ഒഴിമുറി (Review: Ozhimuri)

Published on: 9/08/2012 08:13:00 AM

ഒഴിമുറി: ഒഴിവാക്കരുതാത്തൊരു സിനിമ!

ഹരീ, ചിത്രവിശേഷം

Ozhimuri: Chithravishesham Rating [7.00/10]
മികച്ച നവാഗത സംവിധായകനെന്ന അംഗീകാരം മധുപാലിന്‌ 'തലപ്പാവി'ലൂടെ ലഭിച്ചിട്ട് വര്‍ഷം നാല്‌ കഴിഞ്ഞിരിക്കുന്നു. ബോക്സ് ഓഫീസില്‍ അത്ഭുതമൊന്നും കാട്ടിയില്ലെങ്കിലും ഏറെ അംഗീകാരങ്ങളും നിരൂപകപ്രശംസയും പ്രസ്‍തുത ചിത്രം നേടുകയുണ്ടായി. ലാലിന്‌ മികച്ച അഭിനേതാവിനുള്ള സംസ്‍ഥാന പുരസ്കാരം നേടിക്കൊടുത്തതും 'തലപ്പാവ്' തന്നെ. മധുപാലിന്റെ സംവിധാനത്തില്‍ ലാല്‍ കേന്ദ്രകഥാപാത്രമാവുന്ന മറ്റൊരു ചിത്രം, അതും 'നാന്‍ കടവുള്‍', 'അങ്ങാടി തെരു' എന്നീ ശ്രദ്ധേയമായ ചിത്രങ്ങളുടെ രചനയില്‍ പങ്കാളിയായ ജെയമോഹന്റെ രചനയില്‍, 'ഒഴിമുറി'യുമായി മധുപാല്‍ വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്‌. പി.എന്‍.വി. അസോസിയേറ്റ്സിന്റെ ബാനറില്‍ പി.എന്‍. വേണുഗോപാല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ലാലിനോടൊപ്പം മല്ലിക, ശ്വേത മേനോന്‍, ആസിഫ് അലി, ഭാവന തുടങ്ങിയവരും പ്രസക്തമായ വേഷങ്ങളിലെത്തുന്നു. പുതുമയുള്ളൊരു പ്രമേയം സിനിമയ്‍ക്കായി കണ്ടെത്തുവാന്‍ ജെയമോഹനും, അതൊരു നല്ല ചലച്ചിത്രമായി അവതരിപ്പിക്കുവാന്‍ മധുപാലിനും 'ഒഴിമുറി'യില്‍ സാധിച്ചു. അതിനാല്‍ തന്നെ ഒഴിവാക്കുവാനാവാത്ത ചിത്രങ്ങളിലൊന്നായി ഇതിനേയും ചേര്‍ക്കാം, നിങ്ങളൊരു സിനിമാപ്രേമിയെങ്കില്‍ പ്രത്യേകിച്ചും!

ആകെത്തുക : 7.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 6.50 / 10
: 7.00 / 10
: 7.50 / 10
: 7.00 / 10
: NA
വിവാഹമോചന ഉടമ്പടിയ്‍ക്ക് കോടതിയിലെ തമിഴ് വ്യവഹാരഭാഷയില്‍ പറയുന്നതാണ്‌ 'ഒഴിമുറി'യെന്ന്. ഒഴുമുറിക്കായി അപേക്ഷിക്കുന്ന വൃദ്ധദമ്പതികള്‍, അവരുടെ മകന്‍; ഇവരുടെ ഓര്‍മ്മകളും അതില്‍ നിന്നും ഇന്നത്തെ യാഥാര്‍ത്ഥ്യത്തിലേക്കുള്ള അവരുടെ മടക്കവുമൊക്കെയാണ്‌ ഈ സിനിമയെന്നു പറയാം. ആസിഫ് അലിയുടേയും ഭാവനയുടേയും കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളാലാണ്‌ ആദ്യഭാഗം നിറയുന്നത്. ഇടയ്‍ക്കിടെ ചില രംഗങ്ങളും വരുന്നെങ്കിലും, അവയില്‍ പലതും അത്രകണ്ട് ഫലപ്രദമായെന്ന തോന്നലില്ല. പല വേഷങ്ങളില്‍ പലയിടത്തിരുന്നും നിന്നും നടന്നുമൊക്കെ ഇരുവരും സംസാരിക്കുന്നതിലും മികച്ച ഒരു അവതരണം ആ ഭാഗങ്ങളെ കൂടുതല്‍ പ്രസക്തമാക്കുമായിരുന്നു. ഇടവേളയ്‍ക്ക് ശേഷമാണ്‌ സിനിമയ്‍ക്കൊരു ദിശാബോധം വരുന്നത്. മീനാക്ഷി എന്ന കഥാപാത്രത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച്, കഥാപാത്രങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവിതത്തിലെ പല സമസ്യകളും മികവോടെ അവതരിപ്പിക്കുവാനും തുടര്‍ന്നുള്ള ഭാഗങ്ങളില്‍ രചയിതാവിനായി. ഇതോടൊപ്പം കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലും കൂടാതെ കഥാഘടനയിലും കാലഭേദങ്ങളേയും കഥ നടക്കുന്ന തമിഴ്-കേരള അതിര്‍ത്തിപ്രദേശത്തെയും പ്രതിഫലിപ്പിക്കുവാനായി എന്നതും രചനയില്‍ എടുത്തു പറയാവുന്നതാണ്.

Cast & Crew
Ozhimuri

Directed by
Madhupal

Produced by
P.N. Venugopal

Story, Screenplay, Dialogues by
Jeyamohan

Starring
Lal, Mallika, Shweta Menon, Asif Ali, Bhavana, Nandu, Jagadish, Kochu Preman etc.

Cinematography (Camera) by
N. Alagappan

Editing by
V. Saajan

Production Design (Art) by
Cyril Kuruvila

Music by
Bijibal

Sound Design by
Vinod P. Sivaram

Lyrics by
Jeyamohan, Vayalar Sarathchandra Varma

Make-Up by
Ranjith Ambady

Costumes by
S.B. Satheesan

Stills by
Ramdas Mathoor

Designs by
Jissen Paul

Banner
PNV Associates

Release Date
2012 Sep 07

Snippet Review

Jeyamohan succeeds to come up with a unique plot and Madhupal makes it an interesting film to watch. 'Ozhimuri' is something which should not be missed, especially if you are a serious film lover.

താണു പിള്ള എന്ന കഥാപാത്രമായി ലാല്‍, താണുപിള്ളയുടെ ഭാര്യ മീനാക്ഷിയായി മല്ലിക - ഇവരിരുവരുമാണ്‌ ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ഇരുവരുടേയും അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളായി താണുപിള്ളയേയും മീനാക്ഷിയേയും കണക്കാക്കാം. നന്ദുവിന്റെ വേലക്കാരന്‍ വേഷമാണ്‌ മികവുപുലര്‍ത്തിയ മറ്റൊരു കഥാപാത്രം. കാളി പിള്ളയെ മികവോടെ അവതരിപ്പിക്കുവാന്‍ ശ്വേത മേനോന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു പൂര്‍ണതയിലേക്ക് എത്തിയില്ലെന്നു തോന്നി. ആസിഫ് അലി, ഭാവന - ഇരുവരുടേയും പ്രകടനത്തിന്‌ ശരാശരിയിലും മികവ് പറയുവാനില്ല. ജഗദീഷ്, കൊച്ചു പ്രേമന്‍, മറ്റു ചുരുക്കം ചിലര്‍ - ഇങ്ങിനെ ആവശ്യത്തിനു മാത്രം അഭിനേതാക്കളെ മാത്രമേ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളൂ.

പഴയ തിരുവിതാം‍കൂര്‍ രാജ്യത്തിന്റെയും ഇപ്പോള്‍ തമിഴ്‍നാടിന്റെയും ഭാഗമായ അതിര്‍ത്തിപ്രദേശം. പ്രസ്‍തുത ദേശത്തെ രണ്ട് കാലഘട്ടങ്ങളെ സിനിമ പ്രതിനിധീകരിക്കുന്നുവെന്ന് മുകളില്‍ പറഞ്ഞു. ഇവയെ സാധൂകരിക്കുന്ന തരത്തില്‍ രംഗപശ്ചാത്തലമൊരുക്കുവാന്‍ സിറില്‍ കുരുവിളയ്‍ക്കും ചമയത്തിലും വസ്‍ത്രാലങ്കാരത്തിലും പ്രവര്‍ത്തിച്ച രഞ്ജിത്ത് അമ്പാടി, എസ്.ബി. സതീശന്‍ എന്നിവര്‍ക്കും സാധിച്ചു. കാളി പിള്ളയുടെ വാര്‍ദ്ധക്യത്തിലെ മേക്കപ്പു മാത്രം അല്‍പം ഏച്ചുകെട്ടലായി അനുഭവപ്പെട്ടു. കോടതി മുറിയും അവിടുത്തെ വ്യവഹാരവുമൊക്കെ ഇത്രയെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെ ചിത്രീകരിച്ചിട്ടുള്ളത് ഒരുപക്ഷെ മലയാളസിനിമയില്‍ ആദ്യമാവും. രംഗങ്ങളെ വളരെ നല്ല രീതിയില്‍ പിന്തുണച്ചു കൊണ്ട് ബിജിബാലിന്റെ പശ്ചാത്തലസംഗീതം ചിത്രത്തോട് ചേര്‍ന്നു പോവുന്നു. ഒരു പക്ഷെ, അഴകപ്പന്റെ ഇതുവരെയുള്ള ചിത്രങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ ഇതിലെ ഛായാഗ്രാഹണം പ്രതീക്ഷയ്‍ക്കൊത്ത് ഉയര്‍ന്നില്ലെന്നു പറയേണ്ടിവരും. ചിത്രസന്നിവേശം നിര്‍വ്വഹിച്ച വി. സാജനും സിനിമയുടെ ദൃശ്യാനുഭവത്തെ അത്രകണ്ട് പോലിപ്പിക്കുവാനായില്ലെന്നും പറയാം. "വാക്കിനുള്ളിലെ വിങ്ങും മൗനമേ..." എന്നു തുടങ്ങുന്ന ഒരു ഗാനം തയ്യാറാക്കിയിരുന്നെങ്കിലും അത് ചിത്രത്തില്‍ കണ്ടില്ല.* വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതി ബിജിബാല്‍ ഈണമിട്ടിരിക്കുന്ന ഈ ഗാനം സൗമ്യയും യാസിന്‍ നിസാറും ചേര്‍ന്ന് പാടിയിരിക്കുന്നു. ജെയമോഹനെഴുതിയ ഒരു തമിഴ് ഗാനം ടൈറ്റിലിലും ഉപയോഗിച്ചിട്ടുണ്ട്.

ഒരു സംവിധായകന്റെ സിനിമ എന്നു തന്നെ 'ഒഴിമുറി'യെ വിശേഷിപ്പിക്കാം. നായകന്‍, നായിക എന്നിങ്ങനെ എടുത്തു പറയാവുന്ന രണ്ട് കഥാപാത്രങ്ങളില്‍ കിടന്നു കറങ്ങുന്നില്ല ഈ സിനിമ. അഭിനേതാക്കളേക്കാള്‍ കഥാപാത്രങ്ങള്‍ക്കാണ്‌ സംവിധായകന്‍ സിനിമയില്‍ പ്രഥമ പരിഗണന നല്‍കിയിരിക്കുന്നതും. ഓരോ കഥാപാത്രത്തിനും ഇണങ്ങുന്ന അഭിനേതാക്കളെ നിശ്ചയിക്കുവാനായതും അവരില്‍ നിന്നും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുവാനായതും മധുപാലിലെ സംവിധായകന്റെ വിജയമെന്നു കാണാം. സിനിമയെ കൂടുതല്‍ ആസ്വാദ്യകരമാക്കി വിനോദ മൂല്യം ഉയര്‍ത്തുവാനുള്ള ശ്രമങ്ങളൊന്നും 'ഒഴിമുറി'യില്‍ നടത്തിയിട്ടില്ല എന്നതും അഭിനന്ദനീയം. പാട്ടുകള്‍ക്കായുള്ള പാട്ടുകളോ, തമാശയ്ക്കായുള്ള തമാശകളോ ചിത്രത്തിലില്ല. ഇതൊക്കെ കാരണമായി, ലാഘവബുദ്ധിയോടെ സിനിമ കാണുവാനെത്തുന്നവര്‍ക്ക് ഒരുപക്ഷെ സിനിമ തൃപ്തികരമായി തോന്നണമെന്നില്ല എന്നതാണ്‌ ഇതിന്റെ മറുവശം. നല്ല സിനിമകളെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം കാര്യമായ ചിന്തകള്‍ക്ക് വഴിമരുന്നിടുവാനുള്ള എന്തെങ്കിലുമൊക്കെ 'ഒഴിമുറി'യില്‍ കണ്ടെത്തുവാനുമാകും. അത്തരക്കാരെങ്കിലും നിറവുള്ള ഈ സിനിമയെ ഒഴിവാക്കരുത് എന്നേ അവസാനമായി പറയുവാനുള്ളൂ.

* ഇന്നത്തെ ചിന്താവിഷയം: സിനിമയില്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ആ ഗാനങ്ങള്‍ പിന്നെ എഴുതിച്ച്, ഈണമിട്ട്, പാടിച്ച്, ചിത്രീകരിക്കേണ്ടതുണ്ടോ? ചോദ്യം എന്റേതല്ല, ഒരു ഗായകന്റേതാണ്. (അദ്ദേഹം പാടുന്നവരുടെ കാര്യം മാത്രമേ ചോദിച്ചുള്ളൂ എന്നു മാത്രം) അദ്ദേഹത്തിന്റെ പക്ഷത്തു നിന്നു നോക്കുമ്പോള്‍ ഇതിലൊരു നീതികേടുണ്ട്. പക്ഷെ, സിനിമയ്‍ക്ക് ആവശ്യമുള്ളത് മാത്രം സിനിമയില്‍ നിലനിര്‍ത്തുവാനും മറ്റുള്ളവ ഒഴിവാക്കുവാനുമില്ലേ സ്വാതന്ത്ര്യം?

18 comments :

  1. ലാലിനെ കേന്ദ്രകഥാപാത്രമാക്കുന്ന മറ്റൊരു മധുപാല്‍ ചിത്രം, 'ഒഴിമുറി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    Haree
    ‏@newnHaree
    #Ozhimuri: Jeyamohan succeeds to come up with a unique plot and Madhupal makes it an interesting film to watch. #Chithravishesham
    7:10 PM - 7 Sep 12
    --

    ReplyDelete
  2. I don't want to miss this movie in theaters.

    ReplyDelete
  3. in one word it's a DIRECTOR'S movie...
    madhupal orupaad valarnnirikunnu nalla ulkaazchayulla cinema...cinemaye snehikunnavar ee ozhimuriye ozhivakathirikuka...!!

    ReplyDelete
  4. ചില വിയോജിപ്പുകളുണ്ട് :)
    തിരക്കഥയുടെ മികവ്, മൊത്തത്തിലുള്ള കാസ്റ്റിംഗ്, അഭിനേതാക്കളുടെ പ്രകടനം (ശരാശരി മാത്രമായ ആസിഫിനെയും ഭാവനയേയും അല്ല ഉദ്ദേശിച്ചത്) ഒക്കെ സമ്മതിക്കുന്നു. കുറച്ചൊക്കെ പാളിച്ചകൾ തോന്നിയത് സംവിധാനത്തിൽ മാത്രമാണ്. ശരത്തും വക്കീലും തമ്മിലുള്ള റിലേഷന്റെ ബിൽഡ് അപ്പ് അത്ര നന്നായില്ല. പിന്നെ പല സ്ഥലങ്ങളിലും ബേസിക് കണ്ടിന്യുയിറ്റിയിൽ ചില പ്രശ്നങ്ങൾ കാണാം (കഥയുടെ ഫ്ലോ അല്ല ഉദ്ദേശിച്ചത്. സീനിൽ ഷോട്ടുകളുടെ വിന്യാസത്തിലുള്ള പ്രശ്നങ്ങളാണ് ഉദ്ദേശിച്ചത്).

    ഭാര്യ അടിമയല്ല എന്നു പറയുകയും വ്യക്തിത്വമുള്ളൊരു സ്ത്രീയെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നതിലൂടെ ഈ സിനിമ സ്ത്രീപക്ഷത്തു നിൽക്കുന്നു എന്ന് പറയാം.

    പിന്നെ എഴുത്തുകാരന്റെ പേര് മലയാളത്തിലെഴുതുമ്പോൾ ജെയമോഹൻ എന്നല്ല ജയമോഹൻ എന്നാണ്. മലയാളം പുസ്തകത്തിലും ഭാഷാപോഷിണിയിലുമൊക്കെ അദ്ദേഹത്തിന്റെ പേര് അങ്ങനെയാണ് കൊടുത്തിരിക്കുന്നത്.

    ReplyDelete
  5. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

    ഷോട്ടുകളുടെ ഫ്ലോയിലെ കുറവ് ചിത്രസന്നിവേശകന്റെ കുടി ഉത്തരവാദിത്തമായി കാണുന്നു. അതിനാല്‍ സാങ്കേതികത്തെ കുറിച്ച് പറയുന്നിടത്ത് അത് സൂചിപ്പിച്ചത്. അവരിരുവരുടേയും സംഭാഷണങ്ങള്‍ മാത്രമാവുന്ന ആദ്യപാതിയുടെ പ്രശ്നവും പറഞ്ഞുവല്ലോ? മറ്റൊരു അവതരണരീതി ആ ഭാഗങ്ങളില്‍ വേണ്ടിയിരുന്നു എന്നതിനോട് യോജിക്കുന്നു - അത് രചനയില്‍ തന്നെ വരേണ്ടിയിരുന്നു എന്നും കരുതുന്നു. സംവിധായകനും ഈ കുറവുകളില്‍ ഉത്തരവാദിത്തമുണ്ട് എന്നതും നിഷേധിക്കുന്നില്ല.

    എങ്കില്‍ പിന്നെ അദ്ദേഹത്തിന്‌ Jayamohan എന്നു തന്നെ ഇംഗ്ലീഷില്‍ എഴുതിയാല്‍ പോരായിരുന്നോ! :)
    --

    ReplyDelete
  6. നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ ഈ ചിത്രം ഒഴിവാക്കരുത്‌....

    ReplyDelete
  7. മലയാളിക്ക് ഓര്‍മിക്കാന്‍ ഒരുപിടി നല്ല ചിത്രങ്ങളുണ്ട് ഏതെന്നു ചോദിച്ചാല്‍ എല്ലാവരും പറയും പദ്മരാജന്റെ സിനിമ , ഭരതന്റെ സിനിമ എന്നൊക്കെ അതെല്ലാം വളരെ നല്ല സിനിമകള്‍ തന്നെ പക്ഷെ എന്തുകൊണ്ട് ഈ കാലഘട്ടത്തില്‍ ഒരു നല്ല സിനിമ ജനികുന്നില്ല എന്നതിനുള്ള പൂര്‍ണ മറുപടിയാണ് മധുപാലിന്റെ 'ഒഴിമുറി"...
    ബന്ധങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പികാത്ത അശ്ലീല സംഭാഷണങ്ങളും , ചളിച്ച കോമെടിയും തിക്കി നിറച്ചു ന്യൂ ജനറേഷന്‍ എന്നൊരു ലാബിലും ഒട്ടിച്ചു വിടുന്ന പല സിനിമകള്‍ക്കും നേരയുള്ള ഒരു ചോദ്യ ചിഹ്നം തന്നെയാണ് ഒഴിമുറി എന്ന് തീര്‍ത്തു പറയാം...കാരണം , ഈ സിനിമയില്‍ അച്ഛന്‍ ഉണ്ട് അമ്മയുണ്ട് , മകനുണ്ട് ,മകളുണ്ട്..അങ്ങിനെ നിത്യ ജീവിതത്തില്‍ നമ്മള്‍ സ്നേഹിക്കുന്ന എല്ലാവരുമുണ്ട്, അതിലുപരി ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ വില ഒട്ടും നിറം മങ്ങാതെ വരച്ചു കാണിക്കാന്‍ മധുപാലിനു കഴിനിരികുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രത്യകത...
    കഥ പറയുന്ന കാലം പഴയതാണെങ്കിലും , കേരളത്തില്‍ ഹര്‍ത്താല്‍ പോലെ നടക്കുന്ന മറ്റൊരു ഉത്സവമാണല്ലോ ഇന്ന് divorce .. അതിന്റെ കാര്യകാരണന്‍ങ്ങളിലേക്ക് വ്യക്തമായ ദിശബോതത്തോട് കൂടെ സമീപിക്കാന്‍ ഈ ചിത്രത്തിന് കഴിനിട്ടുണ്ട്...ചിത്രത്തിനെ ക്ലൈമാക്സില്‍ തിരകഥകൃത്ത് ചിന്തികുന്നതുപോലെ എല്ലാവര്‍ക്കും ചിന്തിക്കാന്‍ കഴിനിരുന്നുവെങ്കില്‍ എന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നു...
    നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഒട്ടും സമയം കളയാതെ ഈ സിനിമ കാണുക, നിങ്ങള്‍ക്കിതിലെ കാഴ്ചകളും, ആശയവും തീര്‍ത്തും പുതിയൊരു അനുഭവമായിരിക്കും...!!

    ReplyDelete
  8. താനൊരു മികച്ച സംവിധായകനാനെന്നു ആദ്യചിത്രത്തിലൂടെ തന്നെ മധുപാല്‍ തെളിയിച്ചതാണ്. ആ പ്രതീക്ഷ ഒഴിമുറിയും തെറ്റിക്കുന്നില്ല.

    ReplyDelete
  9. This is the best of Malayalam. Unlike the so called new generation movies, in which there is no 'Malayalam' or Keralan symbols, Ozhimuri is a real genuine Malayalam movie just like Azhagar Saamiyin Kudhirai or Vaagai Sooda Vaa etc are as much Tamilian for Tamil cinema. Brilliant movie.

    Such a pity that your rating for this movie is even lower than that of Thattathin marayathu, Pranayam etc. Probably because you care more for such movies, anyways its your taste.

    However, I cant help point out that your rating for cinematography is quite strange. The best cinematography occurs when a viewer doesnt even realise the prsence of the camera man and this movie's camera work is excellent. Right there for the mood of the film.

    ReplyDelete
  10. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

    As I used to say, there is no point in comparing the rating of a movie with other movies, especially movies in other genre. Regarding cinematogrphy, I do not think this is the best from Alagappan. Also, I do felt the presence of camera-man many times in the film. Even worse, many times I felt the characters are talking to the camera man! (Anyway, viewers do not feeling the presence of camera man is only one aspect. It alone may not make the cinematography appreciable.)
    --

    ReplyDelete
  11. good film, of course.. a retrieval of malayali (may b nair) feminine pride in one of the most cinematic versions in our screen

    ReplyDelete
  12. നാളെ രഞ്ജിത്ത് ശങ്കറിന്റെ "മോളി ആന്റി റോക്സ്" എന്നാ പടം ഇറങ്ങുന്നു. പ്രിത്വി & രേവതി ലീഡ് റോളുകളില്‍. പേര് പോലെ ഇത് female oriented movie ആയിരിയ്ക്കും എന്നാണു തോന്നുന്നത്. നന്ദനത്തിലെ പോലെ തന്നെ രാജപ്പന് പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാന്‍ ഉണ്ടാവില്ല.

    ReplyDelete
  13. ആദ്യപകുതിയിൽ ഏറെ ക്രൂരതകൾ കാണിക്കുന്ന കഥാപാത്രത്തിന്റെ ചെയ്തികൾക്കുള്ള കാരണങ്ങൾ കുറേ കാണിച്ച് ഒന്ന് വെളുപ്പിച്ചെടുത്തുവോ? അടിമുടി സ്ത്രീവിരുദ്ധനായ നായകനെ ന്യായീകരിക്കുന്നു എന്നൊരു തോന്നലാണ് സിനിമ കണ്ടപ്പോഴുണ്ടായത്. മകനും ആ ലൈനിൽ തന്നെ എന്നുകൂടി സ്ഥാപിക്കുന്നുമുണ്ട്.
    പിന്നെ, തന്റെ അടിമത്തം നായിക തിരിച്ചറിയുന്നത് ഹൃദയാഘാതം വന്ന് കിടക്കുന്ന നായകന്റെ കുനിഷ്ഠ് ചോദ്യം കേട്ടപ്പോഴാണോ?

    ReplyDelete
  14. I like to advertise to your blog
    but contact form not work

    ReplyDelete
  15. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

    കഥാപാത്രത്തിന്റെ ക്രൂരതയുടെ കാരണങ്ങള്‍ അക്കമിട്ട് നികത്തിയൊരു വെള്ളപൂശലില്‍ ചെറിയൊരു കല്ലുകടി തോന്നാതിരുന്നില്ല. പക്ഷെ, കഥയ്‍ക്ക് അതൊരു ആവശ്യമാണല്ലോ - ഇങ്ങിനെയൊക്കെയായിട്ടും മീനാക്ഷിക്ക് ഒഴിമുറി വേണം. അതാണവിടുത്തെ പോയിന്റ്. (ലൈബ്രറിയില്‍ വെച്ച് പേന തെളിയാതെ വല്ലാതെ ചൂടായി കുടയെടുത്ത് ഭാവനയുടെ കഥാപാത്രത്തെ അടിച്ചതിന്‌ ഒരു ന്യായീകരണം പറഞ്ഞു കണ്ടില്ല. പുറത്ത് മാന്യനായ അയാളെന്തിന്‌ അവിടെ അത്രയും നിലവിട്ടു പെരുമാറി - എന്തായിരുന്നു വളരെ അത്യാവശ്യമായി എഴുതിയ ആ കത്ത്?) എന്തുകൊണ്ട് അയാള്‍ ഇങ്ങിനെയൊരു സ്‍ത്രീവിരുദ്ധനായി എന്നാണ്‌ സിനിമ പറയുന്നത്. മകനോട് ഒടുവില്‍ പറയുന്നത് അങ്ങിനെയാവരുത് എന്നുമാണല്ലോ?
    --

    ReplyDelete
  16. @THEMUSICPLUS,
    Thank you for showing interest. The feedback form is suspended for the time being. Please mail to [newnmedia-at-gmail.com].

    ReplyDelete
  17. ‘ഒഴിമുറി’യെപ്പറ്റി ഒരുപാട് നല്ല അഭിപ്രായങ്ങൾ കേട്ടെങ്കിലും സിഡി ഇറങ്ങിയപ്പോളാണ് കാണാനാ‍യത്.ഏതെങ്കിലും സിനിമ കണ്ടുകഴിഞ്ഞാൽ ഇവിടെവന്ന് ഹരിയുടെ റിവ്യൂ വായിക്കുക ഒരു ശീലമാണ്

    ഒരു മേൽക്കൂരയ്ക്ക് കീഴെ ഒരുമിച്ച് സഹകരിച്ച് ജിവിക്കാൻ വിധിക്കപ്പെടുമ്പോഴും ജന്മനാ വിരുദ്ധധ്രൂവങ്ങളിൽ നിൽക്കുന്ന സ്ത്രീയും പുരുഷനും തമ്മിലുള്ള ബലാബല പരിക്ഷണം,അബോധത്തിലെങ്കിലും എല്ലാക്കാലത്തും നിലനിൽക്കുന്ന ഒന്നാണ്.
    (The war of sexes: How conflict and cooperation have shaped men and women from prehistory to the present-Paul Seabright)
    ഈയൊരു പ്രതിഭാസം ഒരു സമൂഹത്തിന്റെ മനശ്ശാസ്ത്ര-സാ‍മൂഹ്യ-സാമ്പത്തിക തലങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കാൻ, കേരളചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ മരുമക്കത്തായക്രമത്തിൽ നിന്ന് മക്കത്തായക്രമത്തിലേക്കുണ്ടായ ചുവടുമാറ്റം പോലെയൊരു പശ്ചാതലം ഉപയോഗപ്പെടുത്തിയെന്നതാണ് മധുപാലിന്റെ മിടുക്ക്.പുരുഷവീക്ഷണത്തിന്റെ പരിമിതികൊണ്ടാകും ഒരുപാടിടങ്ങളിൽ,നമ്മൾ പല സിനിമകളിലും കണ്ടു പരിചയിച്ച സ്ത്രീവിരുദ്ധ ക്ലിഷേകൾ ‘ഒഴിമുറി’യേയും ഒഴിവാക്കിയിട്ടില്ല.എങ്കിൽ‌പ്പോലും സിനിമയുടെ അവസാനഭാഗങ്ങൾ ഒട്ടുമേ ശങ്കയില്ലാതെ സ്ത്രീപക്ഷത്തേക്ക് ചായുന്നുണ്ട്.
    അടിമത്തം മാത്രം സമ്മാനിച്ച ഭാര്യാപദവിയിൽ നിന്ന് മോചനം നേടിക്കൊണ്ടുതന്നെ മനുഷ്യത്വവും സ്നേഹവും നഷ്ടപ്പെടാതെ കാക്കാനാകുമെന്ന് സ്ഥാപിച്ച് തലയുയർത്തിപ്പിടിക്കുന്ന നായികയുടെ നട്ടെല്ലിന്റെ ബലം എഴുപതുകൾക്കിപ്പുറം മലയാളസിനിമയ്ക്ക് നഷ്ടപ്പെട്ടുപോയിരുന്നത് പുനസ്ഥാപിക്കലും കൂടിയായി ‘ഒഴിമുറി’

    ReplyDelete