തിരുവമ്പാടി തമ്പാന്‍ (Review: Thiruvambadi Thamban)

Published on: 5/28/2012 08:17:00 AM

തിരുവമ്പാടി തമ്പാന്‍: തമ്പാന്‍ കുഞ്ഞിനും തന്നാലായത്!

ഹരീ, ചിത്രവിശേഷം

Thiruvambadi Thamban: A film by M. Padmakumar starring Jayaram, Haripriya, Kishore etc. Film Review by Haree for Chithravishesham.
മോഹന്‍ലാല്‍ നായകനായ 'ശിക്കാറി'നു ശേഷം എം. പത്മകുമാറിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ്‌ 'തിരുവമ്പാടി തമ്പാന്‍'. തന്റെ മുന്‍ചിത്രമെന്നതുപോലെ രചനയില്‍ എസ്. സുരേഷ് ബാബുവിനെയാണ്‌ പത്മകുമാര്‍ ഈ ചിത്രത്തിലും കൂട്ടുപിടിക്കുന്നത്. ജയറാം നായകനാവുന്ന ഈ ചിത്രത്തില്‍ കന്നട നടിയായ ഹരിപ്രിയ നായികയായെത്തുന്നു. തമിഴ് നടനായ കിഷോര്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ജിനി സിനിമാസിന്റെ ബാനറില്‍ അലക്സാണ്ടര്‍ ജോണ്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ചില നല്ല മുഹൂര്‍ത്തങ്ങളും രസകരമായ രംഗങ്ങളുമൊക്കെ അവിടെയുമിവിടെയും കാണുവാനുണ്ടെങ്കിലും (ജഗതി ശ്രീകുമാര്‍ എന്ന നടനോടാണ്‌ ഇതില്‍ പലതിനും രചയിതാവും സംവിധായകനും കടപ്പെട്ടിരിക്കുന്നത്), സിനിമ മുഴുവനായെടുക്കുമ്പോള്‍ കാശുമുടക്കി കാണുവാനെത്തുന്നവര്‍ക്ക് തൃപ്തിനല്‍കുന്നതായി കാര്യമായൊന്നും ചിത്രത്തില്‍ അവശേഷിക്കുന്നില്ല.

ആകെത്തുക     : 4.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 4.00 / 10
: 6.00 / 10
: 3.50 / 05
: 3.50 / 05
നാട്ടുപ്രമാണിമാര്‍ തമ്മിലുള്ള കുടുംബവഴക്കുകളുടെ കഥ പറയുന്ന ചിത്രങ്ങള്‍ മലയാള സിനിമയില്‍ ധാരാളമുണ്ടായിട്ടുണ്ട്. അതേ സൂത്രവാക്യം തന്നെയാണ്‌ 'തിരുവമ്പാടി തമ്പാനി'ലും സുരേഷ് ബാബുവും പത്മകുമാറും എടുത്ത് പയറ്റുന്നത്. ആരുടെ ആനയെ എഴുന്നള്ളിക്കും എന്നതിന്റെ പേരില്‍ നാട്ടിലുള്ള ആരോടെങ്കിലുമല്ല (ഇതില്ല എന്നല്ല, പക്ഷെ ഇതല്ല ചിത്രത്തില്‍ പ്രധാനം) മറിച്ച് കൊല്ലും കൊലയും തൊഴിലാക്കിയ മധുരയിലെ ശക്തിവേലിനോടും സംഘത്തോടുമാണ്‌ തമ്പാനും കൂട്ടരും കോര്‍ക്കുന്നത് എന്നൊരു മാറ്റമേ ഇതിലുള്ളൂ. പിന്നെയെല്ലാം പതിവിന്‍പടി; പ്രതികാരം, അടി-ഇടി-കൊല, ഒടുവില്‍ എല്ലാം ശുഭം. ഇടവേളവരെ അധികം മുഷിപ്പിക്കാതെ പോയതിനു ശേഷം, എങ്ങിനെയിതൊന്ന് അവസാനിപ്പിക്കണമെന്ന് രചയിതാവിനോ സംവിധായകനോ നിശ്ചയമില്ലാത്ത മട്ടിലാണ്‌ പിന്നീടുള്ള സിനിമയുടെ പോക്ക്. ഈയൊരു ധാരണക്കുറവ് സിനിമയുടെ പരിണാമഗുപ്തിയും മുഷിപ്പനാക്കി. ചുരുക്കം ചില കഥാപാത്രങ്ങള്‍ അവരെ അവതരിപ്പിച്ച അഭിനേതാക്കളുടെ മിടുക്കുകൊണ്ട് സാമാന്യം ഭേദപ്പെട്ടതായി എന്നതൊഴിച്ചു നിര്‍ത്തിയാല്‍ മറ്റൊരു മികവും സിനിമയുടെ കഥയിലോ കഥാപാത്രങ്ങളിലോ പറയുവാനില്ല.

Cast & Crew
Thiruvambadi Thamban

Directed by
M. Padmakumar

Produced by
Alexander John

Story, Screenplay, Dialogues by
S. Suresh Babu

Starring
Jayaram, Haripriya, Kishore, Jagathy Sreekumar, Jayaprakash, Nedumudi Venu, T.G. Ravi, Samudrakkani, Sudheer Karamana, Janardanan, Sadique, Thara Kalyan etc.

Cinematography (Camera) by
Manoj Pillai

Editing by
Samjith Mhd.

Production Design (Art) by
Manu Jagath

Music / Background Score by
Ouseppachan

Effects by
Murukesh

Lyrics by
Shibu Chakravarthy, Madhu Vasudevan

Make-Up by
Ranjith Ambady

Costumes by
Palani

Choreography by
Gayathri Raghuram

Action (Stunts / Thrills) by
Dhilip Subbarayan

Banner
Jini Cinema

Release Date
2012 May 25

ആനപ്രേമിയും ചെണ്ടക്കാരനുമൊക്കെയായ തൃശൂരുകാരനായ തമ്പാനായി തന്റെ സ്ഥിരം ശൈലിയില്‍ ജയറാം ചിത്രത്തിലെത്തുന്നു. ഒരു പാട്ടിലും പിന്നെ ചില ചില്ലറ രംഗങ്ങളിലും തലകാണിക്കുക എന്നതിനപ്പുറമൊന്നും നായികയായ ഹരിപ്രിയയ്‍ക്കായി സംവിധായകന്‍ ചിത്രത്തില്‍ കരുതിയിട്ടില്ല. തിരുവമ്പാടി മാത്തന്‍ തരകനായി ജഗതി ശ്രീകുമാര്‍, കുഞ്ഞമ്മാവനായി നെടുമുടി വേണു, ശക്തിവേലെന്ന വേഷത്തില്‍ കിഷോര്‍, ശക്തിവേലിന്റെ കൂട്ടാളികളില്‍ പ്രധാനിയായി ജയപ്രകാശ് തുടങ്ങിയവരൊക്കെ തങ്ങളുടെ അഭിനയമികവിലൂടെ ചിത്രത്തില്‍ ശ്രദ്ധ നേടുന്നു. സമുദ്രക്കനി, ടി.ജി. രവി, കരമന സുധീര്‍, ജനാര്‍ദ്ദനന്‍, ജയരാജ് വാര്യര്‍, സാദിഖ് എന്നിങ്ങനെ മറ്റു ചിലരും ചിത്രത്തിലുണ്ട്. ഇടയ്‍ക്കൊരു അഞ്ചു മിനിറ്റിലേക്ക് താര കല്യാണിനേയും ഒരു കഥാപാത്രമായി ഒരാവശ്യവുമില്ലാതെ തിരുകിയിട്ടുണ്ട്.

മനോജ് പിള്ളയുടെ ഛായാഗ്രഹണവും സാംജിത്തിന്റെ ചിത്രസന്നിവേശവും മനു ജഗത്തിന്റെ കലാസംവിധാനവും ഒത്തുചേരുമ്പോള്‍ സാങ്കേതികമായി ചിത്രം മികച്ചു നില്‍ക്കുന്നു. ഔസേപ്പച്ചന്റെ പശ്ചാത്തലസംഗീതവും മുരുകേഷിന്റെ ഇഫക്ടുകളും രംഗങ്ങളോട് യോജിച്ചു പോവുകയും ചെയ്യുന്നു. സംഘട്ടന രംഗങ്ങള്‍ ഒതുക്കത്തില്‍ ഒരുക്കുവാന്‍ ദിലീപ് സുബ്ബരായനും ശ്രദ്ധ നല്‍കിയിട്ടുണ്ട്. പക്ഷെ, അണിയറപ്രവര്‍ത്തകരുടെ ഈ ശ്രമങ്ങളെ പാഴായിപ്പോയ അധ്വാനം എന്നോ മറ്റോ വിശേഷിപ്പിക്കുവാനേ കഴിയൂ എന്നതാണ്‌ സങ്കടകരം. ഷിബു ചക്രവര്‍ത്തിയും മധു വാസുദേവനും ചേര്‍ന്നെഴുതി ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഗാനങ്ങളില്‍ വിജയ് യേശുദാസും ശ്വേത മോഹനും ചേര്‍ന്നാലപിച്ച "ആരാണു ഞാന്‍ നിനക്കെന്നു നീ ചോദിച്ചു..." എന്ന ഗാനം ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിലുള്‍പ്പെടുത്തിയിട്ടുള്ള ഇതരഗാനങ്ങള്‍ പ്രസക്തമല്ല.

ആരാണ്‌ മറുതലയ്‍ക്കലെന്ന് ഉറപ്പു വരുത്താതെ ഫോണ്‍ വിളിച്ച് കാര്യമെല്ലാം വിളമ്പുകയും അങ്ങിനെ കാര്യങ്ങള്‍ സങ്കീര്‍ണമാവുകയും ചെയ്യുന്നതൊക്കെ നാമെത്ര കണ്ടതാണ്‌; ഒരിടത്തല്ല രണ്ടിടത്താണ്‌ ഇതേ പരിപാടി 'തിരുവമ്പാടി തമ്പാനി'ല്‍ ആവര്‍ത്തിക്കുന്നത്. ഇത്തരം തല്ലിക്കൂട്ട് പരിപാടികളിലൂടെ ഉണ്ടാക്കുന്ന കഥകളല്ലാതെ വല്ലതും നേരേ ചൊവ്വേ എഴുതാനറിയാവുന്ന രചയിതാക്കളെ കൂട്ടത്തില്‍ കൂട്ടുവാന്‍ ശ്രമിക്കുകയാവും എം. പത്മകുമാറിനെ സംബന്ധിച്ചിടത്തോളം ബുദ്ധിപരമായ നീക്കം. അതല്ലായെങ്കില്‍ ഒരേ അച്ചില്‍ പണിതിറക്കുന്ന ഇത്തരം സിനിമകളെടുത്ത് ഉപജീവനം കഴിക്കാം എന്നല്ലാതെ ഈ പണികൊണ്ട് മറ്റൊരു പ്രത്യക്ഷ നേട്ടവും സംവിധായകനെന്ന നിലയില്‍ പത്മകുമാറിനുണ്ടാകുവാന്‍ തരമില്ല. 'പരുന്തി'നും 'ശിക്കാറി'നും ശേഷം വീണ്ടുമിതേ കാര്യം ഓര്‍മ്മപ്പെടുത്തുക എന്നല്ലാതെ ഈയൊരു 'തിരുവമ്പാടി തമ്പാനെ'ക്കൊണ്ട് മറ്റൊന്നും സാധിക്കുമെന്നും കരുതുവാന്‍ വയ്യ!

വാല്‍ക്കഷണം: ചിത്രത്തിന്റെ തുടക്കത്തില്‍ കുറേ ആനകളേയും മറ്റും കണ്ടപ്പോള്‍ കരുതി ആനകളൊക്കെ ഉള്‍പ്പെടുന്നൊരു സംഘട്ടന രംഗമൊക്കെ ഒടുവില്‍ കാണാമെന്ന്. അങ്ങിനെ ചില നമ്പരുകളെങ്കിലും ചിത്രത്തിനൊടുവില്‍ കരുതിയിരുന്നെങ്കില്‍ ആ ഭാഗങ്ങളെങ്കിലും ഇത്രത്തോളം വിരസമാവില്ലായിരുന്നു! പറഞ്ഞിട്ടെന്താ, തമ്പാന്‍ കുഞ്ഞിനെക്കൊണ്ട് ആവുന്നതല്ലേ ചെയ്യുവാനൊക്കൂ!

1 comment :

  1. 'ശിക്കാറി'നു ശേഷം എം. പത്മകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം, 'തിരുവമ്പാടി തമ്പാന്റെ' വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    Haree
    ‏@newnHaree
    ‪#ThiruvambadyThamban‬ does have some entertaining moments here and there, but fails to impress as a whole! Coming soon in ‪#Chithravishesham‬.
    9:27 PM - 26 May 12 via Twitter for Android
    --

    ReplyDelete