പ്രേതം (Review: Pretham)

Published on: 8/13/2016 04:53:00 PM

പ്രേതം: പതിരില്ലാത്തൊരു പ്രേതപ്പടം!

ഹരീ, ചിത്രവിശേഷം

Pretham: Chithravishesham Rating [6.50/10]
മലയാളത്തിലെ പ്രേതസിനിമകളുടെ പട്ടികയെടുത്താൽ, 'മണിച്ചിത്രത്താഴ്' പോലെ വിരലിലെണ്ണാവുന്ന ചിലതൊഴികെ, ഒട്ടുമിക്കവാറും മറ്റെല്ലാം തന്നെ ഒരേ അച്ചിൽ ചുട്ടെടുത്തവയാണ്. ഇത്തരം പേടിപ്പടങ്ങളിലെ വെള്ളസാരിയുടുത്ത് പ്രതികാരദാഹികളായെത്തുന്ന സ്ഥിരം പ്രേതങ്ങളെ ഒഴിച്ചുവിട്ടാണ് രഞ്ജിത്ത് ശങ്കർ ഈയൊരു 'പ്രേത'ത്തിന്റെ കഥ പറയുന്നത്. നർമ്മവും ഉദ്വേഗവും കൂടിക്കലരുന്ന സിനിമയിൽ മനഃപൂർവം പേടിപ്പെടുത്താനുള്ള ശ്രമങ്ങൾ അധികമില്ല; അതിനാൽ കുടുംബത്തിൽ കയറ്റാൻ കൊള്ളാവുന്ന പ്രേതമെന്ന പരസ്യവാചകം പൂർണമായി വിശ്വസിച്ചു തന്നെ സിനിമയ്ക്ക് ടിക്കറ്റെടുക്കാം. 'ഡ്രീംസ് ൻ‘ ബിയോണ്ടി'ന്റെ ബാനറിൽ, ചിത്രത്തിലൊരു മൂഖ്യവേഷത്തിലെത്തുന്ന ജയസൂര്യയും ചിത്രത്തിന്റെ സംവിധായകനും ഒരുമിച്ചാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ആകെത്തുക : 6.50 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 4.00 / 10
  • 6.00 / 10
  • 7.00 / 10
  • 4.50 / 05
  • 4.50 / 05
ഇന്നത്തെ സമൂഹത്തിൽ പ്രസക്തമായൊരു വിഷയത്തിലൂന്നിയാണ് രഞ്ജിത്ത് ശങ്കർ ഈ സിനിമയുടെ തിരക്കഥ വികസിപ്പിച്ചിരിക്കുന്നത്. ജോണെന്ന മനോജാലക്കാരനെ കൃത്യമായി ചിത്രത്തിലേക്ക് ചേർത്തിരിക്കുന്നതിലും രഞ്ജിത്തിന്റെ മിടുക്ക് പ്രകടം. അവസാനഭാഗങ്ങളിൽ ജോണിന്റെ ഇടപെടലുകൾ വിശ്വസനീയമായി കാണിക്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്. എന്നാൽ, ദൈവമുണ്ടേൽ പ്രേതവുമുണ്ടെന്ന സ്ഥിരം പല്ലവി പറഞ്ഞാണ് ജോണും തന്റെ വാദം സമർത്ഥിക്കുന്നത്. ഒന്നാഞ്ഞു ചിന്തിച്ചാൽ തിരക്കഥയിലെ പല കുഴപ്പങ്ങളൂം തലനീട്ടും. പ്രേതമെന്ന സങ്കല്പത്തെ ഇതിലും നന്നായി അവതരിപ്പിക്കാൻ അവസരമുണ്ടായിട്ടും രഞ്ജിത്ത് ശങ്കർ ആ വഴിക്കൊന്നും പോവാഞ്ഞത് നിരാശപ്പെടുത്തി. പ്രേതം ലാപ്‌ടോപ്പിൽ ടൈപ്പ് ചെയ്തു കാണിക്കുന്നതും നോക്കി നടക്കുന്നതിനപ്പുറം ജോണിന്റെ നിരീക്ഷണപാടവവും ചിത്രത്തിൽ കാര്യമായി പ്രകടമാവുന്നില്ല.


അജു വർഗീസ്, ഗോവിന്ദ് പത്മസൂര്യ, ഷറഫുദീൻ എന്നിവരവതരിപ്പിക്കുന്ന മൂന്നു സുഹൃത്തുക്കൾ ചേർന്നു നടത്തുന്ന കടൽത്തീര റിസോർട്ടിലാണ് ചിത്രത്തിലെ പ്രേതമെത്തുന്നത്. സൗഹൃദവും, പരസ്പരമുള്ള ട്രോളടികളും, ചെറുപ്പത്തിന്റെ ഇളക്കങ്ങളുമൊക്കെ രസകരമായി അവതരിപ്പിച്ചു ഇവർ മൂവരും. മൊത്തത്തിലൊരു നിഗൂഢത ആവശ്യപ്പെടുന്ന ജോണെന്ന കഥാപാത്രത്തെ ആ നിലയ്ക്കു തന്നെ അഭിനയിച്ചു ഫലിപ്പിക്കാൻ ജയസൂര്യയ്ക്കുമായി. ഹരീഷ് പേരടി, പേളി മാണി, ധർമ്മജൻ ബോൾഗാട്ടി, ദേവൻ തുടങ്ങി ചിത്രത്തിൽ പ്രസക്തമായ വേഷങ്ങളിലെത്തുന്ന മറ്റുള്ളവരും മോശമായില്ല. ഇവർക്കിടയിൽ ആദ്യാവസാനം ചിത്രത്തിലുണ്ടെങ്കിലും, അധികം പ്രത്യക്ഷമാവാത്തതു കൊണ്ടു കൂടിയാവാം, ശ്രുതി രാമചന്ദ്രന്റെ പ്രേതത്തിന് കാര്യമായൊരു പ്രഭാവം ചിത്രത്തിൽ വരുന്നില്ല.


സാജന്റെ ചിത്രസന്നിവേശത്തിൽ ജിത്തു ദാമോദർ പകർത്തിയ ദൃശ്യങ്ങൾ, വിശേഷിച്ചും പുറം‌കാഴ്ചകൾ, സിനിമയെ നന്നായി പൊലിപ്പിക്കുന്നുണ്ട്. സാധാരണ പ്രേതസിനിമകളിലെ ഞെട്ടിക്കാനുള്ള സ്ഥിരം ഏച്ചുകെട്ടലാവുന്നില്ല ആനന്ദ് മദുസൂദനന്റെ സംഗീതത്തിൽ ജസ്റ്റിൻ ജോസ് ഒരുക്കിയ ശബ്ദസംവിധാനമെന്നതും ഒപ്പമെടുത്തു പറയേണ്ടതുണ്ട്. ആൺ-പെൺ ശബ്ദങ്ങളിൽ വിനീത് ശ്രീനിവാസൻ പാടൂന്ന അവതരണഗാനത്തിനും രസമുണ്ട്.

Ranjith Sankar makes his 'Pretham' look and feel different from the usual ones we get to see in Malluwood, and pulls out a decent flick.
ആര്? എങ്ങിനെ? എന്തു നേടി? - ഈ മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയാണ് സിനിമയിൽ പ്രേതമെത്തുന്നത്. ഇതിനുത്തരം നൽകാൻ റിസോർട്ട് നടത്തുന്ന മൂവർക്കാവാത്തിടത്ത് അവരെ സഹായിക്കാനായി ജോണെന്ന മനോജാലക്കാരനെത്തുന്നു. ഇവിടം വരെ ഭംഗിയായി പോവുന്ന ചിത്രം പിന്നീടല്പ നേരം കുറച്ച് തരികിട പരിപാടികളൊക്കെ കാട്ടി, പിന്നെയും മെച്ചപ്പെട്ട് നല്ല രീതിയിൽ തന്നെ അവസാനിക്കുന്നു. മറ്റു സിനിമകളിൽ നിന്നുള്ള സംഭാഷണങ്ങളെ ട്രോളുന്നതിൽ രസമുണ്ടെങ്കിലും, യഥാർത്ഥത്തിൽ സംവിധായകനു പറയാനുള്ളതും അതൊക്കെ തന്നെയാവുമ്പോൾ പലപ്പോഴുമത് തിരിച്ചടിക്കുന്നു. എന്തായാലും ഇത്തരം കുറവുകളൊന്നും സിനിമ കണ്ടിരിക്കുമ്പോൾ അത്ര പ്രസക്തമാവുന്നില്ല. അതിനാൽ തന്നെ പതിരല്ലാത്തൊരു പ്രേതപ്പടമായി രഞ്ജിത്ത് ശങ്കറിന്റെ 'പ്രേത'ത്തെക്കാണാൻ ഭൂരിപക്ഷത്തിനുമാവുമെന്നു തന്നെ കരുതാം.

Cast & Crew

Cast
Jayasurya, Aju Varghese, Govind Padmasoorya, Sharafudheen, Sruthi Ramachandran, Devan, Dharmajan, Pearle Maaney, Joju Goerge, Sunil Sukhada etc.
Crew
Directed by Ranjith Sankar
Produced by Jayasurya, Ranjith Sankar
Story, Screenplay, Dialogues by Ranjith Sankar
Cinematography by Jithu Damodar
Film Editing by Saajan Vasudev
Music, Background Score by Anand Madhusoodanan
Art Direction by Ajay Mangad
Costume Design by Arun Manohar, Saritha Jayasurya
Makeup by Sreejith Guruvayoor
Lyrics by Rafeeq Ahamed
Sound Design by Juztin Jose
Stunts by Mafia Sasi
Choreography by Name
Stills by Sinat Savier
Designs by Antony Stephens Chrome
Banner: Dreams N Beyond
Released on: 2016 Aug 12

No comments :

Post a Comment