എബിസിഡി (Review: ABCD)

Published on: 6/21/2013 08:29:00 AM

എബിസിഡി: അമേരിക്കന്‍ ബോയ്സ് കണ്ട കൊച്ചി!‌

ഹരീ, ചിത്രവിശേഷം

ABCD: Chithravishesham Rating [6.25/10]
മമ്മൂട്ടി നായകനായ 'ബെസ്റ്റ് ആക്ടറെ'ന്ന ആദ്യ ചിത്രത്തിനു ശേഷം അദ്ദേഹത്തിന്റെ മകന്‍ ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കിയാണ് തന്റെ രണ്ടാം ചിത്രമായ 'എബിസിഡി'യുമായി (American Born Confused Desi എന്നു പൂര്‍ണരൂപം) മാര്‍ട്ടിന്‍ പ്രക്കാട്ട് എത്തുന്നത്. കൊച്ചിയിലെത്തുന്ന അമേരിക്കയില്‍ ജനിച്ച 'കണ്‍ഫ്യൂസ്ഡ് ദേശി'കളായി ദുല്‍ക്കറും കൂടെ ജേക്കബ് ഗ്രിഗറിയും ചിത്രത്തില്‍ പ്രാധാന്യത്തോടെ അവതരിക്കപ്പെടുന്നു. കൂട്ടിന് അപര്‍ണ ഗോപിനാഥും, ടോവിനോ തോമസുമുണ്ട്. കൊച്ചിയിലെത്തി കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുന്ന ഇരുവരും കാണുന്ന കൊച്ചിയും കൊച്ചിക്കാരുമാണ് സിനിമയുടെ വിഷയം. കുരുടന്‍മാര്‍ ആനയെ കണ്ട പോലെയേ ഇതൊള്ളൂവെങ്കിലും ആകെമൊത്തം നോക്കുമ്പോള്‍ കാണികളെ ഒരു പരിധിവരെ രസിപ്പിക്കുന്നതില്‍ ചിത്രം വിജയം കാണുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ആകെത്തുക : 6.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 6.00 / 10
: 7.50 / 10
: 3.50 / 05
: 3.00 / 05
Snippet Review

It's all about two ABCDs, Johnes and Kora; nothing more, nothing less!

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന രണ്ടു മലയാളി യുവാക്കള്‍ - ജോണ്‍സും കോരയും; അവര്‍ കൈയ്യില്‍ കാശില്ലാതെ കൊച്ചിയില്‍ പെട്ടു പോവുന്നു. ഇതാണ് 'എബിസിഡി'യുടെ കഥാപാശ്ചാത്തലം. ഇതിലേക്ക് സമകാലീന കേരളത്തിലെ ചില പുറം കാഴ്ചകള്‍ കൂടി ചേര്‍ത്തു നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിക്കുവാന്‍ രചയിതാക്കള്‍ക്കും സംവിധായകനും കഴിഞ്ഞിട്ടുണ്ട്. ഇങ്ങിനെയൊരു പ്രമേയത്തിന് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിന് ഒരു പരിധിയുണ്ട്, അതെന്തായാലും മൂന്നു മണിക്കൂറോളം വരില്ല. മാര്‍ട്ടിന്‍ പ്രക്കാട്ടും സംഘവും ഇതോര്‍ക്കാഞ്ഞത് ചിത്രത്തിന് ദോഷമായി. ചിത്രത്തില്‍ ചില ഭാഗങ്ങളിലെങ്കിലുമുള്ള വലിച്ചു നീട്ടലുകള്‍ ഒഴിവാക്കി രണ്ടു രണ്ടേകാല്‍ മണിക്കൂറില്‍ ചിത്രം തീര്‍ത്തിരുന്നുവെങ്കില്‍ ഇതിലധികം ആസ്വാദ്യകരമാവുമായിരുന്നു ഈ ചിത്രം. ജോണ്‍സിനേയും കോരയേയും മാറ്റി നിര്‍ത്തിയാല്‍ ഇതര കഥാപാത്രങ്ങളുടെ നിര്‍മ്മിതിയിലും കാര്യമായ ശ്രദ്ധയൊന്നും അണിയറപ്രവര്‍ത്തകര്‍ നല്‍കിയില്ല. ജോണ്‍സിലും കോരയിലും തുടങ്ങി അവരില്‍ തന്നെ തീരുന്ന ഒരു ഏകമാന ചിത്രമായി അതിനാല്‍ തന്നെ 'എ‌ബി‌സി‌ഡി' ചുരുങ്ങുകയും ചെയ്യുന്നു.

Cast & Crew
ABCD

Directed by
Martin Prakkat

Produced by
Shibu Thameens

Story / Screenplay, Dialogues by
Sooraj-Neeraj / Martin Prakkat, Naveen Bhaskar, Sooraj-Neeraj

Starring
Dulquer Salmaan, Jacob Gregory, Aparna Gopinath, Tovino Thomas, S.P. Sreekumar, Vijayaraghavan, Lalu Alex, Kalabhavan Navas, Thampi Antony, Chembil Ashokan, Kalpana, Savannah Schechter etc.

Cinematography (Camera) by
Jomon T. John

Editing by
Don Max

Production Design (Art) by
Ajayan Mangad

Music by
Gopi Sunder

Lyrics by
Santhosh Varma, Rafeeq Ahmed

Make-up by
Renjith Ambady

Costumes by
Sameera Saneesh

Thrills by
Name

Stills by
Anup Chacko, Shani

Designs by
Oldmonks

Banner
Thameens Films

Release Date
2013 Jun 14

അഭിനേതാവെന്ന നിലയില്‍ കൂടുതല്‍ സ്വാഭാവികതയാര്‍ജിക്കുവാന്‍ ചിത്രത്തില്‍ ദുല്‍ക്കറിനു കഴിഞ്ഞിട്ടുണ്ട്. പക്ഷെ, ചിരിപ്പിക്കുന്ന ഡയലോഗുകളുമായി ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന ജേക്കബ് ഗ്രിഗറിയുടെ കോരയാണ് 'എബിസിഡി'യിലെ താരം. അപര്‍ണ ഗോപിനാഥിന്റെ വേഷത്തിനൊരു ആക്ടിവിസ്റ്റ് ഛായയൊക്കെ പറയാമെങ്കിലും, എന്തെന്നോ ഏതെന്നോ ഒന്നും മനസിലാവില്ല. ജോണ്‍സോ കോരയോ അല്ല മറിച്ച് അപര്‍ണയുടെ മധുമിത എന്ന കഥാപാത്രമാണ് ശരിക്കും ചിത്രത്തില്‍ 'കണ്‍ഫ്യൂസ്ഡ്'. ടൊവിനോ തോമസിന്റെ രാഷ്ട്രീയ നേതാവിനേയും ശരിയായി ചിത്രത്തില്‍ ഉപയോഗിക്കുവാന്‍ സംവിധായകനായില്ല. 'മറിമായ'ത്തിലെ ലോലിതന്റെ നിര്‍ത്താത്ത ചിരിയുമായി എസ്.പി. ശ്രീകുമാറുമുണ്ട് ചിരിപ്പിക്കുവാനായി ചിത്രത്തില്‍. ലാലു അലക്സ്, വിജയരാഘവന്‍, നവാസ് കലാഭവന്‍, ചേമ്പില്‍ അശോകന്‍, കല്‍പന തുടങ്ങി മറ്റു ചിലരും തങ്ങളുടെ സ്ഥിരം ശൈലിയിലുള്ള കഥാപാത്രങ്ങളായി 'എബിസിഡി'യില്‍ തലകാണിക്കുന്നു.

ജോമോന്‍ ടി. ജോണ്‍ ക്യാമറ ചലിപ്പിച്ച മുന്‍ ചിത്രങ്ങളോട് തട്ടിച്ചു നോക്കിയാല്‍ അത്രകണ്ട് മികച്ചതെന്നൊന്നും പറയുവാനില്ല ഇതിലെ ഛായാഗ്രഹണം. എന്നിരുന്നാലും ഇത്തരമൊരു ചിത്രത്തിനു യോജിച്ചരീതിയിലൊരു നിറക്കാഴ്ചയൊരുക്കുവാന്‍ ജോമോന് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വേഗതക്കുറിവില്‍ കുറച്ചൊക്കെ ചിത്രസന്നിവേശകന്‍ ഡോണ്‍ മാക്സിനും പങ്കുണ്ട്. അജയന്‍ മാങ്ങാടിന്റെ കലാസംവിധാനം, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം, രഞ്ജിത്ത് അമ്പാടിയുടെ ചമയം ഇവയൊക്കെ ചിത്രത്തിന്റെ മൂഡിനോട് ചേര്‍ന്നു പോവുന്നു. സന്തോഷ് വര്‍മ്മയും റഫീഖ് അഹമ്മദും ചേര്‍ന്നെഴുതി ഗോപി സുന്ദര്‍ ഈണമിട്ട ഗാനങ്ങളും പറയത്തക്ക ശ്രദ്ധ നേടുന്നില്ല. അതിലൊന്ന് പാടിയത് ദുല്‍ക്കറാണ് എന്നൊരു കൗതുകമുണ്ടെന്നു മാത്രം.

അണിയറശില്പികള്‍ ഒരല്പം കൂടി തലപുകച്ചിരുന്നെങ്കില്‍ ഇതിലുമെത്രയോ നന്നാക്കാമായിരുന്ന ഒരു ചിത്രമായിരുന്നെന്ന് തോന്നിപ്പിക്കുന്ന പല ചിത്രങ്ങളുമുണ്ട്. ആ പട്ടികയിലേക്ക് ഒരു കണ്‍ഫ്യൂഷനും ഇല്ലാതെ തന്നെ 'എബിസിഡി'യേയും ചേര്‍ത്തുവെയ്ക്കാം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ആദ്യചിത്രമായ 'ബെസ്റ്റ് ആക്ടറി'ല്‍ നിന്നും സംവിധായകനെന്ന നിലയില്‍ കാര്യമായ പുരോഗതിയൊന്നും കൈവരിക്കുവാന്‍ അദ്ദേഹത്തിന് ഈ ചിത്രത്തില്‍ കഴിഞ്ഞിട്ടില്ല. പ്രമേയത്തെ വലിച്ചു നീട്ടാതെ ഒതുക്കിപ്പറയുവാന്‍ മാര്‍ട്ടിന്‍ ഇനിയും ശീലിക്കേണ്ടിയിരിക്കുന്നു. അങ്ങിനെയൊരു ശീലത്തിലേക്ക് അടുത്ത ചിത്രത്തിലെങ്കിലും എത്തുവാന്‍ കഴിയുമെന്ന പ്രത്യാശയോടെ 'എബിസിഡി' വിശേഷം നിര്‍ത്തുന്നു.

ശ്രേഷ്ഠ മലയാളം: ഇംഗ്ലീഷ് പേരിടുന്ന മലയാളം സിനിമകള്‍ക്ക് നികുതി ചുമത്തണമെന്ന് അടൂര്‍. മുന്‍പ് പേര് ഇംഗ്ലീഷാണെങ്കിലും അത് മലയാളത്തില്‍ എഴുതുന്ന ശീലമെങ്കിലും ഉണ്ടായിരുന്നു. ഇപ്പോഴതും പോയി! Left Right Left, Thank You, ABCD - പോസ്റ്ററുകളിലോ സിനിമയുടെ തുടക്കത്തിലുമോ പോലും പേരില്‍ മലയാളം തൊടുവിച്ചിട്ടില്ല മലയാളി സിനിമാക്കാര്‍!

11 comments :

  1. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാവുന്ന 'എബിസിഡി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    --

    ReplyDelete
  2. 6.25 for ABCD!!!!!! This is too much for this movie... should be below 5

    ReplyDelete
  3. മികച്ച തുടക്കവും ബോറൻ രണ്ടാം പകുതിയും . 5 മാർക്ക് ധാരാളം

    ReplyDelete
  4. ഈ ദുല്ഖര്‍ കുട്ടനോ ട് ഹരിക്ക് ഒരു പ്രത്യേക മമത ഉണ്ട് എന്ന് തോന്നിയിട്ടുണ്ട് .
    സെക്കന്റ്‌ ഷോ, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ പടങ്ങള്‍ ഒകെക് എനിക്ക് പറയത്തക്ക ഭയങ്കര പടങ്ങൾ എന്ന് തോനിയിട്ടില്ല.
    ഉസ്താദ് ഹോട്ടലില്‍ തിലകന്‍ ഉള്ളത് മാത്രം ഒരു ആശ്വാസം.

    പക്ഷെ ഇവിടെ അതിനൊക്കെ 7 കൂടുതല്‍ മാര്‍ ക്കുകള്‍ കണ്ടു

    ReplyDelete
  5. എബിസിഡിക്ക് ആറേകാൽ  മാർക്ക് എനിക്ക് വയ്യ....ഈ ഹരിക്കിതെന്ത് പറ്റീ
    ഒന്നുകിൽ ഹരിക്ക് ദുൽക്കർ മാർട്ടിൻ പിടിപെട്ടിരിക്കുന്നു 
    അല്ലെങ്കിൽ ഈ റിവ്യു ഹരിയുടെ പേരിൽ വേറെ ആരോ എഴുതിയത്.
    രണ്ടാമത് പറഞ്ഞതിനാണ് കൂടുതൽ സാധ്യത...

    ReplyDelete
  6. ABCD 6.25 marks ഇനുള്ള പടമുണ്ട് , അതിലിത്ര അതിശയോക്തി ഒന്നുമില്ല

    ReplyDelete

  7. തമിഴ് സിനിമയില്‍ നിന്ന് കോപ്പി അടിച്ച സീന്‍ ഉണ്ടായിട്ടും ആരും ഒന്നും പറഞ്ഞ കേട്ടില്ല...ട്രാവല്‍ ഏജന്‍സി യില്‍ ചായകൊടുക്കാന്‍ കുട്ടി ഒകെക്‌ വരുന്നത് കേര്ടലത്തില്‍ കണ്ടിട്ടില്ല...തമിഴ് നാട്ടില്‍ ആണേല്‍ ശരിയാണ്...കടയില്‍ നിന്ന് ചായ കൊടുക്കാന്‍ ഒകെ കുട്ടികളെ നിര്‍ത്താറുണ്ട്‌...... തമിഴ് സിനിമയില്‍ കാണാറും ഉണ്ട്...എന്തായാലും കേരളത്തില്‍ അങ്ങനെ ആണെന്ന് തോന്നണില്ല...atleast ബുക്ക്‌ ചെയ്യാന്‍ വരുന്നവര്‍ക്ക്‌ ചായ കൊടുക്കാന്‍ എന്തായാലും പറയില്ല...

    ReplyDelete
  8. ഞാന്‍ ഇന്നലെ പടം കണ്ടു. ഇഷ്ടമായി. ഒരു Good New Generation Entertainer എന്ന് വിളിക്കാം. അഭിനയത്തിന്റെ കാര്യത്തില്‍ ഒരു പോരായ്മ എനിക്ക് തോന്നിയത് ഉസ്താദ് ഹോട്ടലിലെ ഫൈസിയും ABCDയിലെ ജോണ്സ്ഉം തമ്മില് വലിയ വ്യത്യാസം തോന്നിയില്ല എന്നതാണ്. കഥാപാത്രത്തിന്റെ മാനറിസങ്ങളില് കുറച്ചു കൂടി വ്യത്യസ്തതക്ക് ദുല്ക്കറും സംവിധായകനും ശ്രമിക്കേണ്ടതായിരുന്നു.

    ReplyDelete
  9. Enthinanu ee padathinu 6.25? Film was too dragging and repeat same point again and again (sometimes same dialogues too). An average flick that would have been better if finished in <2hr time. American Born Film with Confused Desi Viewers

    ReplyDelete
  10. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന രണ്ടു മലയാളി യുവാക്കള്‍ - ജോണ്‍സും കോരയും; അവര്‍ കൈയ്യില്‍ കാശില്ലാതെ കൊച്ചിയില്‍ പെട്ടു പോവുന്നു. ഇതാണ് 'എബിസിഡി'യുടെ കഥാപാശ്ചാത്തലം.... Hari, have you really seen this movie? What you described is the not the platform of this movie. I strongly think that you have not seen this movie. Else, you would not have written such statements. Jayakumar

    ReplyDelete
  11. "അവര്‍ കൈയ്യില്‍ (തിരിച്ചുപോകുവാന്‍) കാശില്ലാതെ..." എന്നും വേണമെങ്കില്‍ വായിക്കാം. മറ്റെന്തെങ്കിലുമാണ് ഇതിന്റെ കഥാപാശ്ചാത്തലമെങ്കില്‍ അതും സൂചിപ്പിക്കാം. എന്തായാലും എനിക്കിതു തന്നെയാണ് തോന്നിയത്.

    ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
    --

    ReplyDelete