കുഞ്ഞനന്തന്റെ കട (Review: Kunjananthante Kada)

Published on: 9/02/2013 07:01:00 AM

കുഞ്ഞനന്തന്റെ കട: ഈ കടയിലാളു കയറുമോ?

ഹരീ, ചിത്രവിശേഷം

Kunjananthante Kada: Chithravishesham Rating [5.00/10]
'ആദാമിന്റെ മകൻ അബു'വിനു ശേഷം സലിം അഹമ്മദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് 'കുഞ്ഞനന്തന്റെ കട'. മമ്മൂട്ടിയും നവാഗതയായ നൈല ഉഷയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാനത്തോടൊപ്പം രചനയും അലൻസ് മീഡിയയുടെ ബാനറിൽ ചിത്രത്തിന്റെ നിർമ്മാണവും സലിം അഹമ്മദ് തന്നെ നിർവ്വഹിച്ചിരിക്കുന്നു. ഹജ്ജ് യാത്രയ്ക്കൊരുങ്ങുന്ന അബുവിലൂടെ സാധാരണക്കാരുടെ ചില ജീവിതപ്രശ്നങ്ങളാണ് ആദ്യചിത്രത്തിലൂടെ സലിം അഹമ്മദ് തിരശീലയിലെത്തിച്ചതെങ്കിൽ, കുഞ്ഞനന്തനെന്ന ചെറുകിട വ്യാപാരിയിലൂടെ റോഡ് വികസനവും അനുബന്ധപ്രശ്നങ്ങളുമാണ് ഈ ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. ഈയൊരു വിഷയത്തെ സംബന്ധിച്ചിടത്തോളം സാമൂഹികവും മാനുഷികവും പ്രായോഗികവുമായ ഒട്ടേറെ വശങ്ങൾ വരുന്നുണ്ട്. അതിലൊരു വശം മാത്രമെടുത്ത്, കട നഷ്ടമാവുമെന്നതിന്റെ പേരിൽ റോഡ് വികസനത്തിനോട് സഹകരിക്കാത്ത ചെറുകിട വ്യാപാരികളെ കുറ്റവാളികളാക്കുകയെന്ന എളുപ്പപ്പണിയാണ് സലിം അഹമ്മദ് 'കുഞ്ഞനന്തന്റെ കട'യിൽ ചെയ്തു വെച്ചിരിക്കുന്നത്.

ആകെത്തുക : 5.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 4.00 / 10
: 7.00 / 10
: 4.00 / 05
: 3.00 / 05
Snippet Review

'Kunjananthante Kada' tries to handle a socially relevant subject, but as the film progress one may get doubtful about director's integrity.

കുഞ്ഞനന്തനു തന്റെ കടയെന്നു വെച്ചാൽ ജീവനാണ്. ഒരോടിളകിയാൽ, കടയിലെ ഒരു ഭരണി പൊട്ടിയാൽ അയാളുടെ നെഞ്ചുരുകും. ഭാര്യ ചിത്തിരയ്ക്കാവട്ടെ കുഞ്ഞനന്തന്റെ ഈയൊരു മനസ് കാണുവാനുമാവുന്നില്ല. ഇവർക്കിടയിലെ പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ആദ്യഭാഗം. പിന്നീട്, റോഡു വികസനത്തിനായി കട പൊളിയ്ക്കണമെന്ന് പഞ്ചായത്ത് നോട്ടീസ് നൽകുന്നതോടെ കുഞ്ഞനന്തനു മുന്നോട്ടുള്ള ജീവിതമൊരു ചോദ്യചിഹ്നമാവുന്നു. റോഡ് വികസനത്തിന്റെ ആവശ്യകത, വസ്തു നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾ എതിർപ്പുകൾ ഇവയൊക്കെയാണ് ചിത്രത്തിന്റെ ബാക്കി ഭാഗം. ഒരു ഹൃസ്വചിത്രത്തിനപ്പുറം ഒരു മുഴുനീളചിത്രമാക്കുവാനുള്ള വകയുണ്ടോ ഈയൊരു പ്രമേയത്തിനെന്ന് സംശയമാണ്. കുഞ്ഞനന്തന്റെ മച്ചും നോക്കി കിടന്നുള്ള ആത്മസംഭാഷണങ്ങളെയാണ് സമയം തികയ്ക്കുവാനായി സലിം അഹമ്മദ് കൂട്ടുപിടിക്കുന്നത്. നായകന്റെ തെറ്റുകളെ ന്യായീകരിച്ചുകൊണ്ട് സിനിമ അവസാനിപ്പിക്കാതെ, തെറ്റുകൾ തിരിച്ചറിയുന്ന രീതിയിൽ കഥാന്ത്യമൊരുക്കിയതാണ് ചിത്രത്തെക്കുറിച്ച് പറയാനുള്ളൊരു പുതുമ. കഥാപാത്രങ്ങളേയും കഥാസന്ദർഭങ്ങളേയും കൃത്യമായി ഉപയോഗിക്കുവാനുള്ള സലിം അഹമ്മദിന്റെ മിടുക്കു ചിലയിടങ്ങളിൽ പ്രകടമാണ്.

Cast & Crew
Kunjananthante Kada

Directed by
Salim Ahamed

Produced by
Salim Ahamed

Story, Screenplay, Dialogues by
Salim Ahamed

Starring
Mammootty, Nyla Usha, Siddique, Balachandra Menon, Salim Kumar, Manikkuttan etc.

Cinematography (Camera) by
Madhu Ambat

Editing by
Vijay Shankar

Production Design (Art) by
Jyothish Shankar

Background Score by
Issac Thomas Kottukapally

Sound Editing by
Resul Pookutty

Music by
M. Jayachandran

Lyrics by
Rafeeq Ahammed

Make-up by
Pattanam Shah

Costumes by
Indrans Jayan

Stills by
Ramdas Mathur

Designs by
Sajeesh M.Design

Banner
Allens Media

Release Date
2013 Aug 30

മമ്മൂട്ടി അവതരിപ്പിച്ച സമീപകാല കഥാപാത്രങ്ങളുമായി തട്ടിച്ചു നോക്കിയാൽ കാതങ്ങൾ മുന്നിലാണ് ചിത്രത്തിലെ കുഞ്ഞനന്തൻ. എന്നിരുന്നാലും, ആ വേഷം ഇത്രയും താരപരിവേഷമില്ലാത്ത ഒരു നടൻ ചെയ്തിരുന്നതെങ്കിൽ കൂടുതൽ ഭംഗിയാവുമായിരുന്നില്ലേ? ഈ കഥാപാത്രം ഏറ്റവും യോജിക്കുന്നത് മമ്മൂട്ടിക്കാണെന്നു കരുതുവാൻ വയ്യെന്നു ചുരുക്കം. സിനിമാഭിനയത്തിൽ ആദ്യമാണെങ്കിൽ കൂടി, തികഞ്ഞ കൈയ്യടക്കത്തോടെ നൈല ഉഷയ്ക്ക് ചിത്തിര എന്ന കഥാപാത്രത്തെ ചെയ്തു വിജയിപ്പിക്കുവാനായി. ചെറുവേഷങ്ങളിലെത്തിയ സിദ്ദിഖ്, ബാലചന്ദ്ര മേനോൻ, സലിം കുമാർ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ സ്വാഭാവികതയോടെ അവതരിപ്പിച്ചു. കണ്ണൂർ ഭാഷയുടെ പരിഹാസ്യമാവാത്ത ഉപയോഗവും ചിത്രത്തിന്റെ മറ്റൊരു മെച്ചമായി കാണാം.

'കുഞ്ഞനന്തന്റെ കട' തയ്യാറാക്കുന്നതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രകടിപ്പിച്ച മികവാണ് ചിത്രത്തിൽ എടുത്തുപറയേണ്ടതായുള്ളത്. മധു അമ്പാട്ടിന്റെ ക്യാമറ പകർത്തിയ ദൃശ്യങ്ങളുടെ ചാരുതയും, അവയെ ചേർത്തുവെച്ച വിജയ് ശങ്കറിന്റെ സന്നിവേശമികവും, ദൃശ്യങ്ങളെ ഭാവതലത്തിലുയർത്തിയ ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തലസംഗീതവുമെല്ലാം ചിത്രത്തിനു നന്നായിണങ്ങുന്നു. കുഞ്ഞനന്തന്റെ മനോവ്യാപാരങ്ങളെ കൃത്യമായി അടയാളപ്പെടുത്തുവാനും ഇവയ്ക്കു കഴിയുന്നുണ്ട്. റസൂൽ പൂക്കുട്ടിയുടെ ശബ്ദസംവിധാനത്തിൽ ചിലപ്പോഴെങ്കിലും സംഭാഷണങ്ങൾ അവ്യക്തമെന്ന് തോന്നി. (ഇനി അത് തിയേറ്ററിലെ സാങ്കേതിക തകരാറാണോ എന്നറിയില്ല.) സ്വാഭാവികത തോന്നിക്കുന്ന കഥാപരിസരങ്ങളൊരുക്കിയ ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും ചിത്രത്തിനുതകുന്നു. റഫീഖ് അഹമ്മദ് എഴുതി എം. ജയചന്ദ്രൻ ഈണമിട്ടു പാടിയ "ശരറാന്തൽ മിഴിമായും...", ഈരടികളായി ഇടയ്ക്കിടെ ചിത്രത്തിലുപയോഗിച്ചിരിക്കുന്നു.

സ്ഥലത്തോടോ കെട്ടിടത്തോടോ ഒക്കെ ഒരാൾക്കു തോന്നിയേക്കാവുന്ന വൈകാരികമായ അടുപ്പം, റോഡ് വികസനത്തിനു തടസമാവരുത് എന്നതാണ് ചിത്രം ചുരുക്കത്തിൽ പറഞ്ഞുവെയ്ക്കുന്നത്. ഈ പറഞ്ഞതിൽ ന്യായമില്ലെന്നില്ല. എന്നാൽ, വൈകാരികതയുടെ പേരിലല്ല കുഞ്ഞനന്തൻ എതിർപ്പുമായി അധികാരികളുടെ മുൻപിലെത്തുന്നത്. കുറഞ്ഞപക്ഷം അതല്ല അയാളവർക്കു മുന്നിലുയർത്തുന്ന ചോദ്യങ്ങളുടെ അടിസ്ഥാനം. അയാളുടെ (ഒപ്പം ‌മറ്റു വ്യാപാരികളുടേയും) ഉപജീവനവുമായി ബന്ധപ്പെട്ട പ്രായോഗികപ്രശ്നങ്ങളാണ് അവിടെ ഉന്നയിക്കപ്പെടുന്നത്. എന്നാൽ സിനിമയുടെ അവസാനമെത്തുമ്പോൾ അവയ്ക്കൊന്നുമൊരു ഉത്തരം നൽകുവാൻ സംവിധായകൻ ശ്രമിക്കുന്നില്ല. പുതുതായി വന്ന നാലുവരിപ്പാതയ്ക്കരികിൽ ഒരു പുതിയ കടയിട്ടു സുഖമായി ജീവിക്കുന്ന കുഞ്ഞനന്തനെ കാണിക്കുമ്പോൾ മേല്പറഞ്ഞ പ്രായോഗിക പ്രശ്നങ്ങളൊന്നുമൊരു വിഷയമല്ല എന്നാണോ സംവിധായകനുദ്ദേശിച്ചത്?

ഭൂമിയേറ്റെടുക്കലും പുനരധിവാസവും ഇത്രമേൽ നിസ്സാരമായി കാണേണ്ടതാണോ? റോഡ് വരുന്നേ എന്നു കേട്ടാലുടനേ പെട്ടിയും കിടക്കയുമെടുത്ത് സ്ഥലം വിട്ടോളണമെന്നാണോ സംവിധായകന്റെ ഉപദേശം? സത്യത്തിൽ റോഡ് വികസനത്തിനു തുരങ്കം വെയ്ക്കുന്ന റിയൽ എസ്റ്റേറ്റ് എടപാടുകാരേയും വൻകിട മുതലാളിമാരേയുമൊക്കെ പാടേ ഒഴിവാക്കി, കുഞ്ഞനന്തനെപ്പോലെയുള്ള ചെറുകിട വ്യാപാരികളുടെ മേൽ കുറ്റം ചാർത്തലല്ലേ ചിത്രം ചെയ്യുന്നത്? അവതരിപ്പിക്കപ്പെട്ട വിഷയത്തോടുള്ള സംവിധായകന്റെ ആത്മാർത്ഥതയില്ലായ്മ ചിത്രത്തിലിവിടെയൊക്കെ പ്രകടമാവുന്നുണ്ടെന്നു പറയാതെവയ്യ. അവതരണ ദൈർഘ്യത്തിലെ മടുപ്പിനെക്കാളുപരി, 'കുഞ്ഞനന്തന്റെ കട'യിൽ നിന്നും കാണികളകലുന്നതും ഇവിടെയൊക്കെയാണ്!

ഗതികേട്: കാണികളുടെ കൈയ്യടിയും വിസിലടിയുമൊക്കെ ഒരു പരിധിവരെ സഹിക്കാം. എന്നാലിവിടെ ഇതൊന്നുമല്ല പകരം ക്രിക്കറ്റ് ഗ്രൗണ്ടുകളിലെ കാഹളക്കുഴലാണ് 'ഫാൻസ്' ഇടയ്ക്കിടെ ഊതിക്കൊണ്ടിരുന്നത്! ഇത്രയും സിനിമാബോധമില്ലാത്ത കുറേയെണ്ണമാണല്ലോ മമ്മൂക്കയുടെ ഫാൻസ്! ഗതികേട്, അല്ലാണ്ടെന്താ!

8 comments :

  1. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത 'കുഞ്ഞനന്തന്റെ കട' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
    --

    ReplyDelete
  2. പൊതുവേ നല്ല അഭിപ്രായം ആണല്ലോ പടത്തിനു. അവസാന ഭാഗത്ത്‌ പറഞ്ഞ ഫാന്‍സ് കോമാളികളുടെ ബഹളം കൂടി ഹരിയുടെ ആസ്വാദനത്തിന് തടസ്സമായി എന്ന് തോന്നുന്നു.

    ReplyDelete
  3. climaxil, road gfx cheythath asthanathayipoyi.. sahakaricha technicians muzhuvanum nat awar winners anennu koodi orkkanam, ennitum ee oru paka pizha sradhikkamayirunnu.. oru thanamayathwam illaymaa.. nyla ushayude post modern penkuttiyude cheshtakalum mattum.. kannin munnil enna pattinu muthuchippiyittath...


    itrayoke ozhichal, a class attempt ! !

    ReplyDelete
  4. sooper padam. harikenthanu vendathennu mansilaavunilla.

    ReplyDelete
  5. ഹരീ,
    പടം കണ്ടില്ല. മമ്മൂട്ടിയുടെ പടമല്ലേ, എല്ലാവരും നല്ലതെന്നു പറഞ്ഞു അതുകൊണ്ട് ഞാനും പറഞ്ഞേക്കാം എന്ന നിരൂപകരുടെ പതിവ് പരിപാടി പിന്തുടരാതെ സ്വന്തം അഭിപ്രായം എഴുതിയത് നന്നായി.

    ReplyDelete
  6. കണ്ടിരിക്കാവുന്നപടം... പക്ഷെ സാരോപദേശം ഇത്തിരി കൂടുതൽ .. നൈല സൂപ്പർ

    ReplyDelete