നത്തോലി ഒരു ചെറിയ മീനല്ല (Review: Natholi Oru Cheriya Meenalla)

Published on: 2/09/2013 04:32:00 PM

നത്തോലി ഒരു ചെറിയ മീനല്ല: ആ മീനൊട്ട് നല്ലതുമല്ല!‌

ഹരീ, ചിത്രവിശേഷം

Natholi Oru Cheriya Meenalla: Chithravishesham Rating [4.25/10]
'ട്രിവാന്‍ഡ്രം ലോഡ്ജി'നും 'പോപ്പിന്‍സി'നും ശേഷം വി.കെ. പ്രകാശിന്റെ മറ്റൊരു പരീക്ഷണമായി കാണാം 'നത്തോലി ഒരു ചെറിയ മീനല്ല' എന്ന ഈ ചിത്രത്തെ. നത്തോലി ചെറുതോ വലുതോ ആവട്ടെ, പടം നമ്മെ രസിപ്പിക്കുന്നോ അല്ലെങ്കില്‍ ആസ്വാദ്യകരമാണോ എന്നതാണല്ലോ ഇവിടുത്തെ പ്രധാന ചോദ്യം. വി.കെ. പ്രകാശിന്റെ മേല്‍ പറഞ്ഞ പരീക്ഷണ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടവരെപ്പോലും പരിക്ഷീണരാക്കുവാന്‍ പോന്നതാണ് ഈ ചിത്രം എന്നു പറഞ്ഞാല്‍ അതിനുത്തരമായി. ഫഹദ് ഫാസിലും ഒപ്പം കമാലിനി മുഖര്‍ജിയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. ഗുഡ് കമ്പനിയുടേയും എയ്ഞ്ചല്‍ വര്‍ക്കിന്‍റേയും സംയുക്ത ബാനറില്‍ അജി മേടയില്‍, ജോയ് കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവരോരുമിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വി.കെ.പി.യുടെ പാളിപ്പോയ ഈ പരീക്ഷണ ചിത്രത്തില്‍ ആകെ എടുത്തു പറയുവാനുള്ളത് ഫഹദ് ഫാസിലും, അദ്ദേഹം അവതരിപ്പിച്ച രണ്ടു കഥാപാത്രങ്ങളുമാണ്.

ആകെത്തുക : 4.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 5.00 / 10
: 3.50 / 05
: 3.50 / 05
ശങ്കര്‍ രാമകൃഷ്ണന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ സിനിമയ്ക്ക് പ്രത്യേകിച്ചൊരു കഥയൊന്നും പറയുവാനില്ല; മറിച്ച് നത്തോലി എന്നു വിളിപ്പേരുള്ള പ്രേമന്റെ കഥയെഴുത്തും അതിലയാള്‍ സൃഷ്ടിക്കുന്ന നരേന്ദ്രന്‍ എന്ന കഥാപാത്രവും തമ്മിലുള്ള പോരടിക്കലാണ് ഈ സിനിമ. യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെ വിലവെയ്ക്കാത്തവരോട് കഥയിലെ തന്റെ നായകനിലൂടെ പ്രതികാരം ചെയ്യുകയാണ് പ്രേമന്‍. ഒടുവില്‍ നായകന്‍ തന്റെ കൈയ്യില്‍ നില്‍ക്കാതെ പോവുന്നതില്‍ അയാള്‍ക്കുണ്ടാവുന്ന അങ്കലാപ്പാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. ഈ പറഞ്ഞതൊക്കെ സംഭവിക്കുന്നത് ഇടവേളയ്ക്ക് ശേഷമാണ്, അതിനു മുന്‍പുവരെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി സമയം തികച്ചിരിക്കുകയാണ് രചയിതാവും സംവിധായകനും. ചിത്രത്തിനൊരു ആധുനിക സ്വഭാവം നല്‍കുന്നതിന്റെ ഭാഗമായാണോ എന്നറിയില്ല 'ഇജ്ജ്, എന്തെടാ കാണുന്നത്?' എന്നു ചോദിക്കുന്ന ദ്രോണരെയൊക്കെ കാണിച്ചാണ് സിനിമ തുടങ്ങുന്നത്. നീളന്‍ ഷോട്ടുകളില്‍ നായിക നടക്കുന്നതും പാവാടയുണക്കുന്നതുമൊക്കെ മന്ദഗതിയില്‍ ചേര്‍ത്തിരിക്കുന്നതും കാണാം. പ്രേക്ഷകരോട് വേണ്ടരീതിയില്‍ സംവേദിക്കുവാന്‍ പലപ്പോഴും ചിത്രത്തിലൂടെ രചയിതാവിനോ സംവിധായകനോ കഴിയുന്നില്ല എന്നതാണ് സിനിമയുടെ പ്രധാന പ്രശ്നം. ഒടുവില്‍, പ്രത്യേകിച്ചൊരു ആശയമോ അനുഭവമോ പ്രേക്ഷകരില്‍ അവശേഷിപ്പിക്കാതെ ചിത്രം തീരുകയും ചെയ്യുന്നു. ദോഷം പറയരുത്, രസമുള്ള ചില ഡയലോഗുകളും ചുരുക്കം ചില രംഗങ്ങളും ഒരുപക്ഷെ കാണികളുടെ ഓര്‍മ്മയില്‍ നിന്നേക്കാം.

Cast & Crew
Natholi Oru Cheriya Meenalla

Directed by
V.K. Prakash

Produced by
Aji Medayil, Joe Kaithamattam, Christi Kaithamattam

Story, Screenplay, Dialogues by
Shankar Ramakrishnan

Starring
Fahad Fazil, Kamalinee Mukherjee, Rima Kallingal, Mukundan, Krishna Priya, Sathar, Aishwarya, Jayan, P. Balachandran, Kani, Govind Padmasurya, Irshad, V.K. Sreeraman etc.

Cinematography (Camera) by
Arun James

Editing by
Mahesh Narayanan

Production Design (Art) by
Ajayan Mangad

Background Score by
Bijibal

Effects by
Arun-Seenu

Music by
Abhijith

Lyrics by
Anu Elisabeth Jose

Make-Up by
Rajesh Nenmara

Costumes by
Liji Preman / Sheeba Rohan

Action (Stunts / Thrills) by
Mafia Sasi

Stills by
Vishnu Thandassery

Designs by
OIdmonks

Banner
Good Company & Anjel Works Production

Release Date
2013 Feb 08

'Natholi Oru Cheriya Meenalla', yet another experimental film by VKP, but this time he fails to impress the vast majority of the audience.

ചിത്രത്തിന്റെ എടുത്തു പറയാവുന്ന ഒരു മികവ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്ന ഇരട്ടവേഷങ്ങളാണ്. നത്തോലിയെന്നു വിളിപ്പേരുള്ള പ്രേമനേയും, അയാള്‍ സൃഷ്ടിക്കുന്ന കഥാപാത്രമായ നരേന്ദ്രനേയും മികവോടെ അവതരിപ്പിക്കുവാന്‍ ഫഹദിന് കഴിഞ്ഞു. പ്രഭയെന്ന വേഷത്തിലെത്തിയ കമാലിനി മുഖര്‍ജിയും മോശമായില്ല; പക്ഷെ നല്കിയ ശബ്ദം പലപ്പോഴും കഥാപാത്രത്തിന്റെ ഭാവത്തിനോട് പൂര്‍ണമായി യോജിച്ച് പോവുന്നതായി തോന്നിയില്ല. മറ്റു വേഷങ്ങളിലെത്തുന്ന ആര്‍ക്കും ചിത്രത്തിന്റെ കഥാഗതിയില്‍ സാരമായ പങ്കില്ല. മുകുന്ദന്‍, സത്താര്‍, റിമ കല്ലിങ്കല്‍, ഐശ്വര്യ, കൃഷ്ണ പ്രിയ, കനി, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയവരൊക്കെയാണ് സഹവേഷങ്ങളില്‍. ഇവരില്‍ പലരേയും വേണ്ട പോലെ ഉപയോഗിക്കുവാനൊരു ശ്രമം പോലും സംവിധായകന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

വി.കെ. പ്രകാശിന്റെ ചിത്രങ്ങളുടെ മുഖമുദ്രയെന്ന് പറയാവുന്ന സാങ്കേതികത്തികവ് ഈ സിനിമയിലും കൈവരിക്കുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സിനിമയ്ക്കുവേണ്ടി അരുണ്‍ ജയിംസ് പകര്‍ത്തിയ ദൃശ്യങ്ങള്‍ നന്ന്‍. സിനിമയുടെ മെല്ലെപ്പോക്കിന് ചിത്രസന്നിവേശകനായ മഹേഷ് നാരായണനേയും കുറ്റപ്പെടുത്താമെങ്കിലും, സംവിധായകന്റെ താത്പര്യാനുസരണമാണ് അത് ചെയ്തതെന്നേ കരുതുവാനാവൂ. അജയന്‍ മാങ്ങാടിന്റെ കലാസംവിധാനം, രാജേഷ് നെന്‍മാറയുടെ വസ്ത്രാലങ്കാരം, ലിജി പ്രേമനും ഷീബ രോഹനും ചേര്‍ന്ന് നിര്‍വ്വഹിച്ച വസ്ത്രാലങ്കാരം എന്നിവ സിനിമയ്ക്കുതകുന്നു. ബിജിബാലിന്റെ പശ്ചാത്തലസംഗീതം പലപ്പോഴും ആവശ്യത്തിലധികം ഉച്ചസ്ഥായിയിലായി. സിനിമയുടെ പേരും, അതിനൊപ്പിച്ച് ഓള്‍ഡ് മങ്ക്സ് ഒരുക്കിയ പബ്ലിസിറ്റി ഡിസൈനുകളും ആളുകളെ തിയേറ്ററിലെത്തിക്കുവാന്‍ പ്രാപ്തമാണ്. അതിനു ശേഷം സിനിമ പ്രേക്ഷകരെ ഏതെങ്കിലുമൊക്കെ വിധത്തില്‍ തൃപ്തിപ്പെടുത്തുന്നുണ്ടോ എന്ന്‍ സംശയവുമാണ്. അനു എലിസബത്ത് എഴുതി അഭിജിത്ത് ഈണമിട്ട ഒന്നോ രണ്ടോ ഗാനങ്ങള്‍ ചിത്രത്തില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. "ചേമ്പനീര്‍ ചുണ്ടില്‍ ഞാന്‍..." എന്ന ഗാനമാണ് പ്രസക്തമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.

മലയാളത്തിലൊരു 'മിഡ്നൈറ്റ് ഇന്‍ പാരിസ്' സൃഷ്ടിക്കുകയായിരുന്നിരിക്കാം ശങ്കര്‍ രാമകൃഷ്ണനും വി.കെ. പ്രകാശും ഉദ്ദേശിച്ചത്. (കഥാകൃത്ത് എഴുത്തിന്റെ വഴിയില്‍ അയാളുടേതായ ഒരു സാങ്കല്പിക ലോകത്തെത്തുക എന്ന ഉപരിപ്ലവമായ സാമ്യം മാത്രമേ ഇവ തമ്മിലുള്ളൂ!) അങ്ങിനെയൊരു ഉദ്ദേശത്തിലാണ് ഈ പടമെടുത്തതെങ്കില്‍ വി.കെ. പ്രകാശ് തന്നെ ഈ സിനിമയില്‍ ഒരു കഥാപാത്രത്തെക്കൊണ്ട് പറയിപ്പിക്കുന്ന പോലെ; മാസത്തിലോരോ പടം പിടിക്കാനിറങ്ങാതെ, അല്പം കൂടി ക്ഷമയോടെ ഈ വിഷയങ്ങളെ സമീപിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട ചിത്രങ്ങളായി ഇവയൊക്കെ മാറുവാന്‍ സാധ്യതയുണ്ട്. അങ്ങിനെയൊരു ശ്രമം വി.കെ. പ്രകാശിന്റെ ഭാഗത്തുനിന്നും ഉണ്ടായാല്‍ പ്രേക്ഷകര്‍ക്കും രണ്ടുണ്ട് ഗുണം - എല്ലാ മാസവും ഇത്തരം സൃഷ്ടികള്‍ക്ക് ഇരുന്ന്‍ കൊടുക്കേണ്ട, കുറച്ചു കൂടി സമയമെടുത്ത് ചെയ്യുന്ന സിനിമകള്‍ക്ക് കുറച്ചുകൂടി നിലവാരവും പ്രതീക്ഷിക്കാം. 'നത്തോലി ഒരു ചെറിയ മീനല്ല' എന്നല്ല, നത്തോലി ഒരു മീന്‍ പോലുമല്ല എന്നു വരെ വേണമെങ്കില്‍ ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ സമ്മതിച്ചുതരും; അതിനു പകരമായി മാസത്തിലൊന്ന് എന്ന കണക്കില്‍ ഇമ്മാതിരി പടങ്ങളുമായി എത്തില്ലെന്നൊരു ഉറപ്പ് മാത്രം വി.കെ.പി. നല്കിയാല്‍ മതിയാവും!

7 comments :

  1. വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനാവുന്ന 'നത്തോലി ഒരു ചെറിയ മീനല്ല' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    Haree
    ‏@newnHaree
    #NatholiOruCheriyaMeenalla, yet another experiment from VKP, but fails to impress (me) this time. @twitfahadh did a good job, that's it!
    7:44 AM - 9 Feb 13
    --

    ReplyDelete
  2. വളരെ അവധാനതയോടെയും സൂക്ഷ്മതയോടെയും എടുക്കേണ്ടതാണ് സിനിമ എങ്കില്‍ മാത്രമേ നല്ല ഗുണനിലവാരത്തോടെ പ്രേക്ഷകന് നല്‍കാന്‍ കഴിയൂ ..ഹരിയുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു

    ReplyDelete
  3. Anyway, I liked the movie very much.. Its my own story.. The situations may be different.. But .. This is what I think about the people who make me sad.. I imagine what Fahad did.. Liked the movie.. Will give 7/10

    ReplyDelete
  4. നത്തോലി അത്ര ചെറിയ മീനൊന്നും ആയിരുന്നില്ല ... പക്ഷെ വി കെ പി ഒരു ചെറിയ മീനും, ശങ്കര്‍ രാമകൃഷ്ണന്‍ വളരെ ചെറിയൊരു മീനും ആയിപോയി .... ഫഹദ്‌ ഫാസില്‍ ഒരു വലിയ മീനാ ...

    NB : ആധുനികം .. കുറച്ച് കഞ്ചാവ്‌ അടിച്ചോണ്ട് എഴുതിയതാ ....

    ReplyDelete
  5. ഇത് ഇപ്പോഴാൺ‌ കണ്ടത്.. പടം എനിക്ക് നന്നേ രസിച്ചു എന്ന് പറയാതിരിക്കാൻ പറ്റില്ല. വിശേഷം വായിച്ചപ്പോളാൺ‌ പറഞ്ഞ പോരായ്‌മകളൊക്കെ സിനിമയ്‌ക്ക് ഉണ്ടെന്ന് തോന്നിയത് തന്നെ (അതിൽ തന്നെ ചിലതൊന്നും പോരായ്‌മയായി തോന്നിയതുമില്ല, ഉദാ: ചിത്രത്തിനൊരു മെല്ലെപ്പോക്ക് ഒരു ഘട്ടത്തിലും എനിക്ക് തോന്നിയില്ല)

    ReplyDelete
  6. നത്തോലി അല്പം കൂടി വലിയ മീനാവുമായിരുന്നു

    ReplyDelete
  7. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് കണ്ട Eternal Sunshine of spotless mind എന്ന പടം കണ്ടപ്പോള്‍ ഉണ്ടായ അതേ ഫീലിംഗ് ആണ് ഈ പടത്തിലും അനുഭവപ്പെട്ടത്.

    ReplyDelete