ബാവൂട്ടിയുടെ നാമത്തില്‍ (Review: Bavuttiyude Namathil)

Published on: 10:18 PM

ബാവൂട്ടിയുടെ നാമത്തില്‍: പടം ജോറായ്നീ!

ഹരീ, ചിത്രവിശേഷം

Bavuttiyude Namathil: Chithravishesham Rating [6.00/10]
'ബാവൂട്ടിയുടെ നാമത്തില്‍' - സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നും, 'ആഹ! കൊള്ളാല്ലോ...'. പേരിനുള്ള ലാളിത്യവും സൗന്ദര്യവുമൊക്കെ അതേപടി സിനിമയിലും കൊണ്ടുവരുവാനായി എന്നയിടത്താണ് രചയിതാവായി രഞ്ജിത്തും സംവിധായകനായി ജി.എസ്. വിജയനും വിജയിക്കുന്നത്. മമ്മൂട്ടിയും ശങ്കര്‍ രാമകൃഷ്ണനും കാവ്യ മാധവനുമൊക്കെ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം കാപ്പിറ്റോള്‍ തിയേറ്റേഴ്സിന്റെ ബാനറില്‍ രഞ്ജിത്ത് നിര്‍മ്മിച്ചിരിക്കുന്നു. 'കവര്‍ സ്റ്റോറി' എന്ന സുരേഷ് ഗോപി ചിത്രം രണ്ടായിരത്തില്‍ സംവിധാനിച്ചതിന് ശേഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ജി.എസ്. വിജയന്‍ സംവിധായകന്റെ കുപ്പായം വീണ്ടുമണിയുന്നത്. എന്നാല്‍; പ്രാഞ്ചിയേട്ടന്റെ കഥ പറഞ്ഞതിന് ശേഷം മമ്മൂട്ടിക്കു വേണ്ടി രഞ്ജിത്ത് വീണ്ടും പേന ചലിപ്പിക്കുന്ന ചിത്രമെന്ന നിലയ്ക്കാണ് ബാവൂട്ടിയുടെ ചിത്രം ശ്രദ്ധ നേടുന്നത്. പ്രാഞ്ചിയേട്ടനോളം വരില്ലെങ്കിലും ബാവൂട്ടിയും കൂട്ടിനെത്തുന്നവരും ഒട്ടൊക്കെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ട് എന്നുവേണം കരുതുവാന്‍.

ആകെത്തുക : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 5.00 / 10
: 7.50 / 10
: 3.50 / 05
: 3.00 / 05
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പരസ്യത്തില്‍ പറയുന്നത് അക്ഷരംപ്രതി ശരിയാണ് - 'ബാവൂട്ടിയുടെ നാമത്തില്‍' പറയുന്ന കഥയ്ക്ക് പുതുമയൊന്നുമില്ല. അത് ചുറ്റുമുള്ള പുതുമയില്ലാത്ത ജീവിതം കാണിക്കുന്നതിനാലല്ല, പലവട്ടം വന്നു പോയിട്ടുള്ളൊരു പ്രമേയമായതു കൊണ്ടു തന്നെയാണ്. പക്ഷേ, പടം കാണുമ്പോള്‍ ഇതൊരു വലിയ പ്രശ്നമായൊന്നും തോന്നില്ല. പ്രേക്ഷകരെ ഇരുത്തി മുഷിപ്പിക്കാതെ, സരസമായി സിനിമ മുന്നോട്ടു പോവുന്നതിനാലാണത് സാധ്യമാവുന്നത്. മനസടുപ്പം തോന്നുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിലധികവും കാണുവാനുള്ളതെന്നതും സിനിമ രസിക്കുവാനൊരു കാരണമാണ്. കൂടാതെ കണ്ണൂര്‍ ഭാഗത്തുള്ളവരുടെ ഭാഷാരീതി ഉപയോഗിച്ചതും ചിത്രത്തിന് ഗുണം ചെയ്തു. എന്നാലിതൊക്കെ കഴിഞ്ഞിറങ്ങുമ്പോള്‍ ഉള്ളി തൊലി പൊളിച്ചതു പോലെ കാര്യമായൊന്നും സിനിമ അവശേഷിപ്പിക്കുന്നില്ല എന്നുമുണ്ട്. അങ്ങിനെ എന്തെങ്കിലും അവശേഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയല്ല ഈ ചിത്രം എടുത്തിരിക്കുന്നത് എന്നതിനാല്‍ ഇതൊരു കുറവാണോ എന്നൊരു മറുചോദ്യത്തിനും ഇവിടെ സാധ്യതയുണ്ട്.

Cast & Crew
Bavuttiyude Namathil

Directed by
G.S. Vijayan

Produced by
Ranjith

Story, Screenplay, Dialogues by
Ranjith

Starring
Mammootty, Shankar Ramakrishnan, Kavya Madhavan, Kanika, Rima Kallingal, Vineeth, Sudheesh, Harisree Ashokan, Sudhir Karamana, Kottayam Nazeer etc.

Cinematography (Camera) by
Manoj Pillai

Editing by
Sandeep Nandakumar

Production Design (Art) by
Santhosh Raman

Music by
Shahabaz Aman

Lyrics by
Rafeeq Ahmed

Make-Up by
Ronex Xavier

Costumes by
Sameera Saneesh

Stills by
Paul Batheri

Designs by
Arun Gokul

Banner
Capitol Films

Release Date
2012 Dec 21

Snippet Review

Nothing new in the story line and it ends up in a predictable way. But, it manages to entertain the audience.

സിനിമയുടെ പേര് ബാവൂട്ടിയുടെ നാമത്തിലാണെങ്കിലും, സിനിമയില്‍ വനജയെന്ന വീട്ടമ്മയെ അവതരിപ്പിച്ചു കാവ്യ മാധവനാണ് തിളങ്ങുന്നത്. ഒരു നീലേശ്വരത്തുകാരിയായങ്ങ് ജീവിച്ചാല്‍ മതി, പ്രത്യേകിച്ചൊന്നും അഭിനയിക്കേണ്ടതില്ല എന്നത് കാവ്യയെ കുറച്ചൊന്നുമാവില്ല സഹായിച്ചിരിക്കുക. അധികം സൂപ്പര്‍ സ്റ്റാര്‍ കളിക്കൊന്നും വകയില്ലാത്ത, അടങ്ങിയൊതുങ്ങി നടക്കുന്ന ബാവൂട്ടിയെ, മമ്മൂട്ടിയും തികഞ്ഞ സ്വാഭാവികതയോടെ അവതരിപ്പിച്ചു. അലവിയെന്ന ഒരല്പം പിശകായ മമ്മൂട്ടിയുടെ സുഹൃത്തിനെ ഹരിശ്രീ അശോകന്‍ ഭംഗിയാക്കി. സ്ഥിരം കാണുന്ന കോമാളി വേഷങ്ങളില്‍ നിന്നും മാറി അശോകനെ കാണുവാനായതും സന്തോഷകരം. ഇതുവരെയുള്ള ചിത്രങ്ങളില്‍ ചെയ്തുവന്ന കഥാപാത്രങ്ങളുടെ ഒരു തുടര്‍ച്ച എന്നേയുള്ളൂ ശങ്കര്‍ രാമകൃഷ്ണന്റെ സേതുവിന്. ഇതേ അച്ചിലുള്ള ഇനിയുമെത്ര വേഷങ്ങള്‍ കാണേണ്ടി വരുമോ ആവോ! കനിഹയുടെ മാറിയയെന്ന വേലക്കാരി, റിമ കല്ലിങ്കലിന്റെ നൂര്‍ജഹാന്‍ എന്ന ട്യൂഷന്‍ ടീച്ചര്‍; ഇവരൊക്കെ ചിത്രത്തിലെ 'ഫില്ലറു'കളാണ്; കനിഹയുടേത് കഥയോട് ചേര്‍ന്ന് പോവുണെങ്കില്‍ റിമയുടേത് ഏച്ചുകെട്ടലായി തോന്നി. വിനീതാണ് മറ്റൊരു പ്രധാന വേഷത്തില്‍. ആദ്യം കഥകളിക്കാരന്‍, പിന്നെ എന്തിനും തയ്യാറായിട്ടുള്ളോരു താന്തോന്നി, അതും കഴിഞ്ഞ് കേവലം ഗതിയില്ലാത്തൊരുവന്‍ - അന്തവും കുന്തവുമില്ലാത്ത ഇങ്ങിനൊരു കഥാപാത്രമാണ് വിനീതിന് ചെയ്യുവാന്‍ കിട്ടിയത്!

ഒരു കുടുംബത്തിലെ ജീവിതം അനുഭവവേദ്യമാവുന്ന തരത്തില്‍ കഥയ്ക്ക് പശ്ചാത്തലമൊരുക്കുവാന്‍ ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകര്‍ നന്നായി പണിയെടുത്തിട്ടുണ്ട്. കലാസംവിധാനവും വസ്ത്രാലങ്കാരവും ചമയവുമൊക്കെ ഇതില്‍ ഭാഗഭാക്കാണ്. മനോജ് പിള്ളയുടെ ഛായാഗ്രഹണവും, അതിനു യോജിച്ച രീതിയില്‍ സന്ദീപ് നന്ദകുമാറിന്റെ ചിത്രസന്നിവേശവും ചേരുമ്പോള്‍ സിനിമയ്ക്ക് ആവശ്യമായ ദൃശ്യമികവും കൈവരുന്നു. അപൂര്‍വ്വം ചിലയിടങ്ങളില്‍ ഫോക്കസ് പ്രശ്നമുണ്ടായതും, ചിലപ്പോഴെങ്കിലും ഫ്രയിമുകളുടെ തിരഞ്ഞെടുപ്പ് അത്ര നന്നാവാഞ്ഞതും കല്ലുകടിയായി. ഗാനങ്ങള്‍ക്ക് ചിത്രത്തില്‍ കാര്യമായ പ്രാധാന്യമൊന്നുമില്ല. അത് ചിത്രത്തിനൊരു കുറവുമല്ല.

പറഞ്ഞു പഴകിയൊരു പ്രമേയവും, ആര്‍ക്കും അനുമാനിക്കാവുന്നൊരു ശുഭാന്ത്യവുമൊക്കെയാണ് ചിത്രത്തിനുള്ളത്. സൂക്ഷിച്ചു നോക്കിയാല്‍ പറയുവാന്‍ കുറവുകള്‍ ചിത്രത്തില്‍ ഇനിയും പലതുണ്ട്. ഇതിനൊക്കെ മീതെ ഒരു നന്‍മയുടെ സ്പര്‍ശം ചിത്രത്തിനുണ്ട് എന്നുള്ളതാണ് അവയെയൊക്കെ മറക്കുവാന്‍ പ്രേരിപ്പിക്കുന്നത്. രഞ്ജിത്തിന്റെയും വിജയന്റെയും നാമത്തില്‍ വന്നെത്തിയ ബാവൂട്ടിയും വനജയും അയ്മൂട്ടിയുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാവുന്നതിനു കാരണവും മറ്റൊന്നല്ല. കൊച്ചു കൊച്ചു തമാശകളും പരിഭവങ്ങളുമൊക്കെ ചേരുംപടി ചേരുന്നൊരു കുടുംബചിത്രം പ്രതീക്ഷിച്ച് ഈ അവധിക്കാലത്ത് തിയേറ്ററിലെത്തുന്നവരെ ഒട്ടും നിരാശപ്പെടുത്തുന്നില്ല എന്നതിനാല്‍ ഈ ക്രിസ്തുമസ് - പുതുവത്സരക്കാലം 'ബാവൂട്ടിയുടെ നാമത്തില്‍' എഴുതപ്പെടുമെന്നു തന്നെ കരുതാം.

ചിത്രവിശേഷത്തിന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!