ഔട്ട്‍സൈഡര്‍ (Review: Outsider)

Published on: 6:59 AM

ഔട്ട്‍സൈഡര്‍: പ്രേക്ഷകര്‍ കേവലം ഔട്ട്‍സൈഡേഴ്സ്!‌

ഹരീ, ചിത്രവിശേഷം

Outsider: A film by Premlal starring Sreenivasan, Pasupathy, Indrajith etc. Film Review by Haree for Chithravishesham.
2010-ല്‍ പുറത്തിറങ്ങിയ 'ആത്മകഥ'യ്‍ക്കു ശേഷം പ്രേം‍ലാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ ചിത്രമാണ്‌ 'ഔട്ട്‍സൈഡര്‍'. തന്റെ രണ്ടാം ചിത്രത്തിലും ശ്രീനിവാസനെ തന്നെയാണ്‌ നായക കഥാപാത്രത്തിനായി സംവിധായകന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പശുപതി, ഇന്ദ്രജിത്ത്, ഗംഗ ബാബു, സായി കുമാര്‍ തുടങ്ങിയവരാണ്‌ മറ്റു പ്രധാന വേഷങ്ങളില്‍. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ ഗിരീഷ് ലാലാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തുണികള്‍ തയ്‍ച്ചും ബോട്ടോടിച്ചുമൊക്കെ കുടുംബം പുലര്‍ത്തുവാന്‍ പാടുപെടുന്ന ഒരു സാധാരണക്കാരന്റെ ജീവിതത്തിലേക്ക് പുറമേ നിന്ന് പ്രശ്നക്കാരനായ ഒരാള്‍ കടന്നു വരുന്നതും പിന്നീടത് അയാളുടെ ജീവിതത്തെ മാറ്റി മറിക്കുന്നതുമൊക്കെയാണ്‌ ചിത്രത്തിന്റെ പ്രമേയം. കഥാതന്തു ആകര്‍ഷകമെങ്കില്‍ തന്നെയും, പ്രേക്ഷകരെ സിനിമയോട് അടുപ്പിച്ചു നിര്‍ത്തുന്നതില്‍ സംവിധായകന്‍ പരാജയമായി. ഇപ്രകാരം കാണികള്‍ ഔട്ട്സൈഡേഴ്സാവുന്നതിനാല്‍ തന്നെ ചിത്രം കാര്യമായ ചലനമൊന്നും ആരിലും ഉണ്ടാക്കുന്നുമില്ല!

ആകെത്തുക     : 4.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 4.00 / 10
: 4.00 / 10
: 3.50 / 05
: 2.50 / 05
ഒരു കുടുംബകഥയെന്ന മട്ടില്‍ തുടങ്ങി പിന്നീട് ചിത്രത്തെ ഒരു ത്രില്ലറിന്റെ സ്വഭാവത്തിലേക്ക് മാറ്റിയുള്ള പ്രമേയത്തിന്‌ പുതുമയുണ്ട്. മലയാളത്തിലെങ്കിലും അധികം കണ്ടിട്ടില്ലാത്ത ഇത്തരമൊരു കഥാതന്തു കണ്ടെത്തിയതില്‍ പ്രേം‍ലാലിനെ അഭിനന്ദിക്കാം, പക്ഷെ രചയിതാവെന്ന നിലയില്‍ പ്രേംലാലിന്റെ മികവ് ഇതില്‍ ഒതുങ്ങുന്നു. പ്രേക്ഷകരില്‍ താത്പര്യം ജനിപ്പിക്കുന്ന വിധത്തില്‍ ഈ പ്രമേയത്തെ ഒരു തിരനാടകമാക്കി മാറ്റുവാന്‍ കഴിഞ്ഞില്ല എന്നതാണ്‌ ചിത്രത്തിന്റെ പ്രധാന ദൗര്‍ബല്യം. കഥാനായകന്റെ ആത്മസംഭാഷണങ്ങളിലൂടെയാണ്‌ ചിത്രത്തിന്റെ കഥ ഏതാണ്ട് പൂര്‍ണമായും പറഞ്ഞു പോവുന്നത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളും സംശയം ജനിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളുമൊക്കെയായി വിരസമായൊരു ചിത്രമായി മാറ്റുവാനേ പ്രേം‍ലാലിലെ സംവിധായകനും കഴിഞ്ഞുള്ളൂ!

Cast & Crew
Outsider

Directed by
Premlal

Produced by
Girish Lal

Story, Screenplay, Dialogues by
Premlal

Starring
Sreenivasan, Indrajith, Pasupathy, Ganga Babu, Saikumar, Sreejith Ravi, Chembil Ashokan etc.

Cinematography (Camera) by
Sameer Haq

Editing by
Samjith Mhd

Production Design (Art) by
Jyothish Shankar

Music by
Sangeeth

Lyrics by
Engandiyoor Chandrasekharan

Make-Up by
Sreejith Guruvayoor

Costumes by
Suresh Fitwell

Action (Stunts / Thrills) by
Different Danny

Banner
Gowry Meenakshi Movies

തിരനാടകത്തില്‍ പിഴച്ച സംവിധായകന്‌ തന്റെ കഥാപാത്രങ്ങള്‍ക്കായി അഭിനേതാക്കളെ പരുവപ്പെടുത്തുന്നതിലും കാലിടറി. ശ്രീനിവാസന്റെ ശിവന്‍കുട്ടി എന്ന ബോട്ടു ഡ്രൈവറിനെ, 'ആത്മകഥ'യിലെ കഥാപാത്രവുമായി തട്ടിച്ചു നോക്കിയാല്‍, കണ്ണു കാണാം എന്നല്ലാതെ മട്ടൂം മാതിരിയുമൊക്കെ ഏതാണ്ടതു തന്നെ. വൈകാരികമായ പല സന്ദര്‍ഭങ്ങളിലും കഥാപാത്രം അദ്ദേഹത്തിന്റെ കൈവിട്ടു പോവുന്നതായും തോന്നി. സൂക്ഷ്മാഭിനയത്തിലൂടെ തന്റെ കഥാപാത്രങ്ങളെ ഭംഗിയാക്കാറുള്ള പശുപതിയില്‍ നിന്നും വേറിട്ടൊരു സമീപനമാണ്‌ കാണുവാനായത്, അതിനൊട്ട് സ്വാഭാവികത തോന്നിച്ചതുമില്ല. ഇന്ദ്രജിത്ത്, സായി കുമാര്‍, ഗംഗ ബാബു എന്നിവരുടെ മറ്റു കഥാപാത്രങ്ങള്‍ മികവു പുലര്‍ത്തി. ശ്രീജിത്ത് രവി, ചേമ്പില്‍ അശോകന്‍ എന്നിങ്ങനെ മറ്റു ചിലരും ചിത്രത്തില്‍ ചെറുവേഷങ്ങളിലുണ്ട്.

കഥാപാത്രങ്ങള്‍ ഒരു പരിധിവരെയെങ്കിലും ശ്രദ്ധ നേടുന്നത് സുരേഷ് ഫിറ്റ്‍വെലിന്റെ വസ്‍ത്രാലങ്കാരത്തിലൂടെയും ശ്രീജിത്ത് ഗുരുവായൂരിന്റെ ചമയത്തിലൂടെയുമാണ്‌. ഒപ്പം തന്നെ ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും മികവു പുലര്‍ത്തുന്നു. സമീര്‍ ഹഖ് പകര്‍ത്തിയ ദൃശ്യങ്ങള്‍ സാധാരണം മാത്രം, സാംജിത് Mhd-യുടെ ചിത്രസന്നിവേശവും ഏറെ മികവിലേക്ക് എത്തുന്നില്ല. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതി നവാഗതനായ സംഗീത് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളില്‍ "മിഴിയിണകളിലാലോലം..." എന്ന ഗാനം മാത്രം അല്‍പം ശ്രദ്ധ നേടുന്നുണ്ട്. ഡിഫറന്റ് ഡാനിയാണ്‌ ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ ഗതിയെന്താവുമെന്ന് ആര്‍ക്കും പാതി കഴിയുമ്പോള്‍ തന്നെ ഊഹിക്കാവുന്നതേയുള്ളൂ. അതിനപ്പുറമൊന്നും ചിത്രത്തില്‍ സംഭവിക്കുന്നുമില്ല. ശിവന്‍കുട്ടി ഒടുവില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ മാത്രമാണ്‌ ഇതിനൊരു അപവാദം, പക്ഷെ അവയൊന്നും സാമാന്യയുക്തിക്ക് നിരക്കുന്നതല്ലെന്നു മാത്രം. (ഉദാ: തന്നെ തേടിയെത്തുന്നയാളെ പേടിച്ച് മറ്റൊരിടത്തേക്ക് വീടു മാറുന്നത്, രക്ഷയ്ക്കായി മറ്റൊരു മാര്‍ഗവും തേടാത്തത്...) ഒരാളുടെ ജീവിതത്തില്‍ ഇങ്ങിനെയൊക്കെയും സംഭവിക്കാം എന്നൊരു കാണിച്ചുതരല്‍ എന്നതിനപ്പുറം സംവിധായകന്‍ എന്തെങ്കിലും ഈ ചിത്രത്തില്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതു പ്രകടമല്ല താനും. ചുരുക്കത്തില്‍, കാണുവാനിരിക്കുന്നവരെ സിനിമയിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ മറന്നുപോയൊരു ചിത്രമായി മാത്രമേ 'ഔട്ട്‍സൈഡറി'ന കാണുവാന്‍ കഴിയൂ!

ചിന്താവിഷയം: എന്തിനാണ്‌ ഇത്തരമൊരു മലയാളം സിനിമയ്‍ക്കും 'ഔട്ട്‍സൈഡര്‍' എന്നൊക്കെ പേര്‌? 'അന്യന്‍' എന്നോ മറ്റോ മലയാളത്തില്‍ പേരിട്ടാല്‍ എന്തു സംഭവിക്കും?