എസ്ര (Review: Ezra)

Published on: 2/11/2017 05:09:00 PM

എസ്ര: ക്ലൈമാക്സിൽ കസറി 'എസ്ര'!

ഹരീ, ചിത്രവിശേഷം

Ezra Chithravishesham Rating [6.00/10]
പ്രേതബാധയും ബാധയൊഴിപ്പിക്കലുമൊന്നും മലയാള സിനിമയിൽ പുതുമയുള്ള സംഗതികളല്ല. പക്ഷെ 'എസ്ര'യിൽ പ്രേതം യഹൂദനാണ്. സ്വാഭാവികമായും ഉച്ചാടനത്തിനെത്തുന്ന മന്ത്രവാദിയും യഹൂദനാവണമല്ലോ; മാത്രമല്ല ഉച്ചാടനമായി കാണിക്കുന്ന പരിപാടികൾക്കും വേണമൊരു ജൂദത്തം. അങ്ങനെ മൊത്തത്തിൽ സംഗതികളൊക്കെ ഒന്നു മാറ്റിപ്പിടിച്ചാണ് ജയകൃഷ്ണൻ അഥവാ ജെയ് കെ. 'എസ്ര'യെന്ന പ്രേതസിനിമയുമായി എത്തുന്നത്. അടുത്തിറങ്ങിയ ചില ഇംഗ്ലീഷ് സിനിമകളുടെ പൊതുരീതികളിൽ നിന്നും ചെറുതല്ലാത്ത പ്രചോദനം സിനിമയ്ക്കുള്ളപ്പോഴും അതൊരു ഈച്ചക്കോപ്പിയാവാതെ തീർക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ പൃഥ്വിരാജും പ്രിയ ആനന്ദും മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രത്തിന് കുറച്ചു നാളൊക്കെ തിയേറ്റൊറിഴിയാതെ നിൽക്കാനാവുമെന്ന് കരുതാം.

ആകെത്തുക : 6.00 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 5.00 / 10
  • 6.00 / 10
  • 6.00 / 10
  • 3.50 / 05
  • 3.50 / 05
ഫാസിലിന്റെ 'മണിച്ചിത്രത്താഴി'ൽ നായികയ്ക്ക് തുറക്കാനുണ്ടായിരുന്നത് പൂട്ടിയിട്ടൊരു അകപ്പുരയാണെങ്കിൽ, ഇവിടെയുള്ളത് ഒരു ഡിബുക് പേടകമാണ്. അതിനുള്ളിലെ ബാധയ്ക്കുമുണ്ടൊരു പ്രണയനഷ്ടത്തിന്റെയും, ജീവിച്ചിരുന്നപ്പോൾ നേരിട്ട ക്രൂരതയുടെയും കഥ പറയാൻ. ബാധയുടെ ഊരും പേരും, പിന്നത് നേരിട്ട ദുരന്തവുമൊക്കെ കണ്ടെത്തി, അതിനെ പറഞ്ഞുവിടുകയെന്ന ദൗത്യമാണ് നായകനും ഉച്ചാടനത്തിനു കൂടെക്കൂടുന്ന പുരോഹിതനും ഒപ്പം സഹായത്തിനെത്തുന്ന മറ്റുള്ളവർക്കുമുള്ളത്. അതെത്രത്തോളം കടുക്കുമെന്നതാണ് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന 'എസ്ര'യുടെ അവസാനം.

യഥാർത്ഥത്തിൽ നടക്കുമെന്ന് സാധാരണ ഗതിയിൽ ആളുകൾ വിശ്വസിക്കാത്ത സംഭവങ്ങളെ വിശ്വസനീയമായി തിരശീലയിൽ കാണിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് ഭംഗിയായി ചെയ്യാൻ സംവിധായകനായി. അതിനു വേണ്ടുന്ന സഹായമൊക്കെ സാങ്കേതിക വിഭാഗവും മനസറിഞ്ഞ് ചെയ്തിട്ടുണ്ട്. കളർ ഗ്രേഡിംഗിൽ സ്ഥിരത കണ്ടില്ലെങ്കിലും, ജൂതന്മാർ സജീവമായിരുന്ന ഭൂതകാലം തെളിമയോടെ ആവിഷ്കരിച്ചത് ഭംഗിയായി. പേടിപ്പടമെന്നാണ് പരസ്യമെങ്കിലും, കാണികളെ ഭയപ്പെടുത്തുക സംവിധായകനൊരു മുഖ്യലക്ഷ്യമായിരുന്നില്ല എന്നനുമാനിക്കുന്നു. അങ്ങിനെയല്ലെങ്കിൽ, കൂടുതൽ മെച്ചപ്പെട്ട പ്രകടനം പിന്നണിയിൽ ഉണ്ടാവേണ്ടിയിരുന്നു.

അഭിനേതാക്കളിൽ എന്തെങ്കിലും സാധ്യതയുള്ളത് നായക സ്ഥാനത്തുള്ള പൃഥ്വിരാജിനും പിന്നൊരു പരിധി വരെ പ്രിയ ആനന്ദിനുമാണ്. ഇവരിരുവരും തങ്ങളുടെ ഭാഗം അധികം പരിക്കില്ലാതെ ചെയ്തിട്ടുണ്ട്. ടൊവീനോ തോമസ്, സുദേവ് നായർ, സുജിത്ത് ശങ്കർ, വിജയരാഘവൻ; ഇവർക്കൊന്നും നായകനെ ചുറ്റിപ്പറ്റി കാര്യം കഴിക്കുക എന്നതിനപ്പുറമൊരു റോളില്ല. മറ്റൊരർത്ഥത്തിൽ, ഇവരാരും അഭിനയിച്ച് തകർക്കാത്തതാണ് സിനിമയെ സംബന്ധിച്ചിടത്തോളം ഗുണകരമായത്. സുജിത്ത് ശങ്കറിന്റെ ജൂത പുരോഹിതൻ കൂടുതൽ മെച്ചപ്പെട്ടൊരു പ്രകടനം അർഹിച്ചിരുന്നു.

'Ezra' doesn't really make one horrified, but the thrill towards the end makes up for it and makes it a watchable flick!
ചുരുക്കത്തിൽ, ഹൊറർ-ത്രില്ലർ ചിത്രങ്ങളുടെ ആരാധകർക്ക് തീർച്ചയായും 'എസ്ര'യ്ക്കു ടിക്കറ്റെടുക്കാം. നിരാശപ്പെടേണ്ടി വരില്ലെന്ന് കട്ടായം. ഇത്തരം ചിത്രങ്ങളോട് പ്രത്യേകിച്ചൊരു മമതയില്ലാത്തവർക്ക് ഒരു പക്ഷെ പിടിച്ചില്ലെന്നും വരാം. അത്തരക്കാർ കണ്ടു തന്നെ തീരുമാനിക്കുക!

പിൻകുറി: ഈ ജനുസ്സിൽ പെടുന്ന പലചിത്രങ്ങളുമെന്ന പോലെ ഒരു രണ്ടാം വരവിനു വഴിമരുന്നിട്ടാണ് 'എസ്ര'യും തീരുന്നത്. അങ്ങനെയൊരു തുടർച്ചയ്ക്കുള്ള പാങ്ങൊന്നും പെട്ടിയിലടച്ച ബാധയ്ക്കുണ്ടെന്ന് തോന്നിയില്ലെങ്കിലും, ഇത്തരം സിനിമകളുടെ ഒരു കീഴ്വഴക്കമെന്ന നിലയിൽ അതങ്ങ് വിട്ടുകളയാം. \

Cast & Crew

Cast
Name etc.
Crew
Directed by Name
Produced by Name
Story, Screenplay, Dialogues by Name
Cinematography by Name
Film Editing by Name
Background Score by Name
Art Direction by Name
Costume Design by Name
Makeup by Name
Lyrics by Name
Music by Name
Stunts by Name
Choreography by Name
Stills by Name
Designs by Name
Banner: Name
Released on: Date

No comments :

Post a Comment