ഫ്രൈഡേ: മലയാളത്തിനൊരു സുദിനം!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 7.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.00 / 10
: 7.00 / 10
: 7.00 / 10
: 4.50 / 05
: 3.50 / 05
: 7.00 / 10
: 7.00 / 10
: 4.50 / 05
: 3.50 / 05
Cast & Crew
Friday
Friday
Directed by
Lijin Jose
Produced by
Sandra Joseph, Thomas Joseph Pattathanam
Story, Screenplay, Dialogues by
Najeem Koya
Starring
Nedumudi Venu, Fahad Fazil, Ann Augustine, Manu, Vijayaraghavan, Tini Tom, Nimisha Suresh, Prakash Bare, Asha Sarath, Baiju Ezhupunna, Seema G. Nair, Chembil Ashokan, Sasi Kalinga, Dharmajan, Karamana Sudheer, Krishnanan Balakrishnan etc.
Cinematography (Camera) by
Jomon Thomas
Editing by
Manoj
Production Design (Art) by
M. Bava
Music by
Roby Abraham
Background Score by
Rex Vijayan
Lyrics by
Beeyar Prasad
Make-Up by
Manoj Angamaly
Costumes by
Kumar Edappal
Stills by
Bijith Dharmadam
Designs by
Ahlad R.P.S.
Banner
Innovative Film Concepts
Release Date
2012 Aug 18
സാങ്കേതിക മേഖലയുടെ വിദഗ്ദ്ധമായ ഉപയോഗമാണ് ചിത്രത്തിന്റെ മികവുയര്‍ത്തുന്ന മറ്റൊരു പ്രധാന ഘടകം. ജോമോന് തോമസ് പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ ഒന്നാന്തരമെന്നു തന്നെ വിശേഷിപ്പിക്കാം. ഇടയ്ക്കിടെ ഉപയോഗിച്ചിട്ടുള്ള ജലാന്തര്‍ ദൃശ്യങ്ങളും, ഏറ്റവും ഒടുവിലെ ആകാശത്തു നിന്നുള്ള കാഴ്ചയുമൊക്കെ ഇത്രത്തോളം മികവോടെ മലയാള സിനിമയില്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ല. അവ ഭാവനയില്‍ കണ്ടു എന്നതിനപ്പുറം അത് വിജയകരമായി ചെയ്തെടുക്കുവാന്‍ സാധിച്ചു എന്നതാണ് പ്രശംസനീയമായി തോന്നിയത്. അവസാനഭാഗത്തെ രാത്രിദൃശ്യങ്ങള്‍ മാത്രം ഇതിലും മികച്ചതാക്കാമായിരുന്നു എന്നും തോന്നി. പേമാരിയില്‍ കായലിന്റെ നടുവില്‍ അപകടത്തില്‍ പെടുന്ന ബോട്ട്, അവിടെ മിന്നലിന്റെ ക്ഷണികപ്രഭയില് ചില കാഴ്ചകള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ ആ ഭാഗത്തിനു കൂടുതല്‍ ആഴം ലഭിക്കുമായിരുന്നില്ലേ? പല കഥാതന്തുക്കളുടെ സങ്കരമാണെങ്കില് കൂടിയും അടുത്തടുത്തു വരുന്ന ദൃശ്യങ്ങള്‍ കാഴ്ചയ്ക്ക് അലോസരമാവാതെ യോജിപ്പിച്ചു കൊണ്ടുപോകുവാന്‍ മനോജിനു സാധിച്ചു. റെക്സ് വിജയന്റെ പശ്ചാത്തലസംഗീതവും കൂടി കൂട്ടിനെത്തുന്നതോടെ ദൃശ്യങ്ങള്‍ ഭാവതലത്തിലും പൂര്‍ണത കൈവരിക്കുന്നു. ബീയാര്‍ പ്രസാദെഴുതി റോബി എബ്രഹാം ഈണമിട്ട മൂന്നു ഗാനങ്ങളും ഭാഗികമായി മാത്രമേ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളൂ. സിനിമയെ സംബന്ധിച്ചിടത്തോളം അത് ഗുണകരമാണെങ്കിലും അവ നല്ലതോ കെട്ടതോ എന്നു പറയുവാനൊരു അവസരം ഇതു കാരണമായി ലഭിക്കുന്നില്ല എന്നതാണതിന്റെ മറുവശം.
ഒരു സംവിധായകന്റെ ചിത്രമെന്ന് പൂര്‍ണ അര്‍ത്ഥത്തില്‍ പറയുവാനാവുന്നു എന്നതാണ് 'ഫ്രൈഡേ'യെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം നല്കുന്ന കാര്യം. തനിക്കു ലഭിച്ച വിഭവങ്ങളെ, അത് അഭിനേതാക്കളായാലും സാങ്കേതിക വിദഗ്ദ്ധരായാലും, സമര്‍ത്ഥമായി സിനിമയ്ക്കുതകുന്ന വിധത്തില്‍ ഉപയോഗിക്കുവാന്‍ ലിജിന്‍ ജോസിനു കഴിഞ്ഞു. തന്റെ ഓട്ടോയ്ക്കുള്ളില്‍ നിന്നു യാത്രക്കാരന് മറന്നു വെച്ചുപോയ സ്വര്‍ണാഭരണങ്ങള്‍ കാണുന്ന ബാലുവിന്റെ പേടിയും പരിഭ്രമവും കാണിക്കുവാന്‍ കാലുകളുടെ മിഡ് ഷോട്ടിലേക്ക് പോയതു തന്നെ ലിജിന്റെ മാധ്യമത്തെക്കുറിച്ചുള്ള ധാരണയുടെ തെളിവായി കാണാം. ഷോട്ടുകളുടെ തിരഞ്ഞെടുപ്പില്‍ ലിജിന്‍ കാണിച്ചിട്ടുള്ള വൈവിധ്യവും വൈദഗ്ദ്ധ്യവുമാണ് 'ഫ്രൈഡേ'യുടെ ജീവനെന്നു പറഞ്ഞാലും തെറ്റില്ലെന്നു തോന്നുന്നു. ഒന്നേമുക്കാല്‍ മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമേ ചിത്രത്തിനുള്ളൂവെങ്കിലും ചില ഭാഗങ്ങള്‍ വിരസമായിരുന്നു എന്നതും പറയാതെ വയ്യ. ദത്തെടുക്കുവാനെത്തിയ ദമ്പതികളുടെ കാര്‍ യാത്രകളും, യാചകിയുടേയും പക്ഷിവില്പനക്കാരന്റെയും ആവര്‍ത്തന സ്വഭാവമുള്ള രംഗങ്ങളുമൊക്കെ അതിനുദാഹരണമായി പറയാം. എന്നാല്‍, സിനിമയുടെ ഈ കുറവുകളെയൊക്കെ മറന്ന് സിനിമയെ സ്വീകരിക്കുവാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കും വിധമാണ് അവസാന പത്തുമിനിറ്റ് സംവിധായകന് ഒരുക്കിയിരിക്കുന്നത്. കായല്‍ക്കരയിലെ ഒരു കടവില്‍ നിന്നും തുടങ്ങി, ക്യാമറ കറങ്ങി തിരിഞ്ഞ് മുകളിലേക്ക് മുകളിലേക്കുയര്‍ന്ന് ആകാശത്തു നിന്നുള്ളൊരു കാഴ്ചയില്‍ സിനിമ തീരുമ്പോള്‍ കാണികള്‍ കൈയ്യടിക്കാതെ ഇരിപ്പിടം വിടുവാന്‍ സാധ്യത കുറവുമാണ്.
മലയാള സിനിമയിലെ പതിവു രീതികളില്‍ നിന്നും മാറി നില്ക്കുന്ന ഒരു സിനിമ എന്നതിനാല്‍ തന്നെ വേറിട്ടൊരു കാഴ്ചശീലം ആസ്വാദകരില്‍ നിന്നും സിനിമ പ്രതീക്ഷിക്കുന്നുണ്ട്. പൊതുവില്‍ മലയാള സിനിമകാണുവാന്‍ പോവുന്ന കാഴ്ചശീലങ്ങളുമായി 'ഫ്രൈഡേ' കാണുവാന്‍ ഉദ്യമിച്ചാല്‍ അത് പട്ടികക്കോലു കൊണ്ട് പാലളക്കുന്ന പോലെയാവും. നോണ്‍ ലീനിയര്‍ ചിത്രങ്ങളോ അല്ലെങ്കില്‍ പല കഥകള്‍ ഒരുമിച്ചു പറയുന്ന സിനിമകളോ മലയാളത്തില്‍ ഇന്ന് പുതുമയല്ല. എന്നാലത്തരം ചിത്രങ്ങളോട് താരതമ്യം ചെയ്താല്‍ പോലും 'ഫ്രൈഡേ' വ്യത്യസ്തത പുലര്‍ത്തുന്നു. ഒരൊറ്റ സംഭവമല്ല (ഉദാ: 'ട്രാഫിക്കി'ലെ റോഡപകടം) മറിച്ച് പല സംഭവങ്ങളിലൂടെ പലര് ഭാഗമാവുകയാണിതില്. പരിണാമഗുപ്തിയിലെ ഒരൊറ്റ സംഭവത്തിലേക്ക് ഒരുപക്ഷെ കാണികളുടെ ശ്രദ്ധ ചുരുങ്ങിപ്പോയേക്കാം, പക്ഷെ അതുകൊണ്ടു മാത്രം ആദ്യഭാഗങ്ങള്‍ അപ്രസക്തമാവുന്നില്ല. ചില കഥാപാത്രങ്ങള്‍ നേരിട്ട് ചില സംഭവങ്ങളില്‍ ഭാഗമാവുന്നില്ലെങ്കില്‍ പോലും അവര്‍ എങ്ങിനെ ചില കാര്യങ്ങള്‍ക്ക് നിമിത്തമാവുന്നു എന്ന ആലോചനയും കൗതുകകരമാണ്. ചുരുക്കത്തില്‍; മുന്‍ധാരണകള്‍ വെച്ചു പുലര്‍ത്താതെ തുറന്ന മനസോടെ ഒരു സിനിമ കാണുവാനും ആസ്വദിക്കുവാനും തയ്യാറുള്ള ആരേയും തൃപ്തിപ്പെടുത്തുവാന്‍ ഈ ചെറിയ ചിത്രത്തിനു കഴിയുമെന്നു തന്നെ കരുതുന്നു. ഈ ഓണക്കാലത്തൊരു സിനിമ മലയാളികള്‍ കാണുന്നെങ്കില്‍ അതു 'ഫ്രൈഡേ'യായിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു. മലയാള സിനിമാപ്രേമികള്‍ക്കായി ഇങ്ങിനെയൊരു ഓണച്ചിത്രമൊരുക്കിയ ലിജിന്‍ ജോസിനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി, ആശംസകള്‍.
ആലപ്പുഴയെ ഇത്രത്തോളം ഉപയോഗിച്ച ചിത്രങ്ങള്‍ പേരിനു പോലും മറ്റൊന്ന് പറയുവാനില്ല. കായല്പ്പരപ്പു മാത്രമല്ല ആലപ്പുഴ ടൗണും കടപ്പുറവും ഇവയോടു തൊട്ടുകിടക്കുന്ന പരിസരങ്ങളും എസ്.ഡി. കോളേജും ഇന്ത്യന്‍ കോഫീ ഹൗസുമെല്ലാം ചിത്രത്തിനു ലൊക്കേഷനുകളാവുന്നു. ആലപ്പുഴക്കാര്‍ക്ക് കൂടുതലായൊരു മനസ്സടുപ്പം ഈ ചിത്രത്തോട് തോന്നുന്നെങ്കില്‍ അതില്‍ ഒട്ടും അതിശയിക്കുവാനില്ല.
വാല്‍ക്കഷണം: പുതിയൊരു സിനിമാസ്വാദന ശീലമാവട്ടെ എന്നു കരുതിയാവാം സംവിധായകന് ചിത്രത്തില്‍ ഇടവേള ഒഴിവാക്കിയത്. പക്ഷെ, പലയിടത്തും തിയേറ്ററുകാര്‍ അവരുടെ മനോധര്‍മ്മം പോലെ ഇടവേള ചേര്‍ക്കുന്നതായാണ് അറിയുന്നത്. ഒരു ഇടവേള സംവിധായകന് തന്നെയങ്ങ് നിശ്ചയിക്കുകയായിരുന്നു ഇതിലും ഭേദം!
നവാഗതനായ ലിജിന്‍ ജോസിന്റെ സംവിധാനത്തില്‍ നെടുമുടി വേണു, ഫഹദ് ഫാസില്‍, ആന്‍ അഗസ്റ്റിന് തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Friday: This little film will make your day, as it made mine. An enjoyable film for this #Onam season. #Chithravishesham
9:42 PM - 20 Aug 12 via web
--
കൊള്ളാം
ReplyDeleteകുരുടന്മാര് ആനയെക്കണ്ടതുപോലെ ചില “ഫ്രൈഡേ” നിരൂപണങ്ങള്‍ നെറ്റില്‍ കണ്ടു. മുന്‍ ധാരണകളോടെ, തികച്ചും യാഥാസ്തിതികമായി മാത്രം സിനിമയെ സമീപിക്കുന്നവര്‍.
ReplyDeleteഹരിയുടെ വിശകലനം നന്നായി. “ഫ്രൈഡേ” ഈ ഗ്രേഡ് അര്‍ഹിക്കുന്നു.
ഇടവേള ഒഴിവാക്കിയാല്‍ അവിടെ ചാക്കില്‍ കൊണ്ട് വന്ന് തള്ളുന്ന പോപ്പ് കോണും സോഡാവെള്ളവും തീയറ്ററുകാര് എന്തുചെയ്യും:)
ഡിജിറ്റല്‍ പ്രൊജക്ഷന് വന്നശേഷം തീയറ്ററുകാരുടെ സ്പോട്ട് എഡിറ്റിംഗ് അവസാനിച്ചെങ്കിലും വിഷ്വല്‍ കോണ്ട്രാസ്റ്റ് സ്വയം കൂട്ടി ബ്ലീച്ചായ ഇമേജ് കാണിച്ച് കാഴ്ച്ചാ സുഖം ഇല്ലാതാക്കുകയും ആവശ്യാമില്ലാതെ ശബ്ദത്തിന്റെ വോല്യും അമിതമായി കൂട്ടി വ്യക്തത നശിപ്പിക്കുകയും ചെയ്ത് സിനിമാസ്വാദനത്തെ പരമാവധി നശിപ്പിച്ച് പ്രേക്ഷകരെ തീയറ്ററില്‍ നിന്നോടിക്കാന്‍ പ്രൊജക്ടര്‍ ഓപ്പറേറ്ററന്മാര് നന്നായി ഉത്സാഹിക്കുന്നുണ്ട്.
മലയാള സിനിമയില്‍ ചില രസകരമായ ഫോര്‍മുലകള്‍ അപ്ലൈ ചെയ്തിട്ടുണ്ട് പലരും പലപ്പോഴായി. 80 കളില്‍ മമ്മുട്ടി + പെട്ടി+കുട്ടി+ബെന്‍സ് കാര്‍ എന്നാ ഒരു ഫോര്‍മുല ഉണ്ടായിരുന്നു. അത് പോലെ 90 കളുടെ അവസാനത്തിലും അതിനു ശേഷവും മോഹന്‍ലാല്‍+വരിക്കാശ്ശേരി മന+വള്ളുവനാട് പ്രകൃതി ഭംഗി+അടിപിടി + മീശ പിരി അങ്ങനെ ഒന്ന് ഉണ്ടായിരുന്നു. അത്തരം ഫോര്‍മുലകളില്‍ ഒന്നും അധികം പെടാതെ ഫഹദ് രക്ഷപ്പെടുന്ന ലക്ഷണം കാണുന്നുണ്ട് നല്ലത് തന്നെ. ഫഹദ് + വള്ളി നിക്കര്‍ + കൊച്ചിയിലെ ഫ്ലാറ്റ് എന്നിങ്ങനെ ഒരു ഫോര്‍മുലയില്‍ തളയ്ക്കപ്പെട്ടു പോവുമോ ഈ കഴിവുള്ള ചെറുപ്പകാരന് എന്ന് സംശയിച്ചു എങ്കിലും അയാള്‍ improve ചെയ്യുന്ന ലക്ഷണം തന്നെയാണ് കാണുന്നത്. GOOD
ReplyDeleteയാച്ചകകാരിയും, ഈ ദുരന്തവും തമ്മില്‍ ശരിക്കും എന്താണ് ബന്ധം? സിനിമയുടെ അവസാനം ഈ ചോദ്യം മാത്രം ബാക്കി നില്ക്കുന്നു.
ReplyDeleteപ്രിയ ഹരീ , സെക്കന്റ് ഷോ , ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകള്‍ക്ക് ഏഴിന് മുകളില്‍ മാര്‍ക്ക് ഇട്ടതിന് ഹരിക്ക് ഇത്തിരി " വിധേയത്വം " ആരോടെങ്കിലും ഉണ്ടോ എന്ന് ഒരു നെല്ലിട ഞാന്‍ സംശയിച്ചിരുന്നു . അതിന് ആവശ്യത്തിനു തെറി ഞാന്‍ കേള്‍ക്കുകയും ചെയ്തു . ആ മാന്യദേഹം പറഞ്ഞതനുസരിച്ച് ഞാന്‍ ഹരിയോട് നിരുപാധികം മാപ്പ് ചോദിക്കുന്നു . കാരണം വിശദമാക്കാം. ഫ്രൈഡേ എന്ന സിനിമ ഈ കഴിഞ്ഞ ഞായറാഴ്ച കാണുവാനുള്ള ഭാഗ്യം ഉണ്ടായി .എനിക്കോ എന്റെ കൂടെ വന്ന മറ്റു നാലുപേര്ക്കുമോ മനസ്സിലാവാത്ത എത്രയെത്ര നിഗൂഡമായ അര്‍ഥതലങ്ങള്‍ ആണ് ആ സിനിമയ്ക്കു ഉണ്ടായിരുന്നത് എന്ന് ഹരിയുടെ ഈ റിവ്യൂ വായിച്ചപ്പോള്‍ ആണ് മനസ്സിലായത് .അതിനാല്‍ തന്നെ സെക്കന്റ് ഷോ , ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകള്‍ ഹരി ഉത്തമ ബോധ്യത്തോടെ, നൂറു ശതമാനം ആത്മാര്‍ഥതയോടെ , സത്യസന്ധതയോടെ തന്നെ ആണ് കണ്ടു ഇഷ്ടപ്പെട്ടത് ,റിവ്യൂ എഴുതിയത് , മാര്‍ക്ക് ഇട്ടത് എന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലാവുന്നു . ഇതെനിക്കൊരു പാഠമാണ് . എന്റെ പേര് " Sandra Joseph, Thomas Joseph Pattathanam or Lijin jose എന്നിങ്ങനെ വല്ലതും ആയിരുന്നെങ്കില്‍ പോലും ഇത്ര മനോഹരമായ ഒരു റിവ്യൂ എഴുതാന്‍ എനിക്ക് കഴിഞ്ഞു എന്ന് വരില്ല . " Friday 11/11/11 " എന്ന പേരിന്റെ കൂടെ 11 :11 A .m എന്ന് കൂടി ഉണ്ടായിരുന്നെങ്കില്‍ നമുക്ക് ഒരു രണ്ടര മാര്‍ക്ക് കൂടി കൊടുത്ത് (പുതിയ category - ന്യൂ ജനറേഷന് ടൈറ്റില്‍ ) ഈ സംഭവം ഒരു " Perfect 10 " ആക്കി എടുക്കാമായിരുന്നു . അപ്പോള്‍ Adieu ഹരീ . ഒരിക്കല്‍ കൂടി നന്ദി . എന്റെ കണ്ണ് തുറപ്പിച്ചതിന് .
ReplyDelete22FK , ഈ അടുത്ത കാലത്ത് ഇവയൊക്കെ new Gen movie ആയി accept ചെയ്തു enjoy ചെയ്ത movies ആയിരുന്നു . But Friday കണ്ടപ്പോ എനിക്കോര്‍മ വന്നത് "മഷ പെയ്യുന്നു മദ്ദളം കൊട്ടുന്നു " എന്നാ സിനിമയില്‍ മുകേഷ് മോഡേണ്‍ പെയിന്റിംഗ് ചെയ്യുന്നതാണ് .."അണ്ടകടാഹം" എന്നാ ആ പൈന്റിങ്ങിനെ നായികാ appreciate ചെയ്യുന്നുമുണ്ട് :)
ReplyDeleteഹരിയുടെ അഭിപ്രായം പൂര്‍ണ്ണമായും ശെരിയാണ്. മലയാളി എന്നാണ് മാറി ചിന്തിച്ചു സിനിമ കാണാന്‍ തയാറാവുക എന്നതേ സംശയമുള്ളൂ....
ReplyDelete"യാചകിയും, ബോട്ട് ദുരന്തവും തമ്മില്‍ എന്താണ് ബന്ധം?" - ഒരു മറുചോദ്യമാണിവിടെ. അങ്ങിനെയൊരു ബന്ധം ഉണ്ടാവണമെന്ന് എന്തിനാണ് നിര്‍ബന്ധം? പ്രാരാബ്ദക്കാരനായ ഒരവിവാഹിതന്, രണ്ടു കമിതാക്കള്‍ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച് സ്വപ്നം കാണുന്നു, മറ്റൊരാള്‍ നടക്കാതെ നീണ്ടു പോയ വിവാഹം കഴിക്കുവാനായുള്ള തയ്യാറെടുപ്പുകളിലാണ്, ഒരാള്‍ക്ക് കുട്ടിയുണ്ടാവുന്നു പക്ഷെ ആ കുട്ടിയെ കാണുവാനുള്ള ഭാഗ്യം ആ അച്ഛനു ലഭിക്കുന്നില്ല, മറ്റൊരു അമ്മ പ്രസവത്തോടെ മരിച്ചു പോവുന്നു, മരുമകളേയും കുട്ടിയേയും സുരക്ഷിതരായി വീട്ടിലെത്തിക്കേണ്ട ചുമതലയില്‍ മറ്റൊരമ്മ, മറ്റൊരു ദമ്പതികള്‍ക്ക് കുട്ടികളുണ്ടാവാത്തതിനാല്‍ ദത്തെടുക്കുന്നു, അച്ഛനില്ലാത്ത ഒരു കുട്ടി യാചകിക്കുണ്ടാവുന്നു, അമ്മ മരിച്ചു പോയ ഒരു പെണ്‍കുട്ടിയെ മുത്തച്ഛന് വളര്‍ത്തി വലുതാക്കുന്നു - ഇങ്ങിനെ പോവുന്നു സിനിമയുടെ ഒരു ലെയര്‍. മറ്റൊന്ന്, അതിജീവനമാണ്. പ്രാരാബ്ദക്കാരനായ ആട്ടോ ഡ്രൈവര്‍, പാതിരിയുടെ വേഷം കെട്ടി പണം തട്ടുന്ന മറ്റൊരുവന്, ഒരു പക്ഷിയെ കൂടിയ വിലയ്ക്ക് വിറ്റ് ഭാഗ്യം പരീക്ഷിക്കുവാന്‍ നടക്കുകയാണ് മറ്റു രണ്ടു പേര്, യാചകിക്ക് പിച്ചയെടുക്കലാണ് തൊഴില്‍, ബാംഗ്ലൂര്‍ ദമ്പതികള്‍ക്ക് പണം ഒരു വിഷയമല്ല, വിവാഹം കഴിക്കുവാന്‍ പോവുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരാവട്ടെ സ്വര്‍ണവും പണവും നഷ്ടപ്പെടുമെങ്കില് ജീവനൊടുക്കുവാന്‍ തയ്യാറാവുകയാണ് - ഇങ്ങിനെ പോവുന്നു മറ്റൊരു ലെയര്‍. ഇനി സമൂഹത്തിന്റെ / അധികാരത്തിന്റെ ഇടപെടലുകള്‍ ഇവരുടെ ജീവിതങ്ങളെ എങ്ങിനെയാണ് മാറ്റുകയെന്ന് ചിന്തിച്ചാലോ? അത് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന ആശുപത്രി അധികൃതരായും പോലീസുകാരായും ഡോക്കില്‍ പണിയെടുക്കാത്ത ജീവനക്കാരായുമൊക്കെ സിനിമയില്‍ വരുന്നു. എന്നാല്‍, ബാലുവിനെ നേര്‍വഴിക്ക് നടത്തുവാന്‍ പ്രേരിപ്പിക്കുന്നത് അധികാരവര്ഗമോ പോലീസോ അല്ല. അത് യാത്രക്കാരനും സുഹൃത്തുക്കളും ഉള്‍പ്പെടുന്ന അവന് ഇടപെഴകുന്ന സമൂഹമാണ്. പോലീസുകാര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ മുനീറിനു ജീവന് നഷ്ടമാവുമായിരുന്നോ? അവര്‍ക്ക് ദമ്പതികള്‍ പറ്റിപ്പിനിരയാകുന്നത് തടയുവാന്‍ കഴിഞ്ഞോ? (അവിടെ അധികാരം കള്ളത്തരത്തിനു ചൂട്ടു പിടിക്കുന്നു.) ഇങ്ങിനെ പല ലെയറുകള്‍ ഇഴചേര്‍ന്നു വരുമ്പോള്‍ ഒരു കണ്ണിയും വിട്ടു നില്ക്കുന്നില്ലെന്നു കാണാം. അത് ദുരന്തവുമായി മാത്രം കണ്ണിചേര്‍ത്ത് കാണുന്നതാണ് പ്രശ്നം.
ReplyDeleteഇതൊക്കെ സിനിമ കാണുമ്പോഴും അതിനു ശേഷവും ഉണ്ടായ കുറേ ആലോചനകള്‍ മാത്രമാണ്. ഇതിനൊക്കെയുള്ള സാധ്യത സിനിമ നല്കുന്നു എന്നതാവാം സിനിമയുടെ വിജയവും. ഒരുപക്ഷെ, മറ്റൊരാള്‍ ഇതിനെയൊക്കെ കാണുന്നത് മറ്റൊരു വീക്ഷണകോണിലൂടെയാവാം. മറ്റൊരാള്‍ക്ക് അത്തരമൊരു പ്രേരണ ചിത്രത്തില്‍ നിന്നും കിട്ടിയില്ലെന്നു വരാം, അയാള്‍ക്കിത് ഒരു ബന്ധവുമില്ലാത്ത കുറേ ദൃശ്യങ്ങള്‍ മാത്രമായി തോന്നി, അയാള്‍ ചിത്രം മോശമെന്നു പറയുന്നു - ആവട്ടെ, അങ്ങിനെയും സംഭവിക്കാം.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
--
അബദ്ധത്തില്‍ പോയി താപ്പാന കണ്ടിരുന്നു. അവിടെ മാറ്റങ്ങള്‍ക്കിടയിലും മാറാന്‍ ശീലിക്കാത്ത മലയാള സിനിമയെയും , സിനിമാക്കാരെയുമാണ് കണ്ടത്.
ReplyDeleteഎന്തായാലും ഫ്രൈഡേ കാണാതെ വിടില്ല എന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു . നല്ല സിനിമ ആണെന്ന് അറിഞ്ഞതില്‍ സന്തോഷം . ആ ഹെലി കാം ഉപയോഗിച്ചുള്ള ഷോട്ടിനെ കുറിച്ച് ഒരുപാട് പേര് പരാമര്‍ശിച്ചു കണ്ടു
പൊടുന്നനെ മനസിലാവില്ല എങ്കില്‍ പോലും യാചകിയുടെ കഥാപാത്രം വളരെ പ്രധാനപെട്ടതാണ്. ആ കഥാപാത്രമാണ് മറ്റു കഥാപാത്രങ്ങളെ 'bind' ചെയ്തു നിര്‍ത്തുന്നത്. യാചകി മറ്റെല്ലാ കഥാപാത്രങ്ങളെയും കണ്ടുമുട്ടുന്നുണ്ട് എന്നും ഓര്‍ക്കുക. ഇത്, അത് കൊണ്ട് തന്നെ, വളരെ മികച്ച,പക്ഷെ, അത്ര പ്രകടമല്ലാത്ത ഒരു ആഖ്യാന തന്ത്രമാണ്.
ReplyDeleteഫ്രൈഡേ നല്ലൊരു ചിത്രമാകുമെന്നു ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ഇത്തവണത്തെ ഓണച്ചിത്രം ഇതുതന്നെ.. No more chalu comedies
ReplyDeleteസിനിമയും ഹരീയുടെ എഴുത്തും നന്നയി. രണ്ടാമത്തെ എഴുത്താൺ ചെറുതെങ്കിലും സിനിമയുടെ സവിശേഷത കൂടുതൽ കണ്ടെത്തുന്നതെന്നു തോന്നുന്നു.. ആലപ്പുഴ അനുഭവമോ സിനിമ അനുഭവമോ ഏതാണു ഞാൻ കൂടുതൽ ആസ്വദിച്ചതെന്നു സംശയം??
ReplyDeleteഹരീ, അത് താങ്കള്‍ പറഞ്ഞത് ശരിയാണ്. നമുക്ക് ചിന്തിയ്ക്കാനുള്ള സാധ്യതകള്‍ തരുന്ന ഒരു ചിത്രങ്ങള്‍ തീര്‍ച്ചയായും നല്ല ചിത്രങ്ങള്‍ തന്നെ (ആ സാധ്യത logical mistakes മൂലം ആവരുത് എന്ന് മാത്രം). ഇ ചിത്രം കഴിയുമെങ്കില്‍ കാണണം എന്ന് തന്നെ ആണ് ആഗ്രഹിയ്ക്കുന്നത്.
ReplyDelete//മറ്റൊരാള്‍ക്ക് അത്തരമൊരു പ്രേരണ ചിത്രത്തില്‍ നിന്നും കിട്ടിയില്ലെന്നു വരാം, അയാള്‍ക്കിത് ഒരു ബന്ധവുമില്ലാത്ത കുറേ ദൃശ്യങ്ങള്‍ മാത്രമായി തോന്നി, അയാള്‍ ചിത്രം മോശമെന്നു പറയുന്നു - ആവട്ടെ, അങ്ങിനെയും സംഭവിക്കാം.//
ഹ ഹ ഹ...പൊട്ടന് പൂരം കണ്ടത് പോലെ അല്ലേ? അല്ലെങ്കില്‍ അഞ്ചു കുരുടന്മാര് ചേര്‍ന്ന് ആനയെ വര്‍ണ്ണിച്ചത് പോലെ അല്ലേ?
enthero entho
ReplyDeleteനല്ല സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ
ReplyDeleteenikku cinema kandappol thonniyathinekkaalum ishttam review vaayichappol thonni.
ReplyDeleteGood Review.
ഇനി മുതല്‍ റേറ്റിങ്ങ് കണ്ട് സിനിമകാണാന്‍ പോവൂല എന്നുറപ്പിച്ചു. 21 ഗ്രാംസും, അമോര്‍സ് പറോസും, ബാബേലും ഒക്കെ പിന്തുടര്ന്നു ട്രാഫിക്കും, സിറ്റി ഓഫ് ഗോഡും (മലയാളം), ഈ അടുത്ത കാലത്തും ഒക്കെ വന്നു പോയില്ലേ? ഇനീം വേണോ അതേ കോപ്പി? കുറേ ഇന്സിഡന്സിനെ (കഥകള്‍ എന്നു പറയാന്‍ വയ്യ) കഷ്ടപ്പെട്ട് കൂട്ടിമുട്ടിച്ചുണ്ടാക്കിയ ഒരു സിനിമ എന്നതില്‍ കവിഞ്ഞ് ഒരു അര്‍ത്ഥ തലങ്ങളും എനിക്ക് ഇതീന്നു കിട്ടിയില്ല.
ReplyDelete