മല്ലൂസിംഗ് (Review: Mallu Singh)

Published on: 5/07/2012 08:35:00 AM

മല്ലൂസിംഗ്: ‌പുവര്‍ മല്ലൂസിനൊരു പഞ്ചാബി കെണി!

ഹരീ, ചിത്രവിശേഷം

Mallu Singh: A film by Vaisakh starring Kunchakko Boban, Unni Mukundan, Samvrutha Sunil, Biju Menon, Rupa Manjari etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിപ്പതിനൊന്നില്‍ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയ 'സീനിയേഴ്‍സി'നു ശേഷം വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ 'മല്ലൂ സിംഗ്'. കുഞ്ചാക്കോ ബോബന്റെ അമ്പതാം ചിത്രം, സച്ചി-സേതു ദ്വയത്തിലെ സേതു ഒറ്റയ്‍ക്ക് രചന നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രം എന്നിങ്ങനെയുള്ള ചില വിശേഷണങ്ങള്‍ ആന്‍ മെഗ മീഡിയയുടെ ബാനറില്‍ നീറ്റ ആന്റോ പുറത്തിറക്കുന്ന ഈ ചിത്രത്തിനുണ്ട്. ഇതിനു മുന്‍പ് ചില ചിത്രങ്ങളില്‍ സഹവേഷങ്ങളില്‍ തല കാണിച്ചിട്ടുള്ള ഉണ്ണി മുകുന്ദന്‍ ആദ്യമായി നായകനാവുന്ന ചിത്രം കൂടിയാണിത്. സംവൃത സുനില്‍, രൂപ മഞ്ജരി തുടങ്ങിയവര്‍ നായികമാരാവുന്ന ഈ ചിത്രത്തില്‍ ബിജു മേനോന്‍, മനോജ് കെ. ജയന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പശ്ചാത്തലം പഞ്ചാബാവുന്നു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ ചിത്രത്തിലെ കഥയ്ക്കോ കഥാപരിസരങ്ങള്‍ക്കോ ഒരു പുതുമയും അവകാശപ്പെടുവാനില്ല. അതിനൊപ്പം ശുഷ്കമായ അവതരണം കൂടിയാവുമ്പോള്‍ തിയേറ്ററിനുള്ളില്‍ സഹിച്ചിരിക്കുവാന്‍ കാണികളെ പാടുപെടുത്തുവാനേ ഈ പുതുതലമുറ മലയാളം മസാല ചിത്രമായ 'മല്ലൂസിംഗി'നു കഴിയുന്നുള്ളൂ!

ആകെത്തുക     : 3.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 4.00 / 10
: 2.50 / 05
: 2.50 / 05
അനിയത്തിയുടെ മുറച്ചെറുക്കനെ കണ്ടെത്തുവാനോ, അവകാശത്തിലുള്ള സ്വത്ത് നേടിയെടുക്കാനോ, കാണാതായ സുഹൃത്തിനെ തിരഞ്ഞോ ഒക്കെയായി മുന്‍പ് പൊള്ളാച്ചിയിലേക്കോ അല്ലെങ്കില്‍ മറ്റു വല്ല തമിഴ് നാടന്‍ ഗ്രാമത്തിലേക്കോ ആയിരുന്നു മലയാളം സിനിമ ഇതുവരെ സഞ്ചരിച്ചിരുന്നതെങ്കില്‍ ഇതിലത് പഞ്ചാബിലേക്കായി എന്നു മാത്രം. കോമഡി ലക്ഷ്യം വെച്ചുള്ള ചിത്രമാണെങ്കിലും സന്ദര്‍ഭങ്ങള്‍ കണ്ടോ സംഭാഷണങ്ങള്‍ കേട്ടോ ചിരിക്കുവാനുള്ള സാധ്യത വിരളമാണ്‌. സ്വന്തമായി തന്റെ തന്നെ പേരു വിളിച്ച് സ്ഥലത്തു നിന്നും ഒരാള്‍ പേടിച്ചു മാറുന്നതൊക്കെ കണ്ടാല്‍ തിയേറ്റര്‍ ചിരിച്ചു മറിയുന്ന കാലമൊക്കെ എന്നേ കഴിഞ്ഞു! പക്ഷെ മറ്റു ചിലതു കണ്ടാല്‍ ചിരി വന്നുകൂടെന്നുമില്ല. ഹരി എന്ന കഥാപാത്രത്തെ അന്വേഷിച്ച് തെങ്കാശിയിലേക്ക് വണ്ടി കയറിയ സുഹൃത്ത് ഏതോ ഒരു തമിഴനെ ഹരിയെന്നു കയറി കെട്ടിപ്പിടിച്ച് ഇടിമേടിച്ച കഥ പറഞ്ഞു മിനിറ്റൊന്നു കഴിയും മുന്‍പ് ആ സുഹൃത്തിന്റെ ഡയലോഗ് (കോമഡിയല്ല, വളരെ വികാരാധീനനായി): "ഇല്ല അച്ചു, എനിക്ക് തെറ്റില്ല. ഹരിയുടെ നിഴല്‍ കണ്ടാല്‍ പോലും എനിക്കവനെ തിരിച്ചറിയാന്‍ കഴിയും!". ബെസ്റ്റ്! നിഴല്‍ കണ്ടാല്‍ തിരിച്ചറിയുന്നവനാണോ തെങ്കാശി വരെപ്പോയി മറ്റൊരുത്തനെ ഹരിയെന്നു കരുതി കെട്ടിപ്പിടിച്ചത്! ഇതൊരു സാമ്പിള്‍ മാത്രം. ഇത്തരം കോമഡികള്‍ രചനയിലും സംവിധാനത്തിലും ആവശ്യത്തിലേറെയുണ്ട് ചിത്രത്തില്‍!

Cast & Crew
Mallu Singh

Directed by
Vyshakh

Produced by
Neeta Anto

Story, Screenplay, Dialogues by
Sethu

Starring
Kunchacko Boban, Unni Mukundan, Samvrutha Sunil, Suresh Krishna, Rupa Manjari, Meera Nandan, Biju Menon, Manoj K. Jayan, Siddique, Aparna Nair, Sai Kumar, Suraj Venjaramood, Sreejith Ravi, Geetha, Ganapathy, Mamukkoya, Asif Ali, Kalasala Babu etc.

Cinematography (Camera) by
Shaji

Editing by
Mahesh Narayanan

Production Design (Art) by
Joseph Nellickal

Background Score by
Gopi Sundar

Sound Effects by
Murukesh

Music by
M. Jayachandran

Lyrics by
Rajeev Alunkal, Murukan Kattakada

Make-Up by
Ratheesh Ambady

Costumes by
Sai

Choreography by
Shoby Paulraj

Action (Stunts / Thrills) by
Kanal Kannan

Banner
Ann Mega Media

Release Date
2012 May 04

അമ്പതാം ചിത്രത്തിലെത്തിയിരിക്കുന്ന കുഞ്ചാക്കോ ബോബനോട് ഒരൊറ്റ അപേക്ഷയേയുള്ളൂ, ദയവായി കോമഡി ചെയ്ത് ഞങ്ങളെ കരയിപ്പിക്കരുത്. അത്തരം രംഗങ്ങളിലെ പരിതാപകരമായ പ്രകടനമൊഴിച്ചു നിര്‍ത്തിയാല്‍ ബോബന്‍ തരക്കേടില്ലാതെ തന്റെ വേഷം അവതരിപ്പിച്ചിട്ടുണ്ട്. പല്ലു കടിച്ചും കണ്ണുരുട്ടിയും നടക്കുക എന്നതല്ലാതെ മല്ലു വേഷത്തിലോ സിംഗ് വേഷത്തിലോ ഉണ്ണി മുകുന്ദന്‌ കാര്യമായൊരു പണിയും ചിത്രത്തിലില്ല. നൃത്തരംഗങ്ങളും സംഘട്ടനരംഗങ്ങളും ഒരു യുവനടന്‍ ചെയ്യുന്നതിന്റെ ഊര്‍ജ്ജം ഉണ്ണി മുകുന്ദനിലൂടെ അനുഭവവേദ്യമായി എന്നതാണ്‌ ഒരു ഗുണമായി പറയാവുന്നത്. പ്രധാന നായികമാരായ സംവൃത സുനിലും രൂപ മഞ്ജരിയും തന്നെ അധികപ്പറ്റായി തോന്നുമ്പോള്‍ മീര നന്ദന്‍, അപര്‍ണ നായര്‍ തുടങ്ങിയ മറ്റ് നായികമാരുടെ കാര്യം പറയേണ്ടതില്ലല്ലോ! ചിരിയുണര്‍ത്തുക എന്ന ദൗത്യത്തിലെത്തുന്ന ബിജു മേനോന്‍, മനോജ് കെ. ജയന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഗണപതി തുടങ്ങിയവര്‍ക്കും കാര്യമായ അനക്കമൊന്നും ചിത്രത്തിലുണ്ടാക്കുവാന്‍ കഴിഞ്ഞില്ല. ഒരു ചെറിയ വേഷത്തില്‍ ആസിഫ് അലിയും ചിത്രത്തില്‍ തലകാണിക്കുന്നുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനുമായി ഒട്ടേറെ അഭിനേതാക്കള്‍ ഇനിയുമുണ്ട് ചിത്രത്തില്‍; സായി കുമാര്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, ഗീത, മാമുക്കോയ, ശ്രീജിത്ത് രവി, കലാശാല ബാബു എന്നിങ്ങനെ പോവുന്നു ആ നിര.

സിനിമയോ മുഷിപ്പനാണ്‌, അങ്ങിനെയെങ്കില്‍ കുറച്ച് പഞ്ചാബെങ്കിലും കണ്ടിരിക്കാം എന്നു കരുതിയാല്‍ അതിനും ചിത്രം ഉതകുന്നില്ല. പേരിന്‌ പഞ്ചാബില്‍ ചിത്രീകരിച്ചു എന്നല്ലാതെ, പഞ്ചാബിന്റെയൊരു ഭാവവും പ്രേക്ഷകരിലെത്തുന്നില്ല. ഷാജിയുടെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് കാര്യമായ മനോഹാരിതയൊന്നും പറയുവാനില്ലെന്നു മാത്രമല്ല അവ പലപ്പോഴും ഇഫക്ടുകളുടെ ആധിക്യം മൂലം കാഴ്ചയ്‍ക്ക് അസഹ്യവുമാണ്‌. (പലയിടത്തും കഥാപാത്രങ്ങളുടെ ചുറ്റുമൊരു പ്രഭാവലയം, പശ്ചാത്തലം പിന്നീട് ചേര്‍ത്തതു മാതിരി!) കനല്‍ കണ്ണന്‍ ഒരുക്കിയ സംഘട്ടനങ്ങള്‍ കാഴ്ചയ്‍ക്ക് രസമുണ്ട്, ഉണ്ണി മുകുന്ദനത് ഭംഗിയായി ചെയ്തിട്ടുമുണ്ട്; പക്ഷെ, ഒരു കാര്യവുമില്ലാതെ ചേര്‍ത്തിരിക്കുന്ന സംഘട്ടനങ്ങള്‍ പോലും അന്തമില്ലാതെ നീളുമ്പോള്‍ അത് ആരേയും മടുപ്പിക്കും. ഇതിനും പുറമേ മഹേഷ് നാരായണന്റെ ചിത്രസന്നിവേശത്തില്‍ അവയൊക്കെ മന്ദചലനമായും മറ്റും പിന്നെയും ദൈര്‍ഘ്യം വെയ്‍ക്കുമ്പോള്‍ അവയുടെ നല്ല വശങ്ങളെല്ലാം അപ്രസക്തമാവുന്നു. ബിജു മേനോന്റെ കഥാപാത്രമാണ്‌ ഫേര്‍ & ലവ്‍ലി ഉപയോഗിക്കുന്നതായി ചിത്രത്തിലെങ്കിലും, രതീഷ് അമ്പാടിയുടെ മേക്കപ്പില്‍ മനോജ് കെ. ജയനെയാണ്‌ അങ്ങിനെ തോന്നിച്ചത്! ഗോപി സുന്ദറിന്റെ പശ്ചാത്തലം ബഹളമയം, കൂട്ടിന്‌ മുരുകേഷിന്റെ സൗണ്ട് ഇഫക്ടുകളും! രാജീവ് ആലുങ്കലും മുരുകന്‍ കാട്ടാക്കടയും എഴുതി എം. ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങളൊന്നും ഓര്‍മ്മയിലില്ല. ഈ ഗാനരംഗങ്ങളില്‍ ഷോബി പോള്‍രാജ് (ഒന്നില്‍ പ്രധാനമായി ചുവടുവെയ്‍ക്കുന്നതും പോള്‍രാജ് തന്നെയെന്നു കരുതുന്നു.) ഒരുക്കിയിരിക്കുന്ന നൃത്തച്ചുവടുകള്‍ ഉണ്ണി മുകുന്ദനും കുഞ്ചാക്കോ ബോബനുമൊക്കെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

'പഞ്ചാബി ഹൗസി'നെ മല്ലു സ്ട്രീറ്റെന്ന പേരില്‍ പഞ്ചാബിലേക്ക് പറിച്ചു നട്ട്, അതില്‍ 'ഹിറ്റ്‍ലര്‍' കൂടി ആവശ്യത്തിനു ചേര്‍ത്ത് ഒരു പരുവമാക്കിയതാണ്‌ 'മല്ലു സിംഗി'ന്റെ കഥയെന്നു പറയാം. അതുതാനല്ലയോ ഇതെന്നാര്‍ക്കും ശങ്ക വേണ്ടെന്നു കരുതിയാവണം, ഈ ചിത്രങ്ങളെയൊക്കെ പല കഥാപാത്രങ്ങള്‍ പലപ്പോഴായി പ്രതിപാദിച്ചു പോവുന്നുണ്ട്. 'സീനിയേഴ്സ്' വിജയിച്ചെന്നു കരുതി അതേ അച്ചിലുള്ള ചിത്രങ്ങള്‍ തന്നെയേ തുടര്‍ന്നും വൈശാഖിനു നല്‍കുവാനുള്ളൂവെങ്കില്‍; എല്ലാ ചക്ക വീഴുമ്പോഴും ഓരോ മുയല്‍ വീതം ചത്തോളണമെന്നില്ല എന്നോര്‍ക്കുന്നത് നന്നായിരിക്കും. അത്തരത്തില്‍ മുയല്‍ ചാവാത്തൊരു ചക്ക വീഴ്ചയായി മാറുവാനാണ്‌, ആസ്വാദ്യത ഒന്നിന്റെ പേരിലും പറയുവാനില്ലാത്ത 'മല്ലുസിംഗി'ന്റെ യോഗമെന്നു വന്നാല്‍ ഒരുപക്ഷെ വൈശാഖ് കളം മാറ്റിച്ചവിട്ടിയേക്കും. അത്തരമൊരു തിരിച്ചറിവ് വൈശാഖിനു നല്‍കുവാന്‍ മല്ലൂസിനു കഴിയുമോ എന്ന് കാത്തിരുന്നു തന്നെ കാണാം!

പ്രത്യേക പരാമര്‍ശം: പഞ്ചാബിലെത്തുന്ന മലയാളി പെ‍ണ്‍കുട്ടി പിറ്റേന്ന് രാവിലെ എഴുന്നേറ്റ് സിക്കുകാരുടെ പ്രാര്‍ത്ഥന ഈണത്തില്‍ ചൊല്ലുന്നതാണ്‌ ചിത്രത്തിലെ ടേണിംഗ് പോയിന്റ്‌. പാടിക്കഴിയുമ്പോള്‍ "വരൂ ചേച്ചി..." എന്നുവിളിച്ച് നാലു പഞ്ചാബി പെണ്‍കുട്ടികള്‍ കുടുംബത്തിലെ അംഗമായി ചേച്ചിയെ സ്വീകരിക്കുന്നതു കൂടി കണ്ടുകഴിയുമ്പോള്‍ ആര്‍ക്കും വരും 'തൊലിഞ്ചം'. (രോമമില്ലാത്തവര്‍ക്ക് വരുന്ന രോമാഞ്ചമത്രേ ഇത്, തൊലിയുരിഞ്ഞു പോവുന്ന അവസ്ഥ എന്നും പറയാം!)

9 comments :

  1. 'സീനിയേഴ്‍സി'നു ശേഷം വൈശാഖ് സംവിധാനം ചെയ്ത 'മല്ലൂസിംഗി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    Haree
    ‏@newnHaree
    #MalluSingh: Usual stuff from #Vaisakh and nothing novel in the plot. The backdrop changed to Punjab, doesn't make much difference.
    5:34 PM - 5 May 12 via Twitter for Android
    --

    ReplyDelete
  2. ഇതില്‍ അതിശയകരമായിട്ടൊന്നുമില്ല. ആദ്യ ചിത്രമായ പോക്കിരി രാജാ മുതല്‍ വൈശാഖ് തുടര്‍ന്ന് വരുന്ന സംവിധാന ശൈലി എന്താന്നു വച്ചാല്‍ ഇങ്ങനെ ആകെപാടെ ഒരു ജഗപൊഗ ഉണ്ടാക്കുക എന്നത് മാത്രമാണ്. അസഹ്യമായ ഒരു ചിത്രമായിരുന്ന പോക്കിരി രാജാ എങ്ങനെയോ ഹിറ്റ്‌ ആയതു കാരണം പുള്ളി അത് തന്നെ വീണ്ടും വീണ്ടും വച്ചലക്കുകയാണ്. സീനിയേര്‍സ് പിന്നെയും എന്തെങ്കിലും പുതുമ കഥയില്‍ ഉണ്ടായിരുന്നത് കൊണ്ട് മാത്രം രക്ഷപെട്ടു. ഒപ്പം ബിജു മേനോന്റെയും മനോജ്‌ കെ ജയന്റെയും പ്രകടനവും. പക്ഷെ വൈശാഖ് കഴിവുള്ള സംവിധായകന്‍ തന്നെയാണെന്ന് തോന്നുന്നു. നല്ല ഒരു തിരക്കഥ കിട്ടിയാല്‍ മോശമല്ലാതെ അത് ഫിളിമിലാക്കാന്‍ കഴിവുള്ള ഒരാള്‍ ആണ് വൈശാഖ്. എന്തായാലും ട്രാക്ക് മാറ്റിയാല്‍ അങ്ങേര്‍ക്കു കൊള്ളാം

    ReplyDelete
  3. പഞ്ജാബി മ്യൂസിക്‌ ഉണ്ടാക്കാന്‍ എം ജയചന്ദ്രനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ ?

    ReplyDelete
  4. അപ്പോള്‍ പവനായി ശവമായി...പോട്ടെ, Diamond Necklace ഉം Grand Masterum കാണാമല്ലോ.

    ReplyDelete
  5. Unni Mukundan is now UNNI BULLDOZER.

    eni malayalathil action ennaal UNNI BULLDOZER thanne.

    rating kodukkunnathinu munpu films classify cheyyuka. ennittu festival film, family, serious, action enningane thirikkuka. pinne rating iduka. ethu oru vacation entertainer aanu. rating oru 5 engilum veenam

    ReplyDelete
  6. haree..it seems they have done tremendous trimming..wen i saw this movie a cpl of days back,there was no punjabi song..moreover there were only 2 action scenes too..one in the intro of unni and the other in the climax..those were short too...

    ReplyDelete
  7. a total waste of resources is what mallu singh is…!cliched story,stale jokes..
    unni has got a good physique and a wooden face(atleast in this movie)
    k boban mimicks dileep and falls flat on his face…
    manoj k jayan hams..
    the only saving grace is biju menon and suraj with a couple of stale jokes in the second half…
    totally a disppointing movie..release in vacation tym will help the movie in garnering family audience..the only beneficiary from this otherwise dull movie is none other than unni mukundan…
    media muzhuvan ippole SUPER STAR aakkiyilla enkil i think he will become a bankable star in the future..
    ps- pritviraj gud a wise thing in opting out of this dull script…

    @lion..it seems yu havent seen any gud malayalam entertainers in malayalam till date..please get yurself a dvd of kilukkam,punjabi house,friends,hitler,samoohyapadam(dileep-premkumar,for reference) as soon as possible

    ReplyDelete
  8. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.

    UFO-യും QUBE-ഉം ഒക്കെ വന്നതുകൊണ്ട് സിനിമാക്കാര്‍ക്കുള്ളൊരു പ്രധാനമെച്ചം ഇതാണെന്നു തോന്നുന്നു. അവര്‍ക്ക് കാണികളുടെ പള്‍സറിഞ്ഞ് ചില മാറ്റങ്ങളൊക്കെ ചെയ്യുവാന്‍ കഴിയും, അത് എല്ലാ തിയേറ്ററുകളിലും ഒരുപോലെ പ്രതിഫലിക്കുകയും ചെയ്യും. എന്തായാലും nikhimenon പറഞ്ഞത്രയുമൊക്കെ ചെയ്തിട്ടുണ്ടെങ്കില്‍ അടുത്ത ചിത്രത്തില്‍ വൈശാഖ് കൂടുതല്‍ ശ്രദ്ധിക്കുമെന്ന് കരുതാം.
    --

    ReplyDelete
  9. ഹരീ, മഞ്ചാടിക്കുരു നല്ല അഭിപ്രായം നേടുന്നുണ്ട്. ഉടന്‍ കണ്ടിട്ട് റിവ്യൂ ഇടുമല്ലോ.

    ReplyDelete