മിസ്റ്റര്‍ മരുമകന്‍ (Review: Mr. Marumakan)‌

Published on: 11:26 AM

മിസ്റ്റര്‍ മരുമകന്‍: പാവം പ്രേക്ഷകരോടെന്തിനീ വാശി!

ഹരീ, ചിത്രവിശേഷം

Mr. Marumakan: Chithravishesham Rating (2.75/10)
വിശേഷം തുടങ്ങുന്നതിനു മുന്‍പ് ഒരു ചോദ്യം: കോടീശ്വരിയായ അമ്മ, അവരുടെ അഹങ്കാരിയായ മകള്‍, കൂട്ടിന്‌ പുരുഷ വിദ്വേഷവും. ഈ മകളെ നിലയ്‍ക്കു നിര്‍ത്തുവാന്‍ നായകന്‍ ഒടുവില്‍ പറയുന്ന ആ ഞെട്ടിക്കുന്ന സത്യം, അതെന്തായിരിക്കും? സിനിമ മലയാളവും, രചയിതാക്കള്‍ സിബി കെ. തോമസും ഉദയകൃഷ്ണയും ആണെന്ന സൂചനകള്‍ കൂടി നല്‍കിയാല്‍, സിനിമ കാണല്‍ ശീലമാക്കിയ ആര്‍ക്കും ഇതിനുത്തരം പറയുക അത്ര വിഷമമുള്ള കാര്യമാവില്ല. ഇരുവരുടേയും രചനാവൈഭവം ഇങ്ങനെ തെളിഞ്ഞുവിളങ്ങുന്ന തിരനാടകമെടുത്ത് സിനിമയാക്കിയിരിക്കുന്നത്, പേരില്‍ രണ്ട് എസ്സുകളുള്ള (ഛെ, ഛെ അതല്ലാന്ന്...) സ്സന്ധ്യാ മോഹന്‍. 'കിലുക്ക'ത്തിനു തുടര്‍ച്ചയെന്ന അവകാശവാദത്തോടെ 'കിലുക്കം കിലുകിലുക്കം' എന്നൊരു പാതകം 2006-ല്‍ ചെയ്തതില്‍ പിന്നെ 'മിസ്റ്റര്‍ മരുമകനി'ലാണ്‌ സന്ധ്യാ മോഹനെ വീണ്ടും കാണുന്നത്. സിബി-ഉദയ് സഖ്യത്തെ തന്നെ ഈ വരവിലും ശരണം പ്രാപിക്കുവാനുള്ള തീരുമാനം മാത്രം മതിയല്ലോ, സംവിധായകനെന്ന നിലയില്‍ പുള്ളി കാര്യമായൊന്നും മെച്ചപ്പെട്ടിട്ടില്ല എന്നു നിരൂപിക്കുവാന്‍. മഹാ സുബൈറും നെല്‍സണ്‍ ഈപ്പനും ചേര്‍ന്നാണ്‌ വര്‍ണചിത്ര ബിഗ് സ്ക്രീനിന്റെ ബാനറില്‍ തയ്യാറായ ഈ ചിത്രത്തിന്റെ ചിലവു വഹിച്ചിരിക്കുന്നത്. ദിലീപിനൊപ്പം സനൂഷ, ഭാഗ്യരാജ്, ഖുശ്ബു, ഷീല എന്നിവരെയൊക്കെ അണിനിരത്തി താരസമൃദ്ധമായാണ്‌ സന്ധ്യാ മോഹനും സംഘവും ഈ ഓണ/റംസാന്‍ ചിത്രം തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്.

ആകെത്തുക : 2.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.50 / 10
: 1.00 / 10
: 4.00 / 10
: 3.50 / 05
: 2.00 / 05
'പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍' എന്ന പ്രയോഗം പോലും ഉപയോഗിച്ചു തേഞ്ഞു തീരാറായി. എന്നാലോ അതു പറയേണ്ടി വരുന്ന സിനിമകള്‍ക്ക് ഒരു പഞ്ഞവുമില്ല. പഴയതും പുതിയതുമായ പല സിനിമകളിലെ കഥാപാത്രങ്ങളെ പറിച്ചെടുത്തു ചില്ലറ മാറ്റങ്ങളോടെ - വലതു കാലിലെ മന്ത് ഇടതു കാലിലേക്ക്, എന്ന മട്ടിലുള്ള മാറ്റങ്ങള്‍ - വീണ്ടും കിളിപ്പിച്ചെടുക്കുക എന്ന തരികിട പരിപാടി തന്നെയാണ്‌ ഉദയകൃഷ്ണയും സിബി കെ. തോമസും ഇതിലും പയറ്റുന്നത്. ഒപ്പം പാട്ട്, പെണ്ണ്, തല്ല്, കോമഡി ചേരുവകളും കൃത്യമായി ചേര്‍ത്തിട്ടുണ്ട്. കഥാപാത്രങ്ങളുടെ സ്വഭാവത്തിനൊന്നും ഒരു സ്ഥിരതയുമില്ലെന്നതു പോട്ടെ, ചുരുങ്ങിയ പക്ഷം അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കൊരു തുടര്‍ച്ചയെങ്കിലും വേണ്ടേ? എവടെ! എല്ലാം ഒരു മായയാണെന്ന് കരുതി മിണ്ടാണ്ടിരുന്ന് കണ്ടിട്ടു പൊയ്‍ക്കോണം എന്നാണ്‌ രചയിതാക്കളുടെ മനോഭാവമെന്ന് തോന്നുന്നു. അമ്മാതിരി തോന്ന്യാസമാണ്‌ തിരക്കഥാരചനയെന്ന പേരില്‍ സിബി-ഉദയ് സഖ്യം ചിത്രത്തിനു വേണ്ടി ചെയ്തിരിക്കുന്നത്. ആ പരാധീനതകളൊക്കെ അതേ പടി വെളിവാകുന്ന തരത്തില്‍ സന്ധ്യാ മോഹന്‍ സംവിധാനിച്ചിട്ടുമുണ്ട്. ദോഷം പറയരുതല്ലോ, അറിയാതെ ചിരിച്ചു പോവുന്ന ചില ചില്ലറ തമാശകളൊക്കെ ചിത്രത്തില്‍ അവിടെയുമിവിടെയുമൊക്കെ കാണാം.

Cast & Crew
Mr. Marumakan

Directed by
Ssandhya Mohan

Produced by
Maha Subair, Nelson Eapen

Story, Screenplay, Dialogues by
Udayakrishna, Siby K. Thomas

Starring
Dileep, Sanusha, Bhagyaraj, Khushboo, Sheela, Biju Menon, Nedumudi Venu, Salim Kumar, Baburaj, Harisree Ashokan, Thesni Khan, Saikumar, Riyaz Khan, Mallika, Sajitha Beti etc.

Cinematography (Camera) by
P. Sukumar

Editing by
Mahesh Narayanan

Production Design (Art) by
Salu K. George

Background Score by
Bijibal

Music by
Suresh Peters

Lyrics by
Santhosh Varma

Make-Up by
Sudevan

Costumes by
Azeez Palakkad

Choreography by
Shoby Paulraj

Action (Stunts / Thrills) by
Mafia Sasi, Pazhani

Banner
Varnachithra Big Screen

Release Date
2012 August 18

ശരീരം നോക്കുന്നതില്‍ ദിലീപ് ഇപ്പോള്‍ അല്‍പം ശ്രദ്ധ നല്‍കുന്നുണ്ടെന്നു തോന്നുന്നു. അതിന്റെയൊരു മെച്ചം ചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിനുണ്ട്. അതിനപ്പുറം എന്തെങ്കിലും മരുമകന്‍ കഥാപാത്രം ആവശ്യപ്പെടുന്നുമില്ല. സനൂഷയെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതും, ഒരു മഴനൃത്തമുള്‍പ്പടെ ചെയ്യിച്ചതും ചില വാണിജ്യസാധ്യതകള്‍ മുന്‍പില്‍ കണ്ടു തന്നെയാവണം. (അത് വിജയിക്കുമെന്ന് തിയേറ്ററില്‍ ഇടയ്ക്കിടെ ഉയര്‍ന്ന ഇക്കിളി കമന്റുകള്‍ സൂചിപ്പിക്കുന്നു.) ചുരുക്കം ചില രംഗങ്ങള്‍ അഭിനയിക്കുവാന്‍ കിട്ടിയത് സനൂഷ ഭംഗിയായി ചെയ്തിട്ടുമുണ്ട്. പാലക്കാടന്‍ പട്ടരായി എന്തിനാണ്‌ ഭാഗ്യരാജിനെ നിശ്ചയിച്ചതെന്ന് ഒരു പിടിയുമില്ല. പ്രത്യേകിച്ചൊരു മികവും അതുകൊണ്ട് ആ കഥാപാത്രത്തിനുണ്ടായിട്ടില്ല. മറിച്ച് ഖുശ്ബുവിനെ കൊണ്ടുവന്നത് ചിത്രത്തിനു ഗുണകരമായി എന്നും തോന്നി. ബാബുരാജിന്റെ കൈയ്യിലെ സ്റ്റോക്ക് തീരുന്നുവെന്ന തോന്നലുണ്ടാക്കുന്നതാണ്‌ അദ്ദേഹത്തിന്റെ ചിത്രത്തിലെ വക്കീല്‍ വേഷം. ഷീലയുടെ രാജകോകിലയെയൊക്കെ സഹിക്കുക പാടാണ്. ബിജു മേനോന്റെ ചേട്ടന്‍ കഥാപാത്രമാണ്‌ സാമാന്യം തരക്കേടില്ലായെന്നു തോന്നിയത്. ഇതൊന്നും പോരാഞ്ഞ് സുരാജ് വെഞ്ഞാറമ്മൂടും സലിം കുമാറും ഇത്തിക്കണ്ണി കഥാപാത്രങ്ങളായി ചിത്രത്തിലുടനീളമുണ്ട്. കവിയൂര്‍ പൊന്നമ്മ, നെടുമുടി വേണു, സായികുമാര്‍, റിയാസ് ഖാന്‍, ഹരിശ്രീ അശോകന്‍, തെസ്നി ഖാന്‍, മല്ലിക, സജിത ബേട്ടി - അഭിനേതാക്കളുടെ ലിസ്റ്റ് ഇവിടെയും തീരുന്നില്ല.

ഇത്തരമൊരു പടത്തിന്റെ സാങ്കേതിക വശങ്ങളൊക്കെ ചികയുവാന്‍ നില്‍ക്കുന്നത് വെറുതേ സമയം മിനക്കെടുത്തലാണ്‌. 'മിസ്റ്റര്‍ മരുമകന്‍' ആവശ്യപ്പെടുന്ന (ഒരു പക്ഷെ, അതിലധികം) മികവൊക്കെ സാങ്കേതിക മേഖല നല്‍കിയിട്ടുണ്ട്. മൂന്നു മണിക്കൂറിനടുത്തുള്ള പടമൊന്ന് വെട്ടിച്ചുരുക്കി രണ്ടോ രണ്ടേകാലോ മണിക്കൂറാക്കിയെങ്കില്‍ ചിത്രസന്നിവേശകനായ മഹേഷ് നാരായണനോട് പ്രേക്ഷകര്‍ക്ക് ഒരു കടപ്പാടൊക്കെ തോന്നുമായിരുന്നു. (സംവിധായകനും കൂടി മനസുവെയ്‍ക്കണമെന്നതു മറക്കുന്നില്ല.) ചിത്രത്തിലോരോ പാട്ടൊക്കെ ചേര്‍ക്കുവാന്‍ സംവിധായകന്‍ / രചയിതാക്കള്‍ കണ്ടെത്തുന്ന കാരണങ്ങളൊക്കെയും കോമഡിയാണ്. പി.ടി. ബിനു, സന്തോഷ് വര്‍മ്മ എന്നിവരെഴുതി സുരേഷ് പീറ്റേഴ്സ് ഈണമിട്ട ഗാനങ്ങളില്‍ "മായോ മായോ..." എന്ന ഗാനം മാത്രം അല്‍പം ഭേദമെന്നു തോന്നി. രാഹുല്‍ നമ്പ്യാര്‍, റീത്ത, നവീന്‍ എന്നിവരാണ്‌ ആ ഗാനം ആലപിച്ചിരിക്കുന്നത്. ഇനിയിപ്പോള്‍ ഇടിയില്ലാന്നൊരു കുറവ് ആരും പറയാതിരിക്കുവാനായി രണ്ടിടത്ത് മാഫിയ ശശിയും പളനിയുമൊക്കെ കൂടി ഒരുക്കിയ അടിപിടിയും വരുന്നുണ്ട്.

ചിത്രത്തിലെ ഒരു ഗാനത്തിലെ വരിയിങ്ങനെ: "മിസ്റ്റര്‍. മരുമകനോടീ വാശിയൊന്നും വേണ്ടേ വേണ്ടാ..." അതൊന്നു മാറ്റിപ്പാടുന്നു ഇവിടെ: "പാവം പ്രേക്ഷകരോടീ വാശിയെന്തിനു വീണ്ടും വീണ്ടും...". ആരോടു വാശി തീര്‍ക്കാനാണ്‌ സിബിയും ഉദയും കൂടി ഇമ്മാതിരി ചിത്രങ്ങളെഴുതി കൂട്ടുന്നതും സ്സന്ധ്യാ മോഹനെയൊക്കെ സംവിധായകനുമാക്കി മഹാ സുബൈറും നെല്‍സണ്‍ ഐപ്പുമൊക്കെ അതൊക്കെ പടമാക്കി കാണിക്കുന്നതും എന്നു ന്യായമായും പ്രേക്ഷകപക്ഷത്തു നിന്നു സംശയിക്കാം. സിനിമയെ കച്ചവടക്കണ്ണിലൂടെ ഒന്നു നോക്കിയാല്‍ തീരാവുന്നതേയുള്ളൂ ഈ സംശയം. സിനിമയെ വില്‍പനച്ചരക്കായി മാത്രം കാണുമ്പോള്‍ പിന്നെ ലാഭം നേടുക മാത്രമേ ലക്ഷ്യമാക്കേണ്ടതുള്ളൂ. അതിനു വിപണിയറിഞ്ഞ് സാധനമെത്തിക്കുക എന്നതാണ്‌ ബുദ്ധിയുള്ള കച്ചവടക്കാര്‍ ചെയ്യേണ്ടത്. അത്രയുമേ ഇവരും ചെയ്യുന്നുള്ളൂ. ഈ ഓണക്കാലത്ത് നന്നായി വിറ്റുപോവാന്‍ വേണ്ട ചേരുവകളെല്ലാം 'മിസ്റ്റര്‍ മരുമകനി'ലുണ്ട്. അതുകൊണ്ടു തന്നെ കാല്‍ക്കശിനു ഗുണമില്ലാത്ത 'കാര്യസ്ഥ'ന്റെയോ 'മായാമോഹിനി'യുടേയോ ബോക്സ് ഓഫീസ് വിജയങ്ങള്‍ 'മിസ്റ്റര്‍ മരുമകന്‍' ആവര്‍ത്തിച്ചാല്‍ അതില്‍ അതിശയിക്കാനുമില്ല.

രസം‍കൊല്ലി: വിശേഷത്തിന്റെ തുടക്കത്തില്‍ ചോദിച്ച ചോദ്യത്തിന്‌ എത്രയാലോചിച്ചിട്ടും ശരിയുത്തരം കിട്ടിയില്ലെന്നോ? എന്നാലിതാ ഒരു സൂചന കൂടി: മംഗലശേരി നീലകണ്‌ഠനെ വെറും നീലാണ്ടനാക്കിയ അതേ ഞെട്ടിക്കുന്ന സത്യം തന്നെയാണ്‌ ഇവിടെയും കാര്യം നടത്തുന്നത്‍. ഇനിയും മനസിലായില്ലെങ്കില്‍ ധൈര്യമായി നിങ്ങള്‍ക്കീ ചിത്രം കാണാം! :)