Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Total Visitors
(Since Nov'06)

Showing newest posts with label IFFK. Show older posts
Showing newest posts with label IFFK. Show older posts

Sunday, December 20, 2009

കേരളത്തിന്റെ ചലച്ചിത്രോത്സവം - സമാപനം

IFFK 2009 Valedictory Function : Report and Photos by Haree for Chithravishesham.
ഡിസംബര്‍ 18, 2009: കേരളത്തിന്റെ പതിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നിശാഗന്ധിയില്‍ സമാപനമായി. സാംസ്കാരിക വകുപ്പു മന്ത്രി എം.എ. ബേബി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം, മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍‍, നടനും സംവിധായകനുമായ ശ്രീനിവാസന്‍, ക്യൂബന്‍ അംബാസഡര്‍ മിഗ്വെല്‍ ആന്റെല്‍ റെമോസ്, ജൂറി ചെയര്‍മാന്‍ ബഹ്മാന്‍ ഖൊബാദി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, എം.എല്‍.എ. വി.ശിവന്‍കുട്ടി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഡോ. വി. വേണു, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ കെ.ജി. ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍, വൈസ് ചെയര്‍മാന്‍ വി.കെ. ജോസഫ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍, സെക്രട്ടറി ഡോ. കെ.എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Saturday, December 12, 2009

കേരളത്തിന്റെ ചലച്ചിത്രോത്സവത്തിനു തിരിതെളിഞ്ഞു

IFFK 2009 Inauguration : Report and Photos by Haree for Chithravishesham.
ഡിസംബര്‍ 11, 2009: കേരളത്തിന്റെ പതിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു. നിശാഗന്ധിയില്‍ വൈകുന്നേരം നടന്ന ചടങ്ങില്‍ പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ മൃണാള്‍ സെന്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ബംഗാളില്‍ നിന്നു തന്നെയുള്ള നടി ഷര്‍മ്മിള ടാഗോര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. ശശി തരൂര്‍; കേരളത്തില്‍ നിന്നുള്ള മന്ത്രിമാരായ എം.എ. ബേബി, ബിനോയ് വിശ്വം; ഫ്രഞ്ച് അംബാസിഡര്‍ ജെറമി ബോണഫണ്ടെ; മേയര്‍ സി. ജയന്‍ ബാബു, എം.എല്‍.എ. വി. ശിവന്‍‌കുട്ടി; ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി; മലയാള സിനിമയെ പ്രതിനിധീകരിച്ച് മധു, സിബി മലയില്‍, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ച ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ സ്വാഗതവും സെക്രട്ടറി ഡോ. കെ.എസ്. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ പതിനാലാമത് അന്താരാഷ്ട്രമേളയുടെ വിവിധ ജൂറി അംഗങ്ങളെ പരിചയപ്പെടുത്തി.

Sunday, December 21, 2008

അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം'08 - സമാപനം

13th International Film Festival of Kerala (IFFK 2008) - Closing Ceremony
ഡിസംബര്‍ 19, 2008: എട്ടുനാള്‍ നീണ്ടുനിന്ന കേരളത്തിന്റെ പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നിശാഗന്ധിയില്‍ സമാപനമായി. എന്‍‌റിക് റീവേറോ സംവിധാനം ചെയ്ത മെക്സിക്കന്‍ ചിത്രം, ‘പാര്‍ക്ക് വിയ’ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്കാരത്തിന് അര്‍ഹമായി. ശ്രീലങ്കന്‍ ചിത്രമായ ‘മച്ചാനാ‍’ണ് മികച്ച ചിത്രമായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്. ഉബേര്‍ട്ടോ പസോളിനിയാണ് ചിത്രത്തിന്റെ സംവിധായകന്‍.‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’, ‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’ എന്നീ ചിത്രങ്ങള്‍; യഥാക്രമം മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ്, ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് എന്നിവ കരസ്തമാക്കി.

 അവാര്‍ഡുകള്‍

കേരളത്തിന്റെ പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വിതരണം ചെയ്ത അവാര്‍ഡുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍:
  • സുവര്‍ണ ചകോരം (മികച്ച ചിത്രം) - ‘പാര്‍ക്ക് വിയ’ (എന്‍‌റിക് റിവേറോ, മെക്സിക്കോ)
  • രജത ചകോരം (മികച്ച സംവിധാനം) - മരിയാന റോണ്‍‌ഡന്‍ (‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’, വെനിസ്വേല)
  • രജത ചകോരം (മികച്ച നവാഗത സംവിധാനം) - ഹുസൈന്‍ കറാബെ (‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’, തുര്‍ക്കി)
  • രജത ചകോരം (പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം) - ‘മച്ചാന്‍’ (ഉബേര്‍ട്ടോ പസോളിനി, ശ്രീലങ്ക)
  • ഫിപ്രെസി അവാര്‍ഡ് (FIPRESCI ജൂറി തിരഞ്ഞെടുത്ത മികച്ച ചിത്രം) - ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’ (മരിയാന റോണ്‍‌ഡന്‍, വെനിസ്വേല‍)
  • ഫിപ്രെസി അവാര്‍ഡ് (FIPRESCI ജൂറി തിരഞ്ഞെടുത്ത മികച്ച മലയാള ചിത്രം) - ‘മഞ്ചാടിക്കുരു‍’ (അഞ്ജലി മേനോന്‍, ഇന്ത്യ)
  • നെറ്റ്പാക്ക് അവാര്‍ഡ് (നെറ്റ്പാക്ക് ജൂറി തിരഞ്ഞെടുത്ത ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രം) - ‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’ (ഹുസൈന്‍ കറാബെ, തുര്‍ക്കി)
  • നെറ്റ്പാക്ക് അവാര്‍ഡ് (നെറ്റ്പാക്ക് ജൂറി തിരഞ്ഞെടുത്ത മികച്ച മലയാള ചിത്രം) - ‘അടയാളങ്ങള്‍’ (എം.ജി. ശശി, ഇന്ത്യ)
  • പ്രത്യേക ജൂറി പുരസ്കാരം (ചിത്രം) - ‘ദി എല്ലോ ഹൌസ്’ (‌അമോര്‍ ഹക്കാര്‍, അല്‍ജേറിയ)
  • പ്രത്യേക ജൂറി പുരസ്കാരം (നവാഗത സംവിധാനം) - നന്ദിത ദാസ് (‘ഫിറാഖ്’, ഇന്ത്യ)
  • ഹസന്‍കുട്ടി അവാര്‍ഡ് (മികച്ച നവാഗത ഇന്ത്യന്‍ സംവിധാനം) - അഞ്ജലി മേനോന്‍ (‘മഞ്ചാടിക്കുരു’, ഇന്ത്യ)
The Golden Craw Pheasant Award - \'Parque Vía\' directed by Enrique Rivero.
The Silver Craw Pheasant Award - \'Machan\' directed by Uberto Pasolini.
ബ്രസീലിയന്‍ സംവിധായിക ലൂസിയ മുറാറ്റ് അധ്യക്ഷയായുള്ള ജൂറിയാണ് IFFK അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സമീറ മക്മല്‍ബഫ്, ജബ്ബാര്‍ പട്ടേല്‍, സിറ്റോറ അലീവ തുടങ്ങിയവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങള്‍. ക്രിസ് ഫുജിവാര, ബാര്‍ബറ ലോറേ, മനോജ് ബാജ്പൂജാരി എന്നിവര്‍ ഫിപ്രസി ജൂറിയിലും; സുധീര്‍ മിശ്ര, ഫ്രെഡി വോംഗ്, മാക്സ് ടെസ്സീര്‍ നെറ്റ്പാക്ക് ജൂറിയിലും അംഗങ്ങളായിരുന്നു. മാധ്യമ അവാര്‍ഡുകളില്‍ ദൃശ്യമാധ്യമങ്ങളിലൂടെയുള്ള മികച്ച റിപ്പോര്‍ട്ടിംഗിന് സീജി കടയ്ക്കലും (ഇന്ത്യാവിഷന്‍)‍; അച്ചടിമാധ്യമങ്ങളില്‍ സംഗീത ഉണ്ണിത്താന്‍ (ദി ഹിന്ദു), സജീവ് പാഴൂര്‍ (ദേശാഭിമാനി) എന്നിവരും പുരസ്കാരാര്‍ഹരായി. എഫ്.എം. റേഡിയോ ചാനലുകള്‍ പ്രചാരം നേടുന്ന സാഹചര്യത്തില്‍, ശ്രവ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകം അവാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് ജൂറി നിര്‍ദ്ദേശിച്ചു. ഇത്തവണ അനില്‍ നമ്പ്യാര്‍ (ആകാശവാണി) പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി.

The Hasankutty Award - Anjali Menon who directed the film \'Manchadikkuru\'.
Jury Special Mention - Nandita Das who directed the film 'Firaaq'.
അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കുമെന്ന് എം.എ. ബേബി അവാര്‍ഡ് ദാനം നിര്‍വ്വഹിച്ച് സംസാരിക്കവേ അറിയിച്ചു. അന്‍പതു വര്‍ഷം മുന്‍പ് ലോകസിനിമയില്‍ എന്തു സംഭവിച്ചു എന്നതിന്റെ ഓര്‍മ്മപുതുക്കുവാനായി എല്ലാ ചലച്ചിത്രമേളകളിലും അന്‍പതു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ക്ലാസിക്കുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ചലച്ചിത്ര അക്കാദമിക്കായൊരു സ്ഥിരം തിയേറ്റര്‍ സമുച്ചയം എന്ന മൂന്നുവര്‍ഷമായി കേള്‍ക്കുന്ന പല്ലവി മന്ത്രി എം. വിജയകുമാര്‍ അധ്യക്ഷപ്രസംഗത്തില്‍ ആവര്‍ത്തിച്ചു.

 കലാപരിപാടികള്‍

\'Shishyanum Makanum\' - A dance drama by students of Kerala Kalamandalam.
പ്രസിദ്ധ സുഫി സംഗീതജ്ഞ സില അലി ഖാന്റെ ഗാനാലാപനത്തോടെയാണ് സമാപന ചടങ്ങുകള്‍ ആരംഭിച്ചത്. പുരസ്കാരവിതരണത്തിനു ശേഷം കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ ‘ശിഷ്യനും മകനും’ എന്ന നൃത്തശില്പവും അവതരിപ്പിക്കുകയുണ്ടായി. മഹാകവി വള്ളത്തോളിന്റെ ‘ശിഷ്യനും മകനും’ എന്ന കവിതയുടെ നൃത്താവിഷ്കാരമായിരുന്നു ഇത്. പരശുരാമനും, ഗണപതിയും തമ്മിലുള്ള ബലപരീക്ഷണത്തില്‍ പരശുരാമന്റെ മഴുകൊണ്ടുള്ള വെട്ടേറ്റ് ഗണപതിക്ക് ഒരു കൊമ്പു നഷ്ടപ്പെടുന്നതും; ശിഷ്യനേയും, മകനേയും ഒരുപോലെ കരുതുന്ന പരമശിവന്റെ ധര്‍മ്മസങ്കടവും മറ്റുമായിരുന്നു മോഹിനിയാട്ട രൂപത്തില്‍ അവതരിക്കപ്പെട്ടത്. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേളയില്‍ അവതരിപ്പിച്ച അവിയല്‍ പരിപാടിയേക്കാള്‍ എന്തുകൊണ്ടും നിലവാരം പുലര്‍ത്തിയവയായിരുന്നു സമാപന ചടങ്ങിനോട് അനുബന്ധിച്ച് അരങ്ങേറിയ സംഗീത, നൃത്ത പരിപാടികള്‍. തുടര്‍ന്ന് മേളയില്‍ മികച്ച ജൂറി പുരസ്കാരം നേടിയ ‘പാര്‍ക്ക് വിയ’യുടെ പ്രദര്‍ശനവും നടന്നു.

Media Partner: VeniceXPress
Description: International Film Festival of Kerala 2008, 13th IFFK; Closing Ceremony (award ceremony) at Nisagandhi (Nishagandhi) open auditorium, Thiruvananthapuram - A report. Minister for Cultural Affairs M.A. Baby distributed the awards. Minister for Law and Parliamentary Affairs M. Vijayakumar presided the meeting. 'Parque Vía' directed by Enrique Rivero won the The Golden Craw Pheasant award (Suvarna Chakoram) for the Best Film nominated by the IFFK Jury. 'Machan' directed by Uberto Pasolini won the The Silver Craw Pheasant award (Rajatha Chakoram) nominated by the audience. Famous Sufi singer Zila Ali Khan rendered a song prior to the fuction. Students from Kerala Kalamandalam presented Vallathol's 'Shishyanam Mukanum' as a dance-drama after the award ceremony. A report by Hareesh N. Nampootihri aka Haree | ഹരീ for Chithravishesham (Chitravishesham) blog. IFFK Closing Ceremony Phootos.
--

Thursday, December 18, 2008

മേളയുടെ അഞ്ചു നാളുകള്‍

Internatioanl Film Festival of Kerala 2008 - A report on it's first five days.
കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ആദ്യ അഞ്ചു ദിനങ്ങള്‍ പിന്നിടുമ്പോള്‍, കല്ലുകടികള്‍ ഒട്ടനവധിയുണ്ടായിരുന്നെങ്കിലും, കുറയൊക്കെ നല്ല ചിത്രങ്ങളും കാണുവാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ചലച്ചിത്രപ്രേമികള്‍. എന്നാല്‍ എല്ലാ മേളയിലും ഉണ്ടാവാറുള്ളതുപോലെ; ഉദാഹരണത്തിന് കഴിഞ്ഞ മേളയില്‍ പ്രദര്‍ശിപ്പിച്ച ‘4 മന്ത്സ്, 3 വീക്ക്സ് ആന്‍ഡ് 2 ഡേയ്സ്’, ‘ബ്ലിസ്’ തുടങ്ങിയ ചിത്രങ്ങളെന്നപ്പോലെ; പ്രേക്ഷകര്‍ ആഘോഷമാക്കിയ ചിത്രമൊന്നുപോലും മേളയില്‍ ഇതുവരെ കാണുവാന്‍ കഴിഞ്ഞില്ല.

 മത്സരച്ചിത്രങ്ങള്‍

Competition Film - IFFK 2008: ‘Firaaq’ directed by Nandita Das.
ഇതുവരെ പ്രദര്‍ശിക്കപ്പെട്ട മത്സരവിഭാഗം ചിത്രങ്ങളില്‍, വിരലിലെണ്ണാവുന്നവ മാത്രമാണ് ശരാശരി നിലവാരമെങ്കിലും പുലര്‍ത്തിയത്. മോശമായ ചിത്രങ്ങളില്‍ പലതിലും ചില മികവുകള്‍ ചൂണ്ടിക്കാട്ടാമെങ്കിലും, അവ കൊണ്ടു മാത്രം ചിത്രങ്ങള്‍ ആകര്‍ഷകമാവുന്നില്ല. മേളയിലേക്ക് മത്സരച്ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ടെന്നതിലേക്കാണ് ഈ ചിത്രങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അഭിനേത്രിയെന്ന നിലയില്‍ ഫെസ്റ്റിവലിനു സുപരിചിതയായ നന്ദിതാ ദാസിന്റെ ആദ്യ സംവിധാനസംരഭമായ ‘ഫിറാഖാ’ണ് മത്സരച്ചിത്രങ്ങളില്‍ ഏറെ പ്രശംസ നേടിയത്. ഗുജറാത്തിലുണ്ടായ ഹിന്ദു-മുസ്ലീം വര്‍ഗീയലഹള ഈ സിനിമയ്ക്ക് പശ്ചാത്തലമാവുന്നു. നിരവധി പേര്‍ കൊല്ലപ്പെട്ട ലഹളയ്ക്കു ശേഷം മാസമൊന്നു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ലഹളയുടെ നടുക്കത്തില്‍ നിന്നും ആരും തന്നെ മോചിതരായിട്ടില്ല. ലഹളയുടെ കെടുതികളനുഭവിക്കുന്ന, അല്ലെങ്കില്‍ അതില്‍ സ്വാര്‍ത്ഥ ലാഭം കണ്ട, പ്രതീകാത്മക കഥാപാത്രങ്ങളിലൂന്നിയാണ് സിനിമയുടെ കഥ മെനഞ്ഞിരിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് ഒരു വിഭാഗത്തെ തുണയ്ക്കുകയും, മറു വിഭാഗത്തെ വേട്ടയാടുകയും ചെയ്യുന്ന ‘ജനാധിപത്യ’ ഗവണ്മെന്റിനെയും ചിത്രത്തില്‍ കാണാം. ഒരു ഡോക്യുമെന്ററിയാവാതെ, ചലച്ചിത്രമായി തന്നെ കഥപറയുവാന്‍ നന്ദിതയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നത്.

Competition Film - IFFK 2008: ‘The Photograph’ directed by Nan Achnas.
ഹുസൈന്‍ കറാബെ സംവിധാനം ചെയ്തിരിക്കുന്ന തുര്‍ക്കി ചിത്രം, ‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’; കുര്‍ദ്ദിഷ് വംശജനായ തന്റെ കാമുകന്‍, സുലൈമാനെ കാണുവാനായുള്ള ഐക്ക എന്ന നാടകനടിയുടെ യാത്രയുടെ കഥയാണ്. സ്വദേശമായ ഇസ്റ്റാംബുളില്‍ നിന്നും, ഇറാഖിന്റെ വടക്കന്‍ പ്രവിശ്യയിലേക്കാണ് ഐക്കയുടെ യാത്ര. അതാവട്ടെ, അമേരിക്ക സദ്ദാമിനു മേല്‍ യുദ്ധം പ്രഖ്യാപിച്ചിരുന്ന സമയത്തിലും. യു.എസ്. അധിനിവേശ സമയത്തെ ഇറാഖ്; അയല്‍‌രാജ്യങ്ങളായ ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ ജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളാണ് ഈ ചിത്രത്തിലൂടെ അനാവൃതമാവുന്നത്. നാന്‍ ടി. അച്നാസ് സംവിധാനം ചെയ്തിരിക്കുന്ന ഇന്‍ഡോനേഷ്യന്‍ ചിത്രമായ ‘ദി ഫോട്ടോഗ്രാഫാ’ണ് മേളയില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു മത്സരച്ചിത്രം. ഗ്രാമത്തിലുള്ള തന്റെ മകളേയും, പ്രായമായ അമ്മയേയും സംരക്ഷിക്കുവാനായി; നഗരത്തിലെ ബാറില്‍ കരോക്കെ പാടുകയും, വേശ്യാവൃത്തി നോക്കുകയും ചെയ്യുകയാണ് സീത. അമ്മയുടെ ഓപ്പറേഷന് ആവശ്യമുള്ള പണം സ്വരൂപിക്കുവാന്‍ അവള്‍ക്ക് കഴിയുന്നില്ല. വൃദ്ധനായ ഫോട്ടോഗ്രാഫര്‍, ജൊഹാന്റെ വീട്ടില്‍ വാടകക്കാരിയാവുന്നത് സീതയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ചിത്രത്തിന്റെ ക്യാമറയും, പിന്നണി സംഗീതവും എടുത്തുപറയുവാന്‍ തക്കവണ്ണം മികവ് പുലര്‍ത്തിയിരിക്കുന്നു. പ്രമേയത്തില്‍ കാര്യമായ പുതുമയൊന്നും അവകാശപ്പെടുവാനില്ലെങ്കിലും, കഥാസന്ദര്‍ഭവും, മനോഹരമായ തിരക്കഥയും പ്രേക്ഷകരെ ചിത്രത്തോടടുപ്പിക്കുന്നു.

Competition Film - IFFK 2008: ‘Refugee’ directed by Reis Celik.
അള്‍ഗേറിയന്‍ ചിത്രമായ ‘ദി യെല്ലോ ഹൌസി’ലൂടെ ഗ്രാമത്തില്‍ കഴിയുന്ന കര്‍ഷക കുടുംബത്തിന്റെ ലളിതമായ ജീവിതമാണ് സംവിധായകന്‍ അമോര്‍ ഹക്കാര്‍ കാട്ടിത്തരുന്നത്. എന്നാല്‍ ഇതിനപ്പുറം ചിത്രത്തില്‍ കാര്യമായൊന്നും സംഭവിക്കുന്നില്ല എന്നത് ചിത്രത്തോടുള്ള താത്പര്യം കുറയ്ക്കുന്നു. വ്യക്തമായൊരു ആശയം ചിത്രത്തിലൂടെ നല്‍കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുമില്ല. ഇറാനിയന്‍ ചിത്രമായ ‘ഹാഫേസി’ന്റെ ഗതിയും വ്യത്യസ്തമല്ല. അബോള്‍ഫാസില്‍ ജലീലി സംവിധാനം ചെയ്ത ‘ഹാഫേസ്’, ചെറുപ്പത്തില്‍ തന്നെ ഹാഫേസെന്ന പദവിയിലെത്തിയ ഖുറാന്‍ പണ്ഢിതനായ ചെറുപ്പക്കാരന്റെ കഥയാണ്. വല്ലാതെ വലിച്ചു നീട്ടി കുറേ പ്രാദേശിക മത രീതികള്‍ കാട്ടുന്നുണ്ടെന്നല്ലാതെ, ഒരു കഥയായി പോലും ചിത്രം വികസിക്കുന്നില്ല. റീസ് സെലിക് സംവിധാനം ചെയ്ത ടര്‍ക്കിഷ് ചിത്രമായ ‘റെഫ്യൂജി’, സ്വദേശത്തു നിന്നും പാലായനം ചെയ്യേണ്ടിവന്ന സിവാന്റെ കഥ പറയുന്നു. ജര്‍മ്മനിയില്‍ അഭയം പ്രാപിക്കുന്ന അയാള്‍ക്ക് പക്ഷെ അവിടെയും സമാധാനം ലഭിക്കുന്നില്ല. നിരവധി ബോളിവുഡ് ഹിറ്റുകള്‍ക്ക് ക്യാമറ ചലിപ്പിച്ച രവി കെ. ചന്ദ്രനാണ് ഈ ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫെസ്റ്റിവലിന് പുതുമയല്ലാത്ത പ്രമേയമായതിനാല്‍ തന്നെ, ചിത്രം പ്രേക്ഷകര്‍ക്ക് പുതിയതായി എന്തെങ്കിലും നല്‍കുന്നുണ്ടെന്ന് കരുതുവാനില്ല. ദൃശ്യഭംഗി കണ്ട് ആസ്വദിക്കാമെന്നു മാത്രം.

മത്സരച്ചിത്രങ്ങളില്‍ ശ്രദ്ധേയമായ മറ്റു ചിലത്; ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’, ‘മച്ചാന്‍’, ‘ഫെയര്‍വല്‍, ഗുള്‍സറേ’ തുടങ്ങിയവയാണ്. കുട്ടികളുടെ കാഴ്ചകളിലൂടെ വെനിസ്വേലയിലെ അഭ്യന്തരയുദ്ധങ്ങളെ നോക്കിക്കാണുകയാണ് സംവിധായിക മരിയാന റോണ്‍‌ഡണ്‍ ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍‌ഗ്രാഡ്’ എന്ന ചിത്രത്തിലൂടെ. കഥ പറയുവാന്‍ തിരഞ്ഞെടുത്തിരിക്കുന്ന രീതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ആനിമേഷനുകളും, വിവരണങ്ങളും മറ്റും ഉപയോഗിച്ചിട്ടുള്ള ഈ ചിത്രത്തിന് ഒരു ഡോക്യുമെന്ററി സ്വഭാവമാണുള്ളത്. ഉല്‍ബര്‍ട്ടോ പസോളിനി സംവിധാനം ചെയ്തിരിക്കുന്ന ശ്രീലങ്കന്‍ ചിത്രമായ ‘മാച്ചാന്‍’ നര്‍മ്മത്തിന്റെ മേമ്പൊടിയുള്ള ഒരു ചിത്രമാണ്. ശ്രീലങ്കന്‍ യുവത്വം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയാണ് ചിത്രത്തിന്റെ കാതല്‍.

അര്‍ഡാക് അമിര്‍കുലോവ് സംവിധാനം ചെയ്തിരിക്കുന്ന കസാഖിസ്ഥാന്‍ ചിത്രമാണ്, ‘ഫെയര്‍‌വെല്‍, ഗുള്‍സറേ’. ഗുള്‍സറേ എന്ന കുതിരയുടേയും, തനബയേ എന്ന കുതിരസൂക്ഷിപ്പുകാരന്റേയും കഥയാണ് സംവിധായകന്‍ ഇതിലൂടെ പറയുന്നത്. വൈകാരിക മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന പഴയ വിപ്ലവകാരി കൂടിയാണ് തനബയേ. എന്നാല്‍ ചില പിടിവാശികള്‍ പ്രസ്ഥാനത്തെ അയാളില്‍ നിന്നുമകറ്റുന്നു. പ്രസ്ഥാനത്തില്‍ അടിയുറച്ചു നില്‍ക്കുന്ന, എന്നാല്‍ പുതിയ ഭരണാധികാരികള്‍ നിര്‍വ്വചിക്കുന്ന പാര്‍ട്ടി പ്രമാണങ്ങളോട് യോജിപ്പില്ലാത്ത തനബയേ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഈ കാലഘട്ടത്തിലും പ്രസക്തമാണ്. മലയാളം സിനിമകളായ ‘അടയാളങ്ങള്‍’‍, ‘ആകാശഗോപുരം’ എന്നിവയും മത്സരവിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ടു. വിഭാഗത്തിലെ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയെ തരക്കേടില്ലാത്ത ചിത്രങ്ങളായി കാണാവുന്നതാണ്.

 ലോകസിനിമ

World Cinema - IFFK 2008: ‘Half Moon’  directed by Barhman Ghorbadi.
‘വണ്ടര്‍ഫുള്‍ ടൌണ്‍’, ‘ജുജു ഫാക്ടറി’, ‘ഗേള്‍ കട്ട് ഇന്‍ ടൂ’, ‘ബേണ്‍ ആഫ്റ്റര്‍ റീഡിംഗ്’ തുടങ്ങിയവയുള്‍പ്പെടുന്ന ചില ചിത്രങ്ങളൊഴിവാക്കിയാല്‍; മത്സരവിഭാഗം ചിത്രങ്ങളെ അപേക്ഷിച്ച് ലോകസിനിമകള്‍ കൂടുതല്‍ മികവ് പുലര്‍ത്തി. ഫ്രഞ്ച് ചിത്രമായ ‘കാരാമല്‍’, ജപ്പാനില്‍ നിന്നുള്ള ‘അച്ചിലീസ് ആന്‍ഡ് ദി ടൊര്‍ട്ടോയിസ്’ തുടങ്ങിയ ചിത്രങ്ങള്‍ ശരാശരിയിലും ഉയര്‍ന്നു നില്‍ക്കുന്നു. ബര്‍ഹ്മാന്‍ ഗോര്‍ബാഡി സംവിധാനം ചെയ്ത ‘ഹാഫ് മൂണ്‍’ എന്ന ചിത്രമാണ് ഈ വിഭാഗത്തില്‍ ഏറെ ശ്രദ്ധനേടിയത്. സദ്ദാം ഹുസൈന്റെ വീഴ്ച ആഘോഷിക്കുന്നതിനായി കുര്‍ദ്ദിഷ് സംഗീതജ്ഞനായ മാമോയും, മക്കളും ഇറാഖിലെ കുര്‍ദ്ദിഷ് മേഖലയിലേക്ക് യാത്ര തിരിക്കുന്നു. പാട്ടുപാടിയെന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട തന്റെ മകളേയും മാമോ കൂടെക്കൂട്ടുന്നു. സംഗീതമെന്ന അഭിനിവേശവും, യാത്രയുടെ സ്വപ്നവും, ആസന്നമായ മരണവുമൊക്കെ മാമോയിലുണ്ട്. സാധാരണയുക്തിയില്‍ നിന്നു വിട്ട് അഭൌമിക തലത്തിലേക്ക് പ്രേക്ഷകരെ ചിത്രം കൂട്ടിക്കൊണ്ടു പോവുന്നു.

നോബല്‍ സമ്മാനജേതാവ് ഷൂസെ സരമാഗാവോ എഴുതിയ ‘ബ്ലൈന്‍ഡ്‌നെസ്’ എന്ന നോവലിന്റെ അതേ പേരിലുള്ള സിനിമയും പ്രേക്ഷകരെ ആകര്‍ഷിച്ചു. ഫെര്‍നാന്‍ഡോ മെരിലെസാണ് ചിത്രത്തിന്റെ സംവിധായകന്‍. വൈദ്യശാസ്ത്രത്തിന് അജ്ഞാതമായ ഏതോ കാരണത്താല്‍ ഒരു നഗരത്തിലെ എല്ലാവരുടേയും കണ്ണുകളില്‍ വെളിച്ചം നിറഞ്ഞ് ഒന്നും കാണുവാന്‍ കഴിയാത്ത അവസ്ഥയിലാവുന്നു. രോഗം ബാധിച്ചവരെ ഒരു പ്രത്യേക കെട്ടിടത്തില്‍ തടവുകാരാക്കുന്നു. വിവേചനങ്ങളില്ലാത്ത മറ്റൊരു ലോകമാണവിടെ. എന്നാല്‍ അധികാരത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ചോദനകള്‍ക്ക് അന്ധതയും ഒരു തടസമാവുന്നില്ല.

World Cinema - IFFK 2008: ‘Breath’ directed by Kim Ki Duk.
ഓരോ ഫ്രയിമിലും കിം കി ഡുക്കിന്റെ കൈയ്യൊപ്പു പതിഞ്ഞ ‘ബ്രെത്ത്‌’, കിയോഷി കുറസോവ സംവിധാനം ചെയ്ത ‘ടോകിയോ സൊനാറ്റ’ തുടങ്ങിയ ചിത്രങ്ങളാണ് ലോകസിനിമ വിഭാഗത്തില്‍ ശ്രദ്ധനേടിയ മറ്റ് രണ്ട് ചിത്രങ്ങള്‍. വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയാണ് യാങ്ങ് യിന്‍. ജയിലിനുള്ളില്‍ തന്നെ സ്വയം മരിക്കുവാന്‍ യാങ്ങ് ശ്രമിക്കുന്നെങ്കിലും പരാജയപ്പെടുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തില്‍ അസ്വസ്ഥയാണ് യോണ്‍ എന്ന ചെറുപ്പക്കാരിയായ വീട്ടമ്മ. യാങ്ങിന്റെ വാര്‍ത്തകള്‍ ടെലിവിഷനില്‍ ശ്രദ്ധിക്കുന്ന യോണ്‍, ഒടുവില്‍ അയാളുമായി പ്രണയത്തിലാവുന്നു. യാങ്ങിനെ കാണുവാനായി യോണ്‍ ജയിലിലേക്ക് നടത്തുന്ന തുടര്‍ച്ചയായ യാത്രകള്‍ ഭര്‍ത്താവിനെ ചൊടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മേളയില്‍ പ്രദര്‍ശിക്കപ്പെട്ട കിം കി ഡുക് ചിത്രമായ ‘ടൈ’മിനേക്കാള്‍ എന്തുകൊണ്ടും മികച്ച ഒരു ചിത്രമാണ് ‘ബ്രെത്ത്’ എന്നു നിസംശയം പറയാം.

സാമ്പത്തികമാന്ദ്യത്താല്‍ തൊഴിലാളികള്‍ പിരിച്ചുവിടപ്പെടുന്നു. അത്തരത്തില്‍ ജോലി നഷ്ടപ്പെട്ട റൂയി സസാക്കിയുടേയും, കുടുംബത്തിന്റേയും കഥയാണ് ‘ടോകിയോ സൊനാറ്റ’. ജോലി നഷ്ടപ്പെടുന്നതോടെ അയാളെ ഭാര്യയും, മക്കളും വകവെയ്ക്കാതെയാവുന്നു. കുടുംബം തകര്‍ച്ചയുടെ വക്കിലെത്തുന്നെങ്കിലും, പുതിയൊരു തുടക്കമെന്ന പ്ര്തീക്ഷയോടെയാണ് ചിത്രം അവസാനിക്കുന്നത്. ശ്രീലങ്കന്‍ ചിത്രമായ ‘ആകാശകുസു’മാണ് എടുത്തു പറയേണ്ട മറ്റൊരു ചിത്രം. കഴിഞ്ഞകാലത്തെ പ്രശസ്തയായ സിനിമാനായക നടി സന്ധ്യാറാണി ഇന്ന് തിരക്കുകളില്‍ നിന്നകന്ന് കഴിയുകയാണ്. ദിവസങ്ങള്‍ നീളുന്ന സഹശയനത്തിന് ഇന്നത്തെ തലമുറയിലെ നടീനടന്മാര്‍ ആശ്രയിക്കുന്നത് ഇവരുടെ വീടാണ്. കുടുംബവും, ജീവിതവും മറന്ന് അഭിനയരംഗത്ത് പ്രവര്‍ത്തിക്കുന്ന നടിമാര്‍ക്ക് പൊതുവേദികളിലും, സിനിമയിലും സദാചാരത്തിന്റെ മൂടുപടം അണിയേണ്ടി വരുന്നു. നടിമാരുടെ ഈ ആത്മസംഘര്‍ഷങ്ങളാണ് സിനിമയ്ക്ക് വിഷയമാവുന്നത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മാലിനി ഫൊന്‍സേകയുടെ അഭിനയവും ശ്രദ്ധേയമായിരുന്നു.

 മറ്റു വിശേഷങ്ങള്‍

ഫെസ്റ്റിവലിന്റെ സിഗ്നേച്ചര്‍ ഫിലിമിന്റെ നിലവാരമില്ലായ്മ ഇത്തവണയും മേളയ്ക്ക് അപമാനമായി. സംവിധാനരംഗത്ത് ഏറെക്കാലത്തെ പരിചയമുള്ള വി.ആര്‍. ഗോപിനാഥാണ് ഈ വര്‍ഷത്തെ സിഗ്നേച്ചര്‍ ഫിലിം തയ്യാറാക്കിയിരിക്കുന്നത്. ആനിമേഷന്റെ സാധ്യതകളെ മാത്രം ആശ്രയിച്ചാണ് സിഗ്നേച്ചര്‍ ഫിലിം ചെയ്തിരിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പറയുന്നു. അവാര്‍ഡ് ശില്പത്തെ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു സവിശേഷതയായി പറഞ്ഞിരിക്കുന്നത്. ഇത്രയും പ്രശസ്തിയും, പ്രചാരവും വന്നിട്ടുള്ള ഈ മേളയ്ക്ക്, ബാലിശമായ ആനിമേഷന്‍ പരീക്ഷണങ്ങളാണോ സിഗ്നേച്ചര്‍ ഫിലിമായി ഉപയോഗിക്കേണ്ടത്? അതിനു ശേഷം ബുള്ളറ്റിനിലൂടെയുള്ള മേനി പറച്ചിലാണ് ഫിലിമിനേക്കാള്‍ അസഹനീയം. വളരെ ലളിതമായി, നല്ല രീതിയില്‍ ചിത്രീകരിച്ച ഒരു സിഗ്നേച്ചര്‍ ഫിലിം തന്നെ എല്ലാ മേളയ്ക്കും ഉപയൊഗിക്കുന്നതാണ് ഭേദം.

ആദ്യമായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പരീക്ഷിക്കപ്പെട്ട മേളയാണ് ഈ വര്‍ഷത്തേത്. ഡെലിഗേറ്റുകള്‍ക്ക് തിരക്കുകൂട്ടാതെ തിയേറ്ററിനുള്ളില്‍ പ്രവേശിക്കുവാനും, ഒരു തിയേറ്ററില്‍ നിന്നും അടുത്തതിലേക്കെത്തുവാന്‍ സാവകാശം ലഭിക്കുന്നതിനും റിസര്‍വേഷന്‍ സഹായിക്കുന്നുണ്ട്. ഇപ്പോഴത്തെ സംവിധാനത്തിനുള്ള ന്യൂനതകള്‍ പരിഹരിക്കുവാന്‍ കഴിഞ്ഞാല്‍, റിസര്‍വ്വേഷന്‍ സംവിധാനം ചലച്ചിത്രാസ്വാദകര്‍ക്ക് ഏറെ സഹായകരമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇരുനോറോളം ചിത്രങ്ങള്‍ പ്രദര്‍ശിക്കപ്പെടുന്ന മേളയില്‍ ഒരു ഡെലിഗേറ്റിന് കാണുവാന്‍ സാധിക്കുന്നത് ഏറിയാല്‍ മുപ്പത്തിയഞ്ച് ചിത്രങ്ങള്‍ മാത്രമാണ്. ചിത്രങ്ങളുടെ എണ്ണം കുറച്ച്, ആവര്‍ത്തനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതും തിരക്കു കുറയ്ക്കുവാന്‍ സ്വീകരിക്കാവുന്ന ഒരു മാര്‍ഗമാണ്.

Media Partner: VeniceXPress

Description: International Film Festival of Kerala 2008, 13th IFFK; First five days of the festival, a report. A brief review on films screened in competition section and world cinema section. Competition Films: Refugee (Dir: Reis Celik), My Marlon and Brando (Dir: Huseyin Karabey), The Yellow House (Dir: Amor Hakkar), Farewell Gulsary (Dir: Ardak Amirkulov), Parque Vía (Dir: Enrique Rivero), Dreams of Dust (Dir: Laurent Salgues), Hafez (Dir: Abolfazl Jalili), The Photograph (Dir: Nan Achnas), Machan (Dir: Uberto Pasolini), Postcards from Leningrad (Dir: Mariana Rondon), Firaaq (Dir: Nandita Das), Gulabi Talkies (Dir: Girish Kasarvalli), Castles in the Air (Dir: K.P. Kumaran), The Imprints (Dir: M.G. Sasi). A report by Hareesh N. Nampootihri aka Haree | ഹരീ for Chithravishesham (Chitravishesham) blog.
--

Saturday, December 13, 2008

അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം'08 - ഉദ്ഘാടനം

13th International Film Festival of Kerala (IFFK 2008) Inaugural Ceremony; Inaugural Film: Laila's Birthday.
ഡിസംബര്‍ 12, 2008: കേരളത്തിന്റെ പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. നിശാഗന്ധിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സാംസ്കാരിക വകുപ്പു മന്ത്രി എം.എ. ബേബി അധ്യക്ഷനായിരുന്നു. കെ.ആര്‍. വിജയ, റഷ്യന്‍ ചലച്ചിത്രകാരന്‍ കരെന്‍ ഷഖ്നസറോവ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായെത്തി. കുരുത്തോലകെട്ടി അലങ്കരിച്ചിരുന്ന വിളക്കു തെളിയിച്ച് മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ചുതാനന്ദന്‍ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വനം വകുപ്പുമന്ത്രി ബിനോയ് വിശ്വം, മേയര്‍ സി. ജയന്‍ ബാബു, വി. ശിവന്‍കുട്ടി എം.എല്‍.എ, സാംസ്‌കാരിക സെക്രട്ടറി ഡോ. വി.വേണു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.മോഹനന്‍, വൈസ്‌ ചെയര്‍മാന്‍ വി.കെ.ജോസഫ്‌, സെക്രട്ടറി ഡോ. കെ.എസ്‌.ശ്രീകുമാര്‍, ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടര്‍ ബീനാപോള്‍, സംവിധായകന്‍ ഹരികുമാര്‍, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

IFFK 2008 Inauguration: Chief Minister V.S. Achuthanandan Inaugurating the event by lighting the lamp.
IFFK 2008 Inauguration: IFFK delegates paying homage to victims of Mumbai attack.
മുംബൈയില്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കും, ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യുമരിച്ച സേനാംഗങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ഉദ്ഘാടനത്തില്‍ സന്നിഹിതരായവരെല്ലാവരും മെഴുകുതിരി തെളിയിച്ച് പ്രണാമം അര്‍പ്പിച്ചപ്പോള്‍; കവി ഒ.എന്‍.വി. കുറുപ്പ് താന്‍ രചിച്ച ‘വീണപൂക്കളേ! ഭീകര വേട്ടയില്‍...’ എന്ന കാവ്യാഞ്ജലിയോടെ മേള മുംബൈയില്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്കായി സമര്‍പ്പിച്ചു.

IFFK 2008 Inauguration: Cultural Program.
ഉദ്ഘാടന ചടങ്ങിനു ശേഷം ‘അനുഷ്ഠാനകലകളിലെ സ്ത്രീ’ എന്ന പേരില്‍ കേരള ഫോക്‍ലോര്‍ അക്കാദമി അവതരിപ്പിച്ച സാംസ്കാരിക പരിപാടി അരങ്ങേറി. തോല്‍പ്പാവക്കൂത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ചലച്ചിത്രോത്സവത്തിന്റെ ലോഗോവായി സ്വീകരിച്ചിരിക്കുന്ന തോല്‍പ്പാവയുടെ രൂപം ലങ്കാലക്ഷ്മിയുടേതാണെന്ന് ആദ്യമായി ഇവിടെ കേട്ടു. ലങ്കാലക്ഷ്മിയും കേരളത്തിന്റെ ദൃശ്യശീലങ്ങളും തമ്മില്‍ എന്താണ് ബന്ധം എന്നു മനസിലായില്ല! തെയ്യവും, തിറയും, പടയണിക്കോലവും മറ്റും ഇടകലര്‍ത്തി വികൃതമാക്കിയ എന്തോ ഒന്നാണ് എല്ലാ വര്‍ഷവും ഉണ്ടാവാറുള്ളത്. ഇക്കൊല്ലവും സ്ഥിതി വ്യത്യസ്തമല്ല; എന്നുമാത്രമല്ല, ഉള്ളതു തന്നെ വൃത്തിയായി അവതരിക്കപ്പെട്ടുമില്ല. ഒപ്പന, മാര്‍ഗം കളി തുടങ്ങിയവയൊക്കെ സ്കൂള്‍ യുവജനോത്സവങ്ങളില്‍ സി-ഗ്രേഡ് നേടുന്നവയെപ്പോലും നാണിപ്പിക്കുന്ന രീതിയിലുള്ളവയായിരുന്നു. ഇത്തരം തല്ലിക്കൂട്ട് പരിപാടികള്‍ ചേര്‍ക്കുക വഴി സംഘാടകര്‍ ഈ കലകളേയും, കലാകാരന്മാരേയും, കാണുവാനെത്തിയ ഫെസ്റ്റിവല്‍ അംഗങ്ങളേയും ഒരുപോലെ അവഹേളിക്കുകയാണ്.

 ഉദ്ഘാടന ചലച്ചിത്രം‍

IFFK 2008 Inauguration: Inaugural Film - Laila's Birthday.
‘ലൈലയുടെ പിറന്നാള്‍’ (Laila's Birthday [Eid milad Laila]) എന്ന പാലസ്തീനിയന്‍ ചിത്രമാണ് മേളയുടെ ഉദ്ഘാടനച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടത്. റഷീദ് മാഷറാവി എഴുതി, സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം അബു ലൈല എന്ന ടാക്സി ഡ്രൈവറുടെ കഥയാണ്. മറ്റൊരു സ്ഥലത്ത് പത്തുവര്‍ഷത്തോളം ജഡ്ജായി ജോലി നോക്കിയിരുന്നയാളാണ് അബു ലൈല. പിന്നീട് ഗവണ്മെന്റിന്റെ നിര്‍ദ്ദേശപ്രകാരം സ്വദേശത്ത് സേവനമനുഷ്ഠിക്കുവാനായി മടങ്ങിയെത്തി. എന്നാല്‍ അസ്ഥിരമായ ഭരണവ്യവസ്ഥയില്‍ അയാള്‍ക്ക് ജഡ്ജായി പുനഃപ്രവേശിക്കുവാന്‍ സാധിച്ചില്ല. വരുമാനത്തിനായി അയാള്‍ക്ക് ടാക്സി ഡ്രൈവറാവേണ്ടി വരുന്നു. ഏകമകള്‍ ലൈലയുടെ പിറന്നാള്‍ ദിനമാണ് സിനിമയുടെ പ്രതിപാദ്യം. ഒരു കേക്കും, സമ്മാനവുമായി നേരത്തേയെത്തണമെന്ന ഉദ്ദേശത്തിലാണ് അബു ജോലിക്കു പുറപ്പെടുന്നത്. എന്നാല്‍ സാധാരണപോലെ അന്നും അയാളുടെ ദിവസം അത്ര ശുഭകരമായിരുന്നില്ല.

അബു ലൈല എന്ന ടാക്സി ഡ്രൈവര്‍ അഭിമുഖീകരിക്കുന്ന വിവിധ സന്ദര്‍ഭങ്ങളിലൂടെ പാലസ്തീനിലെ സാധാരണക്കാരുടെ ജീവിതം പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നു കാട്ടുകയാണ് സംവിധായകന്‍. നിയമത്തെ കര്‍ശനമായി പിന്തുടരണം എന്ന നിര്‍ബന്ധബുദ്ധിയുള്ള ഒരാളായാണ് അബുവിനെ സൃഷ്ടിച്ചിരിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന ചില തമാശകളും ചിത്രത്തിനു ജീവന്‍ നല്‍കുന്നു. കാറില്‍ യാത്ര ചെയ്യുവാനെത്തുന്ന ഒരാള്‍ക്ക് മിനിസ്ട്രി ഓഫ് ജസ്റ്റിസ് എന്നൊരു സംവിധാനം രാജ്യത്ത് ഉണ്ടെന്നറിയുന്നത് തന്നെ ഒരു അത്ഭുതമായിരുന്നു. തോക്കുമായി തന്റെ കാറില്‍ യാത്രക്കാരെ പ്രവേശിപ്പിക്കില്ലെന്ന് പറയുന്ന അബുവിനോട് യാത്രക്കാരന്റെ ചോദ്യം; “ജനങ്ങളില്‍ പകുതിപ്പേര്‍ തോക്കുമായി സഞ്ചരിക്കുന്നു, മറ്റു പകുതിക്കാവട്ടെ ടാക്സി പിടിക്കുവാനുള്ള പണവുമില്ല, താങ്കളെങ്ങിനെ ടാക്സിയോടിച്ച് ജീവിക്കുന്നു?” എന്നാണ്. രാഷ്ട്രീയ അന്തരീക്ഷം ഒഴിച്ചു നിര്‍ത്തിയാല്‍, ചിത്രത്തിലെ പലതും ഇവിടെയും സ്ഥിരം നടക്കുന്നതു തന്നെയല്ലേ എന്നു തോന്നും. ഒരുപക്ഷെ, പ്രേക്ഷകരോട് വളരെ നന്നായി ചിത്രത്തിന് സംവേദിക്കുവാന്‍ കഴിഞ്ഞതിന്റെ കാര്യവും ഇതു തന്നെയാവും.

Media Partner: VeniceXPress

Description: International Film Festival of Kerala 2008, 13th IFFK; Opening (Inaugural) Ceremony at Nisagandhi Auditorium, Thiruvananthapuram (Trivandrum), Keralam (Kerala). Chief Minister V.S. Achuthanandan inaugurated the festival by lighting the ceremonial lamp. Opening Film: Palastinian Film Laila's Birthday (Eid milad Laila), Dir: Rashid Masharawi. A report by Hareesh N. Nampootihri aka Haree | ഹരീ for Chithravishesham (Chitravishesham) blog.
--

Thursday, December 11, 2008

അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം 2008

International Film Festival of Kerala 2008. (13th IFFK, Thiruvananthapuram, Keralam)
കേരളത്തിന്റെ പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഡിസംബര്‍ 12, 2008; വെള്ളിയാഴ്ച തിരിതെളിയും. മത്സരവിഭാഗത്തില്‍ പതിനാല്, ലോകസിനിമ വിഭാഗത്തില്‍ അന്‍പത്തിയഞ്ച്, സമകാലീന ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ അഞ്ച്, സമകാലീന മലയാളം സിനിമ വിഭാഗത്തില്‍ ഏഴ് എന്നിവയുള്‍പ്പടെ നൂറ്റി എഴുപത്തിയഞ്ചിനു മേല്‍ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പൂര്‍ണ്ണവിവരം ഇവിടെ ലഭ്യമാണ്.

 IFFK ജൂറി

ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയില്‍ നിന്നുള്ള സംവിധായകന്‍ ഇഡ്രിസ ഒയ്ഡ്രാഗോ(Idrissa Ouedraogo) യാണ് ജൂറി ചെയര്‍മാന്‍. ജൂറി വിഭാഗത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളായ Yaaba [Grandmother] (1989), Tilaï [The Law] (1990), Samba Traoré (1993), Kini and Adams (1997) എന്നിവ പ്രദര്‍ശിപ്പിക്കും.

ബ്രസീലിയന്‍ സംവിധായിക ലൂസിയ മുറാറ്റ് (Lucia Murat‌), ഇറാനില്‍ നിന്നുള്ള സമീറ മക്മല്‍ബഫ് (Samira Makhmalbaf), മറാത്തി സംവിധായകന്‍ ജബ്ബാര്‍ പട്ടേല് (Jabbar Patel)‍, റഷ്യന്‍ സംവിധായിക സിറ്റോറ അലീവ (Sitora Alieva) തുടങ്ങിയവരാണ് ജൂറിയിലെ മറ്റംഗങ്ങള്‍. സമീറ മക്മല്‍ബഫ് സംവിധാനം ചെയ്ത Blackboards (2000), At Five in the Afternoon (2003), Two Legged Horse [Asbe du-pa] (2008) എന്നിവയും ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനായുണ്ട്.

 മത്സരവിഭാഗം ചിത്രങ്ങള്‍

  1. Refugee [Mülteci] (106 min / Turkish-German-Kurdish / 2007)
    Dir: Reis Celik
  2. My Marlon and Brando [Gitmek: Benim Marlon ve Brandom] (92 min / Turkey / 2008)
    Dir: Huseyin Karabey
  3. The Yellow House [La Maison Jaune] (84 min / Algeria, France / 2008)
    Dir: Amor Hakkar
  4. Farewell Gulsary [Proshai Gulsary] (102 min / Kazhakstan / 2008)
    Dir: Ardak Amirkulov
  5. Parque Vía (86 min / Mexico / 2008)
    Dir: Enrique Rivero
  6. Dreams of Dust [Reves De Poussieres] (86 min / Burkino Faso, France / 2007)
    Dir: Laurent Salgues
  7. Hafez (98 min / Iran, Japan / 2007)
    Dir: Abolfazl Jalili
  8. The Photograph (94 min / Indonesia / 2007)
    Dir: Nan Achnas
  9. Machan (109 min / Sri Lanka, Germany / 2008)
    Dir: Uberto Pasolini
  10. Postcards from Leningrad [Postales de Leningrado] (90min / Venezuela / 2008)
    Dir: Mariana Rondon
  11. Firaaq (101 min / Hindi / 2008) (Home-page)
    Dir: Nandita Das
  12. Gulabi Talkies (125 min / Kannada / 2007)
    Dir: Girish Kasarvalli
  13. Castles in the Air [ആകാശഗോപുരം] (106 min / Malayalam / 2007)
    Dir: K.P. Kumaran
  14. The Imprints [അടയാളങ്ങള്‍] (99 min / Malayalam / 2007)
    Dir: M.G. Sasi

 ഔദ്യോഗിക വെബ് സൈറ്റുകള്‍

IFFK
IFFK Wiki

Media Partner: VeniceXPress

Description: 13th International Film Festival of Kerala, Thiruvananthapuram (Trivandrum), Keralam (Kerala); 12th - 19th December 2008, 13th IFFK, IFFK 2008. Jury Chairman: Idrissa Ouedraogo; Jury Members: Lucia Murat, Samira Makhmalbaf, Jabbar Patel, Sitora Alieva; Jury Films, Competition Films. General details and information. Official Web-site. Article by Hareesh N. Nampoohtiri aka Haree | ഹരീ for Chithravishesham (Chitravishesham).
--

Saturday, December 22, 2007

മേളയിലെ സിനിമകള്‍ (ഭാഗം മൂന്ന്)

Films Screened in IFFK'07 - Part C
പന്ത്രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗം, ലോകസിനിമ വിഭാഗം എന്നിവയില്‍ പ്രദര്‍ശിക്കപ്പെട്ട സിനിമകളുടെ വിശേഷങ്ങള്‍ ഇവിടെ പങ്കുവെച്ചു കഴിഞ്ഞു (ഒന്നാം ഭാഗം, രണ്ടാം ഭാഗം). മറ്റു വിഭാഗങ്ങളിലെ സിനിമകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. വളരെ കുറച്ചു സിനിമകള്‍ മാത്രമാണ് മറ്റുവിഭാഗങ്ങളില്‍ കാണുവാന്‍ സാധിച്ചത്, അതിന്റെ കുറവ് ഈ വിഭാഗങ്ങളെക്കുറിച്ചെഴുതിയിരിക്കുന്നതിലുണ്ടാവും. കൂടുതല്‍ ചിത്രങ്ങള്‍ കണ്ടവര്‍, ഇവിടെ അവയെക്കുറിച്ച് പറയുമെന്നു കരുതുന്നു.

Rathrimazha - Film by Lenin Rajendranസമകാലീന മലയാളം സിനിമകളുടെ വിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട ചിത്രങ്ങളില്‍ മിക്കവയും മേളയിലല്ലാതെ കണ്ടവയായിരുന്നു. ‘എ.കെ.ജി’, ‘തനിയെ’, ‘നോട്ട്‌ബുക്ക്’, ‘കയ്യൊപ്പ്’, ‘ഒരേ കടല്’‍, ‘തകരച്ചെണ്ട’ എന്നിവയെക്കുറിച്ച് ഇതിനുമുന്‍പ് ചിത്രവിശേഷത്തില്‍ എഴുതിയിട്ടുള്ളത് നോക്കുമല്ലോ. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘രാത്രിമഴ’ മേളയില്‍ പ്രദര്‍ശിക്കപ്പെട്ടുവെങ്കിലും കാണുവാന്‍ കഴിഞ്ഞില്ല. രണ്ടായിരത്തിയാറിലെ മികച്ച സംവിധായകനുള്‍പ്പടെ അഞ്ചവാര്‍ഡുകള്‍ നേടിയ ‘രാത്രിമഴ’, രണ്ടായിരത്തിയേഴ് അവസാനമായിട്ടും എന്തുകൊണ്ടാണ് ഇതുവരെ തിയേറ്ററുകളില്‍ റിലീസ് ചെയ്യാത്തതെന്നറിയില്ല. മുരളി നായര്‍ സംവിധാനം ചെയ്ത ‘ഉണ്ണി’ എന്ന ചലച്ചിത്രത്തെക്കുറിച്ച് ആരും ഒന്നും പറഞ്ഞു കേള്‍ക്കുക പോലുമുണ്ടായില്ല.

Manorama Six Feet Underസമകാലീന ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട ചിത്രങ്ങളില്‍ ‘മനോരമ, സിക്സ് ഫീറ്റ് അണ്ടര്‍’ എന്ന ചിത്രം മാത്രമാണ് കാണുവാന്‍ സാധിച്ചത്. മേളയില്‍ പ്രദര്‍ശിക്കപ്പെട്ട സിനിമകളില്‍; ഇന്ത്യന്‍ സിനിമകള്‍ കണ്ടു തുടങ്ങുമ്പോള്‍, അഭിനയത്തെയും വിലയിരുത്തേണ്ടി വരുന്നു. എന്തുകൊണ്ടാണിതെന്നറിയില്ല, പലപ്പോഴും ഇന്ത്യന്‍ സിനിമകളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ അപക്വമായ അഭിനയം കാഴ്ചവെയ്ക്കാറുണ്ട്. വിദേശസിനിമകളില്‍ അഭിനയം മോശമാവുക എന്നൊരു കാര്യം സാധാരണയായി കാണാറുമില്ല. ‘മനോരമ, സിക്സ് ഫീറ്റ് അണ്ടറി’ന്റെ കാര്യം പറയുകയാണെങ്കില്‍, സത്യവീര്‍ എന്ന അപസര്‍പ്പക കഥാകൃത്തിനെ അവതരിപ്പിച്ച അഭയ് ഡിയോളിന്റെ അഭിനയം അത്ര മികച്ചതായി തോന്നിയില്ല. വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രത്തിലേത് എന്നതുമാത്രമാണ് ആകെയുള്ള ഒരാശ്വാസം. തിരക്കഥയും സംവിധാനവും ചിത്രീകരണവും നന്നെന്നു പറയുവാനില്ല. ഇത്രയധികം വലിച്ചുനീട്ടി കൈകാര്യം ചെയ്യേണ്ട ഒരു പ്രമേയമായിരുന്നില്ല ഇതിന്റേത്. വളരെ വേഗത്തില്‍, മിതമായി പറഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ ആകര്‍ഷകമാക്കാമായിരുന്നു ഈ ചിത്രം.

Distinguishing Features - Short Filmമേളയിലെ ഷോര്‍ട്ട് ഫിലിം വിഭാഗം, കണ്ടതത്രയും വെച്ച്, നല്ല നിലവാരം പുലര്‍ത്തി. ഷോര്‍ട്ട് ഫിലിം കാണുവാനായി കയറാറില്ല, അതിനൊപ്പം പ്രദര്‍ശിപ്പിക്കുന്ന സിനിമ നന്നെന്നു തോന്നുന്നെങ്കില്‍, ഷോര്‍ട്ട് ഫിലിം കൂടി കാണുവാന്‍ കഴിയുന്നു എന്നുമാത്രം. എന്നാല്‍ നാല് ഷോര്‍ട്ട് ഫിലിം കണ്ടു കഴിഞ്ഞപ്പോള്‍ തോന്നി, എല്ലാ ചിത്രങ്ങള്‍ക്കുമൊപ്പം ഷോര്‍ട്ട് ഫിലിമുകള്‍ കൂടി പ്രദര്‍ശിപ്പിക്കണമെന്ന്, ആവര്‍ത്തനവുമാവാം. ഗ്രീസില്‍ നിന്നുള്ള ‘ഷോടൈം’ വ്യത്യസ്തമായ അവതരണശൈലികൊണ്ടും, പ്രതിപാദ്യം കൊണ്ടും ശ്രദ്ധ നേടിയ ഒന്നാണ്. ടെലിവിഷന്‍ എന്ന മാധ്യമത്തിന്റെ സ്വാധീനത്താല്‍ വ്യക്തികളെങ്ങിനെ ജീവിതം മറക്കുന്നു എന്നാണ് ഈ ഹൃസ്വചിത്രം കാട്ടിത്തരുന്നത്. മെക്സിക്കന്‍ ചിത്രമായ ‘ഡിസ്റ്റിംഗ്വിഷിംഗ് ഫീച്ചേഴ്സാ’ണ് ശ്രദ്ധേയമായ മറ്റൊന്ന്. കാണാതാവുന്ന മകനെത്തേടിയിറങ്ങുന്ന ഒരമ്മയുടെ കഥയാണിത്. മോര്‍ച്ചറിയില്‍ ശവശരീരങ്ങള്‍ക്കിടയില്‍ പരതുമ്പോള്‍, മകന്റെ പാദങ്ങള്‍ കണ്ടാണ് അതു തന്റെ മകനല്ല എന്നു തിരിച്ചറിയുന്നത്. പക്ഷെ അമ്മയ്ക്ക് തെറ്റുപറ്റുന്നു. അവര്‍ തിരച്ചില്‍ തുടരുന്നു, മോര്‍ച്ചറിയിലാക്കപ്പെട്ട മകനുവേണ്ടി!

ഇന്ത്യയില്‍ നിന്നുള്ള ‘എ മിസ്സിംഗ് ഷോട്ട് ഫ്രം ലൈഫ്’, ‘ദി ലോസ്റ്റ് റയിന്‍ബോ’ എന്നിവയും ശ്രദ്ധനേടി. അന്ധനായ ഒരാള്‍ തന്റെ സുഹൃത്തിനെ കാണുവാനായി മുറിയിലെത്തുന്നു. ഏറെ നേരം കാത്തിരുന്നിട്ടും സുഹൃത്ത് തിരികെയെത്തുന്നില്ല. അന്ധന്‍ തിരിച്ചുപോവുന്നു. സത്യത്തില്‍ സുഹൃത്ത് അതേ മുറിയില്‍ തൂങ്ങിമരിച്ചിരിക്കുകയാണ്. അന്ധത്വമില്ലെങ്കിലും, നമ്മുടെ ചുറ്റുമുള്ളവരെ കാണുവാന്‍ മറക്കുന്ന നമ്മളെത്തന്നെയാണ് ആ അന്ധനില്‍ കാണുവാന്‍ സാധിക്കുന്നത്. കുട്ടിക്കാലത്ത് വഴക്കുകൂടിയിരുന്ന ചേട്ടനും അനുജനും അവരുടെ ഭാര്യമാരുമായി ജനിച്ചുവളര്‍ന്ന ഗ്രാമത്തിലേക്ക് തിരികെയെത്തുന്ന കഥയാണ് ‘ദി ലാസ്റ്റ് റയിന്‍ബോ’. കുട്ടിക്കാലം അനിയന്റെ ഓര്‍മ്മകളിലൂടെ തെളിയുന്നു, ഒടുവില്‍ ചേട്ടനില്‍ നിന്നും എടുത്തുമാറ്റിയൊളിപ്പിച്ച കണ്ണാടിച്ചെപ്പ്, ചേട്ടന്റെ മകനു നല്‍കി അനുജന്‍ കടം വീട്ടുന്നു.

The End of Old Times - A Film by Jiri Menzelജിറി മെന്‍സല്‍, പെദ്രോ അല്‍മദോവര്‍, ഇം ക്വോണ്‍-തയേക് എന്നിവരുടെ റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെട്ട മൂന്നു ചിത്രങ്ങള്‍ കാണുവാന്‍ സാധിച്ചു. ജിറി മെന്‍സലിന്റെ ‘ദി എന്‍ഡ് ഓഫ് ഓള്‍ഡ് ടൈംസ്’ എന്ന ചിത്രം നര്‍മ്മത്തിന് മുന്‍‌തൂക്കം നല്‍കി അവതരിപ്പിച്ചിരിക്കുന്ന ഒരു കഥയാണ്. കാര്യമായൊന്നും ചിത്രത്തിലില്ലെങ്കിലും, രസകരമായി അവതരിപ്പിച്ചിരിക്കുന്നതിനാല്‍ ആകര്‍ഷകമായിത്തോന്നി. ജിറി മെന്‍സലിന്റെ തന്നെ ‘ഐ സേര്‍വ്ഡ് ദി കിംഗ് ഓഫ് ഇംഗ്ലണ്ട്’ എന്ന ചിത്രം കാണുവാന്‍ സാധിച്ചില്ലെങ്കിലും, നല്ല അഭിപ്രായമാണ് പറഞ്ഞുകേട്ടത്. ‘വോള്‍വര്‍’ എന്ന ചിത്രത്തിലൂടെ, കഴിഞ്ഞ മേളയില്‍‍ ശ്രദ്ധേയനായ സംവിധായകനാണ് പെദ്രോ അല്‍മദോവര്‍. ‘വോള്‍വര്‍’ ഈ മേളയിലും പ്രദര്‍ശനത്തിനുണ്ടായിരുന്നു. പെദ്രോയുടെ ‘ടാക്ക് ടു ഹെര്‍’ എന്ന ചിത്രമാണ് ഈ മേളയില്‍ കണ്ടത്. എന്നാല്‍ ചിത്രം നിരാശപ്പെടുത്തി. പ്രമേയം കുഴപ്പമില്ലെന്നു തോന്നിയെങ്കിലും, ‘വോള്‍വര്‍’ എടുത്ത സംവിധായകന്റേതാണ് ഈ ചിത്രമെന്ന് പറയുക പ്രയാസം.

Festival - A Film by Im Kwon-taekഇം ക്വാണ-തയേക്കിന്റെ ‘ഫെസ്റ്റിവല്‍’ എന്ന ചിത്രം, ഒരു കഥാകൃത്തിന്റെ കഥയാണ്. കഥാകൃത്തിന്റെ അമ്മ മരണശയ്യയിലാണ്. അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അടങ്ങുന്ന ഒരു ബാലസാഹിത്യകൃതിയുടെ രചനയിലാണയാള്‍. തന്റെ യൌവനം ചെറുമകള്‍ക്കു ദാനം നല്‍കി, ശൈശവത്തിലേക്ക് തിരിച്ചുപോയി ഒടുവില്‍ മരണപ്പെടുന്ന അമ്മയെക്കുറിച്ചാണ് കഥ. കൊറിയന്‍ രീ‍തിയില്‍ മരിച്ചവര്‍ക്ക് നല്‍കുന്ന ശിശ്രൂഷയും മരണാനന്തര ചടങ്ങുകളുമെല്ലാം വിസ്തരിച്ചു കാണിച്ച് വല്ലാതെ മുഷിപ്പിച്ചു ഈ ചിത്രം. മിതമായി പറഞ്ഞിരുന്നെങ്കില്‍ നന്നാക്കാമായിരുന്ന ഒന്നായിത്തോന്നി ഈ ചിത്രവും.

ജൂറി ചിത്രങ്ങള്‍, ലാറ്റിനമേരിക്കന്‍ സ്ത്രീസിനിമകള്‍, ഫ്രഞ്ച് ചിത്രങ്ങള്‍, ആന്തോളജി വിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട സിനിമകള്‍, കരീബിയന്‍ സിനിമകള്‍, ഹോമേജ്: ബര്‍ഗ്മാന്‍, ഹോമേജ്: ആന്റോണ്യോണി, ഹോമേജ്: ഇസ്റ്റ്വാന്‍ ഗ്വാല്‍, ഹോമേജ്: എഡ്വേര്‍ഡ് യാംഗ്, ഹോമേജ്: കെ.കെ. മഹാജന്‍, ഡോക്യുമെന്ററികള്‍ എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിക്കപ്പെട്ട ചിത്രങ്ങളൊന്നും തന്നെ കാണുവാന്‍ സാധിച്ചില്ല. ബര്‍ഗ്മാന്റെ ‘സെവന്‍‌ത് സീല്‍’ കാണുവാന്‍ രണ്ടുപ്രാവശ്യം തിയ്യേറ്ററിലെത്തിയെങ്കിലും, രണ്ടു തവണയും ഷെഡ്യൂള്‍ വ്യത്യാസപ്പെടുത്തി ഫെസ്റ്റിവല്‍ അധികൃതര്‍ പറ്റിച്ചു. മിഗ്വില്‍ ലിറ്റിന്റെ ‘ലാസ്റ്റ് മൂണ്‍’ സമയക്കുറവുമൂലം കാണുവാന്‍ സാധിച്ചതുമില്ല. പി. ഭാസ്കരന്റെ റിട്രോസ്പെക്ടീവ്‍, സി.വി. ശ്രീരാമന്റെ ഹോമേജ് എന്നീ വിഭാഗങ്ങളിലുള്ള ചിത്രങ്ങള്‍ മേളയില്‍ കണ്ടില്ലെങ്കിലും അല്ലാതെ കണ്ടിട്ടുള്ളവയാണ്. നീലക്കുയിലും, ഇരുട്ടിന്റെ ആ‍ത്മാവും, പൊന്തന്‍‌മാടയും, വാസ്‌തുഹാരയും മറ്റുമാണ് ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്നത്.

നൂറ്റിയെഴുപത്തഞ്ചോളം ചിത്രങ്ങളാണ് മേളയില്‍ ആകെ പ്രദര്‍ശിക്കപ്പെട്ടത്. ഒരു പ്രേക്ഷകന് ഇത്രയും ദിവസത്തില്‍ കണ്ടു തീര്‍ക്കാവുന്ന ചിത്രങ്ങളാവട്ടെ മുപ്പത്-മുപ്പത്തിയഞ്ചെണ്ണം മാത്രവും! അടുത്ത മേളമുതല്‍, വിഭാഗങ്ങളും ചിത്രങ്ങളും കുറച്ച്, ഓരോ ചിത്രവും കൂടുതല്‍ പ്രാവശ്യം കാണിക്കുന്നതാവും അഭികാമ്യം. അങ്ങിനെയല്ലെങ്കില്‍ ഒരു പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണമായ പ്രയോജനം മേളകൊണ്ട് ഉണ്ടാവുമെന്നു തോന്നുന്നില്ല. ഓപ്പണ്‍ ഫോറത്തിലും മറ്റും പങ്കെടുക്കുവാനോ, എന്തിന് ഫെസ്റ്റിവല്‍ ബുക്ക് മുഴുവനായി ഒന്നോടിച്ചു നോക്കുവാനോ പോലുമുള്ള സമയം മേളയ്ക്കിടയില്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നില്ല. ഓരോരുത്തരും പറഞ്ഞുകേള്‍ക്കുന്ന ചിത്രങ്ങള്‍ക്ക് ഓടിക്കയറുക എന്ന രീതിയാണ് പൊതുവില്‍ എല്ലാവരും തുടരുന്നത്. കൂടുതല്‍ പ്രാവശ്യം ഓരോ ചിത്രവും കാണിക്കുന്നതുവഴി, വ്യത്യസ്തരീതികളിലുള്ള വിവിധ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കാ‍ണുവാന്‍ സാധിക്കുന്നു. ചിത്രങ്ങളുടെ എണ്ണത്തിലോ, വിഭാഗങ്ങളുടെ പെരുപ്പത്തിലോ അല്ല കാര്യം എന്നു മനസിലാക്കി, ഫെസ്റ്റിവല്‍ അധികൃതര്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഗുണകരമായ രീതിയില്‍ മേള സംഘടിപ്പിക്കുമെന്നു കരുതാം.


Keywords: Films Screened, 12th International Film Festival of Kerala 2007, IFFK, IFFK'07, Thiruvananthapuram, December, Keralam, Rathrimazha, Manorama Six Feet Under, Distinguishing Features, Showtime, A Missing Shot from Life, The Last Rainbow, Jiri Menzel, Pedro Almadovar, Im Kwon-taek, Festival, Volver, Talk to Her, The End of Old Times, I Served the King of England, P. Bhaskaran, Homage, Retrospective, Short Films, Documentaries.
--

Wednesday, December 19, 2007

മേളയിലെ സിനിമകള്‍ (ഭാഗം രണ്ട്)

Films Screened in IFFK'07 - Part B
മേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളെക്കുറിച്ച് കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞുവല്ലോ. മേളയിലെ ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ മേളകളില്‍ പ്രദര്‍ശിക്കപ്പെട്ട; ‘ഓള്‍ഗ’പോലെയോ, ‘ഗുഡ്ബൈ ലെനിന്‍’പോലെയോ, ‘സ്പ്രിംഗ്, സമ്മര്‍, ആട്ടം‍, വിന്റര്‍ ആന്‍ഡ് സ്പ്രിംഗ്‍’, ‘ദി വയലിന്‍’പോലെയോ മനസില്‍ തങ്ങി നില്‍ക്കുന്ന ചിത്രങ്ങളൊന്നും തന്നെ ഈ മേളയില്‍ പ്രദര്‍ശിക്കപ്പെട്ടില്ലെങ്കിലും; വേറിട്ടു നില്‍ക്കുന്ന ഒരുപിടി ചിത്രങ്ങള്‍ ഈ മേളയുടേയും ജീവനായി ഉണ്ടായിരുന്നു.

ലോകസിനിമ
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയ റൊമേനിയന്‍ ചലച്ചിത്രമായ ‘4 മന്ത്സ്, 3 വീക്ക്സ് ആന്‍ഡ് 2 ഡേയ്സ്’ ആയിരുന്നു ഈ വിഭാഗത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രം. ക്രിസ്റ്റ്യന്‍ മുംഗ്യുവാണ് ഇതിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. 1987 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് റൊമേനിയയിലാണ് കഥ നടക്കുന്നത്. ഉറ്റസുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍, അവരൊരുമിച്ചാണ് പഠിക്കുന്നതും ഹോസ്റ്റലില്‍ കഴിയുന്നതും. അവരിലൊരാള്‍ പ്രതീക്ഷിക്കാതെ ഗര്‍ഭിണിയാവുന്നു. നിയമാനുസൃതമായി ഗര്‍ഭഛിദ്രം നടത്താവുന്ന അവസ്ഥ പിന്നിടുകയും ചെയ്തു കഴിഞ്ഞു. കൂട്ടുകാരിയെ സഹായിക്കുവാന്‍ ശ്രമിക്കുകയാണ് ഒട്ടീലിയ എന്നു പേരുള്ള രണ്ടാമത്തെയാള്‍. ഗര്‍ഭഛിദ്രം നടത്തുവാനെത്തുന്നയാള്‍ പ്രതിഫലമായി ആവശ്യപ്പെടുന്നത് അവരുടെ ശരീരമാണ്.

4 Months, 3 Weeks and 2 Daysപ്രേക്ഷകരെ മാനസികമായി വല്ലാതെ അലോസരപ്പെടുത്തുന്ന ഒന്നിലേറെ സന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ട്. കൂട്ടുകാരി ഗര്‍ഭഛിദ്രത്തിനു വിധേയയായി ഹോട്ടലില്‍ കിടക്കുമ്പോള്‍, ഒട്ടീലിയ കാമുകന്റെ വീട്ടില്‍, കാമുകന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് നടുവിലാണ്. അവിടെ ഒട്ടീലിയ അനുഭവിക്കുന്ന മാനസികസംഘര്‍ഷം ഒട്ടും കുറയാതെ പ്രേക്ഷകനിലെത്തിക്കുന്നതില്‍ സംവിധായകനും, ഒട്ടീലിയയായി അഭിനയിച്ച അഭിനേത്രിയും വിജയിച്ചിരിക്കുന്നു. ‘നോട്ട്‌ബുക്ക്’എന്ന മലയാളം സിനിമയും പിന്തുടരുന്നത് ഏകദേശം ഇതേ കഥാതന്തുവാണെങ്കിലും, യുക്തിസഹമായി തിരക്കഥയൊരുക്കുന്നതില്‍ ‘നോട്ട്‌ബുക്കി’ന്റെ അണിയറപ്രവര്‍ത്തകള്‍ പരാജയപ്പെട്ടു. അതിലൂടെ കടന്നുപോവുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം പ്രേക്ഷകര്‍ക്ക് പൂര്‍ണ്ണമായി അനുഭവവേദ്യമായതുമില്ല. അപ്രതീക്ഷിതമാ‍യ ക്ലൈമാക്സോ, ആഴത്തിലുള്ള കഥയോ ഇല്ലാതിരുന്നിട്ടു കൂടി ‘4 മന്ത്സ്, 3 വീക്ക്സ് ആന്‍ഡ് 2 ഡേയ്സ്’ വിജയിക്കുന്നത്, വിഷയം അവതരിപ്പിച്ചിരിക്കുന്നതിലെ ആത്മാര്‍ത്ഥതയിലൂടെയാണ്. ഒട്ടീലിയയുടെ ഒരു ദിവസമാണ് ചിത്രത്തില്‍ നാം കാണുന്നതെങ്കിലും, അവളുടെ ജീവിതം മുഴുവനും കണ്ട ഒരു പ്രതീതിയാണ് സിനിമകഴിഞ്ഞിറങ്ങുന്ന പ്രേക്ഷകന് ലഭിക്കുക, അതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും.

മേളയിലധികമൊന്നും ശ്രദ്ധനേടിയില്ലെങ്കിലും, വളരെ നല്ല ചിത്രമായി തോന്നിയ ഒന്നായിരുന്നു പോളണ്ടില്‍ നിന്നുള്ള ‘ബിക്കോസ് ഓഫ് ലവ്’. റയില്‍‌വേ സ്റ്റേഷനില്‍ ഗിറ്റാര്‍ വായിച്ചു തുടങ്ങി, അറിയപ്പെടുന്ന ഒരു സംഗീതജ്ഞനായി മാറിയ ഒരാള്‍, താന്റെ ആദ്യകാലാവസ്ഥയ്ക്കു സമാനമായി റയില്‍‌വേ സ്റ്റേഷനില്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. അവര്‍ തമ്മില്‍ പ്രണയമുണ്ട്, പക്ഷെ അവര്‍ പ്രണയിക്കുന്നത് വ്യത്യസ്തമായൊരു രീതിയിലാണ്. ആത്മീയതയിലേക്ക് ഒളിച്ചോടുവാന്‍ അയാള്‍ ശ്രമിക്കുമ്പോള്‍, പെണ്‍കുട്ടി യേശുവെന്നാല്‍ അയാളായിക്കണ്ട്, യേശുവിന്റെ മണവാട്ടിയാകുവാന്‍ യത്നിക്കുകയാണ്. ഒടുവില്‍ ഒരുവര്‍ഷത്തിനു ശേഷം തന്റെയടുത്തെത്താമെന്നു പറയുന്ന അവളെയും കാത്ത് അയാളിരിക്കുന്നു. സിനിമയുടെ ചിത്രീകരണവും, പിന്നണിയില്‍ വിദഗ്ദ്ധമായി ഇടചേര്‍ത്തിരിക്കുന്ന മന്ത്രധ്വനികളും പ്രേക്ഷകനെ ആത്മീയതയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുന്നു. ആത്മീയമായ പ്രണയത്തിലേക്ക്, നായികയുടെ ലൌകികപ്രണയം കടന്നു കയറുകയാണ്. ഇവതമ്മിലുള്ള അന്തരം ഒരേ സമയം നേര്‍ത്തതും, വളരെ അകലമുള്ളതുമാണെന്ന് പ്രേക്ഷകനെ മനസിലാക്കുന്നതില്‍ ചിത്രം വിജയിച്ചിരിക്കുന്നു.

Pans Labyrinthവിപ്ലവവും ഫാന്റസിയും, ഇവ തമ്മില്‍ എന്തു ബന്ധം എന്നു ചോദിച്ചാല്‍, മേളയില്‍ പങ്കെടുത്ത ഒരു പ്രേക്ഷകനോടാണ് ചോദ്യമെങ്കിലയാള്‍ പറയും ‘പാന്‍സ് ലാബിറിന്ത്’ എന്ന്. വിപ്ലവഭൂമിയും സ്വപ്നലോകവും ഇടകലരുന്ന ഈ മെക്സിക്കന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗള്ളിര്‍മോ ഡെല്‍ ടോറോ. ഒരു പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. പെണ്‍കുട്ടി അമ്മയോടൊപ്പം പട്ടാളക്കാരനായ രണ്ടാനച്ഛന്റെ സമീപമെത്തുന്നു. അവിടെ അവള്‍ക്കു മുന്നില്‍ ഒരു സ്വപ്നലോകം അനാവൃതമാവുന്നു. അതേ സമയം യഥാര്‍ത്ഥലോകത്ത് വിപ്ലവകാരികള്‍ പട്ടാളക്കാരോട് അവസാന ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്. വിപ്ലവവും ഫാന്റസിയും വളരെ തന്മയത്വത്തോടെ സമന്വയിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍. വളരെ നല്ല രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന തിരക്കഥയും, മനോഹരമായ ചിത്രീകരണവുമാണ് ചിത്രത്തിന്റെ ജീവന്‍. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ അമിതമാവാതെയുള്ള ഉപയോഗവും ശ്രദ്ധേയമായി. എന്നാല്‍ ഈ പറഞ്ഞിരിക്കുന്നതിലപ്പുറമായി എന്തെങ്കിലും ഈ ചിത്രത്തിലുണ്ടോ എന്നു നോക്കിയാല്‍ നിരാശപ്പെടേണ്ടി വരും. വിപ്ലവം അല്പം നിസാരവല്‍കരിക്കപ്പെട്ടതുപോലെ അനുഭവപ്പെട്ടു. വിനോദമെന്ന നിലയ്ക്ക് സിനിമയെ കാണുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുവാന്‍ കഴിയുന്ന ഒന്നായി മാത്രമേ ‘പാന്‍സ് ലാബിറിന്തി’നെ കാണുവാന്‍ കഴിയൂ.

Time - Kim Ki Dukസമ്മര്‍, വിന്റര്‍, ആട്ടം, സ്പ്രിംഗ്... ആന്‍ഡ് സമ്മര്‍’, ‘ദി ബോ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മേളയിലെ സ്ഥിരം പ്രേക്ഷകര്‍ക്ക് പരിചിതനായ സംവിധായകനാണ് കിം കി ഡുക്. ‘ടൈം’ എന്ന ചിത്രമായിരുന്നു ഇത്തവണ അദ്ദേഹത്തിന്റേതായി മേളയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കാമുകന് തന്റെ മുഖം മടുത്തുവെന്നു കരുതുന്ന കാമുകി പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുഖം മാറ്റി കാമുകനുമുന്നില്‍ മറ്റൊരാളായി പ്രത്യക്ഷപ്പെടുന്നു. കാര്യം ഗ്രഹിക്കുന്ന കാമുകന് ഇതിനോട് മാനസികമായി പൊരുത്തപ്പെടുവാന്‍ സാധിക്കുന്നില്ല. തുടര്‍ന്ന് അയാളും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാവുന്നു. കാമുകിയ്ക്ക് പുതിയ മുഖത്തിലുള്ള തന്റെ കാമുകനെ കണ്ടെത്തുവാന്‍ കഴിയുന്നില്ല. ഒടുവില്‍, ആരാലും അറിയപ്പെടാതിരിക്കുവാനായി, അവള്‍ വീണ്ടും മുഖം മാറുന്നു. കാമുകിയ്ക്ക് സ്വന്തം വ്യക്തിത്വത്തെയോ, ബാഹ്യരൂപത്തിനപ്പുറം അവര്‍ക്കിടയിലുള്ള സ്നേഹത്തെയോ തിരിച്ചറിയുവാന്‍ സാധിക്കുന്നില്ല; ഒടുവില്‍ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിപ്പോവുകയും ചെയ്യുന്നു.

കിം കി ഡുക് ചിത്രങ്ങളുടെ ഒരു പ്രധാന ആകര്‍ഷണീയതയാണ്, ചിത്രങ്ങളിലൂടെ അദ്ദേഹം പറയാതെ പറയുന്ന കാര്യങ്ങള്‍‍, അവ സ്വാഭാവികമായിത്തന്നെ ഉരുത്തിരിയാറുമുണ്ട്. എന്നാല്‍ ‘ടൈ’മില്‍ ആ സ്വാഭാവികത നഷ്ടപ്പെട്ടതുപോലെ തോന്നി. ചിത്രത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍, തനിക്കു പറയുവാനുള്ള കാര്യങ്ങള്‍ തിരുകിക്കയറ്റുവാനായി കഥയില്‍ അനാവശ്യ തിരിവുകള്‍ കൊണ്ടുവന്നതായും അനുഭവപ്പെട്ടു. എന്നാല്‍ കിം കി ഡുക്ക് ചിത്രങ്ങളുടെ മറ്റു സവിശേഷതകള്‍ ‘ടൈ’മിലും കൈമോശം വന്നിട്ടില്ല. കാമുകീകാമുകന്മാര്‍ സ്ഥിരമായി എത്തുന്ന ദ്വീപിലെ ബിബങ്ങളെയും മറ്റും എത്ര വിദഗ്ദ്ധമായാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്! മൊത്തത്തില്‍ നോക്കുമ്പോള്‍ കിം കി ഡുക്കിന്റെ കഴിഞ്ഞ ചിത്രങ്ങള്‍ കണ്ടിട്ടുള്ള ഒരു പ്രേക്ഷകന്റെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുവാന്‍ ‘ടൈമി’ന് കഴിയുമെന്നു തോന്നുന്നില്ല.

ഇറാനിയന്‍ ചിത്രമായ ‘അണ്‍ഫിനിഷ്ഡ് സ്റ്റോറീസ്’, ബള്‍ഗേറിയയില്‍ നിന്നുമുള്ള ‘മങ്കീസ് ഇന്‍ വിന്റര്‍’, ചൈനീസ് ചിത്രമായ ‘ലോസ്റ്റ് ഇന്‍ ബീജിംഗ്’, റഷ്യയില്‍ നിന്നുമുള്ള ‘അലക്സാണ്ട്ര’ എന്നീ ചിത്രങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തിയവയാണ്. കൂടുതല്‍ നന്നാക്കുവാന്‍ സാധ്യതയുണ്ടായിരുന്നതായി തോന്നി ഇവയെല്ലാം. അര്‍ജന്റീനിയയില്‍ നിന്നുമുള്ള ‘ദി റിന്‍ഡ്’, ‘ഫോറിനര്‍’ തുടങ്ങിയ ചിത്രങ്ങള്‍ വളരെ നിരാശപ്പെടുത്തിയവയുടെ കൂട്ടത്തില്‍ പെടുന്നു. മേളയില്‍ ലോകസിനിമാവിഭാഗത്തില്‍ എനിക്ക് കാണുവാന്‍ സാധിക്കാഞ്ഞവയില്‍, നന്നെന്നു പറഞ്ഞുകേട്ട ചിത്രങ്ങളാണ് ‘മി മൈസെല്‍ഫ്’, ‘ബ്ലൈന്‍ഡ്’ തുടങ്ങിയവ. റിട്രോസ്പെക്ടീവുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ഹോമേജുകള്‍, ഇന്‍ഡ്യന്‍ സിനിമ ടുഡേ എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിക്കപ്പെട്ട ചിത്രങ്ങളെക്കുറിച്ച് അടുത്ത ഭാഗത്തില്‍.


Keywords: 12th International Film Festival of Kerala, IFFK 2007, IFFK'07, Thiruvananthapuram, Trivandrum, Keralam, December, Films Screened, 4 Months 3 Weeks and 2 Days, Pans Labyrinth, Because of Love, Kim Ki Duk, Time, World Cinema, Unfinished Stories, Monkeys in Winter, Lost in Beijing, Alexandra, The Rind, Foreigner, Me Myself, Blind.
--