തല്‍സമയം ഒരു പെണ്‍കുട്ടി (Review: Thalsamayam Oru Penkutty)

Published on: 10:30 AM

തല്‍സമയം ഒരു പെണ്‍കുട്ടി: ആക്ഷേപഹാസ്യം പരിഹാസ്യമാവുമ്പോള്‍!‌

ഹരീ, ചിത്രവിശേഷം

Thalsamayam Oru Penkutty: A film by T.K. Rajeev Kumar starring Nithya Menon, Unni Mukundan, Shweta Menon etc. Film Review by Haree for Chithravishesham.
'രതിനിര്‍വ്വേദ'ത്തിനു ശേഷം ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ 'തല്‍സമയം ഒരു പെണ്‍കുട്ടി'. 'തല്‍സമയം ഒരു പെണ്‍കുട്ടി' എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി മഞ്ജുളയായി നിത്യ മേനോനാണ്‌ പ്രധാന വേഷത്തില്‍. ഉണ്ണി മുകുന്ദന്‍, ശ്വേത മേനോന്‍, സിദ്ദിഖ് തുടങ്ങിയവരൊക്കെ ഇതര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റീല്‍ ടു റീല്‍ സിനി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി സണ്ണി ജോസഫും മാനുവല്‍ ജോര്‍ജ്ജും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോകളെ അധികരിച്ചൊരു അക്ഷേപഹാസ്യ ചിത്രമായോ മറ്റോ ആവാം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ 'തല്‍സമയം ഒരു പെണ്‍കുട്ടി' വിഭാവനം ചെയ്തത്; പക്ഷെ അവരത് സിനിമയാക്കി വന്നപ്പോള്‍ അത്തരം സിനിമകള്‍ക്ക് തന്നെ പേരുദോഷമായി തീര്‍ന്നു എന്നുമാത്രം!

ആകെത്തുക     : 3.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 4.50 / 10
: 2.50 / 05
: 3.00 / 05
പരിപാടിയിലെ പെണ്‍കുട്ടിക്കറിയാം താന്‍ തല്‍സമയം പ്രക്ഷേപണം ചെയ്യപ്പെടുകയാണെന്ന്, ക്യാമറയും മൈക്കുമെല്ലാമായി നടക്കുന്നതു കാണുന്ന ഇതര ആളുകള്‍ക്കും ഇത് ടി.വി. പരിപാടിയാണെന്ന് മനസിലാവും; അങ്ങിനെ ചെയ്യുന്ന ഒരു പരിപാടിക്ക് എന്ത് ആകര്‍ഷണീയതയാണ്‌ ഉണ്ടാവുക? 'The Truman Show' പോലെ ഒന്നായാണ്‌ ചിത്രത്തിലെ പ്രൊഡ്യൂസര്‍ പരിപാടി വിഭാവനം ചെയ്യുന്നത്. എന്നാല്‍ അതെവിടെ കിടക്കുന്നു, ഇതെവിടെ കിടക്കുന്നു! യഥാസമയം കാണിക്കുന്നു എന്നതിനപ്പുറം എന്ത് റിയാലിറ്റിയാണ്‌ അണിയറ പ്രവര്‍ത്തകര്‍ സിനിമയിലെ റിയാലിറ്റി ഷോയില്‍ കാണുന്നത് എന്നും മനസിലായില്ല. റിയാലിറ്റി ഷോ കാണുന്നവരെ ഇടയ്‍ക്കിടെ കാണിച്ചിരിക്കുന്നതും ബഹുവിശേഷമാണ്‌. പല ദിവസങ്ങളിലൂടെ ഷോ കടന്നു പോവുമ്പോഴും കാണികളില്‍ പലരുടേയും സ്ഥാനം, വേഷം, ചുറ്റുപാടുകള്‍ എന്നിവയൊക്കെ മാറാതെ നില്‍ക്കുന്നു! ഒരുമിച്ച് ഷൂട്ട് ചെയ്‍ത് ആവശ്യാനുസരണം ഇടയ്‍ക്കിടെ ചേര്‍ത്തതാണെന്ന് എടുത്തു പറയുന്നു ആ രംഗങ്ങളൊക്കെയും. ചുരുക്കത്തില്‍ 'The Truman Show' എന്ന ചിത്രമാണ്‌ ഇതിനു പ്രചോദനം എന്നു പറയുന്നത് ആ ചിത്രത്തിനൊരു നാണക്കേടാണ്‌ എന്നതിനപ്പുറം; പുതുമയുള്ളൊരു ആശയം സിനിമയായി അവതരിപ്പിക്കുവാനുള്ള രചയിതാക്കളുടേയും സംവിധായകന്റെയും പിടിപ്പുകേട് വെളിവാകുന്നു എന്നതാണ്‌ ചിത്രം കണ്ടിരുന്നപ്പോഴുള്ള തല്‍‍സമയാനുഭവം.

Cast & Crew
Thalsamayam Oru Penkutty

Directed by
T.K. Rajeev Kumar

Produced by
Reel 2 Reel Cine Productions Pvt. Ltd.

Story, Screenplay, Dialogues by
Sunny Joseph, Manuel George

Starring
Nithya Menon, Shweta Menon, Unni Mukundan, Siddique, Baburaj, Maniyan Pillai Raju, Tini Tom, Devi Chandana, Sruthi Menon, Suraj Venjaramoodu, KPAC Lalitha, Kochu Preman, Baiju, Chembil Asokan, Vinayakan etc.

Cinematography (Camera) by
Vinod Ellampally

Editing by
B. Ajith Kumar

Production Design (Art) by
Mohan Das

Music by
Sharreth

Lyrics by
Murugan Kattakkada, Beeyar Prasad

Make-Up by
Manoj Angamaly

Costumes by
Sakhi

Choreography by
Prasanna

Banner
Reel 2 Reel Cine Productions Pvt. Ltd.

ചിത്രത്തിന്റെ പേരു തന്നെ 'തല്‍സമയം ഒരു പെണ്‍കുട്ടി' എന്നാവുമ്പോള്‍ തലക്കെട്ടിലുള്ള പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാവുമല്ലോ കഥയുടെ പോക്ക്. ആ രീതിയില്‍ നിത്യ മേനോന്റെ സാന്നിധ്യം ചിത്രത്തിലുടനീളമുണ്ട്. പക്ഷെ, കുറേ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു എന്നതിനപ്പുറം നിത്യ മേനോന്‌ കാര്യമായൊന്നും മഞ്ജുളയായി ചെയ്യുവാനായില്ല. ആ കഥാപാത്രത്തെ കാണികള്‍ക്ക് അനുഭവവേദ്യമാക്കുന്നതില്‍ നിത്യ പൂര്‍ണമായും പരാജയപ്പെട്ടു. ഒരുപക്ഷെ, ഒപ്പം പ്രവര്‍ത്തിച്ച ശ്വേത മേനോനും ബാബുരാജും സിദ്ദിഖും മണിയന്‍ പിള്ള രാജുവുമൊക്കെയാണ്‌ നിത്യയേക്കാളും ചിത്രത്തില്‍ മികവു പുലര്‍ത്തിയത്. നായകനായെത്തിയ ഉണ്ണി മുകുന്ദന്റെ കാര്യവും നിത്യയുടേതില്‍ നിന്നും ഏറെ വിഭിന്നമല്ല. സുരാജിന്റെ വേഷമൊക്കെ തീര്‍ത്തും അനാവശ്യമായാണ്‌ അനുഭവപ്പെട്ടത്; ആ കഥാപാത്രത്തെ പിന്നീട് ഒഴിവാക്കിയ വിധമൊക്കെ രചയിതാക്കളുടെ (സംവിധായകന്റെയും) പിടിപ്പു കേടായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ. ടിനി ടോം, ബൈജു, ചേമ്പില്‍ അശോകന്‍, കൊച്ചു പ്രേമന്‍, ദേവി ചന്ദന, ശ്രുതി മേനോന്‍ എന്നിങ്ങനെ മറ്റ് ചില അഭിനേതാക്കളും ചിത്രത്തിലുണ്ട്.

വിനോദ് എല്ലമ്പള്ളി പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പലതിനും പല നിലവാരം, പല ടോണുകള്‍. റിയാലിറ്റി ഷോ കാഴ്ചക്കാരുടെ ഇടയ്‍ക്കിടെ വരുന്ന ക്ലിപ്പുകള്‍ ഡിജിറ്റല്‍ ക്യാമറയിലോ മറ്റോ കാര്യമായ തയ്യാറെടുപ്പൊന്നുമില്ലാതെ പകര്‍ത്തിയ മട്ടിലാണ്‌ കാണുവാനുള്ളത്. നിത്യ മേനോനെ പല ആംഗിളുകളില്‍ ടി.വി. ക്യാമറകളുടേയും ഒ.ബി. വാനിന്റെയും അകമ്പടിയോടെ ഏതാണ്ട് രണ്ടേമുക്കാല്‍ മണിക്കൂറാണ്‌ കണ്ടിരിക്കേണ്ടത്. ചിത്രസന്നിവേശകനെന്ന നിലയില്‍ ബി. അജിത് കുമാറിന്‌ ചെയ്യുവാന്‍ കാര്യങ്ങള്‍ പലതും ബാക്കിയാണെന്ന് സാരം. പ്രതീക്ഷിക്കാവുന്ന ശരാശരി നിലവാരത്തിനപ്പുറമൊരു മികവൊന്നും സഖിയുടെ വസ്‍ത്രാലങ്കാരം, മനോജ് അങ്കമാലിയുടെ ചമയം തുടങ്ങിയവയ്ക്കും പറയുവാനില്ല. മുരുകന്‍ കാട്ടാക്കട, ബീയാര്‍ പ്രസാദ് എന്നിവരെഴുതി ശരത്ത് ഈണമിട്ട ഗാനങ്ങളില്‍ ചിലതൊക്കെ കേള്‍ക്കുവാന്‍ ഇമ്പമുള്ളവയാണ്‌. അല്‍ക അജിത്തും ആനന്ദ് അരവിന്ദാക്ഷനും ചേര്‍ന്നാലപിച്ച "പൂവാനമേ, പുന്നാരമേ..." എന്ന ഗാനമാണ്‌ ശ്രദ്ധേയമായ ഒന്ന്. കെ.എസ്. ചിത്ര പാടിയ "പൊന്നോടു പൂവായ്..." എന്ന ഗാനവും നന്ന്. പക്ഷെ, ഈ ഗാനങ്ങള്‍ പോലും ചിത്രത്തില്‍ ഭംഗിയായി ഉപയോഗിക്കുവാന്‍ സംവിധായകനു കഴിഞ്ഞില്ല. അറുബോറന്‍ ഗാനചിത്രീകരണം കൂടിയാവുമ്പോള്‍ ഗാനങ്ങളെത്തുമ്പോഴും കാണികളുടെ മുഷിപ്പ് മാറുന്നുമില്ല.

റിയാലിറ്റി ഷോയെ ചുറ്റിപ്പറ്റി ഒരു സിനിമ എന്നു പറയുമ്പോള്‍ ആര്‍ക്കും അനുമാനിക്കാവുന്ന അത്തരം ഷോകളുടെ നിരര്‍ത്ഥകത, അതിനു പിന്നില്‍ നടക്കുന്ന യഥാര്‍ത്ഥ റിയാലിറ്റിയായ സാമ്പത്തിക വശങ്ങളുടെ മനുഷ്യത്വമില്ലായ്മ ഇവയൊക്കെ സിനിമയില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. പക്ഷെ, ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവയൊക്കെ പറഞ്ഞു വന്നപ്പോള്‍, പല രംഗങ്ങളും പരിഹാസ്യമായിപ്പോയെന്നു മാത്രം. പതിവ്രത സീരിയലിലെ നായികയെ സ്ഥലം MLA-യ്ക്കൊപ്പം കണ്ടെത്തുന്നതും മുന്‍ അഭ്യന്തര മന്ത്രിയുടെ വിവാഹസ്ഥലത്ത് നിന്നും ക്രിമിനലുകളെ കണ്ടെത്തുന്നതുമൊക്കെയായ പെണ്‍കുട്ടിയുടെ തത്സമയ ചെയ്‍തികളുടെ കാര്യവും വിഭിന്നമല്ല. ഇനിയിപ്പോള്‍ ആക്ഷേപഹാസ്യമൊന്നും ഉദ്ദേശിച്ചിട്ടില്ല, റിയാലിറ്റി കാണിക്കുക എന്നാണെങ്കിലും സിനിമ കണക്കാണ്‌. ചിത്രത്തിന്റെ പരിണാമഗുപ്തിയൊക്കെ തീര്‍ത്തും കൈവിട്ടു പോയ അവസ്ഥയിലാണുള്ളത്. എന്താണ്‌ ആ കാട്ടിക്കൂട്ടലുകളൊക്കെ കൊണ്ട് രചയിതാക്കളും സംവിധായകനും ഉദ്ദേശിച്ചതെന്ന് ഇനിയും മനസിലായിട്ടില്ല. 'തല്‍സമയം ഒരു പെണ്‍കുട്ടി' എന്ന ചിത്രത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ചത് എന്തു തന്നെയായാലും, ഒരു സിനിമയായി പോലും കാണുന്നവര്‍ക്ക് അനുഭവപ്പെടുന്നില്ല എന്നതാണ്‌ പരമാര്‍ത്ഥം. അതൊന്ന് തല്‍സമയം ടി.കെ. രാജീവ് കുമാറിനെ അറിയിക്കുവാന്‍ വല്ല വകുപ്പും കൂടി തിയേറ്ററുകളില്‍ ഒരുക്കിയിരുന്നെങ്കില്‍ ഈ ഷോ കാണിച്ച സിനിമയിലെ ചാനല്‍ പൂട്ടിയതു പോലെ സിനിമ പൊട്ടിയതിന്റെ കാരണമറിയുവാന്‍ സംവിധായകന്‌ മിനക്കെടേണ്ടി വരില്ലായിരുന്നു!