Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Total Visitors
(Since Nov'06)

Showing newest posts with label Anniversary. Show older posts
Showing newest posts with label Anniversary. Show older posts

Saturday, November 21, 2009

ചിത്രവിശേഷത്തിന് മൂന്നു വയസ്

Chithravishesham Third Anniversary - Post by Haree for Chithravishesham.
നവംബര്‍ 21, 2009: ‘ചിത്രവിശേഷം’ ഇന്ന് മൂന്നാമത് വര്‍ഷം പിന്നിടുന്നു. മുന്‍‌വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രിയാത്മകമായ ചര്‍ച്ചകളാല്‍ അവസാനവര്‍ഷം ഇവിടം സജീവമായിരുന്നു. 2009-ന്റെ രണ്ടാം പാതിയില്‍ പുറത്തിറങ്ങിയ ‘ഭ്രമരം’, ‘ഈ പട്ടണത്തില്‍ ഭൂതം’, ‘പുതിയ മുഖം’, ‘ഒരു പെണ്ണും രണ്ടാണും’, ‘ഡാഡി കൂള്‍’, ‘ഋതു’, ‘ലൌഡ് സ്പീക്കര്‍’, ‘കേരള കഫെ’ എന്നിവയ്ക്കെല്ലാം അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം വായനക്കാര്‍ കമന്റെഴുതുകയുണ്ടായി. ഏറ്റവുമൊടുവില്‍ ‘കേരളവര്‍മ്മ പഴശ്ശിരാജാ’ എന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷം നൂറ്റിയന്‍പതിലധികം കമന്റുകളോടെ ചിത്രവിശേഷത്തിലെ ഏറ്റവുമധികം കമന്റുകള്‍ നേടിയ പോസ്റ്റുമായി. അനുമോദനങ്ങളേയും വിമര്‍ശനങ്ങളേയും സഹിഷ്ണുതയോടെ കണ്ട്, തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടതു കൊണ്ടുമാണ് ‘ചിത്രവിശേഷം’ തുടരുന്നത്.

Friday, November 21, 2008

ചിത്രവിശേഷത്തിന് രണ്ട് വയസ്

Chithravishesham (Chitravishesham) celebrating second anniversary.
നവംബര്‍ 20, 2008: ‘ചിത്രവിശേഷം’ തുടങ്ങിയിട്ട് ഇന്നേക്കിത് രണ്ടാം വര്‍ഷം. ചിത്രവിശേഷത്തിന്റെ തുടക്കത്തെപ്പറ്റിയും, ചിത്രവിശേഷം എന്നതിന്റെ ഉദ്ദേശത്തെ പറ്റിയും ‘ചിത്രവിശേഷത്തിന് ഒരു വയസ്’ എന്ന പോസ്റ്റില്‍ കഴിഞ്ഞ വര്‍ഷം സൂചിപ്പിച്ചിരുന്നു. ഓരോ വിശേഷത്തിനും കമന്റ് ചെയ്യുന്നവര്‍ അധികമില്ലെങ്കിലും, വായനക്കാരുടെ എണ്ണത്തിലുള്ള ക്രമാനുഗതമായ വളര്‍ച്ച വളരെ പ്രോത്സാഹനം നല്‍കുന്ന ഒന്നാണ്. യോജിപ്പുകളും, വിയോജിപ്പുകളും രേഖപ്പെടുത്തി ഈ ബ്ലോഗിനെ മുന്നോട്ടു നയിക്കുന്നവര്‍ നല്‍കുന്ന ഊര്‍ജ്ജവും ചെറുതല്ല. ലിങ്കുകളായും, ഫീഡുകളായും ചിത്രവിശേഷത്തെ കൂടുതല്‍ പേരിലെത്തിക്കുന്ന ബ്ലോഗുകളേയും, അഗ്രിഗേറ്ററുകളേയും, വെബ് സൈറ്റുകളേയും വിസ്മരിക്കുവാനും കഴിയില്ല. ഏവരുടേയും സഹകരണം തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്, മൂന്നാം വര്‍ഷത്തിലെ യാത്ര ഇവിടെ ആരംഭിക്കുന്നു.

 റേറ്റിംഗ്

ചിത്രവിശേഷത്തിലെ റേറ്റിംഗിനെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ പരാതി കേട്ടിട്ടുള്ളത്. മോശമായി എഴുതിയിരിക്കുന്ന സിനിമകളുടെ റേറ്റിംഗ്, നല്ലതെന്ന് എഴുതിയിരിക്കുന്നതിനേക്കാള്‍ ചിലപ്പോള്‍ കൂടി നില്‍ക്കുന്നു; മറ്റു പല സൈറ്റുകളും നല്ല റേറ്റിംഗ് നല്‍കിയിരിക്കുന്ന സിനിമകള്‍ക്ക് ചിത്രവിശേഷത്തിലെ റേറ്റിംഗ് കുറഞ്ഞുപോവുന്നു, ചിലപ്പോള്‍ കൂടിപ്പോവുന്നു; റേറ്റിംഗിന്റെ മാനദണ്ഡം എന്തെന്ന ചോദ്യം ഇടയ്ക്കിടെ ഉയരുന്നു, അപ്പോളൊക്കെ അതെങ്ങിനെയെന്ന് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നു. ഇതൊക്കെക്കൊണ്ടുതന്നെ ഇപ്പോള്‍ പിന്തുടരുന്ന റേറ്റിംഗ് രീതിയിലൊരു മാറ്റമാവാം എന്നു തോന്നുന്നു. ചിത്രവിശേഷത്തില്‍ ഇനിമുതല്‍ നല്‍കുന്ന റേറ്റിംഗ് താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ പ്രകാരമാവും. പൂര്‍ണ്ണമായും സാങ്കേതികമായ വിലയിരുത്തലാവില്ല ഇവിടെ പിന്തുടരുക, ആസ്വാദകപക്ഷത്തു നിന്നാവും ഓരോ ഘടകവും വിലയിരുത്തപ്പെടുക.

  • കഥയും, കഥാപാത്രങ്ങളും: കഥ, തിരക്കഥ, സംഭാഷണം, കഥാപാത്രങ്ങള്‍ക്ക് കഥയിലുള്ള പ്രാധാന്യം, അവതരണരീതി ഇതൊക്കെയാണ് ഇവിടെ വിലയിരുത്തുക.
  • സംവിധാനം: ഓരോ കഥാപാത്രത്തിനും ഇണങ്ങുന്ന അഭിനേതാക്കളെയാണോ ഉപയോഗിച്ചിരിക്കുന്നത്, തൃപ്തികരമായി അവരെക്കൊണ്ട് അതാത് കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ടോ, കഥാകഥന രീതി, പ്രേക്ഷകന്റെ താത്പര്യം നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ, എല്ലാത്തിനുമുപരി ചിത്രത്തെ ആസ്വാദനക്ഷമമായി ഒരുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇവയൊക്കെയാണ് ഇവിടെ നോക്കുക.
  • അഭിനയം: അഭിനേതാക്കള്‍ക്ക് കഥാപാത്രങ്ങളെ അഭിനയിപ്പിച്ചു ഫലിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതാണ് ഇവിടെ നോക്കുന്നത്. ഓരോ കഥാപാത്രത്തിനും കഥയിലുള്ള പ്രാധാന്യത്തിനനുസരിച്ചാവും, ആകെക്കൂടിയുള്ള മികവ് നിര്‍ണ്ണയിക്കുക.
  • സാങ്കേതികം: ക്യാമറ, എഡിറ്റിംഗ്, ശബ്ദലേഖനം, കലാസംവിധാനം, വിഷ്വല്‍/സൌണ്ട് ഇഫക്ടുകള്‍, പിന്നണിസംഗീതം തുടങ്ങിയ സാങ്കേതികമേഖലകളിലുള്ള മികവാണ് ഇവിടെ പരിശോധിക്കുന്നത്. ഇവയോരോന്നും ഉപയോഗിച്ചിരിക്കുന്നതിലെ വൈദഗ്ദ്ധ്യത്തേക്കാളുപരി വേണ്ടത്, വേണ്ടപ്പോള്‍, വേണ്ടരീതിയില്‍, ഉപയോഗിച്ചിട്ടുണ്ടോ എന്നതിനാണ് പ്രാധാന്യം നല്‍കുക.
  • പാ‍ട്ട്, നൃത്തം, ആക്ഷന്‍: ഇവയൊക്കെ ഒരു സിനിമയില്‍ ആവശ്യത്തിന് ഉപയോഗിച്ചാല്‍ പ്രയോജനം ചെയ്യും. കൂടുതലായാല്‍ അതുപോലെ ദോഷവും.
  • മറ്റുള്ളവ‍: നിര്‍മ്മാണം, വസ്ത്രാലങ്കാരം, മേക്കപ്പ്, ഡിസൈന്‍ തുടങ്ങിയവയാണ് ഇവിടെ പരിഗണിക്കുക. ചിത്രത്തിന്റെ വിജയം, ഈ ഘടകങ്ങളുടെ മികവിനേയും ആശ്രയിച്ചിരിക്കുന്നു.

കഥയും, കഥാപാത്രങ്ങളും - 10 പോയിന്റ്
സംവിധാനം - 10 പോയിന്റ്
അഭിനയം - 10 പോയിന്റ്
സാങ്കേതികം - 10 പോയിന്റ്
പാട്ട്, നൃത്തം, ആക്ഷന്‍ - 5 പോയിന്റ്
മറ്റുള്ളവ - 5 പോയിന്റ്

10 പോയിന്റ് നല്‍കിയിട്ടുള്ള ഘടകങ്ങള്‍ക്ക് 3 പോയിന്റും, 5 പോയിന്റ് നല്‍കിയിരിക്കുന്ന ഘടകങ്ങള്‍ക്ക് 2 പോയിന്റുമാവും ഓരോ ചിത്രത്തിനും തുടക്കത്തില്‍ നല്‍കുന്നത്. ഇതില്‍ നിന്നും ചിത്രത്തിന്റെ നിലവാരത്തിനനുസരിച്ച് പോയിന്റുകള്‍ കൂട്ടിയും, കുറച്ചുമാണ് യഥാര്‍ത്ഥത്തിലുള്ള പോയിന്റ് കണക്കാക്കുന്നത്. ഉദാ‍ഹരണത്തിന് ഒരു ചിത്രത്തിന്റെ അഭിനയത്തിന് 3 പോയിന്റ് ആണ് നല്‍കിയിരിക്കുന്നതെങ്കില്‍, അഭിനേതാക്കളെല്ലാവരും തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ടെന്നും; 4, 5, 6 എന്നിങ്ങനെ മുകളിലേക്ക് പോയാല്‍ ചില അഭിനേതാക്കളെങ്കിലും മികച്ചു നിന്നുവെന്നും; 2, 1 എന്നിങ്ങനെ താഴേക്ക് പോയാല്‍ പലരും നന്നായില്ല എന്നും അര്‍ത്ഥമാക്കാം.

ഇതിനു മുന്‍പ് പോസ്റ്റ് ചെയ്തിരിക്കുന്ന രണ്ട് ചിത്രങ്ങളുടെ‍(‌ട്വന്റി 20, ക്വാണ്ടം ഓഫ് സോളസ്) റേറ്റിംഗ് ഇപ്രകാരം നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ. ഈ രീതിയിലുള്ള റേറ്റിംഗ് കുറ്റമറ്റതാണെന്ന് പറയുവാന്‍ കഴിയുകയില്ലെങ്കിലും, മുന്‍പ് പിന്തുടര്‍ന്നു വന്നിരുന്ന രീതിയെ അപേക്ഷിച്ച് കൂടുതല്‍ വിശ്വസനീയമാവുമെന്ന് കരുതുന്നു. ചിത്രങ്ങളുടെ വിശേഷമെഴുതുമ്പോള്‍, ഈ വിഭാഗങ്ങള്‍ക്ക് ഇതേ രീതിയില്‍ ഊന്നല്‍ നല്‍കുവാനും ശ്രമിക്കുന്നതാണ്. ‘ട്വന്റി 20’-യെക്കുറിച്ചുള്ള പോള്‍ഫലം ഈ റേറ്റിംഗിന് അനുകൂലമാണെന്നതിനാല്‍ ഈ രീതി പൊതുവെ സ്വീകാര്യമാണെന്ന് കരുതുന്നു.
Twenty 20: Chithravishesham Poll Result.

 വിശേഷം അവതരിപ്പിക്കുന്ന രീതി

വിശേഷത്തില്‍ കഥ പറയുന്നു എന്നതാണ് മറ്റൊരു പ്രധാന ആരോപണം. ഒട്ടുമിക്കവാറും മറ്റെല്ലാ സൈറ്റുകളിലും വരുന്ന പ്രിവ്യൂകള്‍, റിവ്യൂകള്‍ എന്നിവയുമായി താരതമ്യം ചെയ്താല്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാവും. വളരെ ചുരുക്കി, പരിണാമഗുപ്തി വെളിവാക്കാത്ത രീതിയില്‍; കഥയെക്കാളുപരി കഥാപാത്രങ്ങളേയും, അവ അവതരിപ്പിച്ചവരേയും പരിചയപ്പെടുത്തുന്ന രീതിയാണ് ചിത്രവിശേഷം തുടര്‍ന്നു വന്നിരുന്നത്. എന്നിരുന്നാലും, പലയിടത്തും പ്രതിപാദിച്ചിട്ടുള്ള കഥ വീണ്ടുമിവിടെ എടുത്തെഴുതേണ്ടതില്ല എന്നു ചിന്തിക്കുമ്പോള്‍ ഒരു മാറ്റമാവാം എന്നു കരുതുന്നു. ഇനി മുതല്‍ കഥയും, കഥാപാത്രങ്ങളുമെന്ന ഭാഗത്ത് അവയുടെ വിലയിരുത്തലിന് മുന്‍‌തൂക്കം നല്‍കുവാനാണ് ശ്രമിക്കുക. ‘ട്വന്റി 20’, ‘ക്വാണ്ടം ഓഫ് സോളസ്’ എന്നിവയുടെ വിശേഷത്തില്‍ ഈ മാറ്റം ശ്രദ്ധിച്ചു കാണുമെന്നു കരുതുന്നു.

 കൊച്ചു കൊച്ചു സന്തോഷങ്ങള്‍

ചിത്രവിശേഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ചില സിനിമകളെക്കുറിച്ചുള്ള ചിത്രവിശേഷത്തിന്റെ വിലയിരുത്തലുകള്‍ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികളിലും, ഫോറങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്നതും കണ്ടിട്ടുണ്ട്. സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചിത്രവിശേഷം ചിലപ്പോഴെങ്കിലും ഒരു നിമിത്തമാവാറുണ്ട് എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. മുന്‍പ് പലരും കമന്റിലൂടെ സൂചിപ്പിച്ചതുപോലെ, ഇപ്പോള്‍ ഏതു സിനിമയാണ് കാണുവാന്‍ നല്ലതെന്ന് തീരുമാനിക്കുവാന്‍ ചിത്രവിശേഷം ഉതകാറുണ്ടെന്നതും അഹ്ലാദകരമാണ്.

ചിത്രവിശേഷത്തില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ ഒരു ആകെത്തുക ‘സൌദി ടൈംസ്’ എന്ന പേരില്‍ സൌദിയില്‍ പുറത്തിറങ്ങുന്ന മാസികയുടെ ചില ലക്കങ്ങളില്‍ ‘ടാക്കീസ് ടാക്ക്’ എന്ന പംക്തിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ബ്ലോഗിനെ ‘സൌദി ടൈംസി’ന്റെ എഡിറ്റര്‍ക്ക് പരിചയപ്പെടുത്തിയ ശ്രീ. സുനിലിനോടും, വിശേഷങ്ങള്‍ മാസികയില്‍ പ്രസിദ്ധീകരിക്കുവാന്‍ തയ്യാറായ മാഗസീന്‍ എഡിറ്റര്‍ ശ്രീ. ദീപക് കലാനിയോടുമുള്ള നന്ദി പ്രകാശിപ്പിക്കുവാനും ഈ അവസരം ഉപയോഗിക്കുന്നു.

 മൂന്നാം വര്‍ഷത്തില്‍...

ബ്ലോഗ് സ്പോട്ട് ഡൊമൈനില്‍ നിന്നും http://www.chithravishesham.com എന്ന പുതിയ ഡൊമൈനിലേക്കുള്ള മാറ്റം, പോസ്റ്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ തയ്യാറാക്കിയ പുതിയ ബ്ലോഗ് രൂപഘടന എന്നിവ ശ്രദ്ധിച്ചിരിക്കുമല്ലോ. കൂടുതല്‍ മികച്ച ഒരു ബ്ലോഗനുഭവം ഇവ സാധ്യമാക്കുമെന്നു കരുതുന്നു. ചിത്രവിശേഷം കൂടുതല്‍ മികച്ചതാക്കുന്നതിലേക്ക് അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഏവരുടേയും പിന്തുണ ഈ മൂന്നാം വര്‍ഷത്തിലും പ്രതീക്ഷിച്ചുകൊണ്ട്... ഒരിക്കല്‍ കൂടി ഏവര്‍ക്കും നന്ദി.

വായിക്കുക... വരിക്കാരാവുക...

 Post a Comment

Description: Chithravishesham (Chitravishesham) celebrating second anniversary. A Film / Movie / Cinema Review blog maintained by Hareesh N. Nampoothiri aka Haree | ഹരീ featuring Malayalam, Hindi, Tamil and English Film Reviews in Malayalam. Thanking all readers and supporters of this blog. Details on new rating system followed in Chithravishesham. Suggestions and comments are welcome.
--

Wednesday, November 21, 2007

ചിത്രവിശേഷത്തിന് ഒരു വയസ്

Chithravishesham in its First Anniversary.
നവംബര്‍ 20, 2007: ‘ചിത്രവിശേഷം’ എന്ന ബ്ലോഗ് ഇന്ന് ഒരു വര്‍ഷം പിന്നിടുന്നു‍. ‘യേസ് യുവര്‍ ഓണര്‍’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് 2006 നവംബര്‍ ഇരുപതിനാണ് ഇതിലെ ആദ്യ പോസ്റ്റ് പിറക്കുന്നത്. ഇങ്ങിനെയൊരു ബ്ലൊഗ് തുടങ്ങുമ്പോള്‍; തുടര്‍ച്ചയായി ഇത്രയും പോസ്റ്റുകള്‍ എഴുതുവാന്‍ കഴിയുമെന്നോ, അതൊക്കെ വായിക്കപ്പെടുമെന്നോ, ഇത്രയും പ്രതികരണങ്ങള്‍ ലഭിക്കുമെന്നോ സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല. ‘ചിത്രവിശേഷ’ത്തെ ഇത്രയുമൊക്കെ ആക്കിത്തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാ വായനക്കാരോടുമുള്ള നന്ദി രേഖപ്പെടുത്തുവാനും, സന്തോഷം പങ്കുവെയ്ക്കുവാനും ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു.

അല്പം ചരിത്രം
ഓര്‍ക്കുട്ടിലെ തനിമലയാളിക്കൂട്ടമായ ‘മലയാളം’ കമ്മ്യൂണിറ്റിയില്‍ പുതിയ സിനിമകളെക്കുറിച്ച് വല്ലപ്പോഴുമൊക്കെ ഞാന്‍ എഴുതുമായിരുന്നു. ബ്ലോഗുകളേയും യൂണിക്കോഡിനേയും ഞാനന്ന് പരിചയപ്പെട്ടിരുന്നില്ല. ബ്ലോഗിലെത്തിയ മറ്റു പലരേയും പോലെ കൊടകരപുരാണമായിരുന്നു എന്റെയും ആദ്യത്തെ ബ്ലോഗ് വായനാനുഭവം. തുടര്‍ന്ന് കുറുമാന്റെ കഥകളും, ഉദയസൂര്യന്റെ നാട്ടിലും, എന്റെ നാലുകെട്ടും തോണിയും, സൂര്യഗായത്രിയുമൊക്കെ പരിചിതമായി. പക്ഷെ, സമകാലീന മലയാള സിനിമകളെക്കുറിച്ചുള്ള ബ്ലോഗുകള്‍ തിരഞ്ഞപ്പോള്‍ അത്തരത്തിലൊന്ന് എവിടെയും കണ്ടില്ല. എങ്കില്‍ പിന്നെ, "എനിക്കു തന്നെ അങ്ങിനെയൊന്ന് എന്തുകൊണ്ട് തുടങ്ങിക്കൂട?" എന്ന ചിന്തയുടെ പരിണിതഫലമാണ് ഈ ബ്ലോഗ്. ഒരു വര്‍ഷം പിന്നിടുമ്പോള്‍, ഇവിടെ അറുപത്തിയഞ്ചോളം ചിത്രങ്ങളുടെ വിശേഷങ്ങളും, വിവിധ വിഷയങ്ങളിലായി അഞ്ച് ലേഖനങ്ങളും ചേര്‍ക്കപ്പെട്ടു കഴിഞ്ഞു.

എന്താണ് ചിത്രവിശേഷം?
പലരും പലപ്പോഴായി ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്, ചിത്രവിശേഷം കൊണ്ട് ഞാനെന്താണ് ഉദ്ദേശിക്കുന്നതെന്ന്. ഒരു സിനിമയെക്കുറിച്ചുള്ള ആധികാരികമായ നിരൂപണമോ പഠനമോ എന്റെ ലക്ഷ്യമല്ല. ഓരോ സിനിമകളും കാണുമ്പോള്‍ പ്രേക്ഷകനെന്ന നിലയില്‍ എനിക്കു തോന്നുന്ന കാര്യങ്ങള്‍ പങ്കുവെയ്ക്കുവാനൊരിടം, അത്രയുമേ ഇതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. സിനിമ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുപക്ഷെ ഒരു സഹായമായിത്തീ‍രുമെന്ന വിചാരത്തിലാണ് ഇങ്ങിനെയൊന്ന് തുടങ്ങിവെച്ചത്. പിന്നീട് പലരുടേയും കമന്റുകളില്‍ നിന്നും, ഈ ലക്ഷ്യം ചിത്രവിശേഷം ഒരു പരിധിവരെ സാധിച്ചെടുത്തു എന്നാണ് എനിക്കു മനസിലാവുന്നത്. അതിലെനിക്ക് അതിയായ സന്തോഷമുണ്ട്.

ചിത്രവിശേഷത്തിലെ റേറ്റിംഗ്
പലപ്പോഴും തര്‍ക്കവിഷയമായിട്ടുള്ള ഒന്നാണിത്, പ്രത്യേകിച്ചും ‘ഛോട്ടാ മുംബൈ’ എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍. റേറ്റിംഗ് നല്‍കുക എന്നത് വളരെ ആയാസകരമായ ഒന്നായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇതുവരെ നല്‍കിയിട്ടുള്ള എല്ലാ റേറ്റിംഗും പരിശോധിച്ച്, അവയുമായി തട്ടിച്ചു നോക്കി, ഓരോ പുതിയ സിനിമയ്ക്കും റേറ്റിംഗ് നല്‍കുക എന്നത് പ്രായോഗികമല്ലല്ലോ! അതുകൊണ്ടുതന്നെ, പൂര്‍ണ്ണമായും കുറ്റമറ്റ റേറ്റിംഗാണ് ചിത്രവിശേഷത്തിലേതെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. സിനിമയുടെ കുറ്റങ്ങളും കുറവുകളും മേന്മകളും കാര്യകാരണസഹിതം എടുത്തെഴുതുവാന്‍ കഴിയും. എന്നാല്‍ റേറ്റിംഗിന് അങ്ങിനെയൊരു വിശദീകരണം നല്‍കുവാന്‍ കഴിയണമെന്നില്ലല്ലോ? അതിനാല്‍ തന്നെ ചിത്രത്തെക്കുറിച്ച് എന്തെഴുതിയിരിക്കുന്നു എന്നതിന്, റേറ്റിംഗിനേക്കാള്‍ പ്രാധാന്യമുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
ചിത്രവിശേഷത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും, ഈ ബ്ലോഗ് കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാന്‍ താത്പര്യപ്പെടുന്നു. ചിത്രവിശേഷം ഇതുവരെ വായിച്ച് പ്രോത്സാഹനങ്ങള്‍ തന്ന എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി നന്ദിരേഖപ്പെടുത്തിക്കൊണ്ട് ഒന്നാം വാര്‍ഷിക പോസ്റ്റ് അവസാനിപ്പിക്കട്ടെ.


Keywords: Chithravishesham, Chitravishesham, Haree, Hari, Hareesh, First Year, Birth Day, One Year, Age
--