101 ചോദ്യങ്ങൾ (Review: 101 Chodyangal)

Published on: 7/29/2013 05:58:00 AM

101 ചോദ്യങ്ങൾ: ബൊക്കാറോയുടെ യാത്രകൾ!

ഹരീ, ചിത്രവിശേഷം

101 Chodyangal: Chithravishesham Rating [5.75/10]
സിദ്ധാർത്ഥ് ശിവ എന്ന പേര് മലയാള സിനിമയ്ക്ക് അപരിചിതമല്ല, ചില സിനിമകളിലൊക്കെ ചെറുവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു അഭിനേതാവാണ് അദ്ദേഹം. ഒരു സംവിധായകനെന്ന നിലയിൽ സിദ്ധാർത്ഥിന്റെ ആദ്യ ചിത്രമാണ് '101 ചോദ്യങ്ങൾ'. രണ്ടായിരത്തിപ്പന്ത്രണ്ടിൽ പൂർത്തിയായെങ്കിലും ഇപ്പോഴാണ് ചിത്രം പ്രേക്ഷകർക്കായി തിയേറ്ററുകളിൽ എത്തുന്നത്. അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ, ഒരു സംവിധായകന്റെ മികച്ച പ്രഥമചിത്രത്തിനുള്ള ഇന്ധിരാഗാന്ധി പുരസ്കാരവും ചിത്രത്തിലെ അഭിനയത്തിനു മാസ്റ്റർ മിനോൺ മികച്ച ബാലനടനുള്ള പുരസ്കാരവും നേടുകയുണ്ടായി. 2012-ലെ കേരള ചലച്ചിത്ര പുരസ്കാരങ്ങളിലും ‌മിനോൺ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദ്രജിത്ത്, ലെന അഭിലാഷ്, മുരുകൻ തുടങ്ങിയവരൊക്കെയാണ് ഈ ചിത്രത്തിൽ മിനോണിനൊപ്പം അഭിനയിക്കുന്നത്. സെവൻത് പാരഡൈസിന്റെ ബാനറിൽ തോമസ് കോട്ടക്കകം ചിത്രം നിർമ്മിച്ചിരിക്കുന്നു. "ചിത്രമെങ്ങിനെ?" എന്നാണ് ചോദ്യമെങ്കിൽ തീർച്ചയായും കാണാവുന്ന ഒരു ചിത്രം എന്നതിനപ്പുറം കൂടുതൽ സംശയങ്ങൾക്കോ ചോദ്യങ്ങൾക്കോ ഇവിടെ സ്ഥാനമില്ല!

ആകെത്തുക : 5.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 5.00 / 10
: 7.50 / 10
: 3.00 / 05
: 2.50 / 05
Snippet Review

'101 Chodyangal', the debut film of actor turned director Sidharth Siva, is surely worth a watch; there's no question of doubt about it!

അധ്യാപകന്റെ നിർദ്ദേശത്തെത്തുടർന്ന് നൂറ്റിയൊന്ന് ചോദ്യങ്ങൾ തേടിയുള്ള അനിൽ കുമാർ ബൊക്കാറോ എന്ന അഞ്ചാം ക്ലാസുകാരന്റെ അലച്ചിൽ, അതിലൂടെ അവൻ കാണുന്ന ചുറ്റുപാടുകളും അവന്റെ തന്നെ ജീവിതവും. ഇതാണ് ഈ സിനിമയുടെ കഥാപരിസരം. നമുക്കു ചുറ്റുമുള്ള ചില സത്യങ്ങളെ ആത്മാർത്ഥതയോടെ അവതരിപ്പിക്കുവാൻ സിദ്ധാർത്ഥിനു സാധിച്ചു എന്നതാണ് പ്രസക്തമായ കാര്യം. ഒരു കുട്ടിയെ കേന്ദ്രകഥാപാത്രമാക്കുവാനും സംവിധായകൻ ധൈര്യം കാട്ടി. പ്രേക്ഷകരെ പലയിടങ്ങളിലും വൈകാരികമായി ചിത്രം സ്പർശിക്കുകയും ചെയ്യും. എന്നാലൊരു പുതുമുഖ രചയിതാവ് / സംവിധായകൻ എന്നീ നിലകളിൽ ആഖ്യാനത്തിലോ പരിചരണത്തിലോ എന്തെങ്കിലും പുതുമകൾ പ്രതീക്ഷിച്ചാൽ നിരാശപ്പെടേണ്ടിയും വരും. ചില ഭാഗങ്ങളൊക്കെ അനാവശ്യമായി വിശദീകരിച്ചതും വില്ലനായി ഒടുവിലൊരു രോഗത്തെ കൊണ്ടുവന്നതുമൊക്കെ മലയാളസിനിമയുടെ പതിവ് രീതികളിലേക്ക് ചിത്രത്തെ കൊണ്ടുപോവുന്നുമുണ്ട്.

Cast & Crew
101 Chodyangal

Directed by
Sidhartha Siva

Produced by
Thomas Kottakkakam

Story, Screenplay, Dialogues by
Sidhartha Siva

Starring
Minon, Indrajith Sukumaran, Murugan, Lena Abhilash, Sudheesh, Nishanth Sagar, Manikandan Pattambi, Rachana Narayanankutty, Baby Diya, Prasanth, Niranjan, Vinod Kovoor etc.

Cinematography (Camera) by
Prabhath E.K.

Editing by
Bipin Paul Samuel

Production Design (Art) by
Gokul Das

Music by
M.K. Arjunan

Background Score by
Bijibal

Lyrics by
Shobin Kannagattu

Make-up by
Binoy Kollam

Costumes by
Thulasi Vazhayila

Stills by
Vidhyasagar

Designs by
Name

Banner
Seventh Paradise

Release Date
2013 July 26

കേന്ദ്രവും സംസ്ഥാനവും തന്നെ മികച്ച ബാലതാരമായി തിരഞ്ഞെടുത്തത് വെറുതേയല്ലെന്ന് മിലോണിന്റെ ബൊക്കാറോ കാണുന്നവർക്ക് ബോധ്യമാവും. പൊതുവേ കുട്ടികളഭിനേതാക്കളാവുന്ന ചിത്രങ്ങളിൽ സംവിധായകർ സൗകര്യപൂർവ്വം ഒഴിവാക്കാറുള്ള ക്യാമറയെ അഭിമുഖീകരിച്ചുള്ള അഭിനയം പോലും മിലോൺ സ്വാഭാവികമായി ചെയ്തിട്ടുള്ളത് ചിത്രത്തിൽ കാണാം. മറ്റ് പ്രധാന വേഷങ്ങളിലെത്തുന്ന മുരുകൻ, ലെന, ഇന്ദ്രജിത്ത് തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. നിഷാന്ത് സാഗർ, രചന നാരായണൻകുട്ടി, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരുടെ കഥാപാത്രങ്ങളും ചിത്രത്തിനുതകുന്നു.

ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വേഷവിധാനങ്ങളുടേയും ചമയത്തിന്റെയും സ്വാഭാവികത കഥാപാത്രങ്ങളേയും അതുവഴി സിനിമയേയും ഒരുപോലെ തുണയ്ക്കുന്നു. കഥാപരിസരങ്ങൾ വിശ്വസനീയമായി ചെയ്തൊരുക്കുന്നതിൽ ഗോകുൽ ദാസിന്റെ കലാസംവിധാനവും വിജയം കണ്ടു. പ്രഭാതിന്റെ ഛായാഗ്രഹണവും ബിപിൻ പോളിന്റെ ചിത്രസന്നിവേശവും ഒരു ശരാശരി മലയാളസിനിമയിൽ പ്രതീക്ഷിക്കാവുന്നതിൽ കൂടുതലായൊന്നും മികവിലേക്കെത്തുന്നില്ല. പശ്ചാത്തലസംഗീതത്തിന്റെ ഒരു കുറവു വേണ്ട എന്ന മട്ടിൽ തട്ടി മൂളിച്ചിരിക്കുന്ന ബിജിബാലിന്റെ സംഗീതം ചിത്രത്തിനു സഹായകരമായില്ല. ഷോബിൻ എഴുതി അർജ്ജുനൻ മാസ്റ്റർ ഈണമിട്ട ചിത്രത്തിലെ ഏകഗാനവും ശ്രദ്ധ നേടുന്നില്ല.

കുറഞ്ഞ ബജറ്റിൽ തീർത്ത ഒരു ചിത്രത്തിന്റെ പണിക്കുറവുകൾ '101 ചോദ്യങ്ങളി'ൽ പ്രകടമാണ്. ഈയൊരു പരിഗണന നൽകിയാൽ, ഈ ചിത്രം സിദ്ധാർത്ഥ് ശിവയുടെ മികച്ച ഒരു പരിശ്രമമാണെന്നു തന്നെ പറയാം. ബൊക്കാറോയുടെ ചോദ്യങ്ങൾ ചിലതെല്ലാം വളരെ ഭംഗിയായി അവതരിക്കപ്പെട്ടപ്പോൾ (അരിയുമായി അച്ഛനെത്തുവാനായി വയറുവിശന്നുള്ള കാത്തിരിപ്പിനിടയിൽ, കലത്തിൽ തിളയ്ക്കുന്ന വെള്ളത്തിൽ കുമിളകളുണ്ടാവുന്നത് എന്തുകൊണ്ടെന്ന ചോദ്യം ബൊക്കാറോ കണ്ടെത്തുന്നത്) മറ്റു ചിലതെല്ലാം കുറച്ചു കൂടി ഭംഗിയായി അവതരിപ്പിക്കാമായിരുന്നു എന്നും തോന്നി. ചില ചോദ്യങ്ങളെങ്കിലും ഇതര കഥാപാത്രങ്ങളുമായുള്ള സംഭാഷണങ്ങളിൽ നിന്നും ബൊക്കാറോയ്ക്ക് ലഭിച്ചിരുന്നെങ്കിൽ എന്നും തോന്നാതെയില്ല. സിദ്ധാർത്ഥ് ശിവ ഒരല്പം കൂടി മനസുവെച്ചിരുന്നെങ്കിൽ ആഖ്യാനത്തിലും അവതരണത്തിലും കൂടുതൽ മികവിലേക്ക് ചിത്രത്തെ കൊണ്ടെത്തിക്കുവാൻ അവസരമുണ്ടായിരുന്നു. ഇതിലുമധികം മികവു പുലർത്തുന്ന ചിത്രങ്ങളുമായെത്തുവാൻ ഈ ചിത്രത്തിനു ലഭിച്ച അംഗീകാരങ്ങൾ (തിയേറ്ററുകളിൽ പ്രേക്ഷകരധികം കാണുവാൻ കയറിയില്ലെങ്കിലും) സിദ്ധാർത്ഥ് ശിവയ്ക്ക് പ്രോത്സാഹനമാവുമെന്ന് കരുതുന്നു.

ഓഫ് ടോപ്പിക്ക്: സാമ്പത്തിക പരിമിതി കാരണമാണോ എന്നറിയില്ല, ചിത്രത്തിന്റെ മാർക്കറ്റിംഗും അത്ര കണ്ട് ഊർജ്ജസ്വലമല്ല. തിയേറ്ററുകളിൽ ആളെത്താത്തതിന് ഇതുമൊരു കാരണമാണ്!

4 comments :

  1. സിദ്ധാർത്ഥ് ശിവ സംവിധായകനാവുന്ന പ്രഥമ ചിത്രം '101 ചോദ്യങ്ങളു'ടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    Haree
    ‏@newnHaree
    #101Chodyangal, by actor turned director Sidharth Siva, is surely worth a watch, there is no question of doubt about it!
    6:08 PM - 28 Jul 13
    --

    ReplyDelete
  2. കണ്ടു. കണ്ടിരിക്കേണ്ട ചിത്രം. പ്രത്യേകിച്ചും സമ്പന്ന കുടുംബങ്ങളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും. സിദ്ധാർദ്ധ് ശിവയ്ക്ക് അഭിനന്ദനങ്ങൾ. ബാലനടൻ മിനോണിന് കേന്ദ്ര സംസ്ഥാന അവാർഡുകൾ കിട്ടിയതിൽ ഒട്ടും അത്ഭുതമില്ല. ഇങ്ങനെ ചിലപ്പോഴെങ്കിലും അവാർഡ് ജ്യൂറികളോട് ആദരവ് തോന്നാറുണ്ട്.

    ReplyDelete
  3. ഹരീ... ഈ ചിത്രം 101 ചോദ്യങ്ങൾ കണ്ടെത്തുന്ന ബാലൻ എന്ന തരത്തിൽ കാണാനാവില്ലെന്നാണ് എന്റെ അഭിപ്രായം.
    Observing, Questioning, Objective Reasoning എന്നിങ്ങിനെ യുക്തിചിന്തയിലേക്കുള്ള വഴിയിലെ തുടക്കമാണ് ഈ ചിത്രത്തിലൂടെ കാണിക്കാൻ സംവിധായകൻ ശ്രമിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്. അതിലൂടെ ബൊക്കാറോയ്ക്ക് വരുന്ന മാറ്റങ്ങൾ സംവിധായകൻ ഏറെക്കുറെ കൃത്യമായി കാണിക്കുന്നുമുണ്ട്. പൊതിച്ചോറ് കിട്ടാത്തതിനാൽ വാശിപിടിക്കുന്ന കുട്ടിയിൽ നിന്നും കുറേക്കൂടി വസ്തുനിഷ്ഠമായി കാര്യങ്ങൾ കാണുവാൻ സാധിക്കുന്ന തലത്തിലേക്ക് എത്താൻ ബൊക്കാറോയ്ക്ക് സാധിക്കുന്നുണ്ട്. ബാലിശമായ ചോദ്യങ്ങളിൽ തുടങ്ങി ഒരു ഫിലസോഫിക്കൽ ചോദ്യത്തിലേക്ക് എത്തുന്ന തരത്തിലേക്ക് ബൊക്കാറോ ഉയരുന്നുണ്ട്. ചുറ്റും കാണുന്ന കാര്യങ്ങളിൽ നിന്നുയരുന്ന ചോദ്യങ്ങളാണ് തുടക്കം, പിന്നീട് അത് വേറിട്ട സാഹചര്യങ്ങളെ നോക്കിക്കാണുമ്പോൾ ഉള്ള ചോദ്യങ്ങളാകുന്നു (അച്ഛനോടൊപ്പം പട്ടണത്തിൽ പോകുന്നത്), പിന്നീട് അവൻ തന്നെ വ്യത്യസ്തമായ സാഹചര്യങ്ങൾ അന്വേഷിച്ചുപോകുന്നു (അവൻ തനിച്ച് പോകുന്നത്), അവസാനം മുൻപ് ചോദിച്ച ചോദ്യത്തിൽ നിന്നും വ്യത്യസ്തമായൊരു ചോദ്യം ഒരേ ദൃശ്യത്തിൽ നിന്നവൻ കണ്ടെത്തുന്നു (എട്ടുകാലിയെ സംബന്ധിക്കുന്ന ചോദ്യം).
    ഇതൊക്കെ പല സ്റ്റേജുകളായി കണക്കാക്കാം.

    അതുകൊണ്ടുതന്നെ ചില പരാമർശങ്ങളോട് വിയോജിപ്പുണ്ട്, പ്രത്യേകിച്ചും "ചില ചോദ്യങ്ങളെങ്കിലും ഇതര കഥാപാത്രങ്ങളുമായുള്ള സംഭാഷണങ്ങളിൽ നിന്നും ബൊക്കാറോയ്ക്ക് ലഭിച്ചിരുന്നെങ്കിൽ എന്നും തോന്നാതെയില്ല" എന്നത്.

    ReplyDelete
  4. ഏകമാനമായ രീതിയിലാവില്ല ബൊക്കാറോയെപ്പോലെയൊരു കുട്ടിയുടെ ചോദ്യാന്വേഷണങ്ങൾ. മറ്റുള്ളവരുമായ ഇടപെടലുകളിലും ചോദ്യങ്ങൾ കണ്ടെത്തുവാൻ അവന് സാധിക്കും. അതാണ് ആ വരികളിൽ ഉദ്ദേശിച്ചത്. 101 ചോദ്യങ്ങൾ കണ്ടെത്തുന്ന ബാലനാണ് ഈ സിനിമ എന്നു കരുതുന്നുമില്ല, അതാണ് കഥാപരിസരം എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ.

    അഭിപ്രായങ്ങൾക്ക് വളരെ നന്ദി. :-)
    --

    ReplyDelete