ഓര്‍ഡിനറി (Review: Ordinary)

Published on: 3/19/2012 08:07:00 AM

ഓര്‍ഡിനറി: രസകരമായൊരു ബസ്സുയാത്ര!‌

ഹരീ, ചിത്രവിശേഷം

'Ordinary: A film by Sugeeth starring Kunchacko Boban, Biju Menon, Asif Ali, Ann Augustine etc. Film Review by Haree for Chithravishesham.
നവാഗതനായ സുഗീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ്‌ 'ഓര്‍ഡിനറി'. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ഈ ചിത്രത്തില്‍ ബിജു മേനോന്‍, ആസിഫ് അലി, പുതുമുഖം ശ്രിത ശിവദാസ്, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ഇതര വേഷങ്ങളിലെത്തുന്നു. സുഗീതിന്റെ കഥയ്‍ക്ക് നിഷാദ് കെ. കോയയും മനു പ്രസാദും ചേര്‍ന്ന് തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നു. മേജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായാരാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ യാത്രാമാര്‍ഗമായ ഒരു കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസ്സിനെയും, ഗവി എന്ന മലയോരഗ്രാമത്തിലേക്കുള്ള ആ ബസിന്റെ സഞ്ചാരത്തെയും ചുറ്റിപ്പറ്റിയാണ്‌ സുഗീത് 'ഓര്‍ഡിനറി'യുടെ കഥ മെനഞ്ഞിരിക്കുന്നത്. സിനിമയെന്നാലത് വിനോദമെന്നും അല്ലലുകള്‍ മറന്നൊരു രണ്ടു രണ്ടര മണിക്കൂറെന്നും മാത്രം കാണുന്ന ബഹുഭൂരിപക്ഷം വരുന്ന മലയാളി പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുകയാണ്‌ ചിത്രത്തിന്റെ അണിയറ ശില്‍പികളുടെ ഉദ്ദേശമെന്നു വ്യക്തം. ഒരു പരിധിവരെ അവരത് സാധിക്കുന്നുണ്ടെന്നതിനാല്‍ രസകരമായൊരു യാത്രയായാവും ഈ 'ഓര്‍ഡിനറി'യിലെ സഞ്ചാരം മിക്കവര്‍ക്കും അനുഭവപ്പെടുക. ആ രീതിയില്‍ ഈ ചിത്രമൊരു വിജയമാണെന്ന് നിസ്സംശയം പറയുകയും ചെയ്യാം.

ആകെത്തുക     : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 7.50 / 10
: 7.00 / 10
: 3.00 / 05
: 2.50 / 05
ബസ് ഒരു കഥാപാത്രമാവുന്ന ചിത്രങ്ങള്‍ വിരളമല്ല മലയാളത്തില്‍. എന്നാല്‍ ഗവി പോലെയൊരു സ്ഥലത്തേക്ക് ഓടുന്നൊരു കെ.എസ്.ആര്‍.ടി.സി. ബസ് തീര്‍ച്ചയായുമൊരു പുതുമുഖമാണ്‌. അതിനെ ചുറ്റിപ്പറ്റിയൊരു കഥ മെനയുമ്പോള്‍ തീര്‍ച്ചയായും പല പുതുമകളും കാണുവാനെത്തുന്നവര്‍ പ്രതീക്ഷിക്കും. ഖേദകരമെന്നു പറയട്ടെ, ഇവിടെ തിരക്കഥാരചയിതാക്കളായ നിഷാദ് കെ. കോയയും മനു പ്രസാദും നിരാശപ്പെടുത്തുന്നു. ജീവനക്കാരുടെ പ്രശ്നങ്ങള്‍, യാത്രക്കാരുടെ പ്രശ്നങ്ങള്‍ ഇങ്ങിനെ പലതും ചേര്‍ത്തുവെയ്‍ക്കുവാനുള്ള അവസരവും ഇരുവരും ഉപയോഗിച്ചില്ല. പലവട്ടം പറഞ്ഞു കേട്ടിട്ടുള്ളൊരു കഥ തന്നെ വീണ്ടും പറയുവാന്‍ ഒരു കെ.എസ്.ആര്‍.ടി.സി. ബസും ഗവിയും വിദൂരമായൊരു പശ്ചാത്തലമാവുന്നു എന്നു മാത്രം. ഈ കെ.എസ്.ആര്‍.ടി.സി. ബസും ഗവിയുമില്ലെങ്കിലും ഈ കഥ ഒരു തകരാറുമില്ലാതെ പറയാമെന്നു ചുരുക്കം. ഇടവേള കഴിഞ്ഞ് തികച്ചും പ്രതീക്ഷിതമായ വഴിയിലൂടൊക്കെ തന്നെയാണ്‌ സിനിമയുടെ സഞ്ചാരമെന്നതും രസം കളയുന്നു. ചില രസ്യന്‍ കഥാപാത്രങ്ങളും അവര്‍ക്കു നല്‍കിയിരിക്കുന്ന സംഭാഷണങ്ങളും, പിന്നെ അറിയാതെ ചിരിച്ചു പോവുന്ന ഒരുപിടി കഥാസന്ദര്‍ഭങ്ങളും; ഇവയുടെ ബലത്തില്‍ രണ്ടരമണിക്കൂര്‍ നീളുന്ന ഗവി യാത്ര ഇടവേളവരെയെങ്കിലും ഉല്ലാസഭരിതമാക്കുവാന്‍ കഴിഞ്ഞു എന്നതാണ്‌ ചിത്രത്തിന്റെ പിടിവള്ളി.

Cast & Crew
Ordinary

Directed by
Sugeeth

Produced by
Rajeev Nair

Story / Screenplay, Dialogues by
Sugeeth / Nishad K. Koya, Manu Prasad

Starring
Kunchacko Boban, Biju Menon, Shritha Sivadas, Ann Augustine, Asif Ali, Jishnu, Vaiga, Salim Kumar, Lalu Alex, Kochu Preman, Narayanankutty etc.

Cinematography (Camera) by
Faisal Ali

Editing by
V. Saajan

Production Design (Art) by
Suresh Kollam

Effects by
Murugesh

Music by
Vidyasagar

Lyrics by
Rajeev Nair

Make-Up by
Ranjith Ambady

Costumes by
Sameera Saneesh

Choreography by
Sujatha

Action (Stunts / Thrills) by
Mafia Sasi

Banner
Magic Moon Productions

മേല്‍ സൂചിപ്പിച്ചതു പോലെ കഥാപാത്രങ്ങളാണ്‌ ചിത്രത്തിന്റെ ജീവന്‍. കുഞ്ചാക്കോ ബോബന്റെ നായക സ്ഥാനത്തുള്ള ഇരവിയെ കടത്തിവെട്ടുന്ന പ്രകടനമാണ്‌ സുകുവെന്ന ബസ് ഡ്രൈവറായി ബിജു മേനോനും ബസ് യാത്രികരിലൊരാളായ വക്കച്ചനായി ബാബുരാജുമൊക്കെ നടത്തുന്നത്. പാലക്കാടന്‍ ഭാഷ സംസാരിക്കുന്ന സുകുവിനെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ ബിജു മേനോനു കഴിഞ്ഞു. ബാബുരാജിന്റെ കഥാപാത്രത്തിന്‌ കഥയില്‍ പ്രത്യേകിച്ചൊരു സ്ഥാനമില്ലെങ്കിലും (ഇടവേളയ്‍ക്ക് ശേഷം പുള്ളിയെ കാണുവാനുമുണ്ടായില്ല!), മദ്യപാനിയുടെ സ്ഥിരം നമ്പരുകളല്ല എന്നതിനാല്‍ വക്കച്ചന്‍ രസിപ്പിക്കുന്നു. കുഞ്ചാക്കോ തന്റെ സ്ഥിരം ശൈലിയില്‍ തന്നെ, കാക്കിയും കൈയ്യില്‍ ടിക്കറ്റ് റാക്കുമുള്ളതുകൊണ്ട് കണ്ടക്ടറെന്നു മനസിലാക്കാം! ശ്രിത ശിവദാസിന് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല, ഉള്ളത് മോശമാക്കിയുമില്ല. അമിതാഭിനയമാണ്‌ ആന്‍ അഗസ്റ്റിന്റെയും ആസിഫ് അലിയുടേയും കഥാപാത്രങ്ങളുടെ ശോഭ കുറച്ചത്. ഇരുവരേയും അധിക സമയം ചിത്രത്തില്‍ കാണുവാനില്ലെന്നത് പ്രേക്ഷകരുടെ ഭാഗ്യം! ലാലു അലക്സ്, ജിഷ്ണു, വൈഗ, സലിം കുമാര്‍ എന്നിങ്ങനെ പോവുന്നു ചിത്രത്തിലെ ഇതര താരങ്ങള്‍.

ഗവിയുടേയും കുട്ടിക്കാനത്തിന്റേയും പ്രകൃതി രമണീയതയാണ്‌ ഫൈസല്‍ അലി പകര്‍ത്തിയ ദൃശ്യങ്ങളുടെ മാറ്റു കൂട്ടുന്നത്. മഞ്ഞ്, രാത്രി, തണുപ്പ് ഇവയൊക്കെ ഒരുപരിധിവരെയെങ്കിലും അനുഭവിപ്പിക്കുന്നുണ്ട് ഈ ദൃശ്യങ്ങള്‍. ഗവിയിലേക്കുള്ള യാത്ര 'എത്തിയാലെത്തി' എന്ന മട്ടിലാണെന്നൊക്കെ സുകു പറയുന്നെങ്കിലും, ആ ഒരു ഭീതിയൊന്നും യാത്രയിലൊരിടത്തും ദൃശ്യവത്കരിച്ചു കണ്ടില്ല. പ്രകൃതിരമണീയത പകര്‍ത്തുക എന്നതിനപ്പുറം എന്തെങ്കിലും ചെയ്യുവാന്‍ ഫൈസല്‍ അലി മിനക്കെട്ടിട്ടില്ലെന്നു ചുരുക്കം. വി. സാജന്റെ ചിത്രസന്നിവേശം തീര്‍ച്ചയായും ചിത്രത്തിനു ഗുണകരമായി. സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനം, സമീറ സനീഷിന്റെ വസ്‍ത്രാലങ്കാരം, രഞ്ജിത്ത് അമ്പാടിയുടെ ചമയം എന്നിവയും ചിത്രത്തിനുതകുന്നു. പല രംഗങ്ങളുടേയും സകല ഗൗരവവും ചോര്‍ത്തിക്കളയുന്നത് അവിടങ്ങളില്‍ നല്‍കിയിരിക്കുന്ന പശ്ചാത്തല ബഹളങ്ങളാണ്‌. മുരുകേഷിനാണ്‌ ഇതിന്റെ ഉത്തരവാദിത്തമെന്നു കരുതുന്നു. രാജീവ് നായര്‍ എഴുതി വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങള്‍ക്ക് ശരാശരി നിലവാരം മാത്രം. സിനിമ ഓടുന്ന കാലമെങ്കിലും പ്രേക്ഷകര്‍ ഇവയിലൊന്നെങ്കിലുമെന്ന് ഓര്‍ത്തുവെയ്ക്കുമെന്ന് കരുതുവാനില്ല. ബിജു നാരായണന്‍, ടിപ്പു, സുജാത എന്നിവരൊക്കെ ചേര്‍ന്നു പാടിയ "തെച്ചിപ്പൂ... മന്ദാരം..." എന്ന ഗാനം കഥയോട് ചേര്‍ന്നു പോവുന്നു, സുജാതയുടെ നൃത്തച്ചുവടുകള്‍ ഗാനരംഗത്തിന്റെ മോടി കൂട്ടുകയും ചെയ്യുന്നു.

തിരക്കഥയിലൊരു വിസ്‍മയമൊന്നും ഇല്ലാതിരുന്നിട്ടു കൂടി, തികഞ്ഞ കൈയ്യടക്കത്തോടെ കഥ പറഞ്ഞു തീര്‍ക്കുവാന്‍ സുഗീതിനു കഴിഞ്ഞു എന്നയിടത്താണ്‌ ചിത്രത്തിന്റെ വിജയം. അഭിനേതാക്കളെ വേണ്ടും വണ്ണം ഉപയോഗിച്ചിരിക്കുന്നതില്‍, തുടര്‍ച്ച നഷ്ടമാവാതെ കഥ പറയുന്നതില്‍, നര്‍മ്മരംഗങ്ങള്‍ക്ക് സ്വാഭാവികത നല്‍കുന്നതില്‍; ഇവിടങ്ങളിലെല്ലാം ഒരു തുടക്കക്കാരന്റെ പ്രശ്നങ്ങളൊന്നുമില്ലാതെ കാക്കുവാന്‍ സുഗീതിനു കഴിഞ്ഞു. ജനപ്രിയ ചിത്രങ്ങളുടെ ചേരുവകള്‍, അതില്‍ തന്നെ നര്‍മ്മം, സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നതിനാല്‍ ചിത്രം വിജയം കാണുമെന്നും, ആ വിജയം നല്‍കുന്ന ഊര്‍ജ്ജത്തില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട ചിത്രങ്ങള്‍ മലയാളത്തിനു നല്‍കുവാന്‍ ഈ നവാഗതസംവിധായകന്‌ വരും നാളുകളില്‍ കഴിയുമെന്നും തന്നെ കരുതാം. ഇങ്ങിനെ പലതാലോചിക്കുമ്പോള്‍ ഗവിയിലേക്കുള്ള ഈ 'ഓര്‍ഡിനറി' ബസ്സിലൊന്ന് ഒരുവട്ടം കയറി ഇറങ്ങുവാന്‍ മടിക്കേണ്ടതില്ലെന്നാണ്‌ ചിത്രത്തെക്കുറിച്ചുള്ള ഒറ്റവരി തീര്‍പ്പ്.

ചിന്താവിഷയം: അങ്ങിനെ പാലക്കാടന്‍ ഭാഷയേയും സില്‍മേലെടുത്തു. ഇനി ഏതൊക്കെ പ്രാദേശികഭാഷകളാണ്‌ അവസരം കാത്തുകിടക്കുന്നത്?

18 comments :

  1. നവാഗതനായ സുഗീതിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ശ്രിത ശിവദാസ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'ഓര്‍ഡിനറി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    Haree
    ‏@newnHaree
    #Ordinary: A joyful ride which aims to entertain the mass and succeeds to some extend. Coming soon in #Chithravishesham.
    2:08 PM - 18 Mar 12 via Twitter for Android
    --

    ReplyDelete
  2. റിവ്യൂ നന്നായിട്ടുണ്ട്.

    ReplyDelete
  3. സിനിമ കണ്ടിരുന്നു. ബിജു മേനോന്‍ തന്നെയാണ് കയ്യടി നേടിയത് . നല്ല റിവ്യൂ .

    ReplyDelete
  4. angine keralathile ella pradeshika bashakalum varate. allathe eppozhum valluvanadan bashayum athu mathram samsarikunna nadanmarum mathram mathiyo, athukodi pradeshika vamozhikal kelukumbol chorichil venda

    ReplyDelete
  5. പോരായ്മകള്‍ ഉണ്ടെങ്കിലും, തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഒരു നല്ല ചിത്രം കണ്ടിറങ്ങിയ പ്രതീതി സമ്മാനിച്ചു ഓര്‍ഡിനറി. സമീപ കാല ചിത്രങ്ങളെ വച്ച് നോക്കുമ്പോള്‍ ഒരു വലിയ സംഭവം തന്നെ. എനിക്ക് തോന്നിയത്, ചിത്രം കാണുന്ന മറ്റുള്ളവര്‍ക്കും തോന്നിയാല്‍, പരസ്യങ്ങളിലല്ലാതെ ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ്‌...





    N B . സൌത്ത് ഇന്ത്യയില്‍ ഇന്ഗ്ലിഷ് സംസാരിക്കുന്ന ഒരേ ഒരു കണ്ടക്ടര്‍ താനാണ് എന്ന് ചാക്കോച്ചന്‍ പറയുന്നുണ്ട്.....ശരിക്കും ആണോ????

    ReplyDelete
  6. സിനിമ കുഴപ്പമില്ല. പോരായ്മകൾ ഉണ്ടെങ്കിലും/ ആദ്യപകുതിയാണ് ഇഷ്ടപ്പെട്ടത്. രണ്ടാം പകുതിയും ക്ലൈമാക്സും പുതുമയില്ലാതെ പോയി. ഗംഭീരമാക്കാവുന്ന സാദ്ധ്യതകളുണ്ടായിരുന്ന ചിത്രമായിരുന്നു.

    ReplyDelete
  7. Bangalore irangatte, njanum kanan pokunnundu. :-)

    ReplyDelete
  8. ഈ ബസ്സില്‍ ആളുണ്ടല്ലെ.. സന്തോഷം .. ഞാന്‍ കരുതി രണ്ടു സിനിമയുടെയും കാശ് പോയെന്ന്

    സെക്കന്റ് ഹാഫ് ബോറാട്ടൊ.. :)

    ReplyDelete
  9. ഇതേ അഭിപ്രായം തന്നെ ആണ് എനിക്കും

    ReplyDelete
  10. pakuthi vare padam thakarthu... pinee enthokkeyo paranju theerkanulla sramamayirunnu... enkilum nirashappeduthiyilla.. biju menonte driver sukuvum baburajinte kudiyan vakkachanum theatre ilakki marachu... intervel vare parisaram marannu chirichu poyi.....

    ReplyDelete
  11. പ്രാദേശികഭാഷകൾ അവസരം "കത്തുകിടക്കുകയല്ല". അവസരം കാത്തുകിടക്കുകയാണ്. :)

    പിന്നെ സംവിധാനം!!!! ഇത്തിരി..അല്ല ഒത്തിരി കൂടിപ്പോയി.. :-0

    ReplyDelete
  12. തകർക്കപ്പെട്ട ചിത്രത്തിന്റെ ആദ്യപകുതി കണ്ട് ഞാൻ ശരിക്കും തകർന്നുപോയി..

    ReplyDelete
  13. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ പോയതോണ്ടാവാം, ഈ ചിത്രം ഞാൻ നന്നായി ആസ്വദിച്ചു. പ്രത്യേകിച്ചും ആദ്യപകുതി നല്ല രസകരമായിട്ടുണ്ട്. രണ്ടാം പകുതിയും ക്ലൈമാക്സുമൊക്കെ പതിവും പടിതന്നെ. ആൻ അഗസ്റ്റിന്റെ അഭിനയം പരമബോറായിപ്പോയി. ഇടവേളയ്ക്കു ശേഷം ബാബുരാജിന്റെ കഥാപാത്രത്തെ ശരിക്കും മിസ് ചെയ്യും! :)

    പിന്നെ, എന്നെ സംബന്ധിച്ചിടത്തോളം, ഏറെ കാലത്തിനുശേഷമാണ് നിറഞ്ഞ സദസ്സിനോടൊപ്പമിരുന്ന് ഒരു സിനിമ കണ്ടത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

    ReplyDelete
  14. അപ്രതീഷിതമായി ഒന്നും നല്‍കാത്തെ പടം.ആദ്യ പകുതി കൊള്ളാം.രണ്ടാം പകുതി നിരാശപ്പെടുത്തി .ബിജുമേനോന്‍ കലക്കി.പുള്ളി അനങ്ങിയാ കോമഡിയ ..ബാബുരാജും തകര്‍ത്തു. ഒരു 'ഓര്‍ഡിനറി' സിനിമ.

    ReplyDelete
  15. ബിജുമേനോന്‍ ആളൊരു താരം തന്നെ.. എന്തായാലും കാണാന്‍ കൊളളാവുന്ന പടമല്ലേ.. കണ്ടുകളയാം.

    പാട്ടുകളെക്കുറിച്ച് എഴുതിയിരിക്കുന്നതിനോട്‌ യോജിക്കാനാവില്ല. വിദ്യാസാഗറിന്റെ പഴയ സ്റ്റൈല്‍ പാട്ടുകള്‍ തന്നെയാണെങ്കിലും സുന്‍ സുന്‍ , ചെന്താമരകൊല്ലി തുടങ്ങിയ പാട്ടുകള്‍ മനോഹരമാണ്.

    ReplyDelete
  16. please give correct rating every time.
    i think e adutha kaalathu should be given 6 and ordinary 5.25 rating.

    ReplyDelete
  17. i watched the movie,not bad but climax and some seen of 2nd half is boring

    ReplyDelete