മോസയിലെ കുതിര മീനുകൾ (Review: Mosayile Kuthira Meenukal)

Published on: 5/06/2014 08:29:00 AM

മോസയിലെ കുതിര മീനുകൾ: മീനുകൾക്ക് കനം പോര!

ഹരീ, ചിത്രവിശേഷം

Chithravishesham Rating [4.75/10]
മോസയിലെ കുതിരമീനുകൾ’ - പേരിലുള്ള കൌതുകം തന്നെയാണു ഇടവേളയ്ക്ക് ശേഷം ലക്ഷദ്വീപിലേക്ക് ബോട്ടു കയറുന്ന ഈ സിനിമയുടെ മുഖ്യ ആകർഷണം. അവിടുത്തെ നാട്ടുഭാഷയിൽ മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും തന്റെ കാര്യം നടക്കണമെന്ന് ചിന്തിക്കുന്ന സ്വന്തം കാര്യം നോക്കികൾക്കുള്ള വിളിപ്പേരത്രേ കുതിരമീനെന്നത്. അത്തരത്തിൽ കുതിരമീനുകളായ രണ്ടു ചെറുപ്പക്കാർ, അവരുമായി ബന്ധപ്പെട്ട മറ്റു ചിലർ; ഇവരിലൂടെയൊക്കെയാണു സിനിമയുടെ കഥ പോവുന്നത്. ആസിഫ് അലിയും സണ്ണി വെയ്നും നായകരാവുന്ന ചിത്രത്തിൽ ഇവർക്ക് നായികമാരായി യഥാക്രമം ജനനി അയ്യരും സ്വാതി റെഡ്ഡിയുമെത്തുന്നു. നവാഗതനായ അജിത്ത് പിള്ള സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചനയിൽ സംവിധായകനോടൊപ്പം വിപിൻ രാധാകൃഷ്ണനും പങ്കു ചേർന്നിരിക്കുന്നു. ഫ്രയിംസ് ഇനെവിറ്റബിളിന്റെ ബാനറിൽ നിയാസ് ഇസ്മയിലാണു നിർമ്മാണം.

ആകെത്തുക : 4.75 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • പാട്ട് / നൃത്തം / ആക്ഷന്‍
  • 3.00 / 10
  • 4.00 / 10
  • 5.00 / 10
  • 4.00 / 05
  • 3.00 / 05
ആദ്യപാതിയിൽ അലക്സിന്റെയും അക്ബറിന്റെയും ജയിൽ ചാട്ടവും രണ്ടാം പാതിയിൽ അക്ബറിന്റെ മീൻ പിടുത്തവുമാണ് 'മോസയിലെ കുതിരമീനുകൾ' കാട്ടിത്തരുന്നത്. ആസിഫ് അലിയുടെ അലക്സ് എന്ന കഥാപാത്രത്തിനെയൊക്കെ കഥയിൽ സ്ഥാപിച്ചെടുക്കാൻ തുടക്കത്തിൽ കുറേയേറെ സമയം കളയുന്നുണ്ട് രചനയിലും പങ്കുള്ള സംവിധായകൻ. കാഴ്ചകൾ കാണിക്കുക എന്നതിനപ്പുറം പ്രത്യേകിച്ചൊരു ഉദ്ദേശവും പറയുവാനില്ലാത്ത രംഗങ്ങളിലൂടെയുള്ള ചിത്രത്തിന്റെ പോക്ക്, അവ കണ്ടിരിക്കുവാൻ താത്പര്യമില്ലാത്തവർക്ക് മുഷിച്ചിലായി മാറാം. വെറുതേ ക്യാമറയുമായി ലക്ഷദ്വീപിൽ പോയി കാഴ്ചകൾ പകർത്തി വന്നാൽ അത് മറ്റൊരു ‘സഞ്ചാരി’യാവും സിനിമയാവില്ല; അതൊഴിവാക്കാനായി പേരിനൊരു കഥയുണ്ട് എന്നല്ലാതെ അതിലൊരു കഥയില്ല!
ആസിഫ് അലിയുടെ മുൻ ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് അലക്സ് എങ്ങിനെയാവും എന്നൂഹിക്കുക പ്രയാസമില്ല. അതിനപ്പുറം എന്തെങ്കിലും ചെയ്യുവാനുള്ള അഭിനയ കൌശലമൊന്നും ആസിഫിന്റെ പക്കലുണ്ടെന്നും തോന്നലില്ല. അക്ബറായെത്തിയ സണ്ണി വെയ്ൻ അതിശയിപ്പിക്കുന്നില്ല, നിരാശപ്പെടുത്തുന്നുമില്ല. ദീനയെന്ന കഥാപാത്രം ജനനി അയ്യർ അഭിനയിച്ചു വന്നപ്പോൾ ‘ദയനീയ’യായെങ്കിൽ സ്വാതി റെഡ്ഢിയുടെ തട്ടമിട്ട പെൺകുട്ടി കാര്യമായ ചലനമൊന്നും ഉണ്ടാക്കാതെ പോവുന്നു. അധികസമയമൊന്നും സ്ക്രീനിൽ വരുന്നില്ലെങ്കിലും ഉള്ളത് ഭംഗിയാക്കുവാൻ ജോജോയ്ക്കും ജിജോയ്ക്കുമായി. നെടുമുടി വേണു, നിഷാന്ത് സാഗർ തുടങ്ങി മറ്റു ചിലരും തലകാണിച്ചു പോവുന്നുണ്ട് ചിത്രത്തിൽ.

ആദ്യാവസാനം കൈവരിക്കുവാനായ സാങ്കേതികമികവിലാണു ചിത്രം തടി കഴിച്ചിലാക്കുന്നതെന്ന് പറയാം. അഭിനന്ദൻ രാമാനുജനം പകർത്തിയ ദൃശ്യങ്ങൾ, വിശേഷിച്ചും കഥ ദ്വീപിലേക്ക് കുടിയേറുന്ന രണ്ടാം പാതിയിലെ ദൃശ്യങ്ങൾ, തന്നെയാണു ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാൽ ദൃശ്യങ്ങൾക്കു വേണ്ടി ചേർത്ത ദൃശ്യങ്ങൾ സിനിമ എന്ന നിലയ്ക്ക് ബാധ്യതയാവുന്നുമുണ്ട്. കാഴ്ചസുഖം ഒന്നുകൊണ്ടു മാത്രം, ഒരു പരിധിക്കപ്പുറം കാണികളെ പിടിച്ചിരുത്തുവാൻ കഴിയുമെന്ന് കരുതുന്നത് പരാമാബദ്ധമാണ്.

കേവലം കാഴ്ചകൾക്കപ്പുറം ദ്വീ‍പസമൂഹത്തിലെ ജീവിതവും ഭൂസവിശേഷതകളുമെല്ലാം ഏതെങ്കിലുമൊക്കെ രീതിയിൽ സിനിമയുടെ അവിഭാജ്യഘടകങ്ങളായി വന്നിരുന്നെങ്കിൽ കൂടുതൽ ശ്രദ്ധ നേടുമായിരുന്നു ചിത്രം. നിലവിൽ ഈ കഥ കോഴിക്കോടു പോയും പറയാം എന്നതാണു സ്ഥിതി. എന്നിരുന്നാലും, കുറഞ്ഞപക്ഷം പ്രേക്ഷകരുടെ മേൽ കുതിരകേറുന്നെങ്കിലുമില്ല എന്നതിനാൽ, ഒരിക്കൽ വേണമെങ്കിൽ കണ്ടു മറക്കാം ‘മോസയിലെ കുതിരമീനു’കളെ.
പൊതുവിജ്ഞാനം: മോസയെന്നാൽ വലിയ തിരയെന്നും, കുതിരമീനെന്നാൽ കൊമ്പൻ‌ മത്സ്യം (Swordfish) എന്നുമാണു ലക്ഷദ്വീപിലെ ആളുകൾ അർത്ഥമാക്കുന്നതെന്ന് ചിത്രം നമ്മെ പഠിപ്പിക്കുന്നു.

Cast & Crew

Cast
Asif Ali, Sunny Wayne, Janani Iyer, Swati Reddy, Jijoy, Joju George, Nishanth Sagar, Nedumudi Venu, Chemban Vinod etc.
Crew
Directed by Ajith Pillai
Produced by Niyas Ismail
Story, Screenplay / Dialogues by Ajith Pillai, Vipin Radhakrishnan / Ajith Pillai
Cinematography by Abinandhan Ramanujam
Film Editing by Ratheesh Raj
Art Direction by M. Bawa
Costume Design by Dhanya Balakrishnan
Makeup by Hasan Vandoor
Lyrics by P.S. Rafeeque, Suhail Koya
Music by Prashanth Pillai
Stills by Jeo Jomey
Designs by Eli Media
Banner: Frames Inevitable
Released on: 2014 May 01

No comments :

Post a Comment