Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Total Visitors
(Since Nov'06)

Showing newest posts with label Rating: 3.6 - 5.0. Show older posts
Showing newest posts with label Rating: 3.6 - 5.0. Show older posts

Saturday, February 13, 2010

ആഗതന്‍ (Aagathan)

Aagathan: Film directed by Kamal starring Dileep, Sathyaraj, Charmy. Review by Haree for Chithravishesham.
ഒരു കൂട്ടം യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘മിന്നാമിന്നിക്കൂട്ട’ത്തിനു ശേഷം കമല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആഗതന്‍’. ദിലീപാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സത്യരാജ്, ബിജു മേനോന്‍, ചാര്‍മ്മി, ലാല്‍, സറീന വഹാബ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനേതാക്കളായുണ്ട്. വിയ മീഡിയ എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ മാത്യു ജോസഫാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകനും കലവൂര്‍ രവികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായുള്ള 1994-ലെ ‘പിന്‍‌ഗാമി’യുമായി നേരിയ സാദൃശ്യം ഇപ്പോളെത്തിയ ഈ ‘ആഗതനു’ണ്ട്.

Sunday, February 7, 2010

യുഗപുരുഷന്‍ (Yugapurushan)

Yugapurushan - A film directed by R. Sukumaran starring Thalaivasal Vijay. A Review in Malayalam by Haree for Chithravishesham.
മഹാ സുബൈറിനൊപ്പം ചേര്‍ന്ന് നിര്‍മ്മിച്ച ‘പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിനു ശേഷം എ.വി. അനൂപ് (മെഡിമിക്‍സ്) നിര്‍മ്മാതാവുന്ന ചിത്രമാണ് ‘യുഗപുരുഷന്‍’. മോഹന്‍ലാല്‍ നായകവേഷത്തിലെത്തിയ ‘പാദമുദ്ര’, ‘രാജശില്പി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ആര്‍. സുകുമാരന്‍ ഒരുക്കുന്ന പുതിയ ചിത്രവുമാണിത്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെ. തമിഴ് നടന്‍ തലൈവാസല്‍ വിജയ്‌യാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ശ്രീനാരായണ ഗുരുദേവനെ അവതരിപ്പിക്കുന്നത്. നീണ്ട പതിനഞ്ചു വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ഈ ചിത്രം പുറത്തിറക്കിയിരിക്കുന്നത് എന്നാണ് പലയിടത്തും കാണുന്നത്. എന്നാല്‍ സിനിമ എന്ന വിശേഷണത്തേക്കാള്‍, ഒരു ഡോക്യുമെന്ററി ചിത്രമായി ഇതിനെ കരുതുകയാവും കൂടുതല്‍ ഉചിതം.

Sunday, January 17, 2010

ഹാപ്പി ഹസ്ബന്റ്സ് (Happy Husbands)

Happy Husbands - A film by Saji Surendran starring Jayaram, Bhavana, Indrajith, Jayasurya etc. Film Review for Chithravishesham by Haree.
'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തിലൂടെ സംവിധായക രംഗത്തെത്തിയ സജി സുരേന്ദ്രന്റെ രണ്ടാമത് ചിത്രമാണ് ‘ഹാപ്പി ഹസ്‌ബന്റ്സ്’. തന്റെ ആദ്യ ചിത്രത്തിനു രചന നിര്‍വ്വഹിച്ച കൃഷ്ണ പൂജപ്പുരയെ തന്നെയാണ് സംവിധായകന്‍ ഈ ചിത്രത്തിലും രചനയ്ക്കായി ആശ്രയിക്കുന്നത്. ജയറാം, ഭാവന, ജയസൂര്യ, സംവൃത സുനില്‍, ഇന്ദ്രജിത്ത്, റീമ കല്ലിങ്കല്‍, വന്ദന തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ഗാലക്സി പ്ലസ് ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Saturday, December 26, 2009

ചട്ടമ്പിനാട് (ChattambiNadu)

ChattambiNadu - A film by Shafi starring Mammootty, Lakshmi Rai, Vinu Mohan. Film Review by Haree for Chithravishesham.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബെന്നി പി. നായരമ്പലത്തിന്റെ രചനയില്‍ ഷാഫി സംവിധാനം ചെയ്ത ‘തൊമ്മനും മക്കളും’ എന്ന ചിത്രത്തിനു ശേഷം മൂവരും വീണ്ടും ഒരുമിക്കുകയാണ് ‘ചട്ടമ്പിനാടി’ലൂടെ. ചട്ടമ്പികളുടെ ആധിക്യത്താല്‍ ചട്ടമ്പിനാടായി മാറിയ ചെമ്പട്ട്നാട്ടിലെത്തുന്ന മറ്റൊരു കൊടിയചട്ടമ്പിയായ മല്ലയ്യയുടെ കഥയാണിത്. സിദ്ദിഖ്, വിനു മോഹന്‍, ലക്ഷ്മി റായ് തുടങ്ങിയവരാണ് മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൌഷാദ്, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം പ്ലേഹൌസ് റിലീസ് തിയേറ്ററുകളിലെത്തിച്ചിരിക്കുന്നു. ‘രാജമാണിക്യ’ത്തിന്റെ ചുവടുപിടിച്ച്, കന്നഡ കലര്‍ന്ന മലയാളം അല്ലെങ്കില്‍ മലയാളം കലര്‍ന്ന കന്നഡ സംസാരിക്കുന്ന നായകനായാണ് മമ്മൂട്ടി എത്തുന്നത്. ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ മുന്‍‌ചിത്രം ‘മായാവി’യുടെ ബോക്സ്‌ഓഫീസ് വിജയം ആവര്‍ത്തിക്കുകയെന്ന ലക്ഷ്യം ഇരുവര്‍ക്കും ഉണ്ടാവാമെങ്കിലും, അത്രത്തോളമൊക്കെ ‘ചട്ടമ്പിനാടി’ന് എത്തിപ്പിടിക്കുവാന്‍ കഴിയുമോ എന്ന്‍ സംശയമാണ്.

Sunday, October 25, 2009

എയ്ഞ്ചല്‍ ജോണ്‍ (Angel John)

Angel John - Starring Mohanlal, Saanthanu Bhagyaraj, Nithya Menon; Malayalam Film Review by Haree for Chithravishesham.'ദി സ്പീഡ്‌ട്രാക്ക്' എന്ന ചിത്രത്തിനു ശേഷം എസ്.എല്‍. പുരം ജയസൂര്യയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത് ചിത്രമാണ് ‘എയ്ഞ്ചല്‍ ജോണ്‍’. മോഹന്‍ലാല്‍, ശാന്തനു ഭാഗ്യരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ രചനയില്‍ മനാഫും സംവിധായകനോടൊപ്പം ചേരുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെ.കെ. നാരായണദാസ്. ജീവിതത്തിലേല്‍ക്കുന്ന പരാജയങ്ങളെ തുടര്‍ന്ന് ജീവിതമവസാനിപ്പിക്കുവാന്‍ തുടങ്ങുന്ന ഒരു യുവാവിന്റെ ജീവിതത്തിലേക്ക് ദൈവദൂതനായി ഒരാളെത്തുന്നതാണ് സിനിമയുടെ പ്രമേയം.

Saturday, September 26, 2009

റോബിന്‍ ഹുഡ് (Robinn Hood)

Robinn Hood by Joshiy starring PrithviRaj, Bhavana, Narain, Jayasuriya, Samvritha Sunil. A film review in Malayalam by Haree for Chithravishesham.
മലയാളസിനിമയിലെ അഭിനേതാക്കളുടെ ഒരു റാമ്പ് ഷോയായി മാറിയ ‘ട്വന്റി 20’യ്ക്കു ശേഷം ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ‘റോബിന്‍‌ഹുഡ്’. ‘ക്ലാസ്‌മേറ്റ്സ്’, ‘ചോക്ലേറ്റ്’ എന്നീ ചിത്രങ്ങള്‍ മലയാളികള്‍ക്കു സമ്മാനിച്ച പി.കെ. മുരളീധരനും ശാന്ത മുരളിയുമാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘ചോക്ലേറ്റി’ലൂടെ തിരക്കഥാരചനയില്‍ അരങ്ങേറ്റം കുറിച്ച സച്ചി-സേതു ദ്വയമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം നരേന്‍, ജയസൂര്യ, ഭാവന, സംവൃത സുനില്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ബുദ്ധിശാലിയായ ഒരു ഹൈടെക് കള്ളന്റെ കഥയാണ് പറയുന്നത്.

 കഥയും, കഥാപാത്രങ്ങളും
[ 4/10 ]

‘റോബിന്‍ ഹുഡ്’ എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക പശ്ചാത്യനാടോടി കഥകളിലെ, കൊള്ളമുതല്‍ പാവപ്പെട്ടവര്‍ക്കു വീതിച്ചു നല്‍കുന്ന വീരനായ തസ്കരനെയാണ്. അത്തരത്തില്‍ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നതില്‍ വിശ്വസിക്കുന്ന ഒരു കള്ളനെയാണ് സച്ചിയും സേതുവും ഈ ചിത്രത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. പ്രമേയവും തുടക്കത്തിലെ മോഷണങ്ങളുമൊക്കെ അല്പം തലപുകച്ചു തന്നെയാണ് ഇരുവരും ചേര്‍ന്ന് എഴുതിയത്. എന്നാല്‍ അവസാനഭാഗങ്ങള്‍ തികച്ചും അവിശ്വസിനീയമായ കുറേയേറെ കാര്യങ്ങളായിപ്പോയത് തുടക്കത്തിലെ ഈ മികവിനെ പുറകോട്ടടിക്കുന്നു.

 സംവിധാനം
[ 2/10 ]

സംവിധായകന്‍ ജോഷിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയതിനു ശേഷമുള്ള ചിത്രങ്ങളെടുത്താല്‍ 2005-ല്‍ ഇറങ്ങിയ ‘നരനു’മാത്രമാണ് അല്പമെങ്കിലും മികവ് അവകാശപ്പെടാവുന്നത്. ജോഷിയുടെ മുന്‍‌കാല ചിത്രങ്ങളിലെ പ്രതിനായകന്മാരോടു പോലും തോന്നിയിരുന്ന വൈകാരികമായ അടുപ്പം ഇപ്പോളിറങ്ങുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്കു തോന്നുന്നില്ല. ‘റോബിന്‍‌ ഹുഡി’ന്റെ കാര്യവും വ്യത്യസ്തമല്ല. തിരക്കഥാകൃത്തുക്കള്‍ ഒരുക്കിയ അടിത്തറയില്‍, ഒരു മികച്ച ത്രില്ലര്‍ സൃഷ്ടിക്കുവാനുള്ള അവസരം സംവിധായകന്‍ ഇവിടെ കളഞ്ഞു കുളിച്ചു. ഇത്തരമൊരു കഥയായിട്ടുകൂടി, ചിത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന് ഒരവസരത്തിലും ഒരു ഉത്കണ്ഠയും തോന്നുന്നില്ല. അനവസരത്തിലെ ഗാനങ്ങളും, അനാവശ്യ കഥാപാത്രങ്ങളുമൊക്കെയായി ചിത്രം പ്രേക്ഷകരെ മുഷിപ്പിക്കുകയും ചെയ്യുന്നു.

 അഭിനയം
[ 5/10 ]

ചിത്രത്തിലെ ‘റോബിന്‍ ഹുഡ്’, അഥവാ നായകനായ സിദ്ധാര്‍ത്ഥായുള്ള പൃഥ്വിരാജിന്റെ പ്രകടനത്തില്‍ പുതുമ പറയുവാനില്ല. കൂര്‍മ്മ ബുദ്ധിയുള്ള തസ്കരനെ അവതരിപ്പിക്കുന്നതില്‍ കുറേ സ്റ്റൈല്‍ കാണിക്കുക എന്നതിലപ്പുറം എന്തെങ്കിലുമൊരു വ്യത്യസ്തത നല്‍കുവാന്‍ ശ്രമിക്കാമായിരുന്നു. തന്റെ കഥാപാത്രത്തിനു സ്വാഭാവികത നല്‍കുവാന്‍ നരേന്‍ വളരെ ശ്രമപ്പെടുന്നതായി തോന്നിയപ്പോള്‍ ജയസൂര്യയുടെ പോലീസ് വേഷം പ്രത്യേകിച്ചൊരു ചലനവുമുണ്ടാക്കാതെ കടന്നു പോവുന്നു. ഭാവനയേയും സംവൃതയേയും സുന്ദരിമാരായി കാണുന്നവര്‍ക്ക്, അവരെ കാണ്ടുകണ്ടിരിക്കാം; അതിനപ്പുറം അവരുടെ കഥാപാത്രങ്ങള്‍ക്ക് ചിത്രത്തിലൊന്നും ചെയ്യുവാനില്ല. മറ്റു താരങ്ങളില്‍ ബിജു മേനോന്‍, ലെന, ഇടുക്കി ജാഫര്‍, സലിം കുമാര്‍ തുടങ്ങിയവര്‍ തങ്ങളുടെ വേഷങ്ങളോട് നീതി പുലര്‍ത്തി. മറ്റു താരങ്ങള്‍ക്ക് പേരിനു മാത്രമാണ് ചിത്രത്തിലവസരം.

 സാങ്കേതികം
[ 3/5 ]

ഫ്ലാറ്റും ബാങ്കുമൊക്കെയായി പ്രധാനമായും കെട്ടിടങ്ങള്‍ക്കുള്ളിലാണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നത്. ഇവ കണ്ണിനു മടുപ്പു തോന്നാത്തവണ്ണം ചിത്രീകരിക്കുന്നതില്‍ ഷാജിയും, ചിത്രസന്നിവേശത്തില്‍ രഞ്ജന്‍ എബ്രഹാമും മികവു പുലര്‍ത്തിയപ്പോള്‍ കെട്ടിടങ്ങളുടെ ഉള്‍വശങ്ങള്‍ മോടികൂട്ടുന്നതുമാത്രമായി ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം. താമസിച്ചു വരുന്ന ഫ്ലാറ്റ് കെട്ടിടങ്ങള്‍ക്ക് അങ്ങിനെയൊരു പ്രതീതി നല്‍കുന്നതിലൊന്നും കലാസംവിധായകന്‍ ശ്രദ്ധവെച്ചില്ല. സേതുവിന്റെ ഇഫക്ടുകളും രാജാമണിയുടെ പിന്നണിസംഗീതവും തരക്കേടില്ലാതെ പോവുന്നുണ്ട്.

 പാട്ട്, നൃത്തം, ആക്ഷന്‍
[ 1/5 ]

മിനിസ്ക്രീനില്‍ സിനിമ കാണുമ്പോള്‍ രസം കൊല്ലിയായെത്തുന്ന പരസ്യങ്ങളേക്കാള്‍ ക്ഷമ പരീക്ഷിക്കുന്നവയാണ് തികച്ചും അനാവശ്യമായി ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച് എം. ജയചന്ദ്രന്‍ ഈണം നല്‍കിയ ഈ ഗാനങ്ങള്‍ കേട്ടിരിക്കുവാനും ഉതകുന്നവയല്ല. പ്രസന്ന ഒരുക്കിയിരിക്കുന്ന നൃത്തച്ചുവടുകള്‍ക്കും ആകര്‍ഷകത്വം കുറവാണ്. അനല്‍ അരശുവും, പളനി രാജും ചേര്‍ന്നൊരുക്കിയിരിക്കുന്ന സംഘട്ടനരംഗങ്ങള്‍ തരക്കേടില്ലെന്നു മാത്രം.

 ആകെത്തുക
[ 3.75/10 ]

അനീതിക്കിരയായി ജീവിതത്തില്‍ പലതും നഷ്ടമാവുന്ന നായകന്റെ പ്രതികാരം; പ്രമേയത്തില്‍ വ്യത്യസ്തതയൊന്നുമില്ലെങ്കിലും പുതുമയുള്ളൊരു പശ്ചാത്തലം സിനിമയ്ക്കായി കണ്ടെത്തുവാന്‍ സൃഷ്ടാക്കള്‍ക്കു കഴിഞ്ഞു. എന്നാല്‍ ആ പശ്ചാത്തലത്തെ ക്രിയാത്മകമായി അവതരിപ്പിക്കുന്നതിലും, കഥയ്ക്കാവശ്യമായ പിരിമുറുക്കം നല്‍കുന്നതിലും സംവിധായകനോ തിരക്കഥാകൃത്തുക്കളോ വിജയിച്ചില്ല. കൂടുതല്‍ തയ്യാറെടുപ്പുകള്‍ ഇങ്ങിനെയൊരു ചിത്രത്തിന് ആവശ്യമായിരുന്നു. മലയാളസിനിമയില്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന പഠിച്ച കള്ളന്മാരില്‍ ഒരാളാകുവാന്‍ ‘റോബിന്‍ ഹുഡി’ന് അവസരമുണ്ടായിരുന്നെങ്കിലും, അതിനുള്ള യോഗമില്ലാതെപോയി!

Description: Robinn Hood (Robin Hood / Robinhood) - A Malayalam (Malluwood) film directed by Joshiy; Starring PrithviRaj, Narain, Bhavana, Jayasurya, Samvritha Sunil, Biju Menon, Lena, Janardanan, Sobha Mohan, Salim Kumar, Idukki Jafar; Produced by P.K. Muraleedharan & Santha Murali; Story, Screenplay and Dialogues by Sachi Sethu; Camera (Cinematography) by Shaji; Editing by Ranjan Abraham; Art Direction by Joseph Nellikkal; Stunts (Action) by Anal Arasu, Palani Raj; Background Score by Rajamani; Effects by Sethu; DTS Mixing by ; Titles by ; Make-up by Pandyan; Costumes by S.B. Satheesh; Lyrics by Kaithapram Damodaran Namboothiri; Music by M.Jayachandran; Choreography by Prasanna; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Sep 24 2009 Release.
--

Monday, August 17, 2009

ഋതു (Ritu)

Ritu - A film review in Malayalam by Haree for Chithravishesham. Film directed by Shyamaprasad starring Nishan, Rima, Asif Ali.
2007-ലെ മികച്ചൊരു ചിത്രമായ ‘ഒരേ കടലി’നു ശേഷം ശ്യാമപ്രസാദിന്റെ സംവിധാനത്തിലൊരു സിനിമ, പുതുമുഖങ്ങളാണ് അഭിനേതാക്കള്‍, എഴുത്തുകാരനെന്ന നിലയില്‍ ശ്രദ്ധനേടിയ ജോഷ്വ ന്യൂട്ടന്റെ തിരക്കഥ, ആദ്യമായി സിനിമയ്ക്കായെഴുതിയ കഥയെ അധികരിച്ച് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം; ‘ഋതു’വിന് വിശേഷണങ്ങളിങ്ങിനെ പലതു പറയാം. വചന്‍ ഷെട്ടി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ നിഷാന്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'Seasons Change. Do We?' എന്ന ചോദ്യവുമായെത്തുന്ന ചിത്രം പ്രമേയത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു, എന്നാല്‍ തിരക്കഥയിലെ കുറവുകളും അതിലുപരി അപക്വമായ അവതരണവും ചേരുമ്പോള്‍ ചിത്രം എങ്ങുമെങ്ങുമെത്തുന്നില്ല.

 കഥയും, കഥാപാത്രങ്ങളും [ 2/10 ]

ദൃശ്യങ്ങളേക്കാളുപരി സംഭാഷണങ്ങളിലൂന്നിയാണ് ചിത്രം പുരോഗമിക്കുന്നത്, എന്നാലവയാവട്ടെ അതിനു തക്കവണ്ണം മികച്ചതുമല്ല. സുഹൃത്തക്കളായ മൂന്നുപേര്‍ക്ക് കാലാന്തരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിനു പ്രമേയം. പ്രണയത്തിന്റെയും വഞ്ചനയുടേയും തിരിച്ചറിവുകളുടേയും പാഠങ്ങള്‍ മനസിലാക്കി സ്വയം മാറുന്ന നായകന്‍ ശക്തമായൊരു സാന്നിധ്യമായി പ്രേക്ഷകനില്‍ അവശേഷിക്കേണ്ടതാണ്. തിരക്കഥാകൃത്തായ ജോഷ്വ ന്യൂട്ടണ്‍ ഇവിടെ പരാജയപ്പെടുന്നു. സത്യം മുന്‍പില്‍ തെളിഞ്ഞു കാണുമ്പോഴും, അസത്യങ്ങള്‍ വിശ്വസിക്കുവാനും അതില്‍ മനസുഖം കണ്ടെത്തുവാനും തയ്യാറാവുന്ന മലയാളിയുടെ ബോധങ്ങള്‍ക്കുള്ളില്‍ പ്രമേയത്തെ തളച്ചിടുവാന്‍ തിരക്കഥാകൃത്ത് ശ്രമിച്ചിട്ടില്ല എന്നതാണ് തിരക്കഥയില്‍ കണ്ട ഒരു മേന്മ. അതൊഴികെ മനസില്‍ തങ്ങുന്ന രീതിയിലൊരു കഥാപാത്രത്തെ വികസിപ്പിക്കുവാന്‍ പോലും തിരക്കഥാകൃത്തിനായിട്ടില്ല.

 സംവിധാനം [ 2/10 ]

ശ്യാമപ്രസാദ് എന്ന സംവിധായകന്‍ ഇത്രയും അലക്ഷ്യമായി ഒരു ചിത്രം കൈകാര്യം ചെയ്തു എന്നത് അവിശ്വസിനീയമായിരിക്കുന്നു! അവതരണത്തിലെ പാളിച്ചകള്‍ പലപ്പോഴും ചിത്രത്തില്‍ പ്രകടമാണ്. യാന്ത്രികമായി വാചകങ്ങള്‍ ഉരുവിടുന്ന കുറേപ്പേര്‍ എന്നതിലുപരി അഭിനേതാക്കളെ കഥാപാത്രങ്ങളാക്കി മാറ്റുന്നതിലും സംവിധായകന്‍ വിജയിച്ചില്ല. ഏച്ചുകെട്ടിയ സംഭാഷണങ്ങളില്‍ തൂങ്ങിയുള്ള സിനിമയുടെ പോക്കു കാണുമ്പോള്‍ പലയിടത്തും ചിരിപൊട്ടും. സംവിധായകന്റെ മറ്റു ചിത്രങ്ങളിലെന്ന പോലെ ഗാനങ്ങളുടെ യുക്തമായ ഉപയോഗമാണ് ചിത്രത്തിനുള്ള ഒരു മേന്മ, മറ്റൊന്ന് കൂട്ടുകാരുടെ സൌഹൃദങ്ങള്‍ക്കിടയിലെ ചില തമാശകളും.

 അഭിനയം [ 5/10 ]

നിഷാന്‍, റിമ കല്ലുങ്കല്‍, ആസിഫ് അലി; അഭിനയമെന്ന കലയില്‍ ഇനിയുമേറെ മെച്ചപ്പെടുവാനുണ്ടെങ്കിലും, ആദ്യ സംരംഭമെന്ന പരിഗണന കൂടി നല്‍കിയാല്‍ മൂവരും തരക്കേടില്ലായിരുന്നു എന്നു പറയാം. എന്നാല്‍ മറ്റു കഥാപാത്രങ്ങളായെത്തുന്ന പലരുടേയും അഭിനയം തികച്ചും കൃത്രിമമായാണ് അനുഭവപ്പെട്ടത്. അതിനൊരു അപവാദമാവുന്നത് എം.ജി. ശശി അവതരിപ്പിച്ച നായകന്റെ ഏട്ടന്‍ കഥാപാത്രം മാത്രം.

 സാങ്കേതികം [ 3/5 ]

ശ്യാം ദത്ത് ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് അക്ഷരാര്‍ത്ഥത്തില്‍ ചിത്രത്തിനു ജീവന്‍ നല്‍കുന്നത്. ഒരു തടാകക്കരയിലും ഓഫീസിലുമായാണ് ചിത്രത്തിന്റെ ഭൂരിഭാഗവുമെങ്കിലും, മടുപ്പു തോന്നാത്തവണ്ണം രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ ശ്യാം ദത്തിനു കഴിഞ്ഞു. പ്രേമചന്ദ്രന്റെ കലാസംവിധാനവും ചിത്രത്തോടിണങ്ങുന്നു. വിനോദ് സുകുമാരന്റെ ചിത്രസംയോജനത്തിന് ശരാശരി നിലവാരമേ പറയുവാനുള്ളൂ. യുവത്വത്തിന്റെ പ്രസരിപ്പു തുടിക്കുന്ന മേക്കപ്പും വസ്ത്രങ്ങളുമായി, യഥാക്രമം ജോയ് കൊരട്ടിയും കുക്കു പരമേശ്വരനും ഈ മേഖലകളില്‍ മികവുപുലര്‍ത്തി.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഇഷ്ടം തോന്നുന്ന വരികളും, ഇമ്പമുള്ള സംഗീതവുമായി റഫീഖ് അഹമ്മദും രാഹുല്‍ രാജും ചേര്‍ന്ന് ചിത്രത്തിലെ ഗാനങ്ങളൊരുക്കിയിരിക്കുന്നു. മിനിറ്റുകളുടെ മാത്രം വ്യത്യാസത്തില്‍ വരുന്ന “കു കു കൂ, കു കു കൂ തീവണ്ടി...”, “പുലരുമോ! രാവൊഴിയുമോ!” എന്നീ ഗാനങ്ങള്‍ പോലും മടുപ്പു തോന്നിപ്പിക്കാതെ കടന്നു പോവുന്നു. ഇവയില്‍ സുജിത്തും ഗായത്രിയും ചേര്‍ന്നു പാടിയിരിക്കുന്ന രണ്ടാമതു ഗാനം, ഗാനങ്ങളില്‍ എടുത്തു പറയാവുന്നതാണ്. രാഹുല്‍ രാജ് പാടിയിരിക്കുന്ന “വേനല്‍ കാട്ടില്‍...” എന്ന ഗാനമാണ് അല്പം പിന്നില്‍ നില്‍ക്കുന്നത്. ഇടയ്ക്കു വരുന്ന ഡിസ്കോ ഗാനങ്ങള്‍ക്കും പറയത്തക്ക ആകര്‍ഷണീയത തോന്നിച്ചില്ല.

 ആകെത്തുക [ 3.75/10 ]

ഡ്രിങ്ക്സും പാര്‍ട്ടിയും ഡേറ്റിംഗും ഓവര്‍ സ്മാര്‍ട്ട്നെസിനുമൊന്നുമപ്പുറം ജീവിതത്തോടു ഗൌരവമായൊരു സമീപനം യുവതലമുറയ്ക്കില്ലെന്ന് ചിത്രം പറയാതെ പറയുന്നു. ഇവയില്‍ സത്യമില്ലാതില്ലെങ്കിലും ടെക്നോളജിയുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളെക്കുറിച്ചും അവിടെ ജോലിയെടുക്കുന്നവരെക്കുറിച്ചും വികലമായൊരു സങ്കല്പം മാത്രമേ ചിത്രം മുന്നോട്ടു വെയ്ക്കുന്നുള്ളൂ എന്നൊരു അപകടം ഇതിലുണ്ട്. യുവതലമുറയുടെ കരിയറിലെ സ്വപ്നങ്ങളോ, ആശയങ്ങളിലെ ആത്മാര്‍ത്ഥതയോ, ജോലിയുടെ കാഠിന്യമോ, സ്ഥാപനങ്ങളുടെ ഗുണവശങ്ങളോ ഒന്നും; ജോലിസ്ഥലം കഥയിലെയൊരു പ്രധാനയിടമായിട്ടു കൂടി, സിനിമയ്ക്ക് പ്രതിപാദ്യമേയാവുന്നില്ല എന്നതില്‍ അസ്വാഭാവികതയുണ്ട്. അതിനുമപ്പുറം അവിടെയൊക്കെ ചതിയും വഞ്ചനയും മാത്രമേയുള്ളൂവെന്നതിനൊപ്പം കുടിയിറക്കപ്പെട്ടവരുടെ വേദനയൊരു കഥാപാത്രത്തിന്റെ വായില്‍ തിരുകി പറയിപ്പിക്കുക കൂടി ചെയ്യുമ്പോള്‍ കേവലമൊരു വശം മാത്രം നോക്കി തൊണ്ടകീറുന്ന തെരുവുപ്രാസംഗികനപ്പുറം സംവിധായകനോ തിരക്കഥാകൃത്തോ ഒന്നും ചെയ്യുന്നില്ലിതില്‍. തുടക്കത്തില്‍ പറഞ്ഞ വിശേഷണങ്ങള്‍ക്കൊടുവിലായി, ‘ഋതു’വെന്ന മനോഹരമായൊരു പേരു പാഴാക്കിയൊരു ചിത്രം, എന്നു കൂടി ചേര്‍ത്തുകൊണ്ടാവും പ്രേക്ഷകള്‍ തിയേറ്റര്‍ വിടുക!

Description: Ritu (Rithu) - A Malayalam (Malluwood) film directed by Shyamaprasad (Shyama Prasad); Starring Nishan, Rima Kallingal, Asif Ali, Jaya Menon, K. Govindankutty, M.G. Sasi, Siddharth; Produced by Vachan Shetty; Story, Screenplay and Dialogues by Joshua Newtonn; Camera (Cinematography) by Shyam Dath; Editing by Vinod Sukumaran; Art Direction by Premachandran; Stunts (Action) by ; Background Score by ; Effects by ; DTS Mixing by ; Titles by ; Make-up by Joe Koratty; Costumes by Cuckoo Parameswaran; Lyrics by Rafik Ahmed; Music by Rahul Raj; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. Aug 14 2009 Release.
--

Monday, August 3, 2009

ഒരു പെണ്ണും രണ്ടാണും (A Climate for Crime)

Oru Pennum Randanum (A Climate for Crime) - Film Review by Haree for Chithravishesham. A film by Adoor Gopalakrishnan starring Praveena, Manoj K. Jayan, Nedumudi Venu etc.
നാലു പെണ്ണുങ്ങള്‍’ക്കു ശേഷം തകഴിയുടെ ചെറുകഥകളെ അധികരിച്ച് മറ്റൊരു അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം, ‘ഒരു പെണ്ണും രണ്ടാണും’. സംവിധാനത്തെക്കൂടാതെ തിരക്കഥ, സംഭാഷണം എന്നിവയുടെ രചന; ദൂരദര്‍ശന്റെ പിന്തുണയോടെ ചിത്രത്തിന്റെ നിര്‍മ്മാണം എന്നിവയും അടൂര്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. വ്യത്യസ്ത കഥകളിലായി പ്രവീണ, മനോജ് കെ. ജയന്‍, നെടുമുടി വേണു, ബാബു നമ്പൂതിരി, സുകുമാരി, ജഗന്നാഥവര്‍മ്മ, ജഗദീഷ്, സുധീഷ്, രവി വള്ളത്തോള്‍, എം.ആര്‍. ഗോപകുമാര്‍, സീമ ജി. നായര്‍ തുടങ്ങി അഭിനേതാക്കളുടെ ഒരു നീണ്ടനിര തന്നെ ചിത്രത്തിലുണ്ട്. അഞ്ച് സംസ്ഥാന അവാര്‍ഡുകളുടേയും, പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേയും പങ്കാളിത്തത്തിന്റേയും പെരുമയിലെത്തിയിരിക്കുന്ന ഈ ചിത്രം പക്ഷെ, ‘ഇതിനൊക്കെ എന്തര്‍ഹത?’ എന്ന ചോദ്യമാണ് സാധാരണ മലയാളസിനിമാ പ്രേക്ഷകരിലുയര്‍ത്തുന്നത്.

 കഥയും, കഥാപാത്രങ്ങളും [ 3/10 ]

തകഴി ശിവശിങ്കര പിള്ളയുടെ കഥകള്‍ സിനിമയ്ക്കുവേണ്ടി എഴുതപ്പെട്ടവയല്ല. അതിനാല്‍ തന്നെ തിരക്കഥാകൃത്തിന്റെ ജോലി അത്ര എളുപ്പമല്ല. ആ ഒരു പരിഗണന കൊടുക്കാമെങ്കില്‍, തിരക്കഥകള്‍ മോശമായില്ലെന്നു കരുതാം. ഓരോ കഥയും പറയുമ്പോള്‍, എങ്ങിനെയാണിത് അവസാനിക്കുക എന്നറിയുവാനൊരു ചെറിയ ആകാംക്ഷ പ്രേക്ഷകര്‍ക്കുണ്ടാകും. എന്നാല്‍ സംഭാഷണങ്ങളുടെ കാര്യമെടുത്താല്‍, മിക്കതിലും പ്രകടമാവുന്ന അതിനാടകീയതയും മുഴച്ചു നില്‍ക്കുന്ന കൃത്രിമത്വവും പലയിടത്തും അരോചകമാണ്. ‘നാലു പെണ്ണുങ്ങളി’ല്‍ കഥകള്‍ പഴയകാലത്തു നടക്കുന്നവയായിരുന്നെങ്കിലും, സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ ഇന്നും മാറ്റമൊന്നും വന്നിട്ടില്ലെന്നു പറയുവാന്‍ അവ ഉതകുന്നവയായിരുന്നു. ഇതിലെ കഥകള്‍ക്ക് അങ്ങിനെ പ്രത്യേകിച്ചെന്തെങ്കിലുമൊരു ധര്‍മ്മം നിറവേറ്റുവാനില്ല, അതിനാല്‍ തന്നെ ചിത്രത്തിന് പഴയ കഥകളുടെ ദൃശ്യാവിഷ്കാരം എന്നതിനപ്പുറത്തേക്ക് ഒന്നുമാകുവാനും കഴിയുന്നില്ല.

 സംവിധാനം [ 4/10 ]

കുറ്റിയില്‍ കെട്ടിയിട്ട പശുവിനെപ്പോലെ ഒരിടത്തു തന്നെ നിന്നു കറങ്ങുകയാണ് അടൂര്‍ ചിത്രങ്ങള്‍ ഇപ്പോഴും. തൊണ്ടു തല്ലുന്നത്, പാത്രം കഴുകുന്നത്, തുഴ ഊന്നുന്നത്, പലരുടേയും നടപ്പ്; ഇങ്ങിനെയുള്ള ബിംബങ്ങള്‍ വിവിധ ലോങ്ങ്-മീഡിയം-ക്ലോസ് ഫ്രയിമുകളില്‍, തീരുവാന്‍ പ്രേക്ഷകരെ കാത്തിരിപ്പിക്കുന്ന രീതിയില്‍ ചിത്രീകരിച്ച് ചിത്രത്തില്‍ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. സംഭാഷണങ്ങള്‍ ഒഴിവാക്കി അല്ലെങ്കില്‍ വളരെ മിതമായ ഭാഷണങ്ങളിലൂടെ കഥാപാത്രങ്ങളുടെ ഭാവം പ്രേക്ഷകരിലെത്തിക്കുവാന്‍ സംവിധായകനായി എന്നത് ഒരു മികവായി കാണാം. പ്രത്യേകിച്ചും ‘ന്യായവും നീതിയും’ എന്ന കഥയുടെ ഒടുക്കം, ചെയ്യാത്ത കുറ്റത്തിനു സാക്ഷിവിസ്താരം കേട്ടുനില്‍ക്കുന്ന റിക്ഷാക്കാരന്‍ ഔതയുടെ ഭാവം ചിരിയുണര്‍ത്തും. സമാനമായ ഒരു രംഗമാണ് ‘ഒരു പെണ്ണും രണ്ടാണും’ എന്ന കഥയുടെ ഒടുവിലേതും. കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ മലയാളത്തിലെ വാണിജ്യ/സമാന്തര ചലച്ചിത്രസംവിധായകര്‍ ഒരുപോലെ പിന്നിലാണ്. ‘കള്ളന്റെ മകന്‍’ എന്ന കഥയിലെ കുട്ടികളുടെ അഭിനയമൊക്കെ അസഹനീയമാണ്. വിശേഷിച്ചും ‘പസന്‍‌ഗ’ പോലെയുള്ള തമിഴ് ചിത്രങ്ങള്‍ ഇറങ്ങുന്ന ഈ കാലത്ത്. നവാഗത സംവിധയകനായ പാണ്ഡിരാജ് കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കാണിച്ചിരിക്കുന്ന കയ്യടക്കം, സംവിധാനരംഗത്ത് ഏറെനാളത്തെ അനുഭവസമ്പത്തുള്ള അടൂരിനുമില്ല എന്നത് മലയാള സിനിമയുടെ ശോചനീയാവസ്ഥ വെളിവാക്കുന്നതാണ്.

 അഭിനയം [ 6/10 ]

ചുരുക്കം വരകളിലൂടെ വ്യക്തികളെ ചിത്രങ്ങളാക്കുന്ന കാരിക്കേച്ചറുകളിലെന്ന പോലെ; വളരെക്കുറച്ച് സീനുകളില്‍, അല്പമാത്രമായ സംഭാഷണങ്ങളിലൂടെ കഥാപാത്രത്തെ വരച്ചിടുക എന്നതാണ് ഈ ചിത്രത്തില്‍ അഭിനേതാക്കള്‍ക്കു മുന്നിലുള്ള വെല്ലുവിളി. ബാബു നമ്പൂതിരി, സുകുമാരി, സുധീഷ്, വിജയരാഘവന്‍, നെടുമുടി വേണു, മനോജ് കെ. ജയന്‍, പ്രവീണ, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയവരൊക്കെ ഇതില്‍ വിജയിച്ചിട്ടുണ്ട്. എം.ആര്‍. ഗോപകുമാര്‍, രവി വള്ളത്തോള്‍, സീമ ജി. നായര്‍ തുടങ്ങിയവരുടെ വേഷങ്ങള്‍, ഇവരുടെ തന്നെ മുന്‍‌കാല വേഷങ്ങളുടെ ഛായയുള്ളവയാണ്. ജഗന്നാഥന്‍, പി. ശ്രീകുമാര്‍, കൃഷ്ണപ്രസാദ്, കൃഷ്ണകുമാര്‍, പ്രിയങ്ക തുടങ്ങിയ മറ്റു പലരുടേയും വേഷങ്ങള്‍ കേവലം ചില കഥാപാത്രങ്ങള്‍ എന്നതിനപ്പുറത്തേക്ക് പരിഗണന അര്‍ഹിക്കുന്നവയല്ല. ഈ ചിത്രത്തിലെ പങ്കിയമ്മയായുള്ള പ്രകടനത്തിന് അവാര്‍ഡ് കിട്ടാത്തതിലുള്ള പ്രവീണയുടെ ദുഃഖത്തിന് സാധുതയില്ല. അത്രയൊന്നും മികവു പ്രകടിപ്പിക്കുവാനുള്ള സാധ്യതയും ആ കഥാപാത്രത്തിനില്ല.

 സാങ്കേതികം [ 3/5 ]

എം.ജെ. രാധാകൃഷ്ണന്‍ പകര്‍ത്തിയിരിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ശരാശരിയില്‍ നിന്നും ഉയരുന്നില്ല. അനാവശ്യഷോട്ടുകള്‍ മുറിച്ചുമാറ്റുക എന്നതിനപ്പുറം ചിത്രസംയോജകനെന്ന നിലയില്‍ അജിത്തിനും കാര്യമായൊന്നും ചെയ്യേണ്ടി വന്നിരിക്കില്ല. പഴയകാലം വിശ്വസിനീയമായി ഒരുക്കിയിരിക്കുന്നതില്‍ കലാസംവിധാനം നിര്‍വ്വഹിച്ച രാജശേഖരന്‍, വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച എസ്.ബി. സതീശന്‍, മേക്കപ്പ് നിര്‍വ്വഹിച്ച പി.എന്‍. മണി; തുടങ്ങിയവര്‍ ഒരുപോലെ പ്രശംസയര്‍ഹിക്കുന്നു. ഐസക് തോമസ് കൊടുക്കാപ്പിള്ളിയുടെ പശ്ചാത്തല സംഗീതം ചിത്രത്തോടു ചേര്‍ന്നു പോവുന്നു.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 0/0 ]

ഈ വിഭാഗം പരിഗണിക്കുവാനില്ല.

 ആകെത്തുക [ 4.60/10 ]

ആയിരത്തിതൊള്ളായിരത്തി നാല്പതുകളില്‍, രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയമായതിനാല്‍ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ പെരുകി എന്ന പശ്ചാത്തലത്തിലാണ് കഥകള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ സാഹചര്യം ഒരു കഥയിലും വെളിവാവുന്നില്ല. തികച്ചും സാധാരണമായ അന്തരീക്ഷത്തില്‍ നടക്കുന്ന ചില കുറ്റങ്ങള്‍ എന്നേ ചിത്രത്തില്‍ കാണുവാനുള്ളൂ. പല എപ്പിസോഡുകള്‍ ചേര്‍ത്തുവെച്ച ഒരു സീരിയല്‍ (ഓരോ എപ്പിസോഡിലും ഓരോ കഥ പറയുന്ന സീരിയലുകള്‍ ആദ്യകാലങ്ങളില്‍ ധാരാളം ഉണ്ടായിരുന്നു.) മാത്രമായി ചിത്രം ചുരുങ്ങുവാനും കാരണം മറ്റൊന്നാവില്ല. പുതുമയുള്ള വിഷയങ്ങളില്‍, കാലഗതിക്കനുയോജ്യമായ മാറ്റങ്ങളോടെ, വാണിജ്യ/സമന്തര ചിത്രങ്ങളെന്ന അതിര്‍വരമ്പുകളില്ലാതെ പുറത്തിറങ്ങുന്ന സമകാലീന തമിഴ് ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ അന്താരാഷ്ട്ര മേളകളില്‍ ഇന്നത്തെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുവാന്‍ എന്തര്‍ഹതയാണ് തൊട്ടടുത്ത സംസ്ഥാനമായ കേരളത്തില്‍ നിന്നും പുറത്തിറങ്ങുന്ന വാണിജ്യ/വാണിജ്യേതര മലയാളസിനിമകള്‍ക്കുള്ളതെന്ന് ഇവിടുത്തെ ചലച്ചിത്രപ്രവര്‍ത്തകര്‍ അല്പമൊന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ചിത്രങ്ങളുടെ എണ്ണം കൂട്ടാമെന്നല്ലാതെ, വരും നാളുകളില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകന്റെ മികവളക്കുവാന്‍ പ്രാപ്തമായ ചിത്രങ്ങളല്ല അടുത്തിറങ്ങിയവയൊന്നും. മുന്‍പെപ്പോഴൊക്കെയോ സംഭവിച്ചു പോയിട്ടുള്ള ‘കൊടിയേറ്റം’, ‘മതിലുകള്‍’, ‘വിധേയന്‍’ തുടങ്ങിയവയൊക്കെ തന്നെയേ അടൂരിനെക്കുറിച്ചു പറയുവാന്‍ ഇപ്പോഴുമുള്ളൂ എന്നതാണ് മലയാളസിനിമയുടെ ഇന്നത്തെ ഗതികേടിന്റെ ഒരു നേര്‍ചിത്രം!

കൂടുതല്‍ വായനയ്ക്ക്:
A Climate for Crime - Wikipedia
A Climate for Crime - Official Web-page


Description: Oru Pennum Randanum (A Climate for Crime) - A Malayalam (Malluwood) film directed by Adoor Gopalakrishnan; Starring Praveena, Manoj.K.Jayan, Nedumudi Venu, Vijayaraghavan, Ravi Vallthol, Babu Namboodiri, M.R.Gopakumar, Seema G. Nair, Indrans, Jagannathan, P. Sreekumar, Krishnakumar, Sudheesh, Jagadeesh,Sukumari, Krishna Prasad; Produced by Adoor Gopalakrishnan; Story by Thakazhi Sivasankara Pillai; Screenplay and Dialogues by Adoor Gopalakrishnan; Camera (Cinematography) by M.J. Radhakrishnan; Editing by Ajith; Art Direction by Rajasekharan; Stunts (Action) by ; Background Score by Isaac Thomas Kodukkappally; Effects by ; DTS Mixing by ; Titles by ; Make-up by P.N. Mani; Costumes by S.B. Satheesh; Lyrics by ; Music by ; Choreography by ; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. July 31 2009 Release.
--

Saturday, July 11, 2009

ഈ പട്ടണത്തില്‍ ഭൂതം (Ee Pattanathil Bhootham)

Ee Pattanathil Bhootham: A film directed by Johny Antony starring Mammootty, Kavya Madhavan, Innocent etc.
‘തുറുപ്പുഗുലാനു’ ശേഷം ജോണി ആന്റണിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് ‘ഈ പട്ടണത്തില്‍ ഭൂതം’. ഉദയകൃഷ്ണ - സിബി കെ. തോമസ് ടീമിന്റേതാണ് കഥയും തിരക്കഥയും. അപൂര്‍വ്വമായി മലയാളത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഫാന്റസി ചിത്രങ്ങളുടെ ഗണത്തിലാണ് ‘ഈ പട്ടണത്തില്‍ ഭൂത’വും ഇടം നേടുന്നത്. കാവ്യ മാധവന്‍, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട്, രാജന്‍ പി. ദേവ് എന്നിങ്ങനെ താരങ്ങളുടെ ഒരു നീണ്ട നിരതന്നെ ചിത്രത്തിലുണ്ട്. എസ്. ബഞ്ചമിന്‍, കെ. കുട്ടികൃഷ്ണന്‍ എന്നിവരൊരുമിച്ച് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

 കഥയും, കഥാപാത്രങ്ങളും [ 3/10 ]

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’, ‘ഓഫാബി’, ‘സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി’, ‘ഉണ്ണികളേ, ഒരു കഥ പറയാം’ ഇങ്ങിനെ കുറേ സിനിമകളുടെ സങ്കരമാണ് ഈ ചിത്രം. ചിലത് ചിരിപ്പിക്കുമെങ്കിലും ഭൂരിഭാഗം സംഭാഷണങ്ങളും, പ്രത്യേകിച്ച് ഭൂതത്തിന്റേത്, അസഹനീയമാണ്. ഭൂതം, മന്ത്രവാദി പിന്നെ ഒരു കൂട്ടം മനുഷ്യര്‍; ഇവരെ ബന്ധിപ്പിച്ച് കഥയെഴുതുവാനുള്ള ഭാവനാവിലാസമൊന്നും തിരക്കഥാകൃത്തുക്കളില്‍ കാണുവാനില്ല. ഭൂതത്തെ പിടിക്കുവാന്‍ നടക്കുന്ന മന്ത്രവാദിക്ക് പ്രത്യേകിച്ചൊരു ലക്ഷ്യം പോലും കഥാകൃത്തുക്കള്‍ നല്‍കിയിട്ടില്ല. കുറേ ആഭരണങ്ങളും പണവുമൊക്കെ ലോക്കറില്‍ നിന്നുമെടുത്ത് ഗുഹയില്‍ പെട്ടിയിലടയ്ക്കുവാനാണോ ഭൂതവും വടിയുമൊക്കെയായി മന്ത്രവാദി മിനക്കെടുന്നത്? ഇതു രണ്ടും കൈയിലുണ്ടെങ്കില്‍ ഭൂലോകം തന്നെ കാല്‍ക്കീഴിലാവും എന്നും പറഞ്ഞാണ് ചിത്രം തുടങ്ങുന്നത് എന്നു കൂടി ആലോചിക്കണം! എന്നിരുന്നാലും ഇടയ്ക്കിടെ പൊട്ടിപ്പോവുന്ന രസച്ചരട് വീണ്ടും കൂട്ടിയിണക്കി കഥ മുഷിയാതെ മുന്നോട്ടു കൊണ്ടുപോവുന്നതില്‍ ഇരുവരും ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്.

 സംവിധാനം [ 4/10 ]

കഥയിലെ കുറവുകള്‍ അതേപടി ചിത്രത്തില്‍ പ്രതിഫലിച്ചിരിക്കുന്നു. ചിത്രത്തിനു പലപ്പോഴും തുടര്‍ച്ച നഷ്ടമാവുന്നുവെന്നു മാത്രമല്ല, ഓരോന്നു കാണുമ്പോഴും ‘ഇതിലെന്തു യുക്തി!’ എന്നു നെറ്റി ചുളിക്കേണ്ടതായും വരുന്നു! നിറം മങ്ങിയ ഗാനരംഗങ്ങളും, അപക്വമായ ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ കല്ലുകടിയാണ്; ഇവിടെയൊക്കെ സംവിധായകന് കൂടുതല്‍ ശ്രദ്ധ നല്‍കാമായിരുന്നു. മമ്മൂട്ടിയേയോ കാവ്യ മാധവനേയോ മറ്റ് താരങ്ങളേയോ വേണ്ട പോലെ ഉപയോഗിക്കുന്നതിലും ജോണി ആന്റണി പിന്നിലായി. രണ്ടരമണിക്കൂറോളമുള്ള സിനിമയില്‍ ഇടയ്ക്കിടെ ചില നര്‍മ്മരംഗങ്ങള്‍ തിരുകി അധികം മുഷിപ്പിക്കാതെ കഥപറഞ്ഞു തീര്‍ത്തു എന്നതുമാത്രം സംവിധായകന്റെ മികവായി പറയാം.

 അഭിനയം [ 5/10 ]

ഭൂതമായും ജിമ്മി എന്ന തെരുവു സര്‍ക്കസുകാരനായും, ഇരട്ടവേഷങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ജിമ്മിയെ അവതരിപ്പിക്കുവാന്‍ മമ്മൂട്ടിക്ക് അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നിട്ടില്ല, ഭൂതമാവട്ടെ അവതരിപ്പിച്ചു വന്നപ്പോളൊരു കോമാളിയായിപ്പോവുകയും ചെയ്തു! ‘തുറുപ്പുഗുലാനി’ലെ അച്ഛന്‍ കഥാപാത്രത്തിന്റെ തുടര്‍ച്ചയായി ഇന്നസെന്റിന്റെ കൃഷ്ണേട്ടനെന്ന കഥാപാത്രം. കാവ്യ മാധവന്‍, രാജന്‍ പി. ദേവ്, സുരേഷ് കൃഷ്ണ തുടങ്ങി മറ്റു നടീനടന്മാര്‍ക്കാര്‍ക്കും കാര്യമായൊന്നും ചെയ്യുവാനില്ല. സുരാജ് വെഞ്ഞാറമ്മൂടിന്റേയും സലിം കുമാറിന്റെയും കഥാപാത്രങ്ങള്‍ ചിലപ്പോഴൊക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ വിജയിക്കുന്നുണ്ട്. മഹാദേവന്‍ അവതരിപ്പിച്ച മന്ത്രവാദിയും കണ്ടു ശീലിച്ചതു തന്നെ.

 സാങ്കേതികം [ 3/5 ]

ഫാന്റസി ചിത്രങ്ങളിലെ വിസ്മയകരമായ ദൃശ്യാനുഭവം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് ഉത്പല്‍ വി. നായനാരുടെ ഛായാഗ്രഹണം തൃപ്തി നല്‍കില്ല. രാജാമണിയുടെ പിന്നണി സംഗീതശകലങ്ങളും ശരാശരി മലയാള സിനിമകളില്‍ നിന്നും ഉയരുന്നില്ല. രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനവും മനു ജഗത്തിന്റെ കലാസംവിധാനവും തരക്കേടില്ലെന്നു മാത്രം. ദുര്‍ഗാപ്രസാദിന്റെ പക്വതയുള്ള ഗ്രാഫിക് ഇഫക്ടുകളിലൂടെയാണ് ‘ഈ പട്ടണത്തിലെ ഭൂതം’ അല്പമെങ്കിലും മറ്റു ചിത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 2/5 ]

ഗിരീഷ് പുത്തഞ്ചേരി എഴുതി, നവാഗത സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിനൊരു ബാധ്യതയാണ്. കാര്യമായ ചിത്രീകരണമികവോ ശ്രവ്യസുഖമോ ഇതിലെ ഗാനങ്ങള്‍ക്ക് അവകാശപ്പെടുവാനില്ല. പിന്നെയും ഭേദമെന്നു പറയാവുന്നത് വിജയ് യേശുദാസിന്റെ ശബ്ദത്തിലുള്ള “മാമരങ്ങളേ ഒരു മഞ്ഞുകൂട്...” എന്ന ഗാനമാണ്. മാഫിയ ശശി ഒരുക്കിയിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്ക് പലയിടത്തും സ്വാഭാവികത നഷ്ടമായി. ബൈക്കിലും കുതിരപ്പുറത്തുമൊക്കെ ചാടിക്കയറുന്ന ഷോട്ടുകള്‍, കുറഞ്ഞ പക്ഷം കയറുകെട്ടിയല്ല സാധ്യമാക്കിയിരിക്കുന്നത് എന്നെങ്കിലും തോന്നിക്കണ്ടേ! മമ്മൂട്ടിക്കു പറ്റുന്ന നൃത്തച്ചുവടുകളൊരുക്കുക എളുപ്പമല്ല എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍, ദിനേഷും കൂള്‍ ജയന്തും ചേര്‍ന്ന് തരക്കേടില്ലാതെ നൃത്തരംഗങ്ങള്‍ ഒപ്പിച്ചെടുത്തിട്ടുണ്ട്.

 ആകെത്തുക [ 4.25/10 ]

കഥയിലൊരു ഭൂതത്തെ തിരുകിയെന്നതു കൊണ്ടു മാത്രം ഒരു ചിത്രം ഫാന്റസിയാവുമോ? ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് അങ്ങിനെയൊരു ധാരണയാണ് ഉള്ളതെന്നു തോന്നുന്നു. ഭൂതമോ ഭൂതത്തിന്റെ ചെയ്തികളോ കഥയ്ക്ക് ഒരു അനിവാര്യതയേ ആവുന്നില്ല. മുന്‍പിറങ്ങിയിട്ടുള്ള ഭൂതച്ചിത്രങ്ങളില്‍ നിന്നും പുതുതായി എന്തെങ്കിലും ചിത്രത്തില്‍ കാണുവാനുമില്ല. കുട്ടികള്‍ക്കായുള്ള ചിത്രമാണ്, അതിനാലത്രയൊന്നും ഗൌരവത്തില്‍ കഥയോ സംഭവങ്ങളോ വിലയിരുത്തേണ്ടതില്ല എന്നാണെങ്കില്‍ സുരാജിന്റെ കഥാപാത്രം പറയുന്നതു നോക്കുക: “അടുത്ത ജന്മത്തിലിവനെന്റെ അച്ഛനായി ജനിച്ചാല്‍ മതിയായിരുന്നു; എങ്കിലവനെ പട്ടിണിക്കിട്ട് കൊല്ലാമായിരുന്നു”. ഇത്തരം തമാശകളും(?) സലിം കുമാറിന്റെ ചില ഡയലോഗുകളും കുട്ടികളോടു തന്നെയാണോ സംവിധായകന്‍ പറഞ്ഞിരിക്കുക? ഇങ്ങിനെയൊക്കെയുള്ള ചില്ലറ തമാശകള്‍ കൊണ്ട് തൃപ്തരാവുന്നവര്‍ക്ക് അധികം പ്രതീക്ഷകളില്ലാതെ പോയാല്‍ നിരാശപ്പെടേണ്ടി വരില്ലാത്ത ഒരു ചിത്രം, അങ്ങിനെയൊരു ചുരുക്കെഴുത്താവും ഈ ‘ഭൂത’ത്തിന് യോജിക്കുക.

Description: Ee Pattanathil Bhootham - A Malayalam (Malluwood) film directed by Johny Antony; Starring Mammootty, Kavya Madhavan, Innocent, Mahadevan, Janardhanan, Rajan P. Dev, Salim Kumar, Suraj Venjaramoodu, Suresh Krishna, Bindu Panicker, Sajitha Beti, Sphadikom George, Bheeman Raghu, Cochin Haneefa, Baburaj, Undapakru, Thilakan; Produced by S. Benchamin, K. Kuttikrishnan; Story, Screenplay and Dialogues by UdayaKrishna, Sibi K. Thomas; Camera (Cinematography) by Uthpal V. Nayanar; Editing by Ranjan Abraham; Art Direction by Manu Jagadh; Stunts (Action) by Mafia Sasi; Background Score by Rajamany; Effects (Graphics) by Durga Prasad; Titles by ; Make-up by ; Lyrics by Gireesh Puthencheri; Music by Shaan Rahman; Choreography by Dinesh, Cool Jayanth; Audio Recording by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. July 09 2009 Release.
--

Tuesday, June 16, 2009

ഇവര്‍ വിവാഹിതരായാല്‍ (Ivar Vivahitharayal)

Ivar Vivahitharayal - A film by Saji Surendran starring Jayasurya, Bhama, Siddique, Rekha etc.
മിനിസ്ക്രീനില്‍ നിന്നും വെള്ളിത്തിരയിലേക്ക് ചേക്കേറുകയാണ് സംവിധായകന്‍ സജി സുരേന്ദ്രന്‍ ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന ചിത്രത്തിലൂടെ. ഭാമയും ജയസൂര്യയും നായികാനായകന്മാരായെത്തുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് കൃഷ്ണ പൂജപ്പുര. എസ്. ഗോപകുമാര്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍, വ്യത്യസ്ത വീക്ഷണങ്ങളുള്ള രണ്ടുപേര്‍ വിവാഹം കഴിക്കുമ്പോളുണ്ടാവുന്ന പ്രശ്നങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നു.

 കഥയും, കഥാപാത്രങ്ങളും [ 2/10 ]

ഏതൊരു കുടുംബകഥയെടുത്താലും പരസ്പരം ചേരാത്ത ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങള്‍ ചിത്രത്തിന്റെ അടിയൊഴുക്കായി കാണാവുന്നതാണ്. ആ രിതിയില്‍ നോക്കുമ്പോള്‍ പ്രമേയത്തില്‍ കാര്യമായ പുതുമയൊന്നുമില്ല. ഇരുപത്തിരണ്ടാം വയസില്‍ വിവാഹത്തിനു വാശി പിടിക്കുന്ന ഒരു യുവാവ്, എന്നതാണ് പിന്നെയുള്ള പുതുമ. എന്നാലങ്ങിനെയൊരു ആഗ്രഹം തോന്നുവാനുള്ള കാരണം ഒടുവില്‍ പറയുമ്പോള്‍, ആ കഥാപാത്രവും കഥാകൃത്തും ഒരു പോലെ അപഹാസ്യരാവുന്നു; വിശേഷിച്ചും സ്ത്രീസുഖം കൊതിക്കുന്നു എന്നര്‍ത്ഥം വരുന്ന വിവിധ സന്ദര്‍ഭങ്ങള്‍ തുടക്കം മുതല്‍ കാണിക്കുക കൂടി ചെയ്യുമ്പോള്‍! രസകരമായ ചില സന്ദര്‍ഭങ്ങള്‍ ഏച്ചുകെട്ടലുകളില്ലാതെ കഥയില്‍ കൊരുത്തിടുവാനും, അതിനു ചേരുന്ന രീതിയില്‍ സംഭാഷണങ്ങളൊരുക്കുവാനും രചയിതാവിനായി എന്നതാണ് ചിത്രത്തിന് അല്പം ജീവന്‍ നല്‍കുന്നത്.

 സംവിധാനം [ 3/10 ]

ആദ്യ അരമണിക്കൂറോളം വളരെ വേഗത്തില്‍ ആകര്‍ഷകമായി പറഞ്ഞുപോയ കഥയ്ക്ക് പിന്നീടതിന്റെ ഒഴുക്കു നഷ്ടപ്പെടുന്നു. ഒന്നും സംഭവിക്കാതെ കടന്നുപോവുന്ന മധ്യഭാഗം ചിത്രത്തിനോടുള്ള പ്രേക്ഷകന്റെ ആവേശം കളയുന്നു. ഒരു കാര്യം അറിയില്ലെങ്കില്‍ അതു മനസിലാക്കുവാന്‍ ശ്രമിക്കുക എന്ന പ്രായോഗിക ബുദ്ധിപോലും കാണിക്കാത്ത ഒരു എം.ബി.എ.-ക്കാരനെ സങ്കല്പിച്ചത് വല്ലാതെ കടന്നുപോയി. നായകനും നായികയ്ക്കും വ്യക്തിത്വം നല്‍കുന്നതില്‍ സംവിധായകന്‍ മനസുവെച്ചില്ല. മനോഹരമായ ചിത്രീകരണശൈലിയും ഷോട്ടുകളിലെ വൈവിധ്യവുമാണ് സംവിധായകന്റെ മികവായി പറയാവുന്നത്. ഗാനരംഗങ്ങളില്‍ പ്രത്യേകിച്ചും ഈ മികവ് പ്രകടമാണ്.

 അഭിനയം [ 4/10 ]

സീരിയലുകളിലെന്നതു പോലെ, ഫുള്‍ മേക്കപ്പില്‍ ഉറക്കമുണരുന്നവയാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ലാളിച്ചു വഷളാക്കിയ തനി കോമാളിയായി ജയസൂര്യ നന്നായിട്ടുണ്ട്. ഒടുവിലങ്ങിനെയല്ല എന്നു പറയുന്നതില്‍ വിശ്വസിനീയത കൊണ്ടുവരുവാന്‍ കഴിഞ്ഞില്ലെന്നു മാത്രം! കാവ്യയായി ഭാമയുടെ കഥാപാത്രത്തിന് തുടര്‍ച്ച തോന്നിച്ചില്ല. വിവാഹത്തിനു മുന്‍പ് തന്റേടത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന കാവ്യ, ശേഷം മിണ്ടാട്ടം പോലുമില്ലാത്ത എല്ലാം സഹിച്ച് ഒതുങ്ങുന്ന ഒരുവളായി മാറുന്നു. ഒടുവിലെ രംഗങ്ങളില്‍ ഏതാണ്ട് പത്തോ പതിനഞ്ചോ മിനിറ്റ് ഭാമയ്ക്ക് സംസാരം പോലുമില്ല! സംവൃത സുനില്‍ അവതരിപ്പിച്ച, വിവേകിന്റെ സുഹൃത്തായ ട്രീസയാണ് ചിത്രത്തില്‍ ശ്രദ്ധ നേടുന്ന മറ്റൊരു കഥാപാത്രം. സുരാജ് വെഞ്ഞാറമ്മൂടിന്റെ വക്കീല്‍-പാചകക്കാരന്‍ വേഷം വിശ്വസിനീയമല്ല. പക്ഷെ, രംഗങ്ങള്‍ക്ക് തമാശയുടെ നിറം നല്‍കുന്നതില്‍ സുരാജ് വിജയിച്ചിട്ടുണ്ട്. കേട്ടിട്ടുള്ള തമാശകള്‍ പോലും സ്വതസിദ്ധമായ അവതരണത്തിലൂടെ അദ്ദേഹം ആസ്വാദ്യകരമാക്കി. വിവേകിന്റെ മാതാപിതാക്കളായെത്തുന്ന സിദ്ദിഖും രേഖയും തരക്കേടില്ലാതെ അഭിനയിച്ചിരിക്കുന്നു. ആവര്‍ത്തന വിരസതയുണ്ടാക്കുന്ന സംഭാഷണങ്ങളിലൂടെ മടുപ്പിക്കുന്ന ഒരു കഥാപാത്രമാണ് നെടുമുടി വേണു അവതരിപ്പിക്കുന്ന ഫ്രെഡി അങ്കിള്‍. മറ്റു വേഷങ്ങളിലെത്തുന്ന ഗണേഷ് കുമാര്‍, ദേവന്‍, മല്ലിക സുകുമാരന്‍, അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ഒരു പാട്ടു രംഗത്തില്‍ മാത്രമെത്തുന്ന നവ്യ നായരെപ്പോലെ അതിഥി താരങ്ങള്‍ തന്നെ.

 സാങ്കേതികം [ 4/5 ]

അനില്‍ നായരിന്റെ ഛായാഗ്രഹണവും മനോജിന്റെ ചിത്രസംയോജനവും ചിത്രത്തിനൊരു മുതല്‍ക്കൂട്ടാണ്. പുതുമ തോന്നിക്കുന്ന രീതിയില്‍ ചിത്രത്തെ ഒരുക്കിയെടുക്കുവാന്‍ ഇവരിരുവര്‍ക്കും സാധിച്ചിട്ടുണ്ട്. സീനില്‍ വരുന്ന ഭാഗങ്ങളാകെ മോടികൂട്ടി എടുക്കുക എന്നതായിരുന്നു സുജിത് രാഘവിന്റെ കലാസംവിധാനം. ഗാനരംഗങ്ങളില്‍ പ്രയോജനപ്പെടുത്തിയിട്ടുള്ള മുരുകേഷിന്റെ ഇഫക്ടുകളും നന്ന്. മോഹന്‍ സിത്താരയുടെ പിന്നണി സംഗീതവും പ്രേക്ഷകരെ അലോസരപ്പെടുത്തുന്നില്ല.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഗിരീഷ് പുത്തഞ്ചേരി എഴുതി എം. ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്ന ഗാനങ്ങള്‍ തരക്കേടില്ല. ചിത്രത്തില്‍ തിരുകി കയറ്റിയതെങ്കിലും, സൈനോജിന്റെ ശബ്ദത്തിലുള്ള “എനിക്കു പാടാനൊരു പാട്ടിനുണ്ടൊരു പെണ്ണ്...” എന്ന ഗാനം വിശേഷിച്ചും മികവു പുലര്‍ത്തി. എസ്. രമേശന്‍ നായര്‍ എഴുതി, എം.ജി. രാധാകൃഷ്ണന്റെ സംഗീതസംവിധാനത്തിലുള്ള ‘രാക്കുയിലിന്‍ രാഗസദസില്‍’ എന്ന ചിത്രത്തിലെ “പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന...” എന്ന ഗാനം വിജയ് യേശുദാസിന്റെ ശബ്ദത്തില്‍ ചില പരിഷ്കാരങ്ങളോടെ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. അച്ഛന്‍ പാടിയ യഥാര്‍ത്ഥ ഗാനം മകന്റെ ശബ്ദത്തില്‍ വന്നപ്പോള്‍ ആ പാട്ടിന്റെ ആത്മാവു തന്നെ നഷ്ടമായതുപോലെ! കുത്തി തിരുകിയ നൃത്ത-സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലില്ല എന്നത് ആശ്വസിക്കുവാന്‍ വക നല്‍കുന്നതാണ്.

 ആകെത്തുക [ 4.0/10 ]

പരസ്പരം ചേര്‍ന്നു പോവാത്ത രണ്ടുപേര്‍ വിവാഹം കഴിച്ചാല്‍ എന്തുസംഭവിക്കും എന്ന ചിന്തയില്‍ നിന്നുമാണ് ഈ ചിത്രമുണ്ടായതെന്നാണ്‌ സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത്തരമൊരു നേര്‍ത്ത നൂലില്‍ തൂങ്ങി ഒരു ചിത്രമെടുത്തതിന്റെ കുഴപ്പങ്ങളൊക്കെ ഈ സിനിമയ്ക്കുണ്ട്. രണ്ടു മണിക്കൂറില്‍ പറഞ്ഞു തീര്‍ക്കാവുന്ന വിഷയത്തിന് മൂന്നു മണിക്കൂറിനടുത്ത് ദൈര്‍ഘ്യം വന്നത് സംവിധായകന്റെ ശീലത്തിന്റെ പ്രശ്നമാവാം. ഇവരെപ്പോലെയുള്ളവരൊക്കെ വിവാഹിതരായാലും കാര്യമായൊന്നും സംഭവിക്കില്ലെന്നാണ് ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസിലാവുക. ചിത്രത്തിന്റെ അണിയറക്കാര്‍ ഉദ്ദേശിച്ചത് എന്തായാലും ഇങ്ങിനെയാവില്ലല്ലോ! ഇടയ്ക്ക് ഭാമയുടെ കഥാപാത്രം വിവേകിനോട് പറയുന്നതുപോലെ, ‘ദേഷമോ സങ്കടമോ അല്ല, സഹതാപമാണ് തോന്നുന്നത്!’; ചിത്രത്തിന്റെ സൃഷ്ടാക്കളോട് കാണികള്‍ക്ക് പറയുവാനുള്ളതും മറ്റൊന്നാവില്ല!

Description: Ivar Vivahitharayal - A Malayalam (Malluwood) film directed by Saji Surendran; starring Jayasurya, Bhama, Samvritha Sunil, Siddique, Rekha, Nedumudi Venu, Suraj Venjarammood, Devan, Mallika Sukumaran, Ganesh Kumar, Anoop Menon, Suresh Krishna, Navya Nair (Guest Appearance); Produced by S. Gopakumar; Story, Screenplay and Dialogues by Krishna Poojapppura; Camera (Cinematography) by Anil Nair; Editing by Manoj; Art Direction by Sujith Raghav; Stunts (Action) by ; Background Score by Mohan Sithara; Effects by Murukesh; Titles by ; Make-up by ; Lyrics by Girish Puthencheri; Music by M. Jayachandran; Choreography by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. June 12 2009 Release.
--

Sunday, June 14, 2009

വിലാപങ്ങള്‍ക്കപ്പുറം (Vilapangalkappuram)

Vilapangalkkappuram (Beyond Cries) - A film by T.V. Chandran starring Priyanka, Suhasini, Thilakan.
ഭൂമിമലയാള’ത്തിനു ശേഷം (പുറത്തിറങ്ങിയതു പ്രകാരം) ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രം കൂടി വെളിച്ചം കാണുന്നു, ‘വിലാപങ്ങള്‍ക്കപ്പുറം’. രണ്ടായിരത്തിയെട്ടിലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച അഭിനേത്രിയായി പ്രിയങ്ക നായര്‍ തിരഞ്ഞെടുക്കപ്പെട്ടത് ഈ ചിത്രത്തിലെ സാഹിറ എന്ന കഥാപത്രത്തിലൂടെയാണ്. 2002-ലെ ഗുജറാത്ത് വംശീയ കലാപം പശ്ചാത്തലമാവുന്ന ഈ ചിത്രത്തിന്റെ കഥയിലൂടെ ആര്യാടന്‍ ഷൌക്കത്തിന് മികച്ച കഥാകൃത്തിനുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി. ആര്യാടന്‍ ഷൌക്കത്ത് പണം മുടക്കിയ ഈ ചിത്രത്തിലെ തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയും സംവിധാ‍യകന്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. സുഹാസിനി, ബിജു മേനോന്‍, തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

ശുഷ്കമായൊരു കഥ, അതു തന്നെ പൂര്‍ണമായി പറഞ്ഞിട്ടുമില്ല. ഗുജറാത്തില്‍ നിന്നും കേരളത്തിലേക്കുള്ള സാഹിറയുടെ വരവു തന്നെ യുക്തിസഹമല്ല. അതു മറക്കാമെന്നു വെച്ചാലും, പൊടുന്നനെ എല്ലാം നഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക്, അതിന്റെ ഞെട്ടല്‍ മാറി സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പൊഴും, തന്റെ ശരീരം കാത്തുരക്ഷിക്കുക എന്നതു മാത്രമായിരിക്കുമോ എക ആവശ്യം? വ്യത്യസ്ത സാഹചര്യങ്ങളില്‍ തന്റെ രക്ഷയ്ക്കെത്തുന്ന ഡോ. മേരി വര്‍ഗീസിനെ ഉമ്മയായും ഗോപാലേട്ടനെ ബാപ്പയായും സാഹിറ കരുതുന്നു. എന്നാല്‍ സാഹിറയ്ക്ക് ഇവരോടുള്ള മാനസികമായ അടുപ്പം വ്യക്തമാക്കുവാന്‍ തക്ക സന്ദര്‍ഭങ്ങളൊന്നും ചിത്രത്തിലില്ല. മനസിനെ തൊടുന്ന ഏതാനും ചില വൈകാരിക നിമിഷങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പുതിയതായൊന്നും ചിത്രം പറയുന്നുമില്ല.

 സംവിധാനം [ 2/10 ]

അഭിനേതാക്കളെ പ്രത്യേകമെടുത്തു നോക്കിയാല്‍ തെറ്റൊന്നും പറയുവാന്‍ കഴിയുകയില്ലെങ്കിലും, ചിത്രത്തിനുതകുന്ന രീതിയില്‍ ഇവരെ ഒത്തിണക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടില്ല. ബിജു മേനോന്‍ അവതരിപ്പിച്ച ഡോ. ഗോപിനാഥ്, നന്ദു അവതരിപ്പിച്ച കഥാപാത്രം എന്നിവയൊക്കെ ചിത്രത്തിന് അധികപ്പറ്റാണ്. സാഹിറയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍, അവയെ കൂട്ടിയിണക്കുന്ന ദുര്‍ബലമായ കണ്ണികളോടെ, കാണിക്കുക മാത്രമാണ് സംവിധായകന്‍ ചെയ്തിരിക്കുന്നത്. അനീതിക്കെതിരെ പോരാടുന്ന ഒരു സ്ത്രീയായി സാഹിറ ഒടുവില്‍ തിരിച്ചെത്തുന്നുണ്ടെങ്കിലും അതിലേക്കുള്ള സാഹിറയുടെ യാത്ര ചിത്രത്തിനു വിഷയമാവുന്നില്ല. വേട്ടയാടപ്പെടുന്നത് കാണിക്കുവാന്‍ എളുപ്പമാണ്, പക്ഷെ ഇര രക്ഷപെട്ട് തിരികെയെത്തുന്നതിനെക്കുറിച്ചു പറയുക അത്ര എളുപ്പമല്ലല്ലോ! ക്യാമറയ്ക്ക് മുന്നില്‍ വന്ന് പേരു പറഞ്ഞു പോവുന്നതു പോലെയുള്ള ചില ഷോട്ടുകളൊക്കെ, അതും ഒന്നിലധികം പ്രാവശ്യം, ഇന്നത്തെ അമച്വര്‍ നാടകങ്ങളെപ്പോലും നാണിപ്പിക്കും.

 അഭിനയം [ 6/10 ]

അഭിനേതാക്കളുടെ പ്രകടനമാണ് ഈ സിനിമയില്‍ എടുത്തു പറയേണ്ടതായുള്ള ഒരു ഘടകം. സാഹിറ എന്ന പെണ്‍കുട്ടിയെ പ്രിയങ്ക കഴിയുന്നത്ര സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ശക്തമായ ഒരു തിരക്കഥയുടെ പിന്‍ബലമുണ്ടായിരുന്നെങ്കില്‍, മറക്കുവാനാവാത്ത ഒരു കഥാപാത്രമായി സാഹിറ മാറുമായിരുന്നു. പല ഘട്ടങ്ങളിലായി സാഹിറയുടെ രക്ഷകരും ശിക്ഷകരുമാവുന്ന കഥാപാത്രങ്ങളായി സുഹാസിനി, തിലകന്‍, സുധീഷ്, വി.കെ. ശ്രീരാമന്‍ തുടങ്ങിയവരും മോശമായില്ല. ബിജു മേനോന്‍, എം.ആര്‍. ഗോപകുമാര്‍, നന്ദു, നിലമ്പൂര്‍ അയിഷ, ശാന്താദേവി, ഇന്ദ്രന്‍സ്, സീനത്ത്, കൃപ തുടങ്ങിയ മറ്റുള്ളവര്‍ക്ക് പേരിനൊരു കഥാപാത്രമായി നില്‍ക്കുക എന്നതിനപ്പുറം ചിത്രത്തിലൊന്നും ചെയ്യുവാനില്ല.

 സാങ്കേതികം [ 3/5 ]

ഛാ‍യാഗ്രഹണത്തില്‍ എം.ജെ. രാധാകൃഷ്ണനും ചിത്രസംയോജനത്തില്‍ ബീന പോളും ചിത്രമാവശ്യപ്പെടുന്ന സാങ്കേതിക മികവ് കൈവരിച്ചിട്ടുണ്ട്. ഐസക് തോമസ് കൊടുക്കാപ്പള്ളി ഒരുക്കിയ പശ്ചാത്തല സംഗീതവും ശ്രദ്ധേയമായിരുന്നു.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഗിരീഷ് പുത്തഞ്ചേരി എഴുതി, എം. ജയചന്ദ്രന്റെ സംഗീതസംവിധാനത്തില്‍ മഞ്ജരി പാടിയ “മുള്ളുള്ള മുരിക്കിന്മേല്‍...” എന്നൊരു ഗാനമാണ് ചിത്രത്തിലുള്ളത്. അധികം ശബ്ദകോലാഹലങ്ങളില്ലാതെ ഒരുക്കിയിരിക്കുന്ന ഈ ഗാനം സന്ദര്‍ഭത്തോടിണങ്ങുന്നു. മഞ്ജരിയുടെ ആലാപനവും നന്ന്.

തികച്ചും ഭീകരമായ ഒരു അനുഭവമായി മാറേണ്ട, ഗുജറാത്ത് കലാപത്തിന്റെ കാഴ്ചകളൊന്നും അത്ര വിശ്വസിനീയമായല്ല ഒരുക്കിയിരിക്കുന്നത്. കലാപത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി ചിത്രത്തില്‍ പ്രകടമായി വന്നില്ല.

 ആകെത്തുക [ 3.75/10 ]

സാഹിറയുടെ അവസ്ഥയ്ക്കൊരു കാരണം എന്നതിനപ്പുറം ഗുജറാത്തിലെ കലാപം ചിത്രത്തിനൊരു വിഷയമാവുന്നില്ല. ഈ വര്‍ഷാരംഭത്തില്‍ പുറത്തിറങ്ങിയ നന്ദിതാ ദാസ് ചിത്രമായ ‘ഫിറാഖ്’ ഇവിടെ ഓര്‍ത്തുപോവുന്നു. സംവിധായികയുടെ വ്യക്തിപരമായ വീക്ഷണങ്ങളായിരിക്കാമെങ്കില്‍ പോലും, എത്ര മികവോടെയാണ് അവര്‍ വിഷയം അവതരിപ്പിച്ചത്! കലാപം നേരില്‍ കാണുന്ന, അതിന്റെ ദുരിതങ്ങള്‍ നേരിട്ടനുഭവിക്കുന്ന ഒരു അവസ്ഥയിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നു അതുപോലെയുള്ള ചിത്രങ്ങള്‍. മറിച്ചു ചിന്തിക്കുവാനൊരു പ്രേരണയാകുവാനും അവയ്ക്കു കഴിയുന്നു. എന്നാലിവിടെയോ? പണ്ടെങ്ങോ ഉപേക്ഷിക്കേണ്ടിയിരുന്ന ചലച്ചിത്ര ആഖ്യാനശൈലിയും താങ്ങി, കപടസമാന്തര സിനിമയെടുക്കുവാനൊരു വൈകാരിക വിഷയം മാത്രമാവുന്നു ഗുജറാത്ത് കലാപം, അതില്‍ നിന്നും രക്ഷപെടുന്ന ഇര! അനാഥത്വത്തിന്റെ, സ്ത്രീശരീരം വേട്ടയാടപ്പെടുന്നതിന്റെ എത്രയോ കഥകള്‍ ഇതിനോടകം വന്നു കഴിഞ്ഞു. സംവിധായകന്റെ കഴിഞ്ഞ ചിത്രമായ ‘ഭൂമിമലയാള’ത്തിലും കഥ വ്യത്യസ്തമല്ല, പശ്ചാത്തലം മാത്രം മാറുന്നു. മണിയറയില്‍ നിന്നും ഇരുളിലേക്ക് ഓടിമറയുന്ന നവവധുവിനെ പിന്നെ കാണിക്കുന്നത് അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നവരുടെ മുന്‍ നിരയിലാണ്. ആ കാലയളവിലെ അവളുടെ യാത്രയായിരുന്നു ചിത്രമെങ്കില്‍ അതിനൊരു പുതുമയുണ്ട്. ഇതതൊന്നുമല്ലാതെ പഴയ പലതിന്റെയും ആവര്‍ത്തനം മാത്രമായ ‘വിലാപങ്ങള്‍ക്കപ്പുറം’, പ്രേക്ഷകന് നിരാശകള്‍ക്കപ്പുറം ഒന്നും നല്‍കുവാന്‍ പ്രാപ്തിയുള്ളതല്ല.

Description: Vilapangalkappuram (Beyond Cries) - A Malayalam (Malluwood) film directed by T.V. Chandran; starring Priyanka, Suhasini, Biju Menon, Thilakan, M.R. Gopakumar, V.K. Sreeraman, Sudheesh, Nilambur Ayesha, Santha Devi, Kripa; Produced by Aryaadan Shaukath; Story by Aryaadan Shaukath; Screenplay and Dialogues by T.V. Chandran; Camera (Cinematography) by M.J. Radhakrishnan; Editing by Beena Paul; Art Direction by ; Stunts (Action) by ; Background Score by Issac Thomas Kodukkappally; Effects by ; Titles by ; Make-up by ; Lyrics by Girish Puthencheri; Music by M. Jayachandran; Choreography by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. June 12 2009 Release.
--

Tuesday, May 5, 2009

ഭൂമിമലയാളം (Bhoomi Malayalam)

Bhoomi Malayalam - A film by T.V. Chandran; Starring Suresh Gopi, Samvritha Sunil, Priyanka Nair, Padmapriya.
2006-ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട ‘ആടും കൂത്ത്’ എന്ന തമിഴ് ചിത്രമാണ് ടി.വി. ചന്ദ്രന്റേതായി ഏറ്റവും ഒടുവില്‍ കാണുവാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ മുന്‍‌ചിത്രങ്ങളുമായി മത്സരിച്ചാല്‍ പോലും എങ്ങുമെത്താത്ത ‘ആടും കൂത്ത്’ മേളയില്‍ സംസാരവിഷയമായതേയില്ല. (2005-ലെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രമാണിതെന്നത് മറക്കുന്നില്ല!) രേവതി ചന്ദ്രന്‍, വി.പി. അഭീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്; അദ്ദേഹത്തിന്റെ തന്നെ രചനയിലുള്ള ‘ഭൂമിമലയാള’ത്തിന്റെ കാര്യവും ‘ആടും കൂത്തി’ല്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല.

 കഥയും, കഥാപാത്രങ്ങളും [ 3/10 ]

അടൂര്‍ ഗോപാലകൃഷ്ണന്‍ ‘നാലു പെണ്ണുങ്ങളി’ല്‍ നാലു സ്ത്രീകളുടെ കഥയാണ് പറഞ്ഞിരിക്കുന്നതെങ്കില്‍, ഇവിടെ ആറോ ഏഴോ സ്ത്രീകളുടെ കഥയാണ് പറഞ്ഞിരിക്കുന്നത്. ഇന്നത്തെ കഥകളല്ല, ഓരോ കഥകളും തമ്മില്‍ ബന്ധമൊന്നുമില്ല തുടങ്ങിയ ആരോപണങ്ങളായിരുന്നു ‘നാലു പെണ്ണുങ്ങള്‍’ക്കെതിരെ ഉന്നയിച്ചിരുന്നത്. ഈ ആരോപണങ്ങള്‍ക്ക് പഴുതില്ലാതെയാണ് ഈ ചിത്രത്തിന്റെ രചന. ഇന്നത്തെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളായ കര്‍ഷകരുടെ ആത്മഹത്യ, രാഷ്ട്രീയ കൊലപാതകങ്ങള്‍, ജോലിപരമായും മറ്റുമുള്ള സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന സ്ത്രീകളോടുള്ള മനോഭാവം ഇവയൊക്കെ ഈ സിനിമയില്‍ വിഷയമാവുന്നു. എന്തെങ്കിലുമൊക്കെ തൊട്ടുതെറിച്ച ബന്ധം ഓരോ കഥ തമ്മിലും ഉണ്ടാക്കുവാനും കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്. സഹോദരന്‍ നഷ്ടപ്പെടുന്ന, മകനെ നഷ്ടപ്പെടുന്ന, ഭര്‍ത്താവിനെ/കാമുകനെ നഷ്ടപ്പെടുന്ന ഇങ്ങിനെ വിവിധ അവസ്ഥകളിലുള്ള സ്ത്രീകളുടെ പേടി, ദുഃഖം എന്നിവ നേരിട്ട് കാണിക്കുന്നു എന്നതിനപ്പുറത്തേക്ക് ചിത്രത്തിന്റെ കഥ ഒരു ഘട്ടത്തിലും വളരുന്നില്ല എന്നയിടത്താണ് സിനിമ പരാജയപ്പെടുന്നത്.

 സംവിധാനം [ 4/10 ]

ഒരു കഥാപാത്രത്തിന്റെ കഥ പറയുന്നു, അതു മറ്റൊരു കഥാപാത്രത്തില്‍ ചെന്നു നില്‍ക്കുന്നു, ഈ കഥാപാത്രത്തിലൂടെ മറ്റൊരു കഥയിലേക്ക് അല്ലെങ്കില്‍ മറ്റൊരു ഭാഗത്തേക്ക് സിനിമ നീങ്ങുന്നു. ചിലയിടങ്ങളില്‍ ഇങ്ങിനെ ബന്ധിപ്പിച്ചിരിക്കുന്നതിന് രസമുണ്ടെങ്കിലും, പലയിടത്തും രണ്ടുഭാഗങ്ങള്‍ ബന്ധിപ്പിച്ചെടുക്കുവാന്‍ സംവിധായകന്‍ വല്ലാതെ കഷ്ടപ്പെടുന്നതായും തോന്നി. വളരെ കൃത്രിമത്വം തോന്നുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ചിത്രത്തില്‍ കുറവല്ല. നാടകത്തിലെന്നപോലെ, അതുവരെ വന്ന നായികമാരൊരുമിച്ച് കരയുന്നതും നിലവിളിക്കുന്നതും ഇടയ്ക്കിടെ കടന്നുവരുന്നുമുണ്ട്. എന്നാല്‍ ഈ സങ്കേതങ്ങളൊന്നും ഉദ്ദേശിച്ച രീതിയില്‍ പ്രേക്ഷകനിലേക്ക് കഥാപാത്രങ്ങളെ എത്തിക്കുകയോ, എന്തെങ്കിലുമൊരു പുതിയ സംവേദനതലം സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. കഥയ്ക്കോ പ്രമേയത്തിനോ യോജിച്ച ഒരു അവതരണമായിരുന്നില്ല, അല്ലെങ്കില്‍ ഈ അവതരണത്തിനു യോജിച്ച കഥയും കഥാപാത്രങ്ങളുമായിരുന്നില്ല ചിത്രത്തിനുണ്ടായതെന്നു തോന്നുന്നു.

 അഭിനയം [ 4/10 ]

ഓരോ കഥാപാത്രത്തിന്റേയും പേടിക്ക് ഓരോ കാരണമാണെങ്കിലും, ഭാവത്തിലും അവതരണത്തിലും കാഴ്ചയില്‍ വ്യത്യസ്തത തോന്നിച്ചില്ല. ഈ കാര്യത്തില്‍ സംവിധായകനും ചെറുതല്ലാത്ത പങ്കുണ്ട്. ചിത്രത്തില്‍ കാര്യമായെന്തെങ്കിലും ചെയ്യുവാനുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച സംവൃത സുനില്‍, പ്രിയങ്ക, പത്മപ്രിയ തുടങ്ങിയവര്‍ മോശമായില്ലെന്നേ പറയുവാനുള്ളൂ. കൂട്ടുവേഷങ്ങളായെത്തിയ സുരേഷ് ഗോപി, നെടുമുടി വേണു, ലക്ഷ്മി ശര്‍മ്മ, ഗോവിന്ദ് പത്മസൂര്യ, അനൂപ് ചന്ദ്രന്‍, വി.കെ. ശ്രീരാമന്‍, അരുണ്‍ തുടങ്ങിയവര്‍ക്കൊന്നും ചിത്രത്തില്‍ കാര്യമായ പങ്കില്ല.

 സാങ്കേതികം [ 3/5 ]

കെ.ജി. ജയന്റെ ഛായാഗ്രഹണമികവിലാണ് പല രംഗങ്ങളും രക്ഷപെട്ടു പോവുന്നത്. നായികമാരുടെ പരിമിതികളെ തുറന്നു കാട്ടുന്നതായി ചില ക്ലോസ്-അപ്പ് ഷോട്ടുകള്‍ എന്നതൊഴിച്ചാല്‍ മിക്കവാറുമെല്ലായ്പോഴും ക്യാമറ മികവു പുലര്‍ത്തി. ലക്ഷ്യം തെറ്റി, പല ദിശകളില്‍ ക്യാമറ സഞ്ചരിക്കുന്ന രംഗങ്ങള്‍ ആവര്‍ത്തിച്ചു വന്നത് അല്പം മടുപ്പിച്ചുവെന്നതുമൊരു കുറവായി പറയാം. വേണുഗോപാലിന്റെ ചിത്രസംയോജനമാ‍ണ് ചിത്രത്തില്‍ പിന്നെ മികച്ചു നില്‍ക്കുന്നത്. പ്രിയങ്ക അവതരിപ്പിച്ച കായികതാരം, ഒരു രംഗത്തില്‍ നിന്നും ചാടിത്തുടങ്ങി മറ്റൊന്നില്‍ ചാട്ടം അവസാനിപ്പിക്കുന്നത് വളരെ നന്നായിത്തന്നെ സന്നിവേശിപ്പിച്ചിരുന്നു. കലാസംവിധാനം നിര്‍വ്വഹിച്ച രാജേഷ് കല്പത്തൂറിന്റെ പരിശ്രമവും തൃപ്തികരം.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

ഐസക് തോമസ് കൊട്ടുക്കാപ്പള്ളിയുടെ പിന്നണിസംഗീതം ചിത്രത്തിനു ഗുണകരമായെന്നു കരുതുവാനില്ല. അക്രമങ്ങളും, തല്ലും, കൊലയുമൊക്കെ ചിത്രത്തിലുണ്ടെങ്കിലും അപക്വമായ ചിത്രീകരണം അവയുടെയൊന്നും ഭീതി പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നില്ല. അനാവശ്യമായി ഗാനങ്ങള്‍ ചേര്‍ക്കാത്തത് അല്പം ആശ്വാസകരം എന്നുമാത്രം.

 ആകെത്തുക [ 3.75/10 ]

മലയാളസിനിമയില്‍ വ്യത്യസ്തമായ പ്രമേയങ്ങളുണ്ടാവണം, പരീക്ഷണങ്ങളുണ്ടാവണം എന്നൊക്കെ പറയുമ്പോള്‍ തന്നെ ഇതുപോലെയുള്ള ഏച്ചുകെട്ടിയ ചിത്രങ്ങളെ തള്ളിപ്പറയേണ്ടിയും വരുന്നു. ദി ഹിന്ദുവിനു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഇങ്ങിനെ പറയുന്നു:
I believe that through each and every film, what I am trying to do is to move an inch forward from where we are.
എന്നാല്‍ കഥപറയുന്ന രീതിയിലൊരു ചെറിയ പുതുമ കൊണ്ടുവന്നു എന്നതുകൊണ്ടു മാത്രം മലയാളസിനിമയോ, ടി.വി. ചന്ദ്രന്റെ സിനിമയോ ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങിയെന്നു കരുതുവാനാവില്ല. ടി.വി. ചന്ദ്രനെപ്പോലെ പരിചയസമ്പന്നനായ ഒരു സംവിധായകനില്‍ നിന്നും ഇതുപോലെയുള്ള അപക്വമായ ചിത്രങ്ങളല്ല പ്രതീക്ഷിക്കുന്നതും. ഒരു മോശം ചിത്രമെന്ന് എഴുതിത്തള്ളാതിരുക്കുവാനുള്ള ഏക കാരണം, ചിത്രം കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഗൌരവമാണ്. അതുതന്നെ, ഇത്തരം വിഷയങ്ങളുടെ നേര്‍ക്കാഴ്ചകള്‍ പോലും മലയാളസിനിമയ്ക്ക് പുതുമകളായതുകൊണ്ടു മാത്രം!

Description: BhoomiMalayalam (Bhoomi Malayalam) - A Malayalam (Malluwood ) film directed by T.V. Chandran; starring Suresh Gopi, Nedumudi Venu, Samvritha Sunil, Padmapriya, Priyanka Nair, Lakshmi Sharma, Govind Padmasurya, Kripa, Arun, Anoop Chandran, V.K. Sreeraman, Nanda, Jasna; Produced by Revathi Chandran, V.P. Ajeesh; Story, Screenplay and Dialogues by T.V. Chandran; Camera (Cinematography) by K.G. Jayan; Editing by Venugopal; Art Direction by Rajesh Kalpathoor; Stunts (Action) by ; Background Score by Isaac Thomas Kottukapally; Make-up by ; Lyrics by ; Music by ; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. May 01 2009 Release.
--

Thursday, April 16, 2009

മോസ് & ക്യാറ്റ് (Moz & Cat)

Moz & Cat: Directed by Fazil; Starring Dileep, Baby Niveditha, Aswathy Ashok.
‘വിസ്മയത്തുമ്പത്ത്’ എന്ന ചിത്രത്തിനു ശേഷം ഫാസില്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മോസ് & ക്യാറ്റ്’. ദിലീപ്, ബേബി നിവേദിത, പുതുമുഖം അശ്വതി അശോക്; ഇവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ഫാ‍സില്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും. വിഷു ദിനത്തില്‍ തിയേറ്ററുകളിലെത്തിയ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോണി സാഗരിഗ.

 കഥയും, കഥാപാത്രങ്ങളും [ 3/10 ]

മോസ് ഡി. സാമുവല്‍, ടെസി എന്നീ കഥാപാത്രങ്ങള്‍ക്ക് തീര്‍ച്ചയായും പുതുമ അവകാശപ്പെടാം. ഇത്രയും നിഷ്കളങ്കമായി കള്ളത്തരങ്ങള്‍ ചെയ്യുന്ന രണ്ടുപേര്‍ മലയാളം സിനിമയില്‍ അധികം ഉണ്ടായിട്ടില്ല. ഇവരുടെ കളിയും ചിരിയും കള്ളത്തരങ്ങളും ഇടയ്ക്കിടെയുള്ള നര്‍മ്മങ്ങളുമൊക്കെയായി ഇടവേളവരെ സിനിമ ആസ്വാദ്യകരമാക്കുവാന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ലക്കും ലഗാനുമില്ലാതെയാണ് ചിത്രത്തിന്റെ പോക്ക്. മോസിന്റെ ‘ബുദ്ധിപൂര്‍വ്വമായ’ നീക്കങ്ങള്‍ പലതും കേവലം ആകസ്മികതകളോ പൊട്ടത്തരങ്ങളോ ആയേ പ്രേക്ഷകന് അനുഭവപ്പെടുന്നുള്ളൂ. ഇത്തരം നീക്കങ്ങളിലൂടെ ചെന്നെത്തുന്ന ചിത്രത്തിന്റെ പരിണാമഗുപ്തിയാവട്ടെ ആവര്‍ത്തനവിരസവുമാണ്, അതു തന്നെ വലിച്ചു നീട്ടി കഴിയുന്നത്ര മടുപ്പാക്കിയിട്ടുമുണ്ട്.

 സംവിധാനം [ 2/10 ]

സംവിധായകനെന്ന നിലയില്‍ ഏറെയൊന്നും അഭിമാനിക്കുവാന്‍ ചിത്രം ഫാസിലിനു വക നല്‍കുന്നില്ല. ബേബി നിവേദിതയെ ടെസിയെന്ന കഥാപാത്രമായി ഒരുക്കിയെടുത്തതിലും അഭിനയിപ്പിച്ചെടുത്തതിലും ഫാസില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു പല കാര്യങ്ങളിലും ഫാസില്‍ പിന്നോക്കം പോവുന്നു. ക്ലൈമാക്സില്‍ പോലും ചിത്രം ആവശ്യപ്പെടുന്ന പിരിമുറുക്കം കൊണ്ടുവരുവാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. ഏകദേശം ഒരേ അച്ചില്‍ വാര്‍ത്തിരിക്കുന്ന വിവിധ ഗാനരംഗങ്ങളും ചിത്രത്തിന് അധികപ്പറ്റാണ്. അടുത്തടുത്ത രണ്ട് ചിത്രങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളുടെ ഇടവേളയിടുന്നതുകൊണ്ട് മാത്രം ചിത്രങ്ങള്‍ മികച്ചതാവില്ല എന്ന് സംവിധായകന്‍ ഓര്‍ക്കുന്നത് നന്ന്!

 അഭിനയം [ 5/10 ]

ബേബി നിവേദിതയുടെ ടെസി എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ ജീവന്‍. മോസിന്റെ കള്ളത്തരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ടെസിയെന്ന മിടുക്കിയെ നിവേദിത വളരെ വിശ്വസിനീയമായി അവതരിപ്പിച്ചിട്ടുണ്ട്. സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച അശ്വതി അശോകിന്റെ നന്ദനയെന്ന കഥാപാത്രവും മോശമായില്ല. സ്ഥിരം ഗോഷ്ടികളും തരികിടകളും കുറേയൊക്കെ ഒഴിവാക്കിയിട്ടുണ്ട് എന്നതുമാത്രമാണ് ദിലീപിന്റെ അഭിനയത്തില്‍ കണ്ട ഏക മികവ്. നന്ദനയുടെ സഹോദരന്‍ സുമേഷായെത്തുന്ന റഹ്മാനും ശരാശരി നിലവാരത്തില്‍ നിന്നും മുകളിലേക്ക് പോയിട്ടില്ല. മനോജ് കെ. ജയന്‍, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, അനൂപ് ചന്ദ്രന്‍, സുധീഷ്, ജാഫര്‍ ഇടുക്കി, ജനാര്‍ദ്ദനന്‍ തുടങ്ങിയവരുടെ കൂട്ടുവേഷങ്ങളാണ് സിനിമയ്ക്ക് അല്പമെങ്കിലും മികവു നല്‍കുന്നത്.

 സാങ്കേതികം [ 4/10 ]

ആനന്ദക്കുട്ടന്റെ ക്യാമറ ചിത്രത്തിനെന്തെങ്കിലും പുതുമ നല്‍കുന്നതായി തോന്നിയില്ല. ഗൌരിശങ്കറിന്റെ ചിത്രസംയോജനവും ചിത്രത്തിനു വേഗത നല്‍കുന്നതില്‍ പരാജയമാണ്. സംവിധായകനു കൂടി പങ്കുണ്ടെങ്കിലും, ചിത്രത്തിനാവശ്യമുള്ള മൂഡ് ഉണ്ടാക്കുന്നതില്‍ സാങ്കേതികവിഭാഗം വിജയിച്ചിട്ടില്ല. പ്രമേയത്തിലെ ചെറിയ പുതുമകള്‍ സിനിമയ്ക്ക് ഗുണകരമാവുന്ന രീതിയില്‍ പ്രകടമാക്കി അവതരിപ്പിക്കുവാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച്, ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ചിലതൊക്കെ തികച്ചും അനുചിതമായാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെങ്കിലും അവ ആസ്വാദ്യകരമാണ്. എം.ജി. ശ്രീകുമാര്‍, സുജാത എന്നിവര്‍ പാടിയിരിക്കുന്ന “ഒരു കൂടണയാനൊരു തണലില്ല...”; സുജാത, ശ്വേത തുടങ്ങിയവര്‍ പാടിയിരിക്കുന്ന “തൊട്ടാല്‍ പൂക്കും...”; ബിജു നാരായണന്‍, ശ്വേത എന്നിവരുടെ ശബ്ദത്തില്‍ “കുളിര്‍മഞ്ഞുകായലില്‍...”; ഈ ഗാനങ്ങളൊക്കെയും ശ്രദ്ധേയമായി. ആല്‍ബത്തിലുള്ള ചില ഗാനങ്ങളെങ്കിലും ചിത്രത്തിലുണ്ടായില്ല, തിയേറ്ററുകാര്‍ തന്നെ അവ ബുദ്ധിപൂര്‍വ്വം ഒഴിവാക്കിയെന്നു തോന്നുന്നു. ബേബി നിവേദിതയുടെ കുട്ടിത്തം നിറഞ്ഞ നൃത്തച്ചുവടുകളാണ് പ്രധാനമായും എല്ലാ ഗാനരംഗങ്ങളുടേയും ആകര്‍ഷണം. ആക്ഷന്‍ രംഗങ്ങള്‍ക്ക് കാര്യമായ പ്രാധാന്യമില്ലാത്തതിനാല്‍ തന്നെ, മാഫിയ ശശിക്ക് പ്രത്യേകിച്ചൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല.

 മറ്റുള്ളവ [ 3/5 ]

‘മോസ് & ക്യാറ്റ്’ എന്ന കൌതുകമുള്ള പേര്, കുട്ടികളുടെ ചിത്രമെന്ന തോന്നലുണ്ടാക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ ഇവയൊക്കെ ചിത്രം കാണുവാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. കഥാപാത്രങ്ങള്‍ക്ക് ചേരുന്ന വേഷങ്ങളും, ചുറ്റുപാടുകളുമൊരുക്കുവാന്‍ ഇവ കൈകാര്യം ചെയ്തവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. റഹ്മാന്റെ ഡബ്ബിംഗ് മാത്രം സുഖകരമായി തോന്നിയില്ല. വിഷയമാവശ്യപ്പെടുന്ന നിര്‍മ്മാണമികവും ചിത്രത്തിനുണ്ട്.

 ആകെത്തുക [ 4.0/10 ]

കളിചിരിയും തമാശയും ആക്ഷനുമൊക്കെയായി ഒരുത്സവച്ചിത്രം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് ഏറെയൊന്നും ചിത്രത്തിലില്ല. ബേബി നിവേദിതയുടെ സാന്നിധ്യം ആശ്വാസമാണെങ്കിലും അതുമാത്രം കൊണ്ട് ചിത്രം രക്ഷപെടില്ല. കുട്ടികള്‍ക്ക് രസിക്കുന്ന രീതിയില്‍ തയ്യാറാക്കുവാന്‍ പ്രമേയത്തില്‍ സാധ്യതകളുണ്ടായിട്ടും അവ പ്രയോജനപ്പെടുത്തുവാനും തിരക്കഥാകൃത്തുകൂടിയായ സംവിധായകനു കഴിഞ്ഞില്ല. മുതിര്‍ന്നവര്‍ക്ക് തന്നെ ദഹിക്കാത്ത രീതിയില്‍ ചുറ്റിക്കെട്ടിയുള്ള കഥ, കുട്ടികളുടെ ചിത്രമെന്ന രീതിയിലെടുക്കുവാന്‍ ശ്രമിച്ച് എങ്ങുമെങ്ങുമെത്താത്ത അവസ്ഥയിലായതാണെന്നു തോന്നുന്നു ഈ ചിത്രം. ഫാസിലിന്റെ പല ചിത്രങ്ങളിലുമെന്നതുപോലെ ഈ ചിത്രത്തിലെ പ്രതിനായകനുമുണ്ട് മാനസികപ്രശ്നവും, അതില്‍ നിന്നും അയാളെ രക്ഷപെടുത്തുവാനായി നായകനും സംഘവും ചേര്‍ന്ന് സൃഷ്ടിച്ചെടുക്കുന്ന ഒരു സാഹചര്യവും; ഈയൊരു പരിപാടി ഇനിയും മടുത്തില്ലെന്നതാണത്ഭുതം! ചുരുക്കത്തില്‍, ‘സമസ്തകേരളം പി.ഓ.’യെന്നതുപോലെ പാഴായൊരു വിഷുക്കണിയാകുവാനാണ് ഈ ചിത്രത്തിനും യോഗം.

Description: Moz & Cat - A Malluwood (Malayalam) film directed by Fazil; starring Dileep, Ashwathy Ashok, Baby Niveditha, Rahman, Manoj K. Jayan, Jagathy Sreekumar, Harisree Ashokan, Sudheesh, Anoop Chandran, Jaffer Idukki, Janardhanan, Krishnakumar; Produced by Johny Sagarika; Story, Screenplay and Dialogues by Fazil; Camera (Cinematography) by Anandakkuttan (Rajarathnam); Editing by Gaurisankar K.R.; Art Direction by ; Stunts (Action) by Mafia Sasi; Background Score by ; Make-up by ; Lyrics by Kaithapram Damodaran Namboothiri; Music by Ouseppachan; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. April 14 2009 Release.
--

Wednesday, April 15, 2009

സമസ്‌തകേരളം പി.ഓ. (Samasthakeralam P.O.)

SamasthaKeralam P.O. - A film directed by Bipin Prabhakar; Starring Jayaram, Sara, Priyanka.
രണ്ടായിരത്തിയെട്ടിലെ മികച്ചചിത്രമെന്ന ഖ്യാതി നേടിയ ‘വെറുതേ ഒരു ഭാര്യ’യ്ക്ക് തിരക്കഥയെഴുതിയ കെ. ഗിരീഷ്‌കുമാറിന്റെ രചനയില്‍ മറ്റൊരു ചിത്രം, ‘സ‌മസ്തകേരളം പി.ഓ.’. ‘കാക്കി’, ‘വണ്‍ വേ ടിക്കറ്റ്’ തുടങ്ങിയ ഏറെയൊന്നും മികവുപറയുവാനില്ലാത്ത ചിത്രങ്ങള്‍ മാത്രം സ്വന്തം പേരിലുള്ള ബിപിന്‍ പ്രഭാകറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇലക്ഷന്‍ സമയത്തൊരു പഞ്ചായത്ത് ഇലക്ഷന്റെ കഥപറയുന്ന ഈ ജയറാം ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹൌളി പോട്ടൂര്‍.

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

മലയാളസിനിമയില്‍ വര്‍ഷങ്ങളായി കണ്ടുവരുന്ന കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയുമാണ് ഈ കഥ പുരോഗമിക്കുന്നത്. സല്‍‌സ്വഭാവിയും, ത്യാഗിയും, ചതിയറിയാത്ത നിഷ്കളങ്കനുമായ നായകന്‍; പതിവുപോലെ അമ്മയുള്‍പ്പടെ ഏവരാലും തെറ്റിദ്ധരിക്കപ്പെടുകയും, ഒടുവില്‍ നിരപരാധിത്വമറിയുന്നതോടെ വീണ്ടും നാട്ടാരുടേയും വീട്ടാരുടേയും കണ്ണിലുണ്ണിയാവുകയും ചെയ്യുന്നു. മകനെ തെറ്റിദ്ധരിച്ച് പിന്നീട് ധാരണമാറുമ്പോള്‍ ‘എനിക്കു നിന്നെ അറിയുവാന്‍ കഴിഞ്ഞില്ലല്ലോ!’ എന്നു പരിതപിക്കുന്ന അമ്മ! - മലയാളസിനിമയുടെ ദൌര്‍ബല്യമാണെന്നു തോന്നുന്നു ഈ രംഗം. നാല്‍‌പതുവയസുള്ള (സിനിമയില്‍ പറയുന്നതു തന്നെ!) നായകനെ പ്രണയിക്കുവാനായി ഒന്നല്ല, രണ്ടുപേരാണ് ചിത്രത്തില്‍. തെറ്റിദ്ധരിക്കുന്നതും ചതിക്കപ്പെടുന്നതും മറ്റും വിശ്വസിനീയമായി അവതരിപ്പിച്ചിരുന്നെങ്കില്‍ അത്രയെങ്കിലും ആശ്വസിക്കാമായിരുന്നു, ഇതതുമില്ല! ഇതിനെല്ലാം പുറമേ പഴയകാല വില്ലന്മാരെ അനുസ്മരിപ്പിക്കുന്ന രീതിയില്‍, ഉച്ചത്തില്‍ മാത്രം സംസാരിക്കുകയും, എന്തിനുമേതിനും തട്ടിക്കയറുകയും, കണ്ണുരുട്ടിപ്പേടിപ്പിക്കുകയും ചെയ്യുന്ന തനി കോമാളിവില്ലന്‍ കൂടിയെത്തുന്നതോടെ കഥയുടെ പതനം പൂര്‍ണ്ണമാവുന്നു.

 സംവിധാനം [ 3/10 ]

ബിപിന്‍ പ്രഭാകറിന്റെ മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സംവിധായകമികവ് ഈ ചിത്രത്തില്‍ പ്രകടമാണ്. കുറച്ചുകൂടി കൈയ്യടക്കത്തോടെ ബിപിന് കഥപറയുവാന്‍ കഴിഞ്ഞിരിക്കുന്നു ഇതില്‍. പൂര്‍വ്വകാല മലയാളസിനിമകളുടെയൊരു ലാളിത്യം ചിത്രത്തിനുണ്ട്. ഒരു പത്തോ ഇരുപതോ കൊല്ലം മുന്‍പ് ബിപിന്‍ പ്രഭാകര്‍ ഈ ചിത്രം ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും കൈയ്യടിക്കാമായിരുന്നു, ഇന്നിത് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ കൂവുന്നില്ല എന്നതുതന്നെ ബിപിന് ആശ്വാസം നല്‍കേണ്ടതാണ്. കാലഹരണപ്പെട്ട വിഷയങ്ങളില്‍ കടിച്ചു തൂങ്ങാതിരിക്കുവാന്‍ അടുത്ത ചിത്രമെങ്കിലും ബിപിന്‍ പ്രഭാകര്‍ ശ്രദ്ധിക്കുമെന്നു കരുതാം.

 അഭിനയം [ 6/10 ]

‘വെറുതേ ഒരു ഭാര്യ’യിലെ ഓവര്‍ സിയര്‍ സുഗുണനെന്നപോലെ, പ്രഭാകരനേയും ജയറാം സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു. രഞ്ജിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സെറയ്ക്ക് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. മറ്റൊരു നായികയായ പ്രിയങ്കയ്ക്ക് പിന്നെയും ചിത്രത്തില്‍ പ്രാധാന്യമുണ്ട്. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച അവറാച്ചന്‍, ജഗദീഷിന്റെ ചാണ്ടിക്കുഞ്ഞ്, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാഷ്, പ്രേം കുമാറിന്റെ മാവോ മോഹനന്‍ തുടങ്ങിയ വേഷങ്ങളും ശ്രദ്ധേയമായി. കൂട്ടുവേഷങ്ങളായെത്തുന്ന പി. ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, കുഞ്ചന്‍, കൊച്ചു പ്രേമന്‍, ജനാര്‍ദ്ദനന്‍, ശിവാജി ഗുരുവായൂര്‍ എന്നവരും മോശമായില്ല. ചിത്രത്തില്‍ വില്ലനായെത്തുന്ന നടന്റെ പ്രകടനം മാത്രമാണ് അരോചകമായി തോന്നിയത്.

 സാങ്കേതികം [ 5/10 ]

ചിത്രമാവശ്യപ്പെടുന്ന സാങ്കേതികമികവു നല്‍കുവാന്‍ ക്യാമറ ചലിപ്പിച്ച രാജരത്നം, എഡിറ്റിംഗ് നിര്‍വ്വഹിച്ച രഞ്ജന്‍ എബ്രഹാം, കലാസംവിധായകന്‍ സുരേഷ് കൊല്ലം തുടങ്ങിയവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രാജാമണിയുടെ പശ്ചാത്തലസംഗീതവും ചിത്രത്തോട് ചേര്‍ന്നു പോവുന്നു. എന്നാല്‍ സാങ്കേതികതികവൈദഗ്ദ്ധ്യം സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുന്നതരത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ ഇവരാരും ശ്രമിച്ചിട്ടുള്ളതായി തോന്നിയില്ല.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയെഴുതി എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ക്ക് ആകര്‍ഷണീയത കുറവാണ്. ഇലക്ഷന്‍ രംഗങ്ങള്‍ കൂട്ടിയിണക്കിയുള്ള “മാരിക്കാവടിചൂടിയ...” എന്ന ഗാനം ചിത്രത്തോട് ചേര്‍ന്നു പോവുന്നുണ്ട്. പ്രഭാകരന്റെയും രഞ്ജിനിയുടേയും പ്രണയരംഗങ്ങള്‍ക്ക് പശ്ചാത്തലമാവുന്ന “സുന്ദരീ! എന്‍ സുന്ദരീ!” എന്ന ഗാനം പ്രേക്ഷകരെ ശരിക്കും മുഷിപ്പിക്കും. പേരിനു തിരുകിയിരിക്കുന്ന വില്ലന്‍ കഥാപാത്രവുമായുള്ള സംഘട്ടനങ്ങള്‍ വില്ലനെപ്പോലെ തന്നെ അരോചകമാണ്.

 മറ്റുള്ളവ [ 3/5 ]

നാല്പതുവയസാണ് നായകനെന്ന് ചിത്രത്തില്‍ പറയുന്നെങ്കിലും അത്രയൊന്നും പ്രായം ജയറാമിന്റെ കഥാപാത്രത്തിന് തോന്നിച്ചില്ല. ചിത്രത്തോട് താത്പര്യം തോന്നിക്കുവാന്‍ കൊളിന്‍സ് ലിയോഫില്ലിന്റെ ഡിസൈനുകള്‍ പര്യാപ്തമാണ്. നിര്‍മ്മാണത്തില്‍ ഹൌളി പോട്ടൂര്‍ പിശുക്കുകാട്ടിയിട്ടുമില്ല. എന്നാല്‍ ചിത്രത്തിന്റെ കഥയില്ലായ്മ നിര്‍മ്മാണത്തിലെ മികവിനെ നിഷ്‌പ്രഭമാക്കുന്നു.

 ആകെത്തുക [ 3.8/10 ]

ഒരു സാധാരണ ജയറാം ചിത്രമെന്നതില്‍ നിന്നും ഏറെയൊന്നും മുന്നോട്ടു കൊണ്ടുപോകുവാന്‍ തിരക്കഥാകൃത്തിനോ സംവിധായകനോ ഇതില്‍ സാധിച്ചിട്ടില്ല. ഒരു പഞ്ചായത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളിലൂടെ സമസ്തകേരളത്തെയും രാഷ്ട്രീയാന്തരീക്ഷം വിലയിരുത്തുന്നു എന്ന മട്ടിലാണ് ചിത്രം തുടങ്ങുന്നത്. എന്നാല്‍ കഥ പറഞ്ഞു പോവുമ്പോള്‍ ചിത്രത്തില്‍ രാഷ്ട്രീയം പ്രധാനവിഷയമാവുന്നില്ല. ജനങ്ങള്‍ക്കുവേണ്ടി സമയം ചിലവഴിക്കുന്ന ഒരു പൊതുപ്രവര്‍ത്തകന്റെ വീട്ടിലെ പ്രശ്നങ്ങളാണ് ചിത്രത്തില്‍ കാണുവാന്‍ കഴിയുന്നത്, അതാവട്ടെ കാലാകാലങ്ങളായി പല മലയാളസിനിമകളിലും വന്നുപോയതും. ചുരുക്കത്തില്‍, ഈ വിഷുക്കാലത്ത് ‘സമസ്തകേരളം പി.ഓ.’ കാണുന്നത് ഒരു സിനിമാസ്വാദകനെ സംബന്ധിച്ചടത്തോളം നല്ലൊരു കണിയാവണമെന്നില്ല.

Description: SamasthaKeralam P.O. - A Malluwood (Malayalam) film directed by Bipin Prabhakar; starring Jayaram, Sera, Priyanka, Jagathy, Jagadeesh, P. Sreekumar, Kochu Preman, Suraj Venjarammood, Salim Kumar, Prem Kumar, Kunchan, Balachandran Chullikkad, Janardanan, Sivaji Guruvayur; Produced by Hauli Pottoor; Story, Screenplay and Dialogues by K. Gireesh Kumar; Camera (Cinematography) by Rajarathinam (Rajarathnam); Editing by Ranjan Abraham; Art Direction by Suresh Kollam; Stunts (Action) by ; Background Score by Rajamani ; Make-up by ; Lyrics by Vayalar Sarathchandra Varma; Music by M. Jayachandran; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. April 11 2009 Release.
--

Friday, April 10, 2009

ഐ.ജി. (IG - Inspector General)

IG - A film by B. Unnikrishnan Starring Suresh Gopi, Govind Padmasurya, Nandini.
ഏറെക്കാലത്തിനു ശേഷം കുടുംബസദസുകളുടെ രുചിക്കൊപ്പിച്ചിറങ്ങിയ ‘മാടമ്പി’ എന്ന മോഹന്‍ലാല്‍ ചിത്രത്തിനു ശേഷം ഉണ്ണികൃഷ്ണന്‍ ബി.യുടെ സംവിധാനത്തിലുള്ള പുതിയ ചിത്രമാണ് സുരേഷ് ഗോപി നായകനാവുന്ന ‘ഐ.ജി. - ഇന്‍സ്പെക്ടര്‍ ജെനറല്‍’. സംവിധായകന്റെ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. സുരേഷ് ഗോപിയുടെ പോലീസ് ചിത്രങ്ങളുടെ നിരയിലേക്ക് ഒന്നു കൂടി, അത്രമാത്രമേ മാഹി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് അവകാശപ്പെടുവാനുള്ളൂ.

 കഥയും, കഥാപാത്രങ്ങളും [ 4/10 ]

ഒരു പ്രധാന തൊഴിലും വ്യവസായവുമായി തീവ്രവാദം ഇന്ന് മാറിയിരിക്കുന്നു എന്നൊരു വീക്ഷണകോണിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സമ്പത്ത്, അധികാരം എന്നിവയ്ക്കുവേണ്ടി, വിദഗ്ദ്ധരെ വിലയ്ക്കെടുത്ത് തീവ്രവാദം സ്പോണ്‍സര്‍ ചെയ്ത് നടപ്പാക്കുകയെന്ന രീതിയാണിന്നെന്ന് ചിത്രം പറയുന്നു. സാധാരണ പോലീസ് ചിത്രങ്ങളില്‍ നിന്നും ഈ ചിത്രം വ്യത്യസ്തത പുലര്‍ത്തുന്നത് ഈയൊരു ഉള്ളടക്കത്തിലാണ്. ദുര്‍ഗാപ്രസാദ് ഐ.പി.എസ്. എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിന് വ്യക്തിത്വം നല്‍കുവാന്‍ തിരക്കഥാകൃത്തിനായിട്ടുണ്ട്. കൂടാതെ ലക്ഷ്മി അവതരിപ്പിച്ച അമ്മ, ഗോവിന്ദ് പത്മസൂര്യ അവതരിപ്പിച്ച ദുര്‍ഗയുടെ അനിയന്‍ എന്നീ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. എന്നാല്‍ മറ്റു കഥാപാത്രങ്ങള്‍, പ്രത്യേകിച്ച് സിനിമയിലെ വില്ലന്മാര്‍ വളരെ ശുഷ്കമായാണ് അനുഭവപ്പെട്ടത്. രഹസ്യമായി, അതും അകലെയുള്ള കെട്ടിടങ്ങളുടെ ചിത്രങ്ങളെടുക്കുവാന്‍, ക്യാമറയിലെ ഫ്ലാഷ് ഉപയോഗിക്കുന്നതില്‍ തുടങ്ങി; എല്ലാമറിയുന്ന നായകന്റെ അന്വേഷണങ്ങളില്‍ വരെ യുക്തിഭംഗങ്ങള്‍ ചൂണ്ടിക്കാട്ടുവാനുണ്ട്. അപ്രതീക്ഷിതമായൊരു കഥാന്ത്യത്തിലേക്ക് കഥ കൊണ്ടെത്തിക്കുന്നതിലാണ് പിന്നെ തിരക്കഥാകൃത്ത് വിജയിച്ചിരിക്കുന്നത്.

 സംവിധാനം [ 3/10 ]

പ്രത്യേകിച്ചൊരു കഥയോ കഥാസന്ദര്‍ഭങ്ങളോ അവകാശപ്പെടുവാനില്ലാത്ത ‘മാടമ്പി’യെ വിജയിപ്പിച്ചത് ബി. ഉണ്ണികൃഷ്ണന്റെ സംവിധാനമികവാണ്. അത്തരമൊരു ചലച്ചിത്രാനുഭവം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് നിരാശയാവും ഫലം. സംവിധായകന്റെ ആദ്യ ചിത്രമായ ‘സ്മാര്‍ട്ട് സിറ്റി’യില്‍ പോലും ഉണ്ണികൃഷ്ണന്‍ ഇതിലും മികവ് പുലര്‍ത്തിയിരുന്നു. സമകാലീന രാഷ്ട്രീയാവസ്ഥകളെ ഏച്ചുകെട്ടാത്ത വിധത്തില്‍ പുനഃസൃഷ്ടിച്ച്, കാര്യമാത്രപ്രസക്തമായ ചില ചോദ്യങ്ങള്‍ നായകനിലൂടെ ചോദിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതിലും; ദുര്‍ഗാപ്രസാദെന്ന കഥാപാത്രത്തെ വേണ്ടുംവണ്ണം സുരേഷ് ഗോപിയെക്കൊണ്ട് തെറ്റില്ലാതെ അഭിനയിപ്പിച്ചെടുക്കുന്നതിലും മാത്രമാണ് തിരക്കഥാകൃത്തുകൂടിയായ സംവിധായകന്റെ മികവ് കാണുവാനാവുന്നത്.

 അഭിനയം [ 5/10 ]

ദുര്‍ഗാപ്രസാദ് ഐ.പി.എസ്. എന്ന ഇന്‍സ്പെക്ടര്‍ ജെനറലായി സുരേഷ് ഗോപി കസറിയിരിക്കുന്നു ഈ ചിത്രത്തില്‍. പുതുമയുള്ള സംഭാഷണങ്ങള്‍, ഓരോ രംഗത്തിനും യോജിക്കുന്ന രീതിയില്‍ വ്യതിയാനങ്ങളോടെ അവതരിപ്പിക്കുന്നതില്‍ സുരേഷ് ഗോപി വിജയിച്ചിട്ടുണ്ട്. ദുര്‍ഗാപ്രസാദിന്റെ അമ്മയായി ലക്ഷ്മി, അനിയനായി ഗോവിന്ദ് പത്മസൂര്യ, മുഖ്യമന്ത്രിയുടെ വേഷത്തില്‍ രാജന്‍ പി. ദേവ് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ജഗതിയുടെ പോലീസ് കഥാപാത്രം കല്ലുകടിയായി അനുഭവപ്പെട്ടു. ജോണ്‍ കോക്കന്‍, സായി കുമാര്‍, നന്ദിനി, വിജയരാഘവന്‍, ദേവന്‍, ശിവാജി ഗുരുവായൂര്‍, ശ്രീരാമന്‍, അനൈഖ തുടങ്ങിയവര്‍ക്കൊന്നും ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യുവാനില്ല. അതിഥി താരമായെത്തുന്ന സിദ്ദിഖാണ് പാഴായിപ്പോയ മറ്റൊരു അഭിനേതാവ്.

 സാങ്കേതികം [ 4/10 ]

ശ്യാം ദത്തിന്റെ ക്യാമറയ്ക്ക് പ്രത്യേകിച്ചെന്തെങ്കിലും ചിത്രത്തില്‍ കാട്ടുവാനായിട്ടില്ല. പലപ്പോഴും കണ്ടുമടുത്ത ഫ്രയിമുകളും, തരികിട ക്യാമറ ഇഫക്ടുകളുമൊക്കെയായി ശരാശരി നിലവാരമേ ചിത്രത്തിലെ ദൃശ്യങ്ങള്‍ക്കുള്ളൂ. മനോജിന്റെ ചിത്രസംയോജനമാണ് ഒരുപരിധിവരെ ഛായാഗ്രഹണത്തിലെ പോരായ്മകളെ മറയ്ക്കുന്നത്. ബോബന്റെ കലാസംവിധാനം ചിത്രത്തിനിണങ്ങുന്നു. രാജാമണിയുടെ പശ്ചാത്തലസംഗീതത്തിന് പുതുമയൊന്നും പറയുവാനില്ല.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

ഗിരീഷ് പുത്തഞ്ചേരി എഴുതി എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയ “മെനപ്പെണ്ണേ... മൈനപ്പെണ്ണേ...” എന്നൊരു ഗാനം മാത്രമാണ് ചിത്രത്തിലുള്ളത്. നല്ല വേഗത്തില്‍ പറഞ്ഞുപോവുന്ന ഒരു ചിത്രത്തിന്‌‍, ഈ ഗാനം ഒരു അധികപ്പറ്റാണ്. ഗാനരംഗത്തിനായി വിനോദ് നല്‍കിയിരിക്കുന്ന നൃത്തച്ചുവടുകള്‍ക്കും ആകര്‍ഷണീയത തോന്നിയില്ല. കാര്യമായ പുതുമയൊന്നുമില്ലെങ്കിലും, കാണികളെ ത്രസിപ്പിക്കുന്ന തരത്തില്‍ സംഘട്ടനരംഗങ്ങളൊരുക്കുവാന്‍ ത്യാഗരാജനു കഴിഞ്ഞിട്ടുണ്ട്. സിനിമ പ്രേക്ഷകര്‍ക്ക് രസിക്കുന്നെങ്കില്‍ അതിനൊരു പ്രധാന കാരണം ഈ ആക്ഷന്‍ രംഗങ്ങളാണ്.

 മറ്റുള്ളവ [ 2/5 ]

കഥാപാത്രങ്ങള്‍ക്കുതകുന്ന രീതിയില്‍ അഭിനേതാക്കളെ ഒരുക്കിയെടുക്കുന്നതില്‍ മേക്ക്-അപ് കൈകാര്യം ചെയ്ത സലിം നാഗര്‍കോവില്‍ വിജയിച്ചിട്ടുണ്ട്. ഷാജി ഒബ്‌സ്ക്യൂറയുടെ ചിത്രങ്ങളും, കൊളിന്‍സ് ലിയോഫിലിന്റെ പോസ്റ്ററുകളും ശരാശരിമാത്രം. സുരേഷ് ഗോപിയുടെ ഒരു പോലീസ് ചിത്രം എന്നതിനപ്പുറം ആകാംഷ ഉണര്‍ത്തുന്നതൊന്നും പോസ്റ്ററുകളില്‍ കണ്ടില്ല. ‘ഐ.ജി. - ഇന്‍സ്പെക്ടര്‍ ജെനറല്‍’ എന്ന പേരിനു പോലും ആവശ്യത്തിനുള്ള ഊക്കുണ്ടെന്നു തോന്നുന്നില്ല. ഇതരമേഖലകളില്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനം ഈ ചിത്രം ആവശ്യപ്പെടുന്നുണ്ട്.

 ആകെത്തുക [ 4.2/10 ]

സുരേഷ് ഗോപിയുടെ, അല്ലെങ്കില്‍ മലയാളസിനിമയിലെ തന്നെ സമീപകാല പോലീസ് ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ തരക്കേടില്ലാത്ത ഒരു സിനിമയായി ‘ഐ.ജി - ഇന്‍സ്പെക്ടര്‍ ജെനറലി’നെ കാണാം. എന്നാല്‍ ബി. ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും മോശം ചിത്രവും ഇതാണെന്നു പറയുവാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

Description: I.G. (Inspector General) - A Malluwood (Malayalam) film directed by B. Unnikrishnan; starring Suresh Gopi, Rajan P. Dev, Jagathy Sreekumar, John Kocken, Govind Padmasurya, Lakshmi, Sreeraman, Devan, Vijayaraghavan, Sai Kumar, Sivaji Guruvayur, Siddique, Nandini, Anaikha; Produced by Mahi; Story, Screenplay and Dialogues by B. Unnikrishnan; Camera (Cinematography) by Shyam Dath (Syamdath); Editing by Sajan; Art Direction by Boban; Stunts (Action) by Thyagarajan; Background Score by Rajamani ; Make-up by Salim Nagercoil; Lyrics by Gireesh Puthencheri; Music by M. Jayachandran; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. April 03 2009 Release.
--

Tuesday, March 31, 2009

സാഗര്‍ ഏലിയാസ് ജാക്കി റിലോഡഡ് (Sagar alias Jacky Reloaded)

Sagar alias Jacky Reloaded - A film by Amal Neerad starring Mohanlal, Bhavana, Shobhana, Manoj K. Jayan.
ബിഗ് ബി’-യുടെ വിജയം മുതല്‍ക്കു തന്നെ അമല്‍ നീരദിന്റെ സംവിധാനത്തിലൊരു മോഹന്‍ലാല്‍ ചിത്രം ഏവരും കാത്തിരുന്നതാണ്. ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തിന്റെ പുനരാവിഷ്കരണവുമായി ‘സാഗര്‍ ഏലിയാസ് ജാക്കി റിലോഡഡ്’ എന്ന ചിത്രമാണ് അമല്‍ മോഹന്‍ലാലിനുവേണ്ടി ഒരുക്കുന്നത് എന്നു കൂടി കേട്ടപ്പോള്‍ ആരാധകരുടേയും ഒപ്പം സിനിമാപ്രേമികളുടേയും പ്രതീക്ഷകള്‍ ഇരട്ടിച്ചു. സി.ബി.ഐ. ചിത്രങ്ങളിലൂടെ പ്രശസ്തനായ എസ്.എന്‍. സ്വാമിയുടെ തിരക്കഥ; ഭാവന, ശോഭന, മനോജ് കെ. ജയന്‍ തുടങ്ങിയ നീണ്ട താരനിര; ഇവയൊക്കെ ആ പ്രതീക്ഷകളെ വാനോളമെത്തിച്ചു. ഉയരങ്ങളിലെത്തുന്തോറും വീഴ്ചയുടെ ആക്കവും കൂടുമല്ലോ, സത്യത്തില്‍ ആ അവസ്ഥയിലാണ് ഈ സിനിമയും സിനിമകണ്ടിറങ്ങുന്ന പ്രേക്ഷകരും!

 കഥയും, കഥാപാത്രങ്ങളും [ 1/10 ]

ഈ ചിത്രത്തിനൊരു കഥയില്ല, കഥാപാത്രങ്ങളേയുള്ളൂ; ഒന്നുകൂടി ചുരുക്കിപ്പറഞ്ഞാല്‍ കഥാപാത്രമേയുള്ളൂ, സാഗര്‍ അഥവാ ജാക്കി എന്ന മോഹന്‍ലാലിന്റെ കഥാപാത്രം. പഴയ സിനിമയുടെ പച്ചയിലാണ് ആ കഥാപാത്രം തന്നെ ജീവിക്കുന്നത്, അപ്പോള്‍ മറ്റു കഥാപാത്രങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതല്ലേയുള്ളൂ! പണ്ടെങ്ങോ ഒരു സി.ബി.ഐ. സിനിമയ്ക്ക് കഥയെഴുതി രക്ഷപെട്ടെന്നു കരുതി തന്നെ ഇനിയും ഇങ്ങിനെ പീഡിപ്പിക്കരുതെന്ന് ദയനീയമായി കേഴുകയാണ് എസ്.എന്‍. സ്വാമി ഈ ചിത്രത്തില്‍. അവിടെയുമിവിടെയുമുള്ള ചില സംഭാഷണശകലങ്ങള്‍ മാത്രം കൊള്ളാമെന്നു പറയാം, പിന്നെ ചില പുതുമയുള്ള നമ്പരുകളും. എന്നാല്‍ ഈ അബദ്ധം നികത്തുവാനായി പല രംഗങ്ങളിലെ സംഭാഷണങ്ങളും ചളമാക്കിയിട്ടുമുണ്ട്!

 സംവിധാനം [ 2/10 ]

ഓരോ ഷോട്ടുമെടുക്കുന്നത് സംവിധായകന്‍ ആസ്വദിക്കുന്നുണ്ടാവാം, പക്ഷെ അത് പ്രേക്ഷകര്‍ക്കു കൂടി ആ‍സ്വദിക്കുവാന്‍ കഴിയണം എന്നിടത്താണ് സംവിധായകന്റെ വിജയം. അമല്‍ നീരദ് ഇവിടെ തീര്‍ത്തും പരാജയപ്പെടുന്നു. മനോഹരമായ ഷോട്ടുകളും, പ്രകാശവിന്യാസവുമൊക്കെ കയ്യടിക്കത്തക്കതാണ്, പക്ഷെ അവയുപയോഗിച്ച് പറയുവാനൊന്നുമില്ലെങ്കില്‍ സിനിമയാവുന്നതെങ്ങിനെ! പരസ്യച്ചിത്രങ്ങളോ, ആല്‍ബങ്ങളോ മറ്റോ എടുക്കുന്നതാവും അമലിന് കുറച്ചുകൂടി ചേരുക. കുടയും പിടിച്ച് മഴയത്ത് ശവം കാണുവാന്‍ വരുന്ന രംഗം ‘ബിഗ് ബി’യെ ഓര്‍മ്മപ്പെടുത്തി. ഏതാണ്ട് അഞ്ചു മിനിറ്റോളമുണ്ട് ആ സീന്‍, എന്നാല്‍ ആകെ കുറേപ്പേരെ നോക്കിപ്പേടിപ്പിക്കുന്നതല്ലാതെ കാര്യമായൊന്നും അവിടെ നടക്കുന്നില്ല. തീര്‍ത്തും അനാവശ്യമായ ഇത്തരം ഷോട്ടുകള്‍ കുറച്ചൊന്നുമല്ല പ്രേക്ഷകരെ മടുപ്പിക്കുന്നത്. ഷോട്ടിനു വേണ്ടി ഷോട്ടുകളും, സ്റ്റൈലിനു വേണ്ടി സ്റ്റൈലുകളും ചേര്‍ത്ത് സിനിമപിടുത്തം ആസ്വദിക്കുക മാത്രമേ അമല്‍ ഇതില്‍ ചെയ്തിട്ടുള്ളൂ. തനിക്കാകെ അറിയാവുന്നത് ഇങ്ങിനെ കുറേ സ്ലോ മോഷന്‍ കാണിക്കാനും, വേണ്ടാത്ത സ്റ്റൈല്‍ കാട്ടുവാനും മാത്രമാണെന്ന ആരോപണത്തിന് അടിവരയിടുന്നു അമല്‍ നീരദ് ഈ ചിത്രത്തിലൂടെ.

 അഭിനയം [ 3/10 ]

കാര്യമായ കഥയോ സംവിധാനമികവോ ഇല്ലാത്ത ചിത്രങ്ങള്‍ പോലും മോഹന്‍ലാലിന്റെ പ്രകടനത്തിന്റെ പച്ചയില്‍ മാത്രം കണ്ടിരിക്കാവുന്നതാവാറുണ്ട്. ഇവിടെ അതുമുണ്ടായില്ല. സാഗര്‍ / ജാക്കി എന്ന കഥാപാത്രത്തിന് പ്രത്യേകിച്ചെന്തെങ്കിലുമൊരു വ്യത്യസ്തത കൊണ്ടുവരുവാന്‍ ലാലിനായില്ല. തടിയും കുടവയറും തൂങ്ങിയ കവിളുകളുമൊക്കെയായി പല്ലുകൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയിലായിരിക്കുന്നു ലാലിപ്പോള്‍‍. ഒരു ജഗജില്ലിയായ അധോലോക നായകന്റെ ശരീരഭാഷ കൊണ്ടുവരുവാനെങ്കിലും ലാലിനു ശ്രമിക്കാമായിരുന്നു. ഭാവനയാണ് ലാലിന്റെ നായികയായെത്തുന്നത്. ചെറിയ വേഷമൊന്നുമല്ല ഭാവനയ്ക്കിതില്‍, CNN എന്ന അന്താരാഷ്ട്ര ചാനലിന്റെ റിപ്പോര്‍ട്ടറാണ്, അതും മലയാളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടര്‍! ഈ രൂപത്തിലുള്ള മോഹന്‍ലാലിനെയൊക്കെ പ്രണയിച്ചു നടക്കേണ്ട ഭാവനയുടെ അവസ്ഥയില്‍ സത്യം പറഞ്ഞാല്‍ സഹതാപമുണ്ട്. പിന്നെ, CNN റിപ്പോര്‍ട്ടറായാലും നിരത്തിലെ പൂക്കച്ചവടക്കാരിയായാലും ഒരേ രീതിയില്‍ മാത്രം അഭിനയിക്കുവാനറിയാവുന്ന ഭാവനയ്ക്ക് ഇതൊക്കെയേ പറഞ്ഞിട്ടുള്ളൂ എന്നത് മറ്റൊരു സത്യം! ഇരുവരേയും കുറിച്ച് ‘ഛോട്ടാമുംബൈ’-യില്‍ പറഞ്ഞതിനപ്പുറമൊന്നും ഇവിടെയും പറയുവാനില്ല. റൊസാരിയോ, നൈന എന്നീ വില്ലന്‍ കഥാപാത്രങ്ങളായി സമ്പത്ത്, സുമന്‍; സാഗറിന്റെ ഉറ്റ സുഹൃത്തായി മനോജ് കെ. ജയന്‍; മറ്റുവേഷങ്ങളില്‍ നെടുമുടി വേണു, ശോഭന, ജഗതി ശ്രീകുമാര്‍, ഗണേഷ് കുമാര്‍, സോന നായര്‍, ശ്രീരാമന്‍, ശിവാജി ഗുരുവായൂര്‍, വിനായകന്‍; അതിഥി താരമായി ബാല ഇവരൊക്കെ തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ട്. ഇവര്‍ക്കൊക്കെ പുറമേ ഒരു ഗാനരംഗത്തില്‍ ചുവടുവെയ്ക്കുവാനായി ജ്യോതിര്‍മയിയും ചിത്രത്തിലുണ്ട്.

 സാങ്കേതികം [ 7/10 ]

സാങ്കേതിക തികവിന്റെ കാര്യത്തില്‍ ഈ ചിത്രം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നിലവാരമാപിനിയായി കണക്കാക്കാം. സ്ലോ മോഷന്‍ സ്ഥാനത്തും അസ്ഥാനത്തും തിരുകിയിട്ടുണ്ട് എന്നതിനാലല്ല ഇതു പറയുന്നത്, സാങ്കേതികമായി കഴിയുന്നത്ര തികവ് കൊണ്ടുവരുവാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതിനാലാണ്. അമല്‍ നീരദിന്റെ ഛായാഗ്രഹണം തന്നെയാണ് സിനിമയെ ഇത്രത്തോളം സാങ്കേതികമായി മികച്ചതാക്കുന്നത്. കൂട്ടത്തില്‍ ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനവും വിവേക് ഹര്‍ഷന്റെ ചിത്രസംയോജനവും വളരെ മികച്ചു നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇഫക്ടുകളുടെ അനാവശ്യമായ ഉപയോഗവും ആവര്‍ത്തനങ്ങളും സാങ്കേതികത്തികവിന്റെ മാറ്റു കുറയ്ക്കുന്നു. സാധാരണയൊരു ചിത്രത്തില്‍ ഇഫക്ട് കാണുമ്പോലെയാണ് അമല്‍ നീരദിന്റെ ചിത്രത്തില്‍ മര്യാദയ്ക്കുള്ള ഷോട്ടുകള്‍ എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 1/5 ]

“ഒസാമ, ഒസാമ...” എന്നൊരു ചിത്രത്തില്‍ ജ്യോതിര്‍മയി ചില ചുവടുകള്‍ വെയ്ക്കുന്നതാണ് ഇതിലെ നൃത്തം. ദീപിക പദുക്കോണും കരീനയും പ്രിയങ്കയും ഒരൊറ്റ ഗാനത്തില്‍ അല്പവസ്ത്രം ധരിച്ച് ഐറ്റം ഡാന്‍സിനെത്തുന്ന ബോളിവുഡ് ചിത്രങ്ങള്‍ കണ്ടാശ തീര്‍ക്കുന്ന പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ ഇതു പോര! റിയ ജോയി എഴുതി (!) ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ (!) ആകെ ബഹളമയം. എവിടെയൊക്കെയോ കണ്ടുമറന്ന ഷോട്ടുകളിലൂടെയാണ്; എം.ജി. ശ്രീകുമാര്‍, ശ്രെയ ഗോശാല്‍ എന്നിവര്‍ പാടിയിരിക്കുന്ന “വെണ്ണിലവേ, വെണ്ണിലവേ...” എന്ന ഗാനം പുരോഗമിക്കുന്നത്. മോഹന്‍ലാല്‍ തെക്കു വടക്കു നടക്കുകയും, ഭാവന കൂട്ടത്തിലോടുകയും ചെയ്യുന്ന ഈ ഗാനരംഗം, ഇടയ്ക്കിടെ പ്രേക്ഷകര്‍ മനോധര്‍മ്മമായി നല്‍കിയ ചില റിമിക്സ് ട്യൂണുകള്‍ (കൂവലെന്നും പറയാം) കൂടെ ചേര്‍ന്നപ്പോള്‍ ആകര്‍ഷകമായി തോന്നി. നായകന്റെ വെടിയേറ്റ് എവിടെയൊളിച്ചിരിക്കുന്ന വില്ലന്മാരും വീഴുകയും, ഒരു മറയുമില്ലാതെ നില്‍ക്കുന്ന നായകന് ഒരു വെടിപോലുമേല്‍ക്കാതിരിക്കലും; അനല്‍ അരശുവിന്റെ സ്വപ്നസമാനമായ ഇത്തരം ആക്ഷന്‍ രംഗങ്ങളാലും സമ്പന്നമാണ് മോഹന്‍ലാലിനെ റീലോഡു ചെയ്തിറക്കിയിരിക്കുന്ന ഈ ചിത്രം.

 മറ്റുള്ളവ [ 4/5 ]

മനോഹരമായ ടൈറ്റിലുകള്‍, പോസ്റ്ററുകള്‍ ഇവയൊക്കെയൊരുക്കിയ കൊളിന്‍സ് ലിയോഫില്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. പ്രേക്ഷകരെ തിയേറ്ററികളിലേക്ക് ആകര്‍ഷിക്കുവാന്‍ പോസ്റ്ററുകള്‍ക്ക് കഴിയും. ഇതിനു പുറമേ ചിത്രത്തിനു വേണ്ടി രണ്ട് വെബ്സൈറ്റുകളാണ് (ഒന്ന്, രണ്ട്) ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍, ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം, മലയാള സിനിമയില്‍ സമാനതകളില്ലാത്ത നിര്‍മ്മാണനിലവാരം പുലര്‍ത്തുന്നുമുണ്ട്. ഇവ പ്രയോജനപ്പെടുത്താന്‍ കഥാകൃത്തിനോ സംവിധായകനോ ആയില്ല എന്നത് തീര്‍ത്തും നിരാശാജനകമാണ്.

 ആകെത്തുക [ 3.6/10 ]

മോഹന്‍ലാല്‍, അമല്‍ നീരദ്, എസ്.എന്‍. സ്വാമി എന്നിവരുടെ വിപണിമൂല്യം ഇടിക്കുവാന്‍ മാത്രമേ ഈ ചിത്രം ഉതകുന്നുള്ളൂ. യുക്തിയുടെ കണികപോലുമില്ലാത്ത നിരവധി സംഭവങ്ങള്‍ ഈ ചിത്രത്തിലുടനീളം കാണാം. വില്ലനെ തറപറ്റിക്കുവാന്‍ തോക്കുപേക്ഷിക്കുന്നതൊക്കെ എത്ര കണ്ടു മടുത്തതാണ്! ‘ബിഗ് ബി’-യില്‍ ചെയ്തതുപോലെ ഏതെങ്കിലുമൊരു ഇംഗ്ലീഷ് സിനിമ കോപ്പിയടിക്കുകയാണ് ഇതിലും ഭേദം. മോഹന്‍ലാലിനോടുള്ള താരാരാധനയാല്‍ ചിന്താശക്തിപോലും മരവിച്ചു പോയ ഒരുപറ്റം ആരാധകരുടെ ബലഹീനത മുതലെടുത്ത് കാശുണ്ടാക്കുക എന്നതിനപ്പുറമൊന്നും ഈ ചിത്രം ഉദ്ദേശിക്കുന്നില്ല. എന്നിവര്‍ക്കു തിരിച്ചറിവുണ്ടായി ഇത്തരം സിനിമകള്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെടുന്നുവോ അന്നുമാത്രമേ ഒരു നല്ല സൂപ്പര്‍സ്റ്റാര്‍-വാണിജ്യചിത്രം മലയാളത്തില്‍ പ്രതീക്ഷിക്കേണ്ടതുള്ളെന്നു തോന്നുന്നു. അഭിനയത്തോടോ, കലയോടോ, തന്നെ ഈവിധം ഉയര്‍ത്തിയ പ്രേക്ഷകരോടോ, കുറഞ്ഞപക്ഷം സ്വന്തം മനസാക്ഷിയോടോ മോഹന്‍ലാലിന് അല്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ ദയവായി ഇത്തരം വേഷം കെട്ട് സിനിമകള്‍ തിയേറ്ററിലെത്തിക്കരുത്. സങ്കേതിക ജ്ഞാനമുണ്ടായാല്‍ പോര, അവയെങ്ങിനെ സിനിമയുടെ സാധ്യതകളാക്കി മാറ്റാമെന്നു കൂടി സംവിധായകന്‍ ചിന്തിക്കേണ്ടതുണ്ട്. അവിടെയാണ് സിനിമയൊരു കലാരൂപമാവുന്നത്. ഈയൊരു തിരിച്ചറിവ് അമല്‍ നീരദിനും ഉണ്ടാവേണ്ടതാണ്. ഇരുവരും ഇത്തരം സിനിമകളാണ് തുടര്‍ന്നും പ്രേക്ഷകര്‍ക്കു വെച്ചു നീട്ടുന്നതെങ്കില്‍, മലയാള സിനിമയുടെ ചരിത്രത്തില്‍ കരിമഷിയിലെഴുതേണ്ട പേരുകളാവും ഇരുവരുടേയും എന്നതില്‍ തര്‍ക്കത്തിനിടമില്ല!

Description: Sagar Alias Jacky Reloaded- A Malluwood (Malayalam) film directed by Amal Neerad; starring Mohanlal, Bhavana, Shobhana, Manoj K. Jayan, Sampath, Suman, Jagathy Sreekumar, Ganesh Kumar, Nedumudi Venu, Vinayakan, Sreeraman, Sivaji Guruvayur, Sona Nair, Jyothirmayi, Bala, Pranav Mohanlal.; Produced by Antony Perumbavoor; Story, Screenplay and Dialogues by S.N. Swamy; Camera (Cinematography) by Amal Neerad; Editing by Vivek Harshan; Art Direction by Joseph Nellickal; Stunts (Action) by Anal Arasu; Background Score by ; Make-up by ; Lyrics by Riya Joy; Music by Gopi Sundar; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. March 26 2009 Release.
--