Note: Built in HTML5 and CSS3. Google Chrome 10 / Mozilla Firefox 4 / Microsoft IE 9 or later recommended.

തല്‍സമയം ഒരു പെണ്‍കുട്ടി (Review: Thalsamayam Oru Penkutty)

Published on: March 04, 2012

തല്‍സമയം ഒരു പെണ്‍കുട്ടി: ആക്ഷേപഹാസ്യം പരിഹാസ്യമാവുമ്പോള്‍!‌

ഹരീ, ചിത്രവിശേഷം

Thalsamayam Oru Penkutty: A film by T.K. Rajeev Kumar starring Nithya Menon, Unni Mukundan, Shweta Menon etc. Film Review by Haree for Chithravishesham.
'രതിനിര്‍വ്വേദ'ത്തിനു ശേഷം ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ 'തല്‍സമയം ഒരു പെണ്‍കുട്ടി'. 'തല്‍സമയം ഒരു പെണ്‍കുട്ടി' എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി മഞ്ജുളയായി നിത്യ മേനോനാണ്‌ പ്രധാന വേഷത്തില്‍. ഉണ്ണി മുകുന്ദന്‍, ശ്വേത മേനോന്‍, സിദ്ദിഖ് തുടങ്ങിയവരൊക്കെ ഇതര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റീല്‍ ടു റീല്‍ സിനി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി സണ്ണി ജോസഫും മാനുവല്‍ ജോര്‍ജ്ജും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോകളെ അധികരിച്ചൊരു അക്ഷേപഹാസ്യ ചിത്രമായോ മറ്റോ ആവാം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ 'തല്‍സമയം ഒരു പെണ്‍കുട്ടി' വിഭാവനം ചെയ്തത്; പക്ഷെ അവരത് സിനിമയാക്കി വന്നപ്പോള്‍ അത്തരം സിനിമകള്‍ക്ക് തന്നെ പേരുദോഷമായി തീര്‍ന്നു എന്നുമാത്രം!

ആകെത്തുക     : 3.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 4.50 / 10
: 2.50 / 05
: 3.00 / 05
പരിപാടിയിലെ പെണ്‍കുട്ടിക്കറിയാം താന്‍ തല്‍സമയം പ്രക്ഷേപണം ചെയ്യപ്പെടുകയാണെന്ന്, ക്യാമറയും മൈക്കുമെല്ലാമായി നടക്കുന്നതു കാണുന്ന ഇതര ആളുകള്‍ക്കും ഇത് ടി.വി. പരിപാടിയാണെന്ന് മനസിലാവും; അങ്ങിനെ ചെയ്യുന്ന ഒരു പരിപാടിക്ക് എന്ത് ആകര്‍ഷണീയതയാണ്‌ ഉണ്ടാവുക? 'The Truman Show' പോലെ ഒന്നായാണ്‌ ചിത്രത്തിലെ പ്രൊഡ്യൂസര്‍ പരിപാടി വിഭാവനം ചെയ്യുന്നത്. എന്നാല്‍ അതെവിടെ കിടക്കുന്നു, ഇതെവിടെ കിടക്കുന്നു! യഥാസമയം കാണിക്കുന്നു എന്നതിനപ്പുറം എന്ത് റിയാലിറ്റിയാണ്‌ അണിയറ പ്രവര്‍ത്തകര്‍ സിനിമയിലെ റിയാലിറ്റി ഷോയില്‍ കാണുന്നത് എന്നും മനസിലായില്ല. റിയാലിറ്റി ഷോ കാണുന്നവരെ ഇടയ്‍ക്കിടെ കാണിച്ചിരിക്കുന്നതും ബഹുവിശേഷമാണ്‌. പല ദിവസങ്ങളിലൂടെ ഷോ കടന്നു പോവുമ്പോഴും കാണികളില്‍ പലരുടേയും സ്ഥാനം, വേഷം, ചുറ്റുപാടുകള്‍ എന്നിവയൊക്കെ മാറാതെ നില്‍ക്കുന്നു! ഒരുമിച്ച് ഷൂട്ട് ചെയ്‍ത് ആവശ്യാനുസരണം ഇടയ്‍ക്കിടെ ചേര്‍ത്തതാണെന്ന് എടുത്തു പറയുന്നു ആ രംഗങ്ങളൊക്കെയും. ചുരുക്കത്തില്‍ 'The Truman Show' എന്ന ചിത്രമാണ്‌ ഇതിനു പ്രചോദനം എന്നു പറയുന്നത് ആ ചിത്രത്തിനൊരു നാണക്കേടാണ്‌ എന്നതിനപ്പുറം; പുതുമയുള്ളൊരു ആശയം സിനിമയായി അവതരിപ്പിക്കുവാനുള്ള രചയിതാക്കളുടേയും സംവിധായകന്റെയും പിടിപ്പുകേട് വെളിവാകുന്നു എന്നതാണ്‌ ചിത്രം കണ്ടിരുന്നപ്പോഴുള്ള തല്‍‍സമയാനുഭവം.

Cast & Crew
Thalsamayam Oru Penkutty

Directed by
T.K. Rajeev Kumar

Produced by
Reel 2 Reel Cine Productions Pvt. Ltd.

Story, Screenplay, Dialogues by
Sunny Joseph, Manuel George

Starring
Nithya Menon, Shweta Menon, Unni Mukundan, Siddique, Baburaj, Maniyan Pillai Raju, Tini Tom, Devi Chandana, Sruthi Menon, Suraj Venjaramoodu, KPAC Lalitha, Kochu Preman, Baiju, Chembil Asokan, Vinayakan etc.

Cinematography (Camera) by
Vinod Ellampally

Editing by
B. Ajith Kumar

Production Design (Art) by
Mohan Das

Music by
Sharreth

Lyrics by
Murugan Kattakkada, Beeyar Prasad

Make-Up by
Manoj Angamaly

Costumes by
Sakhi

Choreography by
Prasanna

Banner
Reel 2 Reel Cine Productions Pvt. Ltd.

ചിത്രത്തിന്റെ പേരു തന്നെ 'തല്‍സമയം ഒരു പെണ്‍കുട്ടി' എന്നാവുമ്പോള്‍ തലക്കെട്ടിലുള്ള പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാവുമല്ലോ കഥയുടെ പോക്ക്. ആ രീതിയില്‍ നിത്യ മേനോന്റെ സാന്നിധ്യം ചിത്രത്തിലുടനീളമുണ്ട്. പക്ഷെ, കുറേ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു എന്നതിനപ്പുറം നിത്യ മേനോന്‌ കാര്യമായൊന്നും മഞ്ജുളയായി ചെയ്യുവാനായില്ല. ആ കഥാപാത്രത്തെ കാണികള്‍ക്ക് അനുഭവവേദ്യമാക്കുന്നതില്‍ നിത്യ പൂര്‍ണമായും പരാജയപ്പെട്ടു. ഒരുപക്ഷെ, ഒപ്പം പ്രവര്‍ത്തിച്ച ശ്വേത മേനോനും ബാബുരാജും സിദ്ദിഖും മണിയന്‍ പിള്ള രാജുവുമൊക്കെയാണ്‌ നിത്യയേക്കാളും ചിത്രത്തില്‍ മികവു പുലര്‍ത്തിയത്. നായകനായെത്തിയ ഉണ്ണി മുകുന്ദന്റെ കാര്യവും നിത്യയുടേതില്‍ നിന്നും ഏറെ വിഭിന്നമല്ല. സുരാജിന്റെ വേഷമൊക്കെ തീര്‍ത്തും അനാവശ്യമായാണ്‌ അനുഭവപ്പെട്ടത്; ആ കഥാപാത്രത്തെ പിന്നീട് ഒഴിവാക്കിയ വിധമൊക്കെ രചയിതാക്കളുടെ (സംവിധായകന്റെയും) പിടിപ്പു കേടായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ. ടിനി ടോം, ബൈജു, ചേമ്പില്‍ അശോകന്‍, കൊച്ചു പ്രേമന്‍, ദേവി ചന്ദന, ശ്രുതി മേനോന്‍ എന്നിങ്ങനെ മറ്റ് ചില അഭിനേതാക്കളും ചിത്രത്തിലുണ്ട്.

വിനോദ് എല്ലമ്പള്ളി പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പലതിനും പല നിലവാരം, പല ടോണുകള്‍. റിയാലിറ്റി ഷോ കാഴ്ചക്കാരുടെ ഇടയ്‍ക്കിടെ വരുന്ന ക്ലിപ്പുകള്‍ ഡിജിറ്റല്‍ ക്യാമറയിലോ മറ്റോ കാര്യമായ തയ്യാറെടുപ്പൊന്നുമില്ലാതെ പകര്‍ത്തിയ മട്ടിലാണ്‌ കാണുവാനുള്ളത്. നിത്യ മേനോനെ പല ആംഗിളുകളില്‍ ടി.വി. ക്യാമറകളുടേയും ഒ.ബി. വാനിന്റെയും അകമ്പടിയോടെ ഏതാണ്ട് രണ്ടേമുക്കാല്‍ മണിക്കൂറാണ്‌ കണ്ടിരിക്കേണ്ടത്. ചിത്രസന്നിവേശകനെന്ന നിലയില്‍ ബി. അജിത് കുമാറിന്‌ ചെയ്യുവാന്‍ കാര്യങ്ങള്‍ പലതും ബാക്കിയാണെന്ന് സാരം. പ്രതീക്ഷിക്കാവുന്ന ശരാശരി നിലവാരത്തിനപ്പുറമൊരു മികവൊന്നും സഖിയുടെ വസ്‍ത്രാലങ്കാരം, മനോജ് അങ്കമാലിയുടെ ചമയം തുടങ്ങിയവയ്ക്കും പറയുവാനില്ല. മുരുകന്‍ കാട്ടാക്കട, ബീയാര്‍ പ്രസാദ് എന്നിവരെഴുതി ശരത്ത് ഈണമിട്ട ഗാനങ്ങളില്‍ ചിലതൊക്കെ കേള്‍ക്കുവാന്‍ ഇമ്പമുള്ളവയാണ്‌. അല്‍ക അജിത്തും ആനന്ദ് അരവിന്ദാക്ഷനും ചേര്‍ന്നാലപിച്ച "പൂവാനമേ, പുന്നാരമേ..." എന്ന ഗാനമാണ്‌ ശ്രദ്ധേയമായ ഒന്ന്. കെ.എസ്. ചിത്ര പാടിയ "പൊന്നോടു പൂവായ്..." എന്ന ഗാനവും നന്ന്. പക്ഷെ, ഈ ഗാനങ്ങള്‍ പോലും ചിത്രത്തില്‍ ഭംഗിയായി ഉപയോഗിക്കുവാന്‍ സംവിധായകനു കഴിഞ്ഞില്ല. അറുബോറന്‍ ഗാനചിത്രീകരണം കൂടിയാവുമ്പോള്‍ ഗാനങ്ങളെത്തുമ്പോഴും കാണികളുടെ മുഷിപ്പ് മാറുന്നുമില്ല.

റിയാലിറ്റി ഷോയെ ചുറ്റിപ്പറ്റി ഒരു സിനിമ എന്നു പറയുമ്പോള്‍ ആര്‍ക്കും അനുമാനിക്കാവുന്ന അത്തരം ഷോകളുടെ നിരര്‍ത്ഥകത, അതിനു പിന്നില്‍ നടക്കുന്ന യഥാര്‍ത്ഥ റിയാലിറ്റിയായ സാമ്പത്തിക വശങ്ങളുടെ മനുഷ്യത്വമില്ലായ്മ ഇവയൊക്കെ സിനിമയില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. പക്ഷെ, ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവയൊക്കെ പറഞ്ഞു വന്നപ്പോള്‍, പല രംഗങ്ങളും പരിഹാസ്യമായിപ്പോയെന്നു മാത്രം. പതിവ്രത സീരിയലിലെ നായികയെ സ്ഥലം MLA-യ്ക്കൊപ്പം കണ്ടെത്തുന്നതും മുന്‍ അഭ്യന്തര മന്ത്രിയുടെ വിവാഹസ്ഥലത്ത് നിന്നും ക്രിമിനലുകളെ കണ്ടെത്തുന്നതുമൊക്കെയായ പെണ്‍കുട്ടിയുടെ തത്സമയ ചെയ്‍തികളുടെ കാര്യവും വിഭിന്നമല്ല. ഇനിയിപ്പോള്‍ ആക്ഷേപഹാസ്യമൊന്നും ഉദ്ദേശിച്ചിട്ടില്ല, റിയാലിറ്റി കാണിക്കുക എന്നാണെങ്കിലും സിനിമ കണക്കാണ്‌. ചിത്രത്തിന്റെ പരിണാമഗുപ്തിയൊക്കെ തീര്‍ത്തും കൈവിട്ടു പോയ അവസ്ഥയിലാണുള്ളത്. എന്താണ്‌ ആ കാട്ടിക്കൂട്ടലുകളൊക്കെ കൊണ്ട് രചയിതാക്കളും സംവിധായകനും ഉദ്ദേശിച്ചതെന്ന് ഇനിയും മനസിലായിട്ടില്ല. 'തല്‍സമയം ഒരു പെണ്‍കുട്ടി' എന്ന ചിത്രത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ചത് എന്തു തന്നെയായാലും, ഒരു സിനിമയായി പോലും കാണുന്നവര്‍ക്ക് അനുഭവപ്പെടുന്നില്ല എന്നതാണ്‌ പരമാര്‍ത്ഥം. അതൊന്ന് തല്‍സമയം ടി.കെ. രാജീവ് കുമാറിനെ അറിയിക്കുവാന്‍ വല്ല വകുപ്പും കൂടി തിയേറ്ററുകളില്‍ ഒരുക്കിയിരുന്നെങ്കില്‍ ഈ ഷോ കാണിച്ച സിനിമയിലെ ചാനല്‍ പൂട്ടിയതു പോലെ സിനിമ പൊട്ടിയതിന്റെ കാരണമറിയുവാന്‍ സംവിധായകന്‌ മിനക്കെടേണ്ടി വരില്ലായിരുന്നു!

Post a Comment

ശ്രദ്ധിക്കുക: 30 ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളില്‍ ചേര്‍ക്കുന്ന കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

11 comments:

Haree N said...

ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തില്‍ നിത്യ മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'തല്‍സമയം ഒരു പെണ്‍കുട്ടി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

Haree
@newnHaree
#ThalsamayamOruPenkutty: Imagined as a satire of television reality shows but ended up as a mimicry of satirical films!
5:52 PM - 3 Mar 12 via web
--

ദീപുപ്രദീപ്‌ said...

വളരെ നല്ലൊരു പേരാണ് ചിത്രതിന്റെത്, കുറഞ്ഞ പക്ഷം മലയാള സിനിമ ഒരു മലയാളം പേരില്‍ പുറത്തിറങ്ങുന്നു എന്നതുതന്നെ ഒരു ആശ്വാസമാണ്. പ്രമേയത്തിലും പുതുമയുള്ളതായി തോന്നിയിരുന്നു , പക്ഷെ എല്ലാം വെറുതെയായോ ?

madhu said...

agree with dipu, names like thalsamayam oru penkutti, ee adutha kalath are all interestingly named.

Shaju said...

രാജീവ് കുമാര്‍ രതിനിര്‍വേദം എടുത്ത ആ ഒരു രീതി വച്ചു തല്‍ സമയം ഒരു പെണ്‍കുട്ടി എന്ന പേരു കേട്ടപ്പോള്‍ ഒരു പാട്‌ പ്രതീക്ഷിച്ചു. രന്ജിത്തിനെ അഭിനവ പത്മരാജനായി കാണുന്ന പോലെ രാജീവ് കുമറിനെ ഒരു അഭിനവ K.S ഗോപാല കൃഷ്നനും, ജയദേവനും ഒക്കെ ആയി കണ്ടുപോയി. പക്ഷേ ഇപ്പോ ഇതാ പുള്ളി വീണ്ടും പഴയ പടി തന്നെ.

who you said...

Thalsamyam is totally average. The packaging wasn’t bad, but.

Direction/Script/Editing : couldn’t involve the audience throughout.. had to wait for enjoyable moments which took frequent gaps.
Camera was average; nothing outstanding. Mistakes in DI, also Chroma

Songs were good; they would have fared better in terms of visuals. Ponnodu poovai stepped out in that direction, but wrong timing.
Art, Costume & Make-up was good; but Shweta looked over-sized. Some issue with the wig also.

Nithya & Unni looked chocolate pairing.Good.

There was humor, though slightly slapstick, specially the drunkard guy.

Too many inserts of the ‘viewers watching the show’ got the film so boring..!

സുശീലന്‍ said...

പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല ടീ കെ രാജീവ്‌ കുമാറിന് നല്ല പണി ഫിലിം ഫെസ്റിവല്‍ നടത്തുക എന്നതാണ് ഈ തവണ ഫെസ്റിവല്‍ പാളാന്‍ കാരണം അങ്ങേര്‍ ഇല്ലാത്തതാണ് , പക്ഷെ സംവിധായകന്‍ എന്നാ നിലയില്‍ ഗ്രാഫ് താഴോട്ടാണ് , ക്ഷണക്കത്ത് , ചാണക്യന്‍, പവിത്രം ഒക്കെ ആവരെജിനു മുകളില്‍ ആയിരുന്നു പക്ഷെ പിന്നെ ഇങ്ങോട്ട ഗ്രാഫ് താഴോട്ടാണ് , രതി നിര്‍വേദം നശിപ്പിക്കുകയല്ലേ ചെയ്തത്, ട്രൂമാന്‍ ശോ ഒക്കെ നമ്മുടെ കേരളീയ അന്തരീക്ഷത്തില്‍ അവതരിപ്പിക്കണമെങ്കില്‍ ബ്രില്ലിയന്റ് ആയ ഒരു തിരക്കഥ വേണം അതെഴുതാന്‍ ആരാ ഇപ്പോള്‍ ഉള്ളത് ? മുരളി ഗോപി ഈ അടുത്ത കാലത്ത് വഴി ഒന്ന് മിന്നി നില്‍ക്കുന്നു എന്നാലും ആ പടം മലയാളീകരിക്കാന്‍ പ്രയാസം ആണ് . നിത്യാ മേനോനെ രണ്ടു മണികൂര്‍ ഓവര്‍ എക്സ്പോഷര്‍ ചെയ്യിക്കുന്നത് ആ കൊച്ചിന്റെ ഭാവി കളയാന്‍ അല്ലെ ഉപകരിക്കു, അപ്പോള്‍ ഉണ്ണി മുകുന്ദന്‍ പവനാഴി ആയി അല്ലെ , ചോക്കലേറ്റ് ഹീറോ ഇനി മലയാളത്തില്‍ വേണമെന്ന് തോന്നുന്നില്ല അല്‍പ്പം വില്ലത്തരം ഉള്ള ഹീറോകള്‍ രംഗം കയ്യടക്കുന്നു , അപ്പോള്‍ രാജീവ് കുമാറെ നിര്‍മ്മാതാവിനെ കുത്തുപാള എടുപ്പിച്ചു അല്ലെ?

jayanEvoor said...

പ്രതീക്ഷയുള്ള ഒരു ചിത്രമായിരുന്നു....
ഹെന്തു ചെയ്യാം!

ടി.സി.രാജേഷ്‌ said...

പത്രവാര്‍ത്തകള്‍ക്ക്‌ മനോഹരമായ തലക്കെട്ടിടാന്‍ വിദഗ്‌ദ്ധരാണ്‌ മാനുവലും സണ്ണിയും. അതുകൊണ്ടാകണം എത്ര മനോഹരമായ ഒരു പേര്‌ സിനിമയ്‌ക്കു നല്‍കാന്‍ അവര്‍ക്കായത്‌.

ദുശ്ശാസ്സനന്‍ said...

ട്രൂ മാന്‍ ഷോ മുമ്പ് കണ്ടിട്ടില്ലാത്ത ആള്‍ക്കാര്‍ മാത്രമേ ഈ ചിത്രത്തിനെ പറ്റി എന്തെങ്കിലും നല്ലത് പറയൂ. എം കൃഷ്ണന്‍ നായര്‍ പറഞ്ഞത് പോലെ നക്ഷത്രമെവിടെ പുല്‍കൊടിയെവിടെ എന്ന് മാത്രമേ ഈ രണ്ടു ചിത്രങ്ങള്‍ തമ്മിലുള്ള താരതമ്യത്തെ പറ്റി പറയാന്‍ സാധിക്കൂ. റിവ്യു നന്നായി.
ട്രൂമാന്‍ ഷോയെ പറ്റി ഞാന്‍ എഴുതിയ ഒരു സാധനം ചുവടെ കൊടുക്കുന്നു.
http://itsmyblogspace.blogspot.com/2012/02/blog-post_17.html

Joy Varghese said...

ടി കെ രാജിവ് കുമാരില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിക്കാമോ ..താടികളുടെ കാലം കഴിഞ്ഞു

binoj joseph said...

മാഷേ ഇങ്ങനെ പടം ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞു റിവ്യു എഴുതാനാണെങ്കില്‍ ഈ പരിപാടി അങ്ങ് മതിയാക്കരുതോ . നിദ്രയെ കുറിച്ചു ഇതുവരെ ഒന്നും എഴുതി കണ്ടില്ല, വായനക്കാരെ ഇങ്ങനെ വിഷമിപ്പിക്കരുത് ..plse

Featured Videos

Trailer: Ezham Suryan

Ezham Suryan: A film by Njanasheelan starring Unni Mukundan, Mahalakshmi, Sreejith Ravi etc.

WATCH VIDEO
Trailer: Thiruvambadi Thamban

Thiruvambadi Thamban: A film by M. Padmakumar starring Jayaram, Haripriya, Thambi Ramaiah etc.

WATCH VIDEO
Trailer: Hero

Hero: A film by Diphan starring Prithviraj, Srikanth, Yami Gautam etc.

WATCH VIDEO