ജനത ഗാരേജ് (Review: Janatha Garage)

Published on: 9/03/2016 05:12:00 PM

ജനത ഗാരേജ്: ഗാരേജിതിൽ ജനതയെത്തുമോ?

ഹരീ, ചിത്രവിശേഷം

Janatha Garage: Chithravishesham Rating [5.00/10]
തിയേറ്ററിൽ വൻവിജയം നേടിയ തന്റെ ആദ്യ രണ്ടു ചിത്രങ്ങൾക്കു ശേഷം കൊരട്ടല ശിവയുടെ അടുത്തൊരു മാസ് ചിത്രക്കാഴ്ചയാണ് 'ജനത ഗാരേജ്'. മോഹൻലാലും എൻ.ടി. രാമറാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ സമാന്ത, നിത്യ മേനോൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും മുഖ്യകഥാപാത്രങ്ങളായുണ്ട്. സർക്കാർ സംവിധാനങ്ങൾ നീതിനടത്തിപ്പിൽ പരാജയപ്പെടുന്നിടത്ത്, കൈയ്യൂക്കിന്റെ ബലത്തിൽ ന്യായം നടപ്പാക്കാൻ സ്വയം അവരോധിക്കപ്പെടുന്ന സംഘത്തിന്റെ കഥകൾ പലവട്ടം കണ്ടിട്ടുള്ളതാണ്. അതേ വണ്ടി തന്നെയാണ് 'ജനത ഗാരേജി'ലും പണിതീർത്ത് ഇറക്കിയിട്ടുള്ളത്. കെട്ടിലും മട്ടിലുമൊക്കെ ചില പരിഷ്കാരങ്ങളുണ്ടെന്ന് മാത്രം.

ആകെത്തുക : 5.00 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 3.00 / 10
  • 3.00 / 10
  • 6.00 / 10
  • 4.00 / 05
  • 4.00 / 05
ഏതു തരം വണ്ടിയുടെയും പ്രശ്നങ്ങൾ തീർക്കാൻ 'ജനത ഗാരേജി'ലെ പണിക്കാർ മിടുക്കരാണ്. പതിയെപ്പതിയെ, വണ്ടി ഉടമകളുടെ പ്രശ്നങ്ങളും അവരേറ്റെടുത്ത് തീർത്തു തുടങ്ങി. ഗാരേജ് ഉടമ സത്യവും സംഘവും അങ്ങനെ പാവപ്പെട്ടവരുടെ രക്ഷകരായി മാറുന്നതു കാട്ടിയാണ് ചിത്രം തുടങ്ങുന്നത്. ടൈറ്റിലുകൾക്കു മുൻപു വരുന്നത്രയും ഭാഗം കാണുമ്പോൾ തന്നെ ആർക്കും ആലോചിക്കാം ഇതെങ്ങനെ എവടെവരെപ്പോവുമെന്ന്. അതച്ചട്ടായി തീരും വിധമാണ് കൊരട്ടല ശിവയുടെ തിരക്കഥയെന്നത് നിരാശപ്പെടുത്തും. എങ്കിലും, അവതരണത്തിന്റെ സ്വഭാവവും മുൻനിര നടന്മാരുടെ സാന്നിധ്യവും ചിത്രം വല്യ മുഷിച്ചിലില്ലാതെ കണ്ടു തീർക്കാൻ സഹായിക്കുന്നു.


സൂക്ഷ്മാഭിനയത്തിനു കൂടി സാധ്യതയുള്ള സത്യയെന്ന വേഷം മോഹൻലാൽ അനായാസമായി ചെയ്തു ഫലിപ്പിച്ചു. നൃത്തവും സംഘട്ടനവുമൊക്കെ ഭംഗിയാക്കി ജൂനിയർ എൻ.ടി.ആറും ഒപ്പത്തിനെത്തി. മലയാളത്തിൽ പ്രത്യേകം ചിത്രീകരിച്ചിരിക്കുകയല്ല, മറിച്ച് മൊഴിമാറ്റം മാത്രമായത് സംഭാഷണങ്ങളുടെ മാറ്റ് കുറച്ചിട്ടുണ്ട്. രണ്ടു പ്രധാന നായകന്മാർക്കിടയിലെ തുക്കടാ വില്ലനായി നിന്നു കൊടുക്കുക എന്നതിലപ്പുറം ഒന്നും ചെയ്യാൻ ഉണ്ണി മുകുന്ദനായില്ല, അല്ലെങ്കിൽ അതിനൊരവസരം ചിത്രത്തിലില്ല. സിനിമയുടെ മസാല ചേരുവയിൽ കൃത്യമായി ചേരുന്നുണ്ട് സാമന്തയും ഇടയ്ക്കൊരു ഐറ്റം ഡാൻസുമായി കാജൽ അഗർവാളും. നിത്യയും ദേവയാനിയും സിത്താരയുമൊക്കെയാണ് ചിത്രത്തിലെ ഇതര സ്ത്രീ കഥാപാത്രങ്ങൾ. ഇവരെക്കൂടാതെ സച്ചിൻ ഖേദേകർ, സുരേഷ് ബാബു, റഹ്മാൻ, സായ്‌കുമാർ തുടങ്ങി ഒട്ടനവധിപേർ ചിത്രത്തിൽ വിവിധ വേഷങ്ങളിലുണ്ട്.

മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത പാട്ടുകൾ കേട്ടിരിക്കാൻ പാടാണ്. പക്ഷെ, നൃത്തച്ചുവടുകളും ദൃശ്യസമ്പന്നതയും വേണ്ടുവോളമുള്ളതിനാൽ കണ്ടിരിക്കാം. അധികം വലിച്ചു നീട്ടാതെ ചെയ്തിരിക്കുന്ന സംഘട്ടനരംഗങ്ങളും രസമുണ്ട്. ചിത്രത്തിന്റെ സ്വഭാവം വെച്ച് ഊഹിക്കാവുന്ന ദൃശ്യ-ശ്രവ്യ പരിചരണം കൂടിയാവുമ്പോൾ, മറ്റൊരു സമയം കൊല്ലിപ്പടം എന്നതിനപ്പുറത്തേക്ക് 'ജനത ഗാരേജി'ന്റെ വണ്ടി ഉരുളുന്നില്ല.

'Janatha Garage' is yet another story of a family run syndicate dealing with law and order and the lead actors make it just watchable.
മോഹൻലാലിന്റെയും രാമറാവുവിന്റെയും ജനപ്രീതി ആവുന്നത്രയും ഉപയോഗിക്കാനുള്ളത് കൊരട്ടല ശിവ 'ജനത ഗാരേജി'ൽ ചെയ്തു വെച്ചിട്ടുണ്ട്. ഒപ്പം ചില വൈകാരിക മുഹൂർത്തങ്ങളും, പ്രകൃതി സംരക്ഷണം പോലെ ഉപദേശ മട്ടിലുള്ള സംഗതികളുമൊക്കെ ചേർത്ത് പൊലിപ്പിച്ചിട്ടുമുണ്ട്. കൂടാതെ, ഇത്തരമൊരു മാസ് മസാലച്ചിത്രത്തിനു വേണ്ട ഇതര ഘടകങ്ങളും കൃത്യമായിട്ടിട്ടുണ്ട്. പക്ഷെ, തെലുങ്കിൽ ചിലവാകുന്ന ഈയൊരു സിനിമാ സമവാക്യം, മലയാളത്തിൽ ഫലിക്കുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.

Cast & Crew

Cast
Mohanlal, N.T. Rama Rao, Samantha Ruth Prabhu, Nithya Menen, Brahmaji, Unni Mukundan, Sai Kumar P., Devayani, Suresh Babu, Rahman, Sithara, Ajay, Rajeev Kanakala etc.
Crew
Directed by Koratala Siva
Produced by Naveen Yerneni, Y. Ravi Shankar, C.V. Mohan
Story, Screenplay, Dialogues by Koratala Siva
Cinematography by Tirru
Film Editing by Kotagiri Venkateswara Rao
Music, Background Score by Devi Sri Prasad
Art Direction by A.S. Prakash
Costume Design by Name
Makeup by Name
Lyrics by Ramajogayya Sastry
Stunts by Anal Arasu
Choreography by Name
Stills by Name
Designs by Name
Banner: Mythri Movie Makers
Released on: 2016 Sep 01

No comments :

Post a Comment