പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം - ഉദ്ഘാടനം

Published on: 12/08/2012 08:10:00 AM

വരങ്ങള്‍ ചോദിച്ച് പ്രിയനും ലാലും, നല്‍കാതെ നല്കി മുഖ്യമന്ത്രി!

ഹരീ, ചിത്രവിശേഷം

17th IFFK: Inauguration
തിരുവനന്തപുരം: പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നിശാഗന്ധിയില്‍ തിരിതെളിഞ്ഞു. സിനിമാ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍, മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ സാക്ഷിയാക്കി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്ത് ഒരു തിയേറ്റര്‍ കോംപ്ലെക്‍സെന്ന ചലച്ചിത്ര അക്കാദമിയുടെ നാളുകളായുള്ള ആവശ്യം അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ ആമുഖപ്രസംഗത്തില്‍ ആവര്‍ത്തിച്ചു. ഇത്തവണ ഒരു വരം തരണമെന്ന മുഖവുരയോടെ, അല്പം നാടകീയമായാണ് ആവശ്യം ഉന്നയിച്ചതെന്ന് മാത്രം. പിന്നീട് ഗണേഷ് കുമാറും മോഹന്‍ലാലും ഇതേ വരം തന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയുണ്ടായി. തിയേറ്റര്‍ കോംപ്ലെക്‍സിനായി ഒരു സ്ഥലം മനസില്‍ കണ്ടിട്ടുണ്ട്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അത് വൈകാതെ തന്നെ അക്കാദമിക്ക് വിട്ടു നല്കും എന്ന്‍ മുഖ്യമന്ത്രി തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞത് കരഘോഷത്തോടെയാണ് അവിടെ തിങ്ങിനിറഞ്ഞ ചലച്ചിത്രാസ്വാദകര്‍ സ്വീകരിച്ചത്. പക്ഷെ, എവിടെയാണ് സ്ഥലം കണ്ടിരിക്കുന്നത്, എപ്പോഴാണ് സ്ഥലം വിട്ടുനല്‍കുവാന്‍ കഴിയുക; തുടങ്ങിയ വിശദാംശങ്ങളൊന്നും മുഖ്യമന്ത്രി പുറത്തുവിട്ടതുമില്ല. ചലച്ചിത്ര അക്കാദമിയുടെ ആവശ്യവും, സ്ഥലം കണ്ടെത്തി നല്‍കുമെന്ന മറുപടിയും കഴിഞ്ഞ മൂന്നു നാലു മേളകളിലെങ്കിലുമായി ആവര്‍ത്തിക്കുന്ന കാര്യമായതിനാല്‍ ഇത് യഥാര്‍ത്ഥത്തില്‍ വരം നല്കിയത് തന്നെയാണോ എന്നും സംശയിക്കാം!

17th IFFK Inaugurationകൈരളി, ശ്രീ, നിള, കലാഭവന്‍; സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ നാലു തിയേറ്ററുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി മേളയ്ക്ക് ലഭ്യമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു സിനിമാ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആധുനിക സജ്ജീകരണങ്ങളാണ് ഈ തിയേറ്ററുകളില്‍ ഒരുക്കിയിരിക്കുന്നത് എന്നും മന്ത്രി അറിയിക്കുകയുണ്ടായി. പുതുക്കിയ തിയേറ്ററുകളില്‍ സിനിമ ആസ്വദിച്ചതിന് ശേഷം നിങ്ങളുടെ അഭിപ്രായമറിയിക്കുവാന്‍ പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

മേളയിലെ സിനിമകളെ പരിചയപ്പെടുത്തുന്ന ഫെസ്റ്റിവല്‍ ഹാന്‍ഡ്ബുക്കിന്റെ പ്രകാശനം മേയര്‍ അഡ്വ. കെ. ചന്ദ്രികയ്ക്കു നല്കി കേന്ദ്ര സഹമന്ത്രി ഡോ. ശശി തരൂര്‍ നിര്‍വ്വഹിച്ചു. ഫെസ്റ്റിവല്‍ ബുള്ളറ്റിനിന്റെ പ്രകാശനം കെ. മുരളീധരന്‍ എം.എല്‍.എ., വി. ശിവന്‍കുട്ടി എം.എല്‍.എ.-യ്ക്കു നല്കി നിര്‍വ്വഹിച്ചു. ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അധ്യക്ഷന്‍ പോള്‍ കോക്‌സ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി സാജന്‍ പീറ്റര്‍, ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷന്‍ ഗാന്ധിമതി ബാലന്‍, സെക്രട്ടറി മനോജ്കുമാര്‍, പി.വി. ഗംഗാധരന്‍, ബീനാ പോള്‍, ഷാജി എന്‍. കരുണ്‍, ലെനിന്‍ രാജേന്ദ്രന്‍, ജി. സുരേഷ്‌കുമാര്‍, സാബു ചെറിയാന്‍, സിബി മലയില്‍, ഇടവേള ബാബു, ദീപാ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ത്രികോണപ്രണയവുമായി 'ദി റിംഗ്'

Cast & Crew
Inaugural Film: The Ring

Directed by
Alfred Hitchcock

Produced by
John Maxwell

Story, Screenplay, Dialogues by
Alfred Hitchcock

Starring
Carl Brisson, Lillian Hall-Davis, Ian Hunter, Forrester Harvey, Harry Terry, Gordon Harker, Charles Farrel etc.

Cinematography (Camera) by
Jack E. Cox

Visual Effects by
W. Percy Day

Production Design (Art) by
C. Wilfred Arnold

Music by
Live Music

ആല്‍ഫ്രെഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത 'ദി റിംഗ്' മേളയുടെ ഉദ്ഘാടന ചിത്രമായി തുടര്‍ന്ന് പ്രദര്‍ശിക്കപ്പെട്ടു. ലണ്ടനില്‍ നിന്നെത്തിയ സംഗീതജ്ഞരോരുക്കിയ തത്സമയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. കഥാപരമായോ ഘടനാപരമായോ യാതൊരു സവിശേഷതയും ചിത്രത്തില്‍ തോന്നിച്ചില്ല. ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാകുവാന്‍ വേണ്ട ഒരു മികവും ചലച്ചിത്രത്തിനുള്ളതായും അഭിപ്രായമില്ല. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരു ത്രികോണപ്രണയമാണ് ഹിച്ച്കോക്ക് ഇതില്‍ വിഷയമാക്കുന്നത്. ബോബ് കോര്‍ബി എന്ന ബോക്സിംഗ് ചാംമ്പ്യന്‍ തെരുവില്‍ ഉപജീവനത്തിനായി ബോക്സിംഗ് നടത്തുന്ന ജാക്ക് സാന്‍ഡറെ പരാജയപ്പെടുത്തുന്നു. ജാക്കിന്റെ പ്രതിശ്രുതവധുവിന് അതോടെ താത്പര്യം ബോബിലാവുന്നു. ആ വാശിയില്‍ ജാക്ക് മത്സരങ്ങളില്‍ ജയിച്ച് ഒടുവില്‍ ചാംമ്പ്യന്‍ പട്ടത്തിനായി ബോബുമായി ഏറ്റുമുട്ടുന്നു. ആദ്യം പിന്നിലാവുണെങ്കിലും കാമുകി തന്റെ പാളയത്തില്‍ തിരിച്ചെത്തുന്നതോടെ ജാക്ക് ബോബിനെ പരാജയപ്പെടുത്തുന്നു. നായികയ്ക്ക് രണ്ടാളോടും പ്രണയമൊന്നുമില്ല, അപ്പോള്‍ തോന്നുന്നയാളോട് ചേര്‍ന്ന് നില്ക്കുന്നു എന്നേ ചിത്രത്തില്‍ നിന്നും മനസിലായുള്ളൂ. ഒരു അരമണിക്കൂറില്‍ പറയുവാനുള്ള സംഗതികളേ ചിത്രത്തിലുള്ളൂ, അത് വലിച്ചു നീട്ടി ഏതാണ്ട് ഒന്നര മണിക്കൂറാക്കിയതിന്റെ കുഴപ്പങ്ങളും ചിത്രത്തെ അനാകര്‍ഷകമാക്കുന്നു.

വളരെ ദുര്‍ബലമായ ഈയൊരു കഥാതന്തുവിനെ യഥാതഥം അവതരിപ്പിക്കുന്നു എന്നല്ലാതെ ഈ സിനിമ ഒരു തരത്തിലും ഇന്നത്തെ ഒരു ആസ്വാദകനെ തൃപ്തിപ്പെടുത്തുവാന്‍ പോന്നതല്ല. ഹിച്ച്കോക്കില്‍ നിന്നും ഇങ്ങനെ ചില അബദ്ധസിനിമകളും ഉണ്ടായിട്ടുണ്ട് എന്നു കാണിക്കുകയാണോ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഉദ്ദേശമെന്നും സംശയിക്കാം! കാലത്തെ അതിജീവിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തതായുള്ളപ്പോള്‍ ഇങ്ങിനെയൊരു സൃഷ്ടി, അതും മേളയുടെ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്തത് വിചിത്രമെന്നേ പറയുവാന്‍ കഴിയൂ! ആ കാലത്തിലെ സിനിമകളുടെ പരിമിതികള്‍, ആ പരിമിതികള്‍ക്കുള്ളില്‍ എങ്ങിനെ ഹിച്ച്കോക്ക് പലതും സാധിച്ചെടുത്തു എന്നൊക്കെ മനസിലാക്കുവാനായി വേണമെങ്കില്‍ ഈ സിനിമ കാണാം എന്നല്ലാതെ മറ്റൊരു തരത്തിലും ഈ സിനിമ പ്രേക്ഷകരുമായി സംവേദിക്കുമെന്ന് കരുത്തുവാന്‍ വയ്യ. ഹിച്ച്കോക്കിന്റെ കണ്ടിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും മോശം ചിത്രം ഏതെന്നു ചോദിച്ചാല്‍ പറയുവാനോരു സിനിമയായി എന്നതാണ് ഉദ്ഘാടനചിത്രം കണ്ടതിന്റെ ബാക്കിപത്രം!

ലണ്ടനില്‍ നിന്നെത്തിയവര്‍ നല്കിയ പശ്ചാത്തലസംഗീതവും പ്രത്യേകിച്ചൊരു മികവും ചിത്രത്തിനു നല്‍കിയില്ല. ഒരു പക്ഷേ, പറഞ്ഞു കേള്‍ക്കുവാനും പൊലിപ്പിക്കുവാനുമൊക്കെ ഇത്തരം സംഗതികള്‍ ഉതകുമെങ്കിലും അവ എത്രത്തോളം മേളയ്ക്ക് പ്രയോജനപ്രദമാണെന്ന് സംശയമുണ്ട്. പലയിടങ്ങളിലും പശ്ചാത്തല സംഗീതം ദൃശ്യങ്ങളോട് ചേര്‍ന്ന് പോവുന്നതായും തോന്നിയില്ല. ഇതിലുമെത്രയോ ഭംഗിയായി പശ്ചാത്തലസംഗീതം പലയിടത്തും നാല്‍കാമായിരുന്നു! അതിനിപ്പോള്‍ ലണ്ടനില്‍ നിന്നുമുള്ള കലാകാരന്മാര്‍ തന്നെ വേണമെന്നും തോന്നിയില്ല. ഇത്തരം ചില ഗിമ്മിക്കുകള്‍ക്കായി ശ്രമിക്കാതെ, ഒരു നല്ല ചിത്രം ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുവാന്‍ സമയവും പ്രയത്നവും സമ്പത്തും ചിലവിട്ടിരുന്നെങ്കില്‍ അതാവുമായിരുന്നു കൂടുതല്‍ അഭികാമ്യം.

സിഗ്നേച്ചര്‍ ഫിലിം: ലോകഭൂപടത്തില്‍ നിന്നും വെട്ടിയെടുത്ത വിവിധ ഭാഗങ്ങള്‍ ചേര്‍ത്തുവെച്ച് ചലച്ചിത്രോത്സവത്തിന്റെ സൂചകചിത്രമായ തോല്‍പ്പാവയെ ഉണ്ടാക്കുന്നു - അധികം അര്‍ത്ഥങ്ങളൊന്നും ധ്വനിപ്പിക്കുവാന്‍ ശ്രമിക്കാത്തത്തിനാല്‍, ലളിതമായ ആശയം പങ്കുവെയ്ക്കുന്ന ഇത്തവണത്തെ സിഗ്നേച്ചര്‍ ഫിലിം ഹൃദ്യമായി അനുഭവപ്പെട്ടു.

2 comments :

  1. പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനദിന വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    ReplyDelete
  2. come on Hari, where are the reviews of face2face,chapters,and few more other craps? onnum kandille?

    ReplyDelete