ഒരു ഇന്ത്യന്‍ പ്രണയകഥ (Review: Oru Indian Pranayakatha)

Published on: 12/23/2013 11:34:00 AM

ഒരു ഇന്ത്യന്‍ പ്രണയകഥ: കഥയതൊക്കെ തന്നെ!

ഹരീ, ചിത്രവിശേഷം

Oru Indian Pranayakatha: Chithravishesham Rating [4.00/10]
'വഞ്ചി തിരുനക്കരെ തന്നെ', 'ചങ്കരന്‍ പിന്നെയും തെങ്ങേല്' തുടങ്ങിയ പഴഞ്ചൊല്ലുകള്‍ അടുത്ത കാലത്തായി ഓര്‍മ്മയില്‍ വരുന്നത് സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ കണ്ടിറങ്ങുമ്പോഴാണ്‌. രണ്ടായിരത്തിപ്പതിമൂന്നിലും സത്യന്‍ പതിവു തെറ്റിക്കുന്നില്ല - അതേ പൈങ്കിളി പ്രണയകഥ തന്നെ പതിവ് അരാഷ്ട്രീയതയില്‍ കുഴച്ചുരുട്ടി, 'ഒരു ഇന്ത്യന്‍ പ്രണയകഥ'യാക്കി സത്യനെത്തുന്നു. ഫഹദ് ഫാസിലും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായി ചുറ്റിനടന്നു കാണികളെ ബോറടിപ്പിക്കുന്ന ഈ പ്രണയകഥ(?)യുടെ രചന ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെയാണ്, നിര്‍മ്മാണം സെന്‍ട്രല്‍ പിക്ചേഴ്സും. നായകനെ ജോലിയുടെ മഹത്വം പഠിപ്പിക്കുന്ന നായികയെ ഇനിയും സത്യനു മടുത്തില്ലെന്നു തോന്നുന്നു. തുടക്കമൊക്കെ കൊള്ളാമെങ്കിലും വളച്ചുകെട്ടി കൊണ്ടെത്തിക്കുന്നത് അവിടെ തന്നെയാണ്.

ആകെത്തുക : 4.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 6.00 / 10
: 3.00 / 05
: 2.00 / 05
Snippet Review

There's nothing new in 'Oru Indian Pranayakatha', it's the same convenient plot and the same treatment.

ദത്തെടുത്തവരുടെ മരണാനന്തരം തന്റെ യഥാര്‍ത്ഥ അച്ഛനമ്മമാരെ തേടിയെത്തുന്ന ഇറീന്‍ (അമല പോള്‍), അവളുടെ സഹായിയായി കൂടുന്ന യൂത്ത് കോണ്‍ഫ്രന്‍സ് നേതാവ് അയ്മനം സിദ്ധാര്‍ത്ഥന്‍ - ഇവരോരുമിച്ചുള്ള യാത്രകള്‍ ഒടുക്കം പ്രണയത്തിലെത്തി തീരുന്നതാണ് ചിത്രത്തിന്റെ ചുരുക്കം. സിദ്ദാര്‍ത്ഥന്റെ യൂത്തന്‍ കളികള്‍ ചിത്രത്തിന്റെ ആദ്യഭാഗത്ത് അല്പം രസിപ്പിക്കും; പിന്നങ്ങോട്ട് അതുമില്ല ഒരാശ്വാസത്തിന്. ഫഹദിനേയും അമല പോളിനെയും കണ്ടിരിക്കാം (ഒരു പക്ഷെ, ഇവരുടെ തിരസാന്നിധ്യം കൂടിയില്ലായിരുന്നെങ്കില്‍ - ഹൊ!) എന്നതിനപ്പുറം ഒരുമെച്ചവും തുടര്‍ ഭാഗങ്ങള്‍ക്ക് പറയുവാനില്ല. ഇതൊക്കെ ഇങ്ങിനെ സംഭവിക്കുമോ എന്നൊന്നു ചിന്തിച്ചാല്‍ ചിത്രത്തിന്റെ പൊള്ളത്തരങ്ങള്‍ കൂടുതല്‍ തെളിയുകയും ചെയ്യും.

Cast & Crew
Oru Indian Pranayakatha

Directed by
Sathyan Anthikad

Produced by
Central Pictures

Story, Screenplay, Dialogues by
Ikbal Kuttipuram

Starring
Fahadh Faasil, Amala Paul, Innocent, Shafna, Muthumani, Lakshmi Gopalaswamy, Prakash Bare, Krishnapriya, Kani etc.

Cinematography (Camera) by
Pradeep Nair

Editing by
K. Rajagopal

Production Design (Art) by
Prashant Madhav

Music by
Vidyasagar

Lyrics by
Rafeeq Ahmed

Make-up by
Pandyan

Costumes by
S.B. Satheesan

Choreography by
Brinda

Stills by
Momi

Designs by
Jissen Paul

Banner
Central Pictures

Release Date
2013 Dec 20

ഒറ്റയ്ക്കെടുത്തു നോക്കിയാല്‍ രസമുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിലെ നായകനും നായികയും. എന്നാലവരുടെ കഥ പറഞ്ഞു വന്നപ്പോള്‍ ആ രസം എവിടെയോ പോയി! നായകനേയും നായികയേയും മാറ്റി നിര്‍ത്തിയാല്‍ പിന്നെ കാര്യമാത്രപ്രസക്തമായ ഒരു വേഷം ഇന്നസെന്റിന്റെയാണ്. അദ്ദേഹം അടുത്ത കാലത്ത് ചെയ്ത വേഷങ്ങളില്‍ ഭേദപ്പെട്ട ഒന്നായി കാണാം ഇതിലെ കോണ്‍ഗ്രസ് നേതാവിനെ. നിരാശാകാമുകി റോളുകളിലെത്തിയിരുന്ന സംവൃതയുടെ ഒഴിവില്‍ അതേ രൂപഭാവാദികളില്‍ ഷഫ്ന എത്തുന്നു. മുത്തുമണി, ലക്ഷ്മി ഗോപാലസ്വാമി, പ്രകാശ് ബാരെ എന്നിങ്ങനെ ഇനിയുമുണ്ട് ചിത്രത്തില്‍ അഭിനേതാക്കള്‍.

ഇളയരാജ സത്യനെ വിട്ടതാണോ അതോ തിരിച്ചാണോ എന്നറിയില്ല, ഏതായാലും വിദ്യാസാഗറാണ് ഇതിലെ സംഗീത സംവിധായകന്‍. നജീം അര്‍ഷാദും അഭിരാമിയും ചേര്‍ന്നു പാടിയ "ഓമന കോമള..." എന്ന ഗാനം, ബ്രിന്ദയുടെ നൃത്തച്ചുവടുകളും ഒക്കെക്കൂടി വരുമ്പോള്‍ കണ്ടിരിക്കുവാന്‍ നന്ന്‍. മറ്റുഗാനങ്ങളൊക്കെ പതിവു തെറ്റിക്കരുതല്ലോ എന്നു കരുതി ചേര്‍ത്തിരിക്കുന്നു എന്നല്ലാതെ മറ്റൊരു പ്രാധാന്യം കണ്ടില്ല. നായകനും നായികയും കൂടി ഇങ്ങ് ഈ കൊച്ചു കേരളത്തില്‍ മാത്രം കിടന്നു കറങ്ങിയാല്‍ എങ്ങിനെ ഇന്ത്യന്‍ പ്രണയകഥയാവും എന്ന് കരുതിയാവണം അങ്ങ് രാജസ്ഥാനില്‍ വരെ കൊണ്ടുപോയി പാട്ടുപാടിച്ചു നൃത്തം ചെയ്യിക്കുന്നുണ്ട് സംവിധായകന്‍ ഇവരിരുവരെയും. സംഘാംഗങ്ങള്‍ക്ക് അങ്ങിനെയൊരു രാജസ്ഥാന്‍ ട്രിപ്പ് ഒത്തുകിട്ടി, അല്ലാണ്ടെന്ത്!

ഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' നല്‍കി നായകനെ നന്നാക്കുന്ന നായിക, ഒടുക്കം തന്റെ ഉപദേശം കൂട്ടാളികള്‍ക്കു നല്‍കുന്ന നായകനെ സ്വീകരിക്കുന്നയിടത്ത് സിനിമയ്ക്ക് ശുഭാന്ത്യം. വിദ്യാഭ്യാസവും തൊഴിലുമില്ലാത്തവര്‍ രാഷ്ട്രീയത്തില്‍ വരുന്നതിനാലാണിന്ത്യയില്‍ അഴിമതി എന്ന പുതുതലമുറ ഗാന്ധിയുടെ പ്രഫഷണല്‍ കാഴ്ചപ്പാടും സംവിധായകന്‍ കടമെടുക്കുന്നുണ്ട്. (പുള്ളിയുടെ ബാക്കി കണ്ടെത്തലുകള്‍ കൂടി ചേര്‍ക്കാമായിരുന്നു!) അഴിമതിക്ക് ശിക്ഷിക്കപ്പെട്ടു ജയിലില്‍ കിടക്കുന്നവരെല്ലാവരും വിദ്യാഭ്യാസം കുറഞ്ഞവരും, ജോലിയും കൂലിയുമില്ലാതെ കഴിഞ്ഞു കൂടുവാന്‍ ബുദ്ധിമുട്ടിയിരുന്ന പാവങ്ങളും ആണെന്നത് പുതിയ അറിവായിരുന്നു. ചിത്രമൊരു പ്രണയകഥയൊന്നും ആയില്ലെങ്കിലും ഇമ്മാതിരി വിവരക്കേടുകള്‍ സിനിമയെ തികച്ചും ഇന്ത്യനാക്കുന്നുണ്ട്.

വിശേഷകവാക്യം: മാറ്റമില്ലാതെ തുടരുന്നത് മാറ്റം മാത്രമാണെന്ന തിയറിയില്‍ ഒരു ചെറിയ മാറ്റമാവാം - 'മാറ്റമില്ലാതെ തുടരുന്നത് മാറ്റവും പിന്നെ അന്തിക്കാടന്‍ ചിത്രങ്ങളും' എന്നാക്കിയാല്‍ കാലത്തിനു ചേരും!

3 comments :

  1. ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ 'ഒരു ഇന്ത്യന്‍ പ്രണയകഥ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

    Share more to read more!
    Please share this post through the Facebook page and Google+ page. Thank you for caring. :-)

    ReplyDelete
  2. ഏറ്റവും കൂടുതൽ സത്യൻ അന്തിക്കാട് സിനിമകളിൽ അഭിനയിച്ചതിനു വല്ല അവാർഡോ മറ്റോ ഉണ്ടെങ്കിൽ അത് ഇന്നസെന്റ് ചേട്ടന് സ്വന്തം. ഫഹദിനെ ഇങ്ങനെ വ്യത്യസ്തത ഉള്ള വേഷങ്ങളിൽ കാണാൻ കഴിയുന്നതിൽ സന്തോഷം.

    ReplyDelete
  3. "ശ്യാമമേഘമേ" എന്നാ ചിത്രയുടെ പാട്ട് മനോഹരം! പടവും തരക്കേടില്ല..!

    ReplyDelete