ജവാന്‍ ഓഫ് വെള്ളിമല (Review: Jawan of Vellimala)

Published on: 10/20/2012 10:16:00 AM

ജവാന്‍ ഓഫ് വെള്ളിമല: മലപോലെ വന്നതെലി പോലെ പോയി!

ഹരീ, ചിത്രവിശേഷം

Jawan of Vellimala: Chithravishesham Rating [5.50/10]
'ക്ലാസ്‍മേറ്റ്സി'ലൂടെ ലഭിച്ച മികച്ച തുടക്കമാണ്‌ ജയിംസ് ആല്‍ബര്‍ട്ടെന്ന രചയിതാവിനെ മലയാളസിനിമയില്‍ ഇന്നും അടയാളപ്പെടുത്തുന്നത്. ആദ്യ ചിത്രത്തില്‍ നിന്നും 'വെനീസിലെ വ്യാപാരി'വരെയെത്തി നില്‍ക്കുന്ന സിനിമകളില്‍ രചയിതാവെന്ന നിലയില്‍ ജയിംസ് അല്‍ബര്‍ട്ടിന്റെ ഗ്രാഫ് താഴേക്കാണ്‌. വ്യാപാരിക്കു ശേഷം മമ്മൂട്ടി നായകനാവുന്ന മറ്റൊരു ചിത്രത്തിനു വേണ്ടി ജയിംസ് രചന നിര്‍വ്വഹിക്കുകയാണ്‌ 'ജവാന്‍ ഓഫ് വെള്ളിമല'യില്‍. ലാല്‍ ജോസിനോടൊപ്പം പ്രവര്‍ത്തിച്ചു നേടിയ അനുഭവസമ്പത്ത് കൈമുതലാക്കി അനൂപ് കണ്ണന്‍ സ്വതന്ത്രമായി സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രമാണിത്. പ്ലേഹൗസ് മോഷന്‍ പിക്‍ചേഴ്‍സിന്റെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വെള്ളിമലയിലെ ഡാം സൂക്ഷിപ്പുകാരനായ മുന്‍ സൈനികന്റെ കഥയിലൂടെ ആനുകാലിക പ്രസക്തിയുള്ള ചില വിഷയങ്ങള്‍ അവതരിപ്പിക്കുവാനാണ്‌ ചിത്രത്തില്‍ രചയിതാവും സംവിധായകനും ശ്രമിച്ചിരിക്കുന്നത്. ഉദ്ദേശമൊക്കെ നല്ലതു തന്നെ, പക്ഷെ വെള്ളിമലയ്‍ക്കപ്പുറം പ്രധാന വിഷയങ്ങളിലേക്ക് കടക്കുന്നതോടെ ചിത്രം ഇരുവരുടേയും കൈവിട്ടു പോവുന്ന അവസ്ഥയാണ്‌. ചില നല്ല കാഴ്ചകളും ഇടയ്‍ക്കു വരുന്ന ചില നര്‍മ്മ രംഗങ്ങളും ഒടുവില്‍ വരുന്ന ചില ചില്ലറ അനിശ്ചിതത്വങ്ങളും ഒക്കെ കൂടി നല്‍കുന്ന ഒരു ആനച്ചന്തം ചിത്രത്തെ കണ്ടിരിക്കുവാന്‍ പ്രാപ്തമാക്കുന്നെന്നു മാത്രം.

ആകെത്തുക : 5.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 5.00 / 10
: 7.00 / 10
: 4.00 / 05
: 2.00 / 05
രാത്രികാലങ്ങളില്‍, ഇല്ലാത്ത പ്രേതരൂപങ്ങളെ കണ്ട് പേടിക്കുന്ന ഒരു ജവാന്‍; അയാള്‍ ചെന്നു പെടുന്ന കുഴപ്പങ്ങളും അയാളുടെ പോരാട്ടങ്ങളും - ഇതാണ്‌ ചുരുക്കത്തില്‍ ഈ ചിത്രം. ഒരു ഫാന്റസി ചിത്രമെന്ന തോന്നലുളവാക്കി, ജവാന്റെ പേടി നര്‍മ്മത്തിനുള്ള വകയാക്കി, ഒരല്‍പം ഉദ്വേഗവും നിറച്ചാണ്‌ ചിത്രത്തിന്റെ ആദ്യഭാഗം പുരോഗമിക്കുന്നത്. പക്ഷെ, ഇതൊക്കെ പാതിവഴിയില്‍ ഉപേക്ഷിച്ച് മറ്റൊരു രീതിയിലാണ്‌ ഇടവേളക്കു ശേഷം ചിത്രം നീങ്ങുന്നത്. അങ്ങിനെ വരുമ്പോള്‍ ഇടവേളവരെ കാണിച്ചു കൊണ്ടിരുന്ന പ്രേതങ്ങളും ജവാന്റെ പേടിയുമെല്ലാം (ജവാനും പ്രേതങ്ങളും ചേര്‍ന്നൊരു പാട്ടു രംഗം തന്നെയുണ്ട് ചിത്രത്തില്‍ എന്നുമോര്‍ക്കുക!) മേമ്പൊടിക്ക് ചേര്‍ത്തിരിക്കുന്നു എന്നല്ലാതെ, യഥാര്‍ത്ഥത്തില്‍ രചയിതാവും സംവിധായകനും പറയുവാനുദ്ദേശിച്ച കഥയിലെ അനിവാര്യ ഘടകങ്ങളല്ലാതെ വരുന്നു. ജവാന്‍ കാണുന്ന പ്രേതങ്ങള്‍ക്ക് യുക്തിസഹമായൊരു വിശദീകരണത്തിനൊന്നും (ചാള്‍സ് ബോണറ്റ് സിന്‍ഡ്രോം എന്ന അസുഖബാധിതനാണ്‌ നമ്മുടെ ജവാന്‍) നില്‍ക്കാതെ അയാളുടെ വിഭ്രമങ്ങള്‍ സിനിമ പറയുന്ന പ്രധാന വിഷയത്തിലേക്ക് എത്തുന്ന രീതിയിലോ മറ്റോ ആയിരുന്നെങ്കില്‍ ഇതിലും ഭേദപ്പെട്ടൊരു ചിത്രമായി 'ജവാന്‍ ഓഫ് വെള്ളിമല' മാറുമായിരുന്നു.

Cast & Crew
Jawan of Vellimala

Directed by
Anoop Kannan

Produced by
Mammootty (Playhouse)

Story, Screenplay, Dialogues by
James Albert

Starring
Mammootty, Sreenivasan, Mamta Mohandas, Asif Ali, Baburaj, Leona, Ranjith, Saadiq, Joju George, Sunil Sukhadha, Kottayam Nazeer, Niyas Backer etc.

Cinematography (Camera) by
Satheesh Kurup

Editing by
Manoj

Production Design (Art) by
Prasanth Madhav

Music by
Bijibal

Sound Design by
Ranganath Ravi

Lyrics by
Anil Panachooran, Venugopal, Santhosh Varma

Make-Up by
Ronex

Costumes by
Sameera Saneesh

Action (Stunts / Thrills) by
Mafia Sasi

Stills by
Hasif

Designs by
Old Monks

Banner
Playhouse Motion Picture Pvt. Ltd.

Release Date
2012 Oct 19

Snippet Review

'Jawan of Vellimala' goes beyond the borders of Vellimala but fails to do something impressive. One may watch it for the visuals, some comedy scenes in the first half and for a bit of suspense towards the end.

മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയൊന്നുമല്ല സിനിമയിലെ ജവാന്‍ ഗോപീകൃഷ്ണന്‍ എന്നിരിക്കിലും, സൂപ്പര്‍ സ്റ്റാര്‍ ഇമേജിന്റെ നിഴലിലല്ലാതെ അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കണ്ടതില്‍ സന്തോഷമുണ്ട്. ശ്രീനിവാസന്റെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേഷം സ്ഥിരം മാതൃകയില്‍ തന്നെയെങ്കിലും കുറിക്കു കൊള്ളുന്ന ചില സംഭാഷണങ്ങളിലൂടെ ആ കഥാപാത്രം ശ്രദ്ധ നേടുന്നു. ബാബുരാജിന്റെ ചീഫ് എഞ്ചിനീയര്‍, സുനില്‍ സുഖദയുടെ പഞ്ചായത്ത് പ്രസിഡന്റ് - ഇവരിരുവരുമാണ്‌ ചിത്രത്തില്‍ നര്‍മ്മം നിറയ്‍ക്കുന്നത്. വളരെ തന്മയത്വത്തോടെ തന്നെ ഇവരിരുവരും തന്താങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിച്ചു. മമ്മൂട്ടിയും ശ്രീനിവാസനും കഴിഞ്ഞാല്‍, പ്രാധാന്യത്തോടെ ചിത്രത്തില്‍ ഇടം നേടുന്ന ആസിഫ് അലിയുടേയും ലിയോണയുടേയും പ്രകടനം നിരാശപ്പെടുത്തി. കഥാപാത്രം എന്തുമായിക്കൊള്ളട്ടെ, ആസിഫ് അലി അവതരിപ്പിച്ചു വരുമ്പോള്‍ അവയ്‍ക്കൊരേ രൂപം, ഒരേ ഭാവം! സംഭാഷണങ്ങള്‍ പഠിച്ചു പറയുന്നു എന്നല്ലാതെ മറ്റൊന്നും ലിയോണയും ചിത്രത്തില്‍ ചെയ്യുന്നില്ല. യാതൊരു സാധ്യതയുമില്ലാത്ത ഒരു കഥാപാത്രമായിപ്പോയി മംമ്തയ്‍ക്കായി സംവിധായകന്‍ നല്‍കിയത്. ലിയോണയ്‍ക്കു നല്‍കിയ വേഷം മം‍മ്ത ചെയ്യുകയായിരുന്നു ഇതിലും ഭേദം. സാദിഖ്, ജോജി, കോട്ടയം നസീര്‍, സംവിധായകന്‍ രഞ്ജിത്ത് - ഇവരൊക്കെയാണ്‌ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിനു നല്‍കുവാനായ ദൃശ്യഭംഗിയുടെ മികവിലാണ്‌ തിരക്കഥയിലെ കുറവുകള്‍ ഒരു പരിധിവരെ മറയ്‍ക്കുവാന്‍ സംവിധായകനു സാധിക്കുന്നത്. ബലൂണ്‍ ലൈറ്റിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചിത്രീകരിച്ച ഡാമിനു മുകളിലെ രാത്രികാല ദൃശ്യങ്ങളൊക്കെ പുതുമയുള്ള കാഴ്ചകളായി. സതീഷ് കുറുപ്പിന്റെ ക്യാമറ, മനോഹരമായ ഫ്രയിമുകളില്‍ ഈ ദൃശ്യങ്ങളത്രയും പകര്‍ത്തിയിട്ടുമുണ്ട്. ഇഫക്ടുകള്‍ വാരിക്കോരി ചേര്‍ക്കുവാന്‍ ഇടമുണ്ടെങ്കിലും അതിനു മുതിരാതെയുള്ള മനോജിന്റെ ചിത്രസന്നിവേശവും സിനിമയ്‍ക്കുതകുന്നു. അതേ സമയം; ഒടുവില്‍ വരുന്ന ചേസിംഗ് രംഗങ്ങളും സംഘട്ടനരംഗങ്ങളും കാര്യമായൊരു അനക്കവും ചിത്രത്തിനു നല്‍കിയില്ല എന്നത് സാങ്കേതികവിഭാഗത്തിന്റെ പരിമിതിയായും കാണാം. പ്രശാന്ത് മാധവന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ കഥാപരിസരങ്ങളും മികവു പുലര്‍ത്തുന്നു. അനില്‍ പനച്ചൂരാനെഴുതി ബിജിബാല്‍ ഈണമിട്ട "പൊരനിറഞ്ഞൊരു പാതിര..." ഒഴികെയുള്ള ഗാനങ്ങള്‍ (വേണുഗോപാല്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ രചനയില്‍) ചിത്രത്തിനു ബാധ്യതയാണ്‌. മാഫിയ ശശി ഓവറാക്കാതെ ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തു എന്നൊരാശ്വാസമുള്ളപ്പോഴും അവ കാര്യമായൊന്നും ത്രസിപ്പിക്കുന്നില്ല. പഴയ ജവാനായ നായകന്‍ നേരിട്ട് തല്ലു കൂടാന്‍ നില്‍ക്കാതെ, തന്റെ ഒപ്പം നില്‍ക്കുന്ന സാധാരണക്കാരെ ഉപയോഗിച്ചൊരു കമാന്‍ഡോ ഓപ്പറേഷന്‍ നടത്തുന്നതായോ മറ്റോ ക്ലൈമാക്സ് രംഗങ്ങള്‍ വിഭാവനം ചെയ്യാമായിരുന്നില്ലേ? ചോദ്യം, രചയിതാവിനോടും സംവിധായകനോടും കൂടിയാണ്.

നാടിനു വേണ്ടി പട്ടാളത്തില്‍ സേവനമനുഷ്ഠിച്ച്, പിന്നീട് പല കാരണങ്ങള്‍കൊണ്ടും അവിടെ തുടരുവാനാവാതെ തിരിച്ചെത്തുന്ന പട്ടാളക്കാര്‍ സ്വന്തം നാട്ടുകാരുടെ ഇടയില്‍ തന്നെ പരിഹാസ്യരാവുന്നത്; നാടിനെ മറന്ന് സ്വന്തം ലാഭങ്ങള്‍ക്കായി നിലകൊള്ളുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അതേ സമയം സമൂഹത്തില്‍ ആദരണീയരാവുന്നത് - ഈയൊരു വൈരുധ്യമാണ്‌ സിനിമയുടെ കാതല്‍. പൂര്‍ണമായും ഒരു ഫാന്റസി ചിത്രമായി തന്നെ ഈ ചിത്രമൊരുക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ കൂടുതല്‍ ആസ്വാദ്യകരമായി ഈ വിഷയത്തെ സിനിമയില്‍ അവതരിപ്പിക്കാമായിരുന്നു. സംവിധായകനെന്ന നിലയില്‍ അനൂപ് കണ്ണന്‍ പ്രതീക്ഷനല്‍കുന്നെങ്കിലും യുക്തിസഹമല്ലാത്ത പല കാര്യങ്ങളും ചിത്രത്തില്‍ കണ്ടെടുക്കാം (ഉദാ: മഴയത്ത് ഒരു ചുവരില്‍ എഴുതുന്ന വരികള്‍, അടുത്ത മഴയില്‍ ഒലിച്ചു പോവുന്നു!). ഒരു സിനിമ പുറത്തിറക്കുന്നു എന്നതിനപ്പുറം ഇത്തരം ചെറിയ കാര്യങ്ങള്‍ വരെ ശ്രദ്ധിച്ച് സിനിമയ്ക്കൊരു പൂര്‍ണത നല്‍കുന്നു എന്നതിലാണ്‌ ഒരു സംവിധായകന്‍ മിടുക്കു കാട്ടേണ്ടത്. അനൂപ് കണ്ണന്റെ 'ജവാന്‍ ഓഫ് വെള്ളിമല', ആ അര്‍ത്ഥത്തില്‍ പരാജയപ്പെടുന്നെങ്കിലും; സിനിമയുടെ കാലികപ്രസക്തിയും ഇടവേളവരെയെങ്കിലുമുള്ള വിനോദമൂല്യവും വെള്ളിമലയിലെ ജവാന് പാസ്‍മാര്‍ക്ക് നല്‍കുവാന്‍ ലേഖകനെ പ്രേരിപ്പിക്കുന്നു. കൂടുതല്‍ മികച്ച ചിത്രങ്ങളൊരുക്കുവാന്‍ അനൂപ് കണ്ണന്‌ ഭാവിയില്‍ സാധിക്കട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.

ഓഫ് ടോപ്പിക്ക്: മലയാള സിനിമയിലെ പ്രേതങ്ങള്‍ക്കിപ്പോഴും നിഴലുണ്ട്. എന്നാണോ നിഴലില്ലാത്ത പ്രേതങ്ങളെ മലയാളസിനിമയില്‍ കാണുവാന്‍ കിട്ടുക!

16 comments :

  1. അനൂപ് കണ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി, ആസിഫ് അലി, ശ്രീനിവാസന്‍, മം‍മ്ത എന്നിവര്‍ പ്രധാന വേഷങ്ങലിലെത്തുന്ന 'ജവാന്‍ ഓഫ് വെള്ളിമല'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    Haree
    ‏@newnHaree
    #JawanofVellimala: This jawan goes beyond Vellimala. An entertainer with some suspense till the end. #Chithravishesham
    10:13 PM - 19 Oct 12

    ReplyDelete
  2. ഈ റിവ്യൂവില് വിലയിരുത്തലുകളേക്കാള് കൂടുതല്‍ നിര്‍ദേശങ്ങളാണല്ലോ,,,(അങ്ങനെ ചെയ്തിരുന്നെകില്‍... ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്നൊക്കെ..)
    അത് ഒരു റിവ്യൂവിനു യോജിച്ചതാണോ?

    ReplyDelete
  3. മലപോലെ വന്നതെലി പോലെ പോയി! എന്നീടുമ് റേറ്റിംഗ് 5.50???

    ReplyDelete
  4. അല്ല ഹരീ, ഇപ്പറയുന്ന പ്രേതങ്ങള്‍ക്കൊന്നും നിഴലില്ലെന്ന് ഹരിയോടാരാ പറഞ്ഞത്? ഹരി പ്രേതങ്ങളെ കണ്ടിട്ടുണ്ടോ, നിഴലില്ലെന്നു തറപ്പിച്ചുപറയാന്‍? ഹല്ലപിന്നെ!

    ReplyDelete
  5. // മലയാള സിനിമയിലെ പ്രേതങ്ങള്‍ക്കിപ്പോഴും നിഴലുണ്ട്. എന്നാണോ നിഴലില്ലാത്ത പ്രേതങ്ങളെ മലയാളസിനിമയില്‍ കാണുവാന്‍ കിട്ടുക!//

    വർഷങ്ങൾക്ക് മുമ്പ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത പപ്പൻ പ്രിയപ്പെട്ട പപ്പൻ ഈയടുത്ത് ടീ.വി.യിൽ ഉണ്ടായിരുന്നു. അതിൽ ഒരു രംഗത്തിൽ പപ്പന്റെ ആത്മാവ് ലിസിയുടെ മുറിയിൽ നിൽക്കുന്നു. ലിസിയും റഹ്മാനും സീനിലുണ്ടെങ്കിലും മുറിയിലെ കണ്ണാടിയിൽ ലിസിയുടെ പ്രതിബിംബം മാത്രം! ഗ്രാഫിൿസ് ഒന്നും കാര്യമായി ഉപയോഗിക്കാതിരുന്ന ആ കാലത്തെ രംഗങ്ങളുടെ ഭംഗി പോലും ഇന്നത്തെ സിനിമയിൽ ഇല്ല എന്നത് അത്ഭുതം തന്നെ..

    ReplyDelete
  6. മലപോലെ വന്നതെലി പോലെ പോയി! എന്നിട്ടും റേറ്റിംഗ് 5.50???
    -----------
    അല്പം പ്രതീക്ഷയോടെയാണ് പോയത്.... തികച്ചും നിരാശരാക്കി മടക്കി അയച്ചു... ബോറടിക്കുക കൂടി ചെയ്തു...!!!!

    ReplyDelete
  7. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

    വിശേഷത്തില്‍ അത്രയധികം നിര്‍ദ്ദേശങ്ങളുണ്ടോ? ഒന്നു കൂടി വായിച്ചോളൂ... ഒരു കമാന്‍ഡോ ഓപ്പറേഷന്റെ നിര്‍ദ്ദേശവും പിന്നെ ഫാന്റസിയായി ചെയ്യാമായിരുന്നു എന്നൊരു തോന്നലുമാണ്‌ ആകെ പങ്കുവെച്ചത്. (ഫിലിം റിവ്യൂകളില്‍ നിര്‍ദ്ദേശങ്ങള്‍ വരുന്നതിലും തകരാറൊന്നുമില്ല. അതിനോട് വായനക്കാര്‍ക്ക് പ്രതികരിക്കുകയുമാവാം.)

    ഒരു നല്ല തുടക്കം ലഭിച്ചിട്ട് അത് കൊണ്ടുപോയി കളഞ്ഞു എന്നേ തലക്കെട്ട് കൊണ്ടുദ്ദേശിച്ചുള്ളൂ. ആ നല്ല തുടക്കത്തിന്റെ ബലത്തിലാണ്‌ ചിത്രം ഇത്രയും റേറ്റിംഗ് നേടിയത്. പ്രധാനമായും അഭിനയത്തിനും സാങ്കേതികത്തിനുമാണ്‌ പോയിന്റ് കൂടുതല്‍ ലഭിച്ചിരിക്കുന്നത് എന്നും കാണുമല്ലോ?

    ഓഫ് ടോപ്പിക്ക്: മാസ് ഇല്ലാത്ത സാധനങ്ങളാണ്‌ പ്രേതങ്ങള്‍ എന്നാണല്ലോ വെപ്പ്. അവര്‍ക്കുള്ളിലൂടെ പ്രകാശം കടന്നു പോവും (ആളും വാഹനങ്ങളുമൊക്കെ അവരിലൂടെ കടക്കുന്നതും അവര്‍ക്ക് ഭിത്തിയോ മതിലോ ഒന്നും ഒരു ബേജാറുമുണ്ടാക്കാത്തതും അതു കൊണ്ടു തന്നെ), അപ്പോള്‍ നിഴല്‍ വരുവാന്‍ സാധ്യതയില്ലല്ലോ? :-)
    --

    ReplyDelete
  8. ഓഫ് ടോപ്പിക്ക്: മലയാള സിനിമയിലെ പ്രേതങ്ങള്‍ക്കിപ്പോഴും നിഴലുണ്ട്. എന്നാണോ നിഴലില്ലാത്ത പ്രേതങ്ങളെ മലയാളസിനിമയില്‍ കാണുവാന്‍ കിട്ടുക!

    ee nizhal illathe predagale egane aano kanunath

    ReplyDelete
  9. അങ്ങനെ നിര്‍മ്മാണത്തിലും മമ്മൂക്കയുടെ കൈ പൊള്ളിയോ ? അനൂപ്‌ കണ്ണന്‍ രക്ഷപ്പെടും എന്ന് തോന്നുന്നു.

    ReplyDelete
  10. @Hari: ഓഫ് ടോപ്പിക്ക്: മാസ് ഇല്ലാത്ത സാധനങ്ങളാണ്‌ പ്രേതങ്ങള്‍ എന്നാണല്ലോ വെപ്പ്. അവര്‍ക്കുള്ളിലൂടെ പ്രകാശം കടന്നു പോവും (ആളും വാഹനങ്ങളുമൊക്കെ അവരിലൂടെ കടക്കുന്നതും അവര്‍ക്ക് ഭിത്തിയോ മതിലോ ഒന്നും ഒരു ബേജാറുമുണ്ടാക്കാത്തതും അതു കൊണ്ടു തന്നെ), അപ്പോള്‍ നിഴല്‍ വരുവാന്‍ സാധ്യതയില്ലല്ലോ? :-)

    പൂര്‍ണമായും പ്രകാശം കടന്നു പോകുന്ന ഒരു സാധനം ട്രന്സ്പരെന്റ്റ്‌ ആയിരിക്കില്ലേ. അപ്പൊ അതിനെ നമുക്ക് കാണുവാന്‍ സാധിക്കില്ല. പ്രകാശം തട്ടി റിഫ്ലെക് ചെയ്യുമ്പോള്‍ ആണല്ലോ കാണുന്നത്. അങ്ങനെ നോക്കുമ്പോള്‍ സാങ്കേതികമായി നിഴല്‍ വേണം..:D. ബട്ട്‌ പ്രേതങ്ങള്‍ ഫിസിക്സ് നിയമങ്ങള്‍ അനുസരിക്കാത്തവര്‍ ആണ്. അത് കൊണ്ട് നിഴല്‍ വേണം എന്ന് നിര്‍ബന്ധിക്കാനും പറ്റില്ല..

    ഓ ടോ : അവസാനം ഇത് പ്രേതങ്ങളെ പറ്റി ഉള്ള ഒരു discussion ആയി പോകും.

    ReplyDelete
  11. അതു തന്നെ. പ്രകാശം തട്ടി പ്രതിഫലിക്കുന്ന ഒരു സാധനമാണെങ്കില്‍ അതിന്‌ ഭിത്തിക്കുള്ളിലൂടെയൊന്നും കടന്നു പോകുവാന്‍ കഴിയില്ലല്ലോ! അങ്ങിനെ നോക്കുമ്പോള്‍ ഫിസിക്സിനെ നിരാകരിക്കുന്നയിടത്താണ്‌ പ്രേതങ്ങള്‍ പ്രേതങ്ങളാവുന്നത് - വെളിച്ചം പ്രതിഫലിക്കുന്നൊരു പ്രതലമുണ്ടെങ്കിലും (കാണാന്‍ പറ്റുമെന്ന്) ഭിത്തിയിലൂടെ കടന്നു പോവും, നിഴലുണ്ടാവുകയുമില്ല... അങ്ങിനെ! എന്തായാലും പ്രേതങ്ങളുടെ കാര്യം അവര്‍ നോക്കട്ടേന്ന്... ഞാന്‍ വിട്ടു. :)

    ReplyDelete
  12. ഇത്രയ്ക്കു നിരാശ നല്‍കിയ മറ്റൊരു പടം ഇല്ല. ആദ്യ പകുതിയിലെ കഥ എങ്ങോട്ടാണ് കൊണ്ടുപോയത്? അല്ലെങ്കില്‍ അതിനു പിന്നീട് എന്തെങ്കിലും പ്രസക്തി? മമ്മുട്ടിക്ക് ഈ അസുഖം കൊണ്ട് എന്താണ് കഥയ്ക്ക് നല്കാനായത്? ഒരു ഡാം ഉപേക്ഷിക്കാന്‍ നാലു ജിയോളജിസ്റ്റ് നാട്ടുകാരുടെ മുന്നില്‍ കഥ പറഞ്ഞാണോ? ഉന്നത തലത്തിലെ എത്ര ചര്‍ച്ച വേണം? അങ്ങനെ വിളിച്ചു പറയാന്‍ പറ്റുന്ന ഒന്നാണോ അത്? കേരളത്തിലെ പ്രധാന കരണ്ട് ഉത്പാദിപ്പിക്കുന്ന ഡാം ഉപേക്ഷിച്ചു എന്ന തിരുമാനം അറിഞ്ഞിട്ടു ഒറ്റ ചാനലുകാരെ പോലും അവിടെ കണ്ടില്ല! എന്തൊരു ബോറന്‍ ചെയ്സിഗ് രംഗം! അതിനിടക്കാ കണ്ണ് കാണിക്കാന്‍ നായകന് അവസരം കിട്ടിയേ! കഷ്ടം! ഇതിനു 2 മാര്‍ക്കില്‍ കൂടുതല്‍ അര്‍ഹതയില്ല.

    ReplyDelete
  13. Haree, this is the first time am replying to yoru views . Normally when a movie releases , that too here in Bangalore most of time review comes first , in your site and I read the review and then based on that take decision whether to watch or not. But well this time , I saw both the movies ( Jawan and Ayal) and then I read your views . First of allI cant imagine that you gave 5.5 to Jawan and 6.5 to Ayal . When you come of theater after watching the movie if you feel some thing ( sense goodness like old age Sathayn anhtikad films , or sense of humour for good comedy films or nothing !!!!! ). If you take any movie and do a "postmortem" you will find many loopholes. But ultimately what I think is , the feel that you get after watching the movie , will cover up that "postmortem" , provided that feel is some thing touching you heart. The scene with medical board, the scene where prithvi returns 5 laks cheque, the scene where Dr. Samuel advices to make use of his first "lie", the scene where father begs to doctor to treat his child, the scene in which prithivi begs for his future life , the scene where prithvi know his "love" is a memory ,etc etc .... brings us that feel in our heart . And no "postmortem" can break that "feel" . For a normal person there is little difference between 5.5 or 6.5 . I sincerely pray that this good movie which makes brings that "feel" , is not avoided becoz of scale of difference between 5.5 and 6.5

    PS: My humble suggestion is if possible , instead of rating a movie in numbers , please rate the movie as avoidable, time pass, must watch , good etc .

    ReplyDelete
  14. thanne polulla niroopakarado malayala cinimayude shapam

    ReplyDelete
  15. തിരക്കഥയിലെ പ്രശ്നങ്ങളും അതെങ്ങിനെ ചിത്രത്തെ ബാധിച്ചു എന്നതും വിശേഷത്തില്‍ പറഞ്ഞിട്ടുണ്ട്. സാങ്കേതിക മികവ് - ആനുകാലികപ്രസക്തിയുള്ളൊരു വിഷയം - ചില കഥാപാത്രങ്ങള്‍ - ഇടവേളവരെയുള്ള ആസ്വാദ്യത - ഇതൊക്കെ കാരണമായാണ്‌ സിനിമ ഇത്രയും റേറ്റിംഗ് നേടുന്നത് എന്ന് വിശേഷത്തില്‍ നിന്നും വ്യക്തമാണ്‌. ഇവയെയൊക്കെ തള്ളിക്കളഞ്ഞ് വളരെ മോശം എന്നു പറയേണ്ട ഒരു ചിത്രമാണിതെന്നും തോന്നിയില്ല.

    ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
    --

    ReplyDelete
  16. Ee tholinja padathinu itra nalla rating kittiya vere oru site eatha. Ithile tholinja abinayathinu 7/10 Mammutty etra thannu

    ReplyDelete