാണെന്ന് സമ്മതിക്കുമോ എന്നു സംശയമാണ്. :D

2 comments :

  1. വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ ഷേക്സ്പിയറിന്റെ 'ഹാം‍ലെറ്റ്' മലയാളത്തില്‍ 'കര്‍മ്മയോഗി'യായി. ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    Haree
    ‏@newnHaree
    #Karmayogi: The story of #Hamlet is a tragedy, but the #Malayalam film (based on the story) itself became the tragedy, not the story. :p
    4:46 PM - 17 Mar 12 via Twitter for Android
    --

    ReplyDelete
  2. അപ്പൊ ആരും ഈ പടം കണ്ടില്ലെ.. ഹരിയുടേതല്ലതെ ഒരു കമന്റുപോലും ഇല്ലല്ലൊ..

    എന്തായാലും കാശ് പോയ കൂട്ടത്തില്‍ ഞാനും ഉണ്ട്..

    ReplyDelete