ഡാർവിന്റെ പരിണാമം (Review: Darvinte Parinamam)

Published on: 3/21/2016 08:23:00 PM

ഡാർവിന്റെ പരിണാമം: എങ്ങുമെത്താത്ത പരിണാമം!

ഹരീ, ചിത്രവിശേഷം

Chithravishesham Rating: 4.50/10
'കൊന്തയും പൂണൂലു'മെന്ന തന്റെ പ്രഥമ ചിത്രത്തിനു ശേഷം ജിജോ ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഡാർവിന്റെ പരിണാമം'. പൃഥ്വിരാജും ചെമ്പൻ വിനോദ് ജോസും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ചാന്ദ്നി ശ്രീധർ, സൗബിൻ ഷാഹിർ, ഷമ്മി തിലകൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നു. സംവിധായകനൊപ്പം മനോജ് നായർ ചിത്രത്തിന്റെ രചനയിൽ പങ്കാളിയാണ്. മാനം മര്യാദയ്ക്ക് ജീവിച്ചു പോവുന്ന അനിൽ ആന്റോയെന്ന കഥാനായകൻ ചില പ്രത്യേക സാഹചര്യങ്ങളിൽ സ്ഥലത്തെ പ്രധാന ഗുണ്ടയായ ഡാർവിനൊപ്പം ചേരുന്നതും പിന്നീട് അയാളുടെ പരിണാമത്തിനു നിമിത്തമാവുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. എഴുത്തിലും പിന്നെ സംവിധാനത്തിലും തനിക്കും തന്റെ കൂടെ ചേർന്നവർക്കും ഇനിയുമേറെ പരിണാമം ബാക്കിയാണെന്ന് കാണിച്ചു തരുന്നതിനപ്പുറം വിശേഷമൊന്നുമില്ലെന്നതാണ് ചിത്രത്തിന്റെ പരിണാമഗുപ്തി!

ആകെത്തുക : 4.50 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 3.00 / 10
  • 3.00 / 10
  • 6.00 / 10
  • 3.00 / 05
  • 3.00 / 05
ട്രൈലർ സംശയിപ്പിക്കുമ്പോലെ 'പോക്കിരി'യുടെ കഥയുമായിതിനു ബന്ധമൊന്നുമില്ല. പക്ഷെ, അടിപൊളിയാണെന്ന് പറഞ്ഞ മേക്കിംഗ്, അങ്ങനെ പറയാൻ പറ്റുന്നതിന്റെ അടുത്തെങ്ങുമെത്തിയുമില്ല. ഡാർവിന്റെ ഗുണ്ടാ പരിവേഷവും ചെയ്തികളുമൊക്കെ കാരിക്കേച്ചർ സ്വഭാവത്തിലാവുമ്പോൾ, അനിലിന്റെ ജീവിതമാവട്ടെ ഒരു സാധാരണ കുടുംബചിത്രത്തിന്റെ കെട്ടിലും മട്ടിലുമാണ് കാട്ടിത്തരുന്നത്. ഇടവേളയ്ക്കു ശേഷം ഇതു രണ്ടും കൂടി ഇടകലരുമ്പോൾ കാര്യമേതാണ് കളിയേതാണെന്ന സംശയത്തിലാവുന്നു കാണികൾ. പല കഥാസന്ദർഭങ്ങളും യുക്തിയെ വെല്ലുവിളിക്കുകയും, നർമ്മം മാത്രം ഉദ്ദേശിച്ചുള്ള രംഗങ്ങൾ പലതും ഏശാതെ പോവുകയും ചെയ്യുമ്പോൾ ചിത്രത്തോടുള്ള മടുപ്പ് പൂർണവുമാവുന്നു.


ചിത്രത്തിന്റെ ഈ നിലയ്ക്കുള്ള പോക്കിലും അല്പമെങ്കിലും ആശ്വാസമാവുന്നത് പ്രധാന വേഷങ്ങളിലെത്തുന്ന പൃഥ്വിരാജിന്റെയും ചെമ്പൻ വിനോദിന്റെയും അഭിനയ മികവാണ്. വ്യത്യസ്ത സ്വഭാവസവിശേഷതകളുള്ള ഈ രണ്ടു കഥാപാത്രങ്ങളെ ഇവരിരുവരും തങ്ങളാലാവുന്ന വിധം മികച്ചതാക്കി. അനൽ അരശും അൻപ് അറിവും ചേർന്നൊരുക്കിയ സംഘട്ടന രംഗങ്ങളുടെ മെച്ചവും ചിത്രത്തിനു ഗുണകരമാവുന്നു. ചെറുതും വലുതുമായ വേഷങ്ങളിലെത്തുന്ന ഇതര അഭിനേതാക്കളും മോശമാക്കിയില്ല. എന്നാലിവയൊന്നും ചിത്രത്തെ രക്ഷിച്ചെടുക്കാൻ മതിയാവുന്നില്ലെന്ന് മാത്രം.


അരങ്ങേറ്റം കുറിച്ച 'ആമേനി'ലും പിന്നീട് ‘മോസയിലെ കുതിരമീനുകളി‘ലുമൊക്കെ തിളങ്ങിയ അഭിനന്ദൻ രാമാനുജത്തിന്റെ ക്യാമറ, ’ഡാർവിന്റെ പരിണാമ‘ത്തിലെത്തുമ്പോൾ സാധാരണം മാത്രമാവുന്നു. തുടക്കക്കാരനായ ശങ്കർ ശർമ്മ ഈണമിട്ട ഗാനങ്ങളിൽ “കാതങ്ങൾ കിനാവിൽ...“ കേൾക്കാനിമ്പമുണ്ട്. ”ഓ പുണ്യാള...“ എന്ന ഗാനത്തിനു ചിത്രത്തിൽ സാംഗത്യവുമുണ്ട്.

'Darvinte Parinamam' disappoints big-time though the lead actors - Prithviraj and Chemban Vinod - did well in their respective roles.
അർഹതയുള്ളവർ അതിജീവിക്കുമെന്ന ഡാർവിന്റെ സിദ്ധാന്തം അടിവരയിട്ടു പറഞ്ഞാണ് ജിജോ ആന്റണി തന്റെ ചിത്രം അവസാനിപ്പിക്കുന്നത്. അതേ നിയമം സിനിമകൾക്കും ബാധകമാവുമെന്ന് സൃഷ്ടാക്കൾ മറന്നു പോയെന്നു തോന്നുന്നു ഈവിധമിതു ചെയ്തിറക്കിയപ്പോൾ. അതിനാൽ തന്നെ, മലയാളസിനിമയുടെ പരിണാമദിശയിൽ, പഴയതിൽ നിന്നു വിട്ടു പുതിയതിലെത്താതെ നിൽക്കുന്ന 'ഡാർവിന്റെ പരിണാമം' തിയേറ്ററുകളിൽ എത്രനാൾ അതിജീവിച്ചു നിൽക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Cast & Crew

Cast
Prithviraj Sukumaran, Chemban Vinod Jose, Chandini Sreedharan, Soubin Shahir, Shammi Thilakan, Hannah Reji Koshy, Sabu, Sudhy Kopa, Sethulakshmi, Nandhu, Balu Varghese, Dharmajan Bolgatty, Mamukkoya, Binoy Nambola etc.
Crew
Directed by Jijo Antony
Produced by Santosh Sivan,, Shaji Nadesan, Prithviraj, Arya
Story, Screenplay, Dialogues by Manoj Nair, Jijo Antony
Cinematography by Abhinandhan Ramanujam
Film Editing by Vijay Sankar
Music, Background Score by Shankar Sharma
Art Direction by Rajeev Kovilakam
Costume Design by Stephy Xavior
Makeup by Amal
Lyrics by P.S Rafeeq, Harinarayanan B.K., Arun Ittianath, Pious Guit
Sound Design by Renganaath Ravee
Stunts by Anal Arasu, Anpu Arivu
Choreography by Shareef
Stills by Shibi Sivadas
Designs by Oldmonks
Banner: August Cinema
Released on: 2016 Mar 18

No comments :

Post a Comment