ആകാശത്തിന്റെ നിറം (Review: Akasathinte Niram)

Published on: 7/23/2012 08:54:00 AM

ആകാശത്തിന്റെ നിറം: മാനത്തിന്റെ നിറഭേദങ്ങളിലേക്ക്...

ഹരീ, ചിത്രവിശേഷം

'വീട്ടിലേക്കുള്ള വഴി'ക്കു ശേഷം ഡോ. ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ്‌ 'ആകാശത്തിന്റെ നിറം'. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ കെ. അനില്‍ കുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ നെടുമുടി വേണു, ഇന്ദ്രജിത്ത്, അമല പോള്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പതിനഞ്ചാമത് ഷാങ്‍ഹായ് അന്താരാഷ്‍)ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാള സിനിമകളുടെ പതിവു രീതിയില്‍ നിന്നും മാറി നടക്കുന്ന ഒരു സമീപനവും, വ്യത്യസ്തമായ അവതരണവും ചിത്രത്തെ ആകര്‍ഷകമാക്കുന്നു. അതോടൊപ്പം കാണികളുടെ ചിന്തകള്‍ക്ക് ചില നിറങ്ങള്‍ നല്‍കുവാനും മനോഹരമായ ചില കാഴ്ചകള്‍ കാട്ടിത്തരുവാനും ചിത്രത്തിനാവുന്നുമുണ്ട്. അതേ സമയം, പല കാര്യങ്ങളിലുമുള്ള പൂര്‍ണതക്കുറവ് ചിത്രത്തിന്റെ മോടി കുറയ്‍ക്കുകയും ചെയ്യുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 'മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്‍ച്ചിട്ട് ഇറക്കാനും വയ്യ' എന്ന പരുവത്തിലാവുന്നു കണ്ടിറങ്ങുന്ന പ്രേക്ഷകര്‍.

ആകെത്തുക : 5.30 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 5.00 / 10
: 6.00 / 10
: 3.50 / 05
: NA
'ആകാശത്തിന്റെ നിറമെന്താ?' - ഈയൊരു ചോദ്യത്തില്‍ തുടങ്ങി ഇവിടെ തന്നെ അവസാനിക്കുന്നൊരു ചിത്രം; ഇതിനിടയിലൊരു കഥയൊന്നും സിനിമ പറയുന്നില്ല പകരം വളരെ ലളിതമായൊരു ആശയം അവതരിപ്പിക്കുവാനാണ്‌ ഡോ. ബിജുവിന്റെ ശ്രമം. ഒരു പരിധിവരെ ഈ ശ്രമത്തില്‍ ഡോ. ബിജു വിജയിക്കുന്നുണ്ടെന്നും പറയാം. എന്നാല്‍ പ്രേക്ഷകരിലൊരു ചലനമുണ്ടാക്കുവാനും മാത്രമൊന്നും ചിത്രം വളരുന്നില്ല. ചിത്രത്തില്‍ പലപ്പോഴും കാണുവാനുള്ള, മണ്ണില്‍ വേരു പിടിക്കാതെ വെറുതേ കുഴിച്ചു വെച്ചിരിക്കുന്ന ചെടികളുടെ മട്ടിലാണ്‌ കഥാപാത്രങ്ങളും. ഈ സിനിമയില്‍ അഭിനയിക്കുവാനായി അവിടെ കൊണ്ടു നട്ടവരെന്ന തോന്നല്‍ പ്രകടമാവുന്നെന്നു സാരം. കഥാപാത്രങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്തമോ സ്നേഹമോ കാണികള്‍ക്ക് അനുഭവവേദ്യമാവുന്നില്ല എന്നത് ചിത്രത്തിന്റെ മറ്റൊരു കുറവ്. മനുഷ്യര്‍ ചെയ്യാറുള്ള പ്രാഥമിക കാര്യങ്ങളൊന്നും ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ചെയ്യേണ്ടതില്ലേ എന്നു സാധാരണ പ്രേക്ഷകര്‍ സംശയിച്ചാല്‍ അതില്‍ തെറ്റുപറയുവാനുമില്ല. ബിയര്‍ / ചായ കുടിക്കുന്നതും അത്താഴം കഴിക്കുന്നതും മാത്രം കാണിച്ചാല്‍ ജീവിതമാവില്ലല്ലോ! ഒരുപക്ഷെ, ജീവിതത്തോട് ഒട്ടും അടുത്തു നില്‍ക്കാത്ത ചില കഥാപാത്രങ്ങളെന്ന തോന്നലുണ്ടാവുന്നത് ഇത്തരം ചില കാര്യങ്ങള്‍ വിട്ടു കളയുന്നതിനാലുമാവാം.

Cast & Crew
Akasathinte Niram

Directed by
Dr. Biju

Produced by
K. Anil Kumar

Concept, Screenplay, Dialogues by
Dr. Biju

Starring
Nedumudi Venu, Indrajith, Amala Paul, Prithviraj, Anoop Chandran, Master Sidharth, V.K. Sreeraman, Indrans etc.

Cinematography (Camera) by
M.J. Radhakrishnan

Editing by
Manoj

Production Design (Art) by
Santhosh Raman

Music by
Rabeendra Jain

Background Score by
Issac Thomas Kottukapally

Lyrics by
O.N.V. Kurup

Make-Up by
Pattanam Rasheed

Costumes by
Aravind

Banner
Ambalakkara Global Films

Release Date
23 July 2012

സംഭാഷണങ്ങളുടെ കൂട്ടുപിടിച്ചല്ല ഡോ. ബിജു ചിത്രത്തെ മുന്നോട്ടു കൊണ്ടുപോവുന്നത് എന്നതാണ്‌ ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം എടുത്തു പറയേണ്ട കാര്യമായി തോന്നിയത്. പലതും മനസിലാകുവാന്‍ കാണികള്‍ക്ക് ചിത്രത്തിന്റെ ഒടുക്കം വരെ കാത്തിരിക്കേണ്ടിയും വരും. അതുവരെ പല സാധ്യതകള്‍ ആലോചിക്കുവാനുള്ള അവസരം കാണികള്‍ക്ക് നല്‍കുന്നുണ്ട് എന്നതാണ്‌ ഇതിന്റെയൊരു ഗുണവശം. ആ രീതിയില്‍ കാണുമ്പോഴാണ്‌ ചിത്രത്തിന്‌ പല മാനങ്ങള്‍ ലഭിക്കുന്നതും. ഈ ആലോചനകളില്‍ നിന്നും വിട്ടുമാറി പുതിയൊരു ആശയം ചിത്രത്തില്‍ കൊണ്ടുവരുവാന്‍ ബിജുവിനാവുന്നില്ല എന്നതാണ്‌ ഇവിടെ ചിത്രത്തെ പിന്നോട്ടടിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കൊന്നും പേരില്ല, അത് പറയേണ്ടത് ആവശ്യവുമാവുന്നില്ല. തുടക്കത്തില്‍ സൂചിപ്പിച്ച പാത്രസൃഷ്ടിയിലെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് തങ്ങളാലാവും വിധം മികച്ചതാക്കുവാന്‍ അഭിനേതാക്കള്‍ ഏവരും ശ്രമിച്ചിട്ടുണ്ട്. പ്രധാന അഭിനേതാക്കളെ കൂടാതെ അനൂപ് ചന്ദ്രന്‍, മാസ്റ്റര്‍ സിദ്ദാര്‍ത്ഥ്, പ്രിഥ്വിരാജ്, വി.കെ. ശ്രീരാമന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.

ചിത്രത്തെ ഇത്രത്തോളമെങ്കിലും ആസ്വാദ്യകരമാക്കുന്നതില്‍ എം.ജെ. രാധാകൃഷ്ണന്റെ ക്യാമറയ്‍ക്കുള്ള പങ്ക് ചെറുതല്ല. പോയ വര്‍ഷത്തെ മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്‍ഥാന അവാര്‍ഡ് സാധൂകരിക്കുന്നു ചിത്രത്തില്‍ അദ്ദേഹത്തിനു കൈവരിക്കുവാനായ ദൃശ്യമികവ്. കാഴ്‍ചയൊരുക്കുന്ന ഫ്രയിമുകളേക്കാള്‍ ക്യാമറയുടെ സഞ്ചാരമാണ്‌ കൂടുതല്‍ ആകര്‍ഷിച്ചത്. ആ സഞ്ചാരത്തിന്റെ താളം നഷ്ടമാവാത്ത രീതിയില്‍ മനോജ് ദൃശ്യങ്ങളെ സന്നിവേശിപ്പിച്ചിട്ടുമുണ്ട്. പുതുമോടിയോടെ നില്‍ക്കുന്ന വീടും, സ്വാഭാവികത തോന്നാത്ത കൃഷിയിടവുമെല്ലാം കലാസംവിധായകനെന്ന നിലയില്‍ സന്തോഷ് രാമന്റെ മാറ്റു കുറയ്‍ക്കുന്നു. അരവിന്ദന്റെ വസ്‍ത്രാലങ്കാരത്തിനുമുണ്ട് ഇതേ പരിമിതികള്‍. ഒ.എന്‍.വി. കുറുപ്പെഴുതി, രബീന്ദ്ര ജയിന്‍ സംഗീതം നല്‍കി എന്നൊക്കെ പോസ്റ്ററുകളില്‍ കാണുന്നെങ്കിലും; അത്തരത്തിലുള്ള ഗാനങ്ങളൊന്നും ചിത്രത്തില്‍ കണ്ടില്ല. ഇടയ്‍ക്കു വരുന്ന നാലുവരി കവിത ഒ.എന്‍.വി.യുടേത്, ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചില നാടന്‍ പാട്ടുകള്‍ രബീന്ദ്ര ജയിനിന്റേത് എന്നാവാം ഉദ്ദേശിച്ചത്. (പാട്ട് / നൃത്തം / ആക്ഷന്‍ ഇവയൊന്നും ചിത്രത്തില്‍ വരുന്നില്ലാത്തതിനാല്‍, ഈ വിഭാഗത്തെ റേറ്റിംഗില്‍ പരിഗണിച്ചിട്ടില്ല.)

ഒരു ആശയത്തെ മുന്‍നിര്‍ത്തി ദൃശ്യങ്ങളിലൂടെ സംവേദിക്കുവാനുള്ള ഡോ. ബിജുവിന്റെ ശ്രമത്തെ അഭിനന്ദിക്കുന്നു. മലയാള സിനിമയില്‍ കണ്ടു ശീലമില്ലാത്ത ലൊക്കേഷനുകള്‍, സാധാരണ രീതി വിട്ടുള്ള അവതരണം, അഭിനേതാക്കളേക്കാള്‍ കഥാപാത്രങ്ങളെ കാണുന്ന / കാണിക്കുന്ന സമീപനം; ഇങ്ങിനെ പല കാര്യങ്ങളിലും ബിജുവിന്റെ സിനിമകള്‍ വ്യത്യസ്തമാവുന്നുമുണ്ട്. എന്നാല്‍ ഇവയൊന്നും പൂര്‍ണ അര്‍ത്ഥത്തില്‍ സിനിമയ്‍ക്ക് ഗുണകരമാവുന്നില്ല എന്നതാണ്‌ ബിജുവിലെ രചയിതാവിന്റെ / സംവിധായകന്റെ പരാജയം. കൂടുതല്‍ നല്ല തയ്യാറെടുപ്പുകള്‍ ഈ ചിത്രത്തിന്‌ ആവശ്യമായിരുന്നു, കഥാപാത്രങ്ങളെ കാണികള്‍ക്ക് കൂടുതല്‍ പരിചിതമാക്കുന്ന സന്ദര്‍ഭങ്ങള്‍ വേണ്ടിയിരുന്നു, കൂടുതല്‍ വിശ്വസനീയമായ രീതിയില്‍ സിനിമയില്‍ കാണിക്കുന്ന പരിസരങ്ങള്‍ ഒരുക്കേണ്ടിയിരുന്നു; ഇങ്ങിനെ പലകാര്യങ്ങളിലും വന്നിട്ടുള്ള കുറവുകള്‍ ചിത്രത്തെ മികച്ചത് എന്നു പറയുന്നതില്‍ നിന്നും ലേഖകനെ തടയുന്നു. അതേ സമയം തന്നെ, മേല്‍ സൂചിപ്പിച്ച വ്യത്യസ്തതകള്‍ കാരണമായും, എം.ജെ. രാധാകൃഷ്ണന്റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളുടെ മികവിനാലും കാണാവുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് 'ആകാശത്തിന്റെ നിറ'ത്തെ ചേര്‍ക്കാതെയും നിവൃത്തിയില്ല!

ഓഫ് ടോപ്പിക്ക്: ഷാങ്‍ഹായ് ചലച്ചിത്രമേളയുടെ വെബ്സൈറ്റില്‍ സംവിധായകനെ പരിചയപ്പെടുത്തുന്നിടത്ത് ഇങ്ങിനെയും കാണുന്നു: "His articles made many controversies and are widely discussed and created a new wave of change in the Malayalam film industry." - അതു ശരി, ഇദ്ദേഹമായിരുന്നു മലയാള സിനിമയില്‍ 'ന്യൂ വേവി'നു തുടക്കമിട്ടതെന്നത് പുതിയ അറിവായിരുന്നു. ഇതു പറഞ്ഞു തരാന്‍ ചൈനക്കാര്‍ വേണ്ടി വന്നു! :-D (എന്നാലും എഴുതിക്കൊടുക്കുന്നതിനൊരു മര്യാദയൊക്കെ വേണ്ടേ ഡോ. ബിജുവേ!)

16 comments :

  1. ഡോ. ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ആകാശത്തിന്റെ നിറ'മെന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    Haree
    ‏@newnHaree
    #AkasathinteNiram does add some colors to your thoughts. A good visual treat as well. @Indrajith_S #Chithravishesham
    4:56 PM - 22 Jul 12 via Twitter for Android
    --

    ReplyDelete
  2. ഒരു ഹോമിയോ ബിരുദ ധാരി തന്റെ പേരില്‍ ഡോക്ടര്‍ എന്ന് ചേര്‍ത്ത് വയ്ക്കുന്നത് തന്നെ തട്ടിപ്പല്ലേ? വീട്ടിലേക്കുള്ള വഴി കണ്ടു കമ്പ്ലീറ്റ് കൃത്രിമം ആയിരുന്നു , പിന്നെ പ്ര്ത്വിരാജിനെയും ഇന്ദ്രജിത്തിനെയും ഒക്കെ മണി അടിച്ചു കാല്‍ ഷീറ ഒപ്പിക്കുന്നു, പണം വെറുതെ കളയാന്‍ ഉള്ള അബ്കാരികളെ ചാക്കിട്ട് പടം പിടിപ്പിക്കാന്‍ പ്രോട്യൂസരും , ഏതായാലും വീട്ടിലേക്കുള്ള വഴി കണ്ട ക്ഷീണം മാറാത്തതിനാല്‍ ഇതിനു പണം കളയാന്‍ ഞാനില്ല , നീല്‍ ഐലന്ഡ് സന്ദര്‍ശിച്ചിട്ടും ഉണ്ട്

    ReplyDelete
  3. Looks like, the director wanted to use a story and treatment which would be similar to that of East European and East Asian movies, to give a deliberate international touch. But it turned out as quite pretentive. Even if there is dialogues or not, a movie basically has to be engaging. This one doesnt do that job at all, except for the first few minutes.. Very disappointing.

    ReplyDelete
  4. ഞാൻ കുറച്ചുകൂടി മാർക്ക് കൊടുക്കും... നല്ല പടം.....
    :-)

    ReplyDelete
  5. But BIJU'S articles were very good ..he very much tried in making these changes through his articles..you should accept this haree..

    ReplyDelete
  6. ഡോ. ബിജുവിന്റെ ലേഖനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവ പലപ്പോഴും സിനിമയുടെ കലാപരമായ വശങ്ങള്‍ വിട്ട് അതിനു പിന്നിലുള്ള രാഷ്‍ട്രീയത്തെയും അണിയറയിലെ കള്ളക്കളികളെയുമൊക്കെയാണ്‌ വിഷയമാക്കിയിട്ടുള്ളത്. അവയിലൊക്കെ ഉന്നയിച്ച പ്രശ്നങ്ങളില്‍ കാതലായ മാറ്റമൊന്നും ഇന്നും വന്നിട്ടുമില്ല. അവയാണ്‌ മലയാളസിനിമയില്‍ ഇന്ന് വന്നിട്ടുണ്ടെന്നു പറയുന്ന 'ന്യൂ വേവി'ന്‌ കാരണമായത് എന്നതിനോടും യോജിക്കുന്നില്ല. (ലേഖനങ്ങള്‍ പ്രസക്തമല്ല എന്നൊരു അഭിപ്രായമില്ല. ചില അനക്കങ്ങളൊക്കെ സിനിമ മേഖലയിലുണ്ടാക്കി എന്നതിനോട് യോജിക്കുകയും ചെയ്യുന്നു.)

    ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
    --

    ReplyDelete
  7. ഡോ.ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം ഇന്നലെ കണ്ടു. സിനിമ തിരുവനന്തപുരത്തു നിന്നു മാറുന്നവെന്നറിഞ്ഞതിനാല്‍ വ്യാഴാഴ്ച സെക്കന്‍ഡ് ഷോ കണ്ടു. കണ്ടില്ലായിരുന്നെങ്കില്‍ വലിയൊരു നഷ്ടമാകുമായിരുന്നു ഈ സിനിമ. വല്ലാത്തൊരു മൂഡിലാണ് സീനിമ ആസ്വദിച്ചത്. കഥപറയാന്‍ സ്വീകരിച്ച പശ്ചാത്തലം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അക്കാര്യത്തില്‍ ബിജുവിനെ അഭിനന്ദിച്ചേ മതിയാകൂ.
    റേഡിയോയില്‍ സുഭാഷിതങ്ങള്‍ എന്നൊരു പരിപാടിയുണ്ടായിരുന്നു പ്രഭാതത്തില്‍. അര്‍ഥവത്തായ ഏതെങ്കിലും ഒരു ശ്ലോകത്തേയോ ആപ്തവാക്യത്തേയോ മറ്റോ വ്യാഖ്യാനിക്കുന്ന പരിപാടി. അതുപോലെയാണ് ഈ സിനിമയും. സ്‌നേഹം, ജീവിതം തുടങ്ങിയ സര്‍വ്വസാധാരണമായ ചില കാര്യങ്ങളെ മനോഹരമായി നിര്‍വ്വചിച്ചിരിക്കുന്നു. കുടുംബത്തെക്കൂടി സിനിമ കാണിക്കാനാകാതെ പോയതില്‍ ഇപ്പോള്‍ നഷ്ടബോധമുണ്ട്. ആവശ്യത്തിനു മാത്രമുള്ള സംഭാഷണങ്ങള്‍ ദ്വീപിന്റെ ഏകാന്തതയെ വല്ലാതെ അനുഭവിപ്പിക്കുന്നു. ഐസക് തോമസിന്റെ പശ്ചാത്തല സംഗീതവും നെടുമുടിയുടെയും ഇന്ദ്രജിത്തിന്റെയും ഗോവര്‍ദ്ധനന്റെയും അനൂപിന്റെയുമെല്ലാം അഭിനയവും എം.ജി.രാധാകൃഷ്ണന്റെ മനോഹരദൃശ്യങ്ങളും എടുത്തുപറയേണ്ടവയാണ്. കുറേ വര്‍ഷം മുമ്പ് കിം കി ഡുക്കിന്റെ 'ദി ബോ' കണ്ടിരുന്നപ്പോഴുണ്ടായ അനുഭവം മറ്റൊരു തലത്തില്‍ ഈ സിനിമയില്‍ നിന്നു ലഭിക്കുന്നു. ഡോ.ബിജുവിന് നന്ദി, നല്ലൊരു ചലച്ചിത്രാനുഭവം പകര്‍ന്നതിന്.
    തിരുവനന്തപുരത്ത് ശ്രീയില്‍ ഇന്നലെ സെക്കന്‍ഡ് ഷോയ്ക്കും നൂറോളം പ്രേക്ഷകരുണ്ടായിരുന്നുവെന്നത് മോശം കാര്യമല്ല. പടം തീര്‍ന്നപ്പോള്‍ സാമാന്യം നല്ല കയ്യടിയുമുണ്ടായി. എന്നിട്ടും സിനിമ മാറ്റിയിരിക്കുന്നു.

    ReplyDelete
  8. //ഡോ. ബിജുവിന്റെ ലേഖനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവ പലപ്പോഴും സിനിമയുടെ കലാപരമായ വശങ്ങള്‍ വിട്ട് അതിനു പിന്നിലുള്ള രാഷ്‍ട്രീയത്തെയും അണിയറയിലെ കള്ളക്കളികളെയുമൊക്കെയാണ്‌ വിഷയമാക്കിയിട്ടുള്ളത്. //

    true.still remember the article which he had written on palerymanikyam (mathrubhumi weekly yil ano malayalam varikayil ano enu ormayilla)

    ReplyDelete
  9. you liked that atrocity called cinema company,haree?i haven't seen such a distasteful spoof/satire in malayalam cinema since saroj kumar...romba over thanne arnu,aa hero style intro yum pinnedu kanichathum...!

    ReplyDelete
  10. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

    കിം കി ഡുക്കിന്റെ 'ദി ബോ'യോടൊക്കെയുള്ള താരതമ്യം അല്‍പം കടന്നു പോയില്ലേ? ആശയം, അതവതരിപ്പിക്കുന്ന രീതി, അവതരണത്തില്‍ കൈവരിക്കുന്ന പൂര്‍ണത - ഈ മൂന്നു ഘടകങ്ങളാണ്‌ കിം കി ഡുക്ക് ചിത്രങ്ങളെ വേര്‍തിരിച്ചു നിര്‍ത്തുന്നതെന്നാണ്‌ അനുഭവം. അത്ര പുതുമയൊന്നും പറയുവാനില്ലാത്ത ആശയം, മലയാള സിനിമയില്‍ അധികം കാണാത്തൊരു ശൈലിയില്‍ പറഞ്ഞിരിക്കുന്നു - ഇതിനപ്പുറം 'ആകാശത്തിന്റെ നിറം' സമാനതകളില്ലാത്ത ചിത്രമൊന്നുമാവുന്നില്ല. (അവതരണത്തിലെ പൂര്‍ണത എന്നതിനു വേണ്ടിയുള്ള ശ്രമം പോലുമില്ലാത്തതിനാല്‍ അതിനെക്കുറിച്ചു മിണ്ടുന്നില്ല.)

    @nikhimenon; Let's talk about it soon. :)
    --

    ReplyDelete
  11. haree n,
    the cinema company thing,the first day itself i had seen the movie as one of the guys who had acted in the movie was my friend's friend.i not only disliked the movie but also felt that mammas' intention to malign another established young actor in the business by portyaing him as a womaniser as outright ridiculous and even offensive.Mammas even tried to justify the poor quality of his debut film by indirectly criticising dileep and anoop(producer of pappy).Don't you think practices like this should be condemned?
    about the quality of his latest film,cinema company,the less said the better.believe me,along with a couple of my friends,i had made a 1 hour long film with a cinema within a cinema backdrop.though made on a limited budget,i swear it was much better than mammas' wannabe cult classic..sorry for discussing it here.felt like responding after seeing your twitter update on cinema company.you are one reviewer whose reviews have been sensible most of the time.
    Again,tastes vary,but couldnt help pointing out atrocities like this..after all,do you think one should make movies to settle personal scores?reminds me of the vinayan movie 'superstar' and the much recent padmasree saroj kumar which were made to malign mohanlal

    ReplyDelete
  12. ചില ഡയലോഗുകളിലെ ഗുണപാഠത്തിന്റെ അതിപ്രസരം, ഡോൾഫിന്റെ ചാട്ടം തുടങ്ങിയ കാര്യങ്ങളൊഴിച്ചാൽ തീർച്ചയായും കാണാൻ കൊള്ളുന്ന സിനിമയാണ് ആകാശത്തിന്റെ നിറം.
    പൂർണ്ണതയിലെത്തിയില്ലെങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ ഡോ:ബിജുവിന്റെ ഗ്രാഫ് മുകളിലേക്ക് തന്നെയെന്ന് നിസംശയം പറയാം.

    ReplyDelete
  13. haree യുടെ അഭിപ്രായങ്ങളെ ശരി വയ്ക്കുന്നു ..ഒരുപക്ഷെ അദേഹം പല രാഷ്ട്രീയ സാഹചര്യങ്ങളെയും കൂടുതല്‍ ചികയാന്‍ ശ്രമിചിട്ടുണ്ടാകം അവയൊക്കെ ആ വ്യക്തിയുടെ നേരനുഭവങ്ങള്മാകാം :പിന്നെ അവയും പറയാന്‍ ആരെങ്കിലും വേണ്ടേ ..? "ചില അനക്കങ്ങളൊക്കെ സിനിമ മേഖലയിലുണ്ടാക്കി എന്നതിനോട് യോജിക്കുകയും ചെയ്യുന്നു " ഇത് ശരി തന്നെ

    ReplyDelete
  14. ബിജു സംവിധാനം നിര്‍ത്തുന്നതാണ് നല്ലത് .അയാളുടെ സൈറയും വീടിലെകുള്ള വഴിയും എല്ലാം കാണാന്‍ അപര ക്ഷമ തന്നെ വേണം .പക്ഷെ മൂപ്പര്‍ തന്റെ ലേഖനങ്ങളിലൂടെ തെറി പറയല്‍ ഒരു കലയാക്കിയത് കൊണ്ട് എല്ലാവരും മൂപ്പരുടെ വായ അടപ്പിക്കാന്‍ വേണ്ടി എന്തെങ്ങിലും ഒരു അവാര്‍ഡ്‌ കൊടുക്കും .സൈറയില്‍ ഒസാമയെ വരെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട്

    ReplyDelete