Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Total Visitors
(Since Nov'06)

Showing newest posts with label Rating: 7.1 - 9.0. Show older posts
Showing newest posts with label Rating: 7.1 - 9.0. Show older posts

Sunday, February 14, 2010

മൈ നെയിം ഈസ് ഖാന്‍ (My Name is Khan)

My Name Is Khan: A film by Karan Johar starring Shah Rukh Khan, Kajol. Film Review by Haree for Chithravishesham.
ബോളിവുഡിന്റെ എക്കാലത്തെയും മികച്ച താരജോഡികളിലൊന്നായ ഷാരൂഖ് ഖാന്‍ - കജോള്‍ എന്നിവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരുമിക്കുന്ന ചിത്രം, ‘കുഛ് കുഛ് ഹോത്താ ഹൈ’ എന്ന ആദ്യ സംരഭത്തിലൂടെ തന്നെ മികച്ച തിരക്കഥാകൃത്ത് / സംവിധായകന്‍ എന്നു പേരെടുത്ത കരണ്‍ ജോഹറിന്റെ സംവിധാനം, ലോകത്തെ സമകാലീന രാഷ്ട്രീയ അന്തരീക്ഷം പശ്ചാത്തലമാവുന്ന സാമൂഹികപ്രാധാന്യമുള്ള ചിത്രം; എന്നിങ്ങനെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയാണ് ‘മൈ നെയിം ഈസ് ഖാന്‍’ തിയേറ്ററുകളിലെത്തിയത്. ഈ പ്രതീക്ഷകളോട് ഒരുപരിധിവരെയെങ്കിലും നീതിപുലര്‍ത്തുവാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതാണ് ആഹ്ലാദകരമായ കാര്യം. സാമാന്യം തരക്കേടില്ലാത്തൊരു വിനോദോപാധിയായി മാറുമ്പോഴും, പ്രസക്തമായ ചില കാര്യങ്ങള്‍ ശക്തമായി പറയുവാന്‍ ചിത്രത്തിനു കഴിയുന്നുണ്ട്. ഹീരു യാഷ് ജോഹര്‍, ഗൌരി ഖാന്‍ എന്നിവരൊരുമിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഷിബാനി ബത്തീജ, നിരഞ്ജന്‍ അയ്യങ്കാര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയിരിക്കുന്നു.

Tuesday, December 29, 2009

3 ഇഡിയറ്റ്സ് (3 Idiots)

3 Idiots - A film by Rajkumar Hirani starring Aamir Khan, R. Madhavan, Boman Irani, Kareena Kapoor etc. Film Review by Haree for Chithravishesham.
മുന്നാഭായി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജ്കുമാര്‍ ഹിരാനിയുടെ പുതിയ ചിത്രമാണ് ‘3 ഇഡിയറ്റ്സ്’. യുവ കഥാകാരന്മാരില്‍ ശ്രദ്ധേയനായ ചേതന്‍ ഭഗത്തിന്റെ ‘ഫൈവ് പോയിന്റ് സംവണ്‍ - വാട്ട് നോട്ട് ടു ഡൂ അറ്റ് ഐ.ഐ.ടി.’ എന്ന നോവലിനെ അടിസ്ഥാനമാക്കി സംവിധായകനും അഭിജിത് ജോഷിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആമിര്‍ ഖാന്‍, ആര്‍. മാധവന്‍, ശര്‍മ്മാന്‍ ജോഷി എന്നിവരവതരിപ്പിക്കുന്ന മൂന്ന് കേന്ദ്ര കഥാപാത്രങ്ങള്‍ക്കൊപ്പം ബോമന്‍ ഇറാനി, കരീന കപൂര്‍, ഒമി വൈദ്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വി.സി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിധു വിനോദ് ചോപ്രയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. യുവത്വത്തിന്റെ പ്രസരിപ്പ് ഒട്ടും കുറയാതെ നിറഞ്ഞൊരു ചലച്ചിത്രാഖ്യാനം, ഇങ്ങിനെയൊരു വിശേഷണമാണ് ‘3 ഇഡിയറ്റ്സി’ന് യോജിക്കുക.

Friday, December 25, 2009

അവതാര്‍ (Avatar)

Avatar - a film by James Cameron. Film review by Haree for Chithravishesham.
സാങ്കേതികസാധ്യതകളെ കഴിയുന്നത്ര പ്രയോജനപ്പെടുത്തി, വ്യത്യസ്തമായ കലാസൃഷ്ടികള്‍ വെള്ളിത്തിരയിലെത്തിക്കുവാന്‍ ജയിംസ് കാമറൂണിനുള്ള പാടവം ‘ടെര്‍മിനേറ്റര്‍ 2-വി’ലൂടെയും ‘ട്രൂ ലൈസി’ലൂടെയും ‘ടൈറ്റാനിക്കി’ലൂടെയുമൊക്കെ നാം അനുഭവിച്ചറിഞ്ഞതാണ്. ഇവയേക്കാളെല്ലാം ഒരു പടി കൂടി കടന്ന് സിനിമയുടെ ത്രിമാന സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി ഒരുക്കിയിരിക്കുന്ന പുതിയ കാ‍മറൂണ്‍ ചിത്രമാണ് ‘അവതാര്‍’. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നതിനൊപ്പം ജോണ്‍ ലാന്‍ഡുമായി ചേര്‍ന്ന് നിര്‍മ്മാണത്തിലും ജയിംസ് കാമറൂണ്‍ പങ്കാളിയാണ്. സാം വര്‍ത്തിംഗ്ടണ്‍, സിഗോണി വീവര്‍, മൈക്കള്‍ റോഡ്രിഗസ്, സോ സല്‍ദാന, സി.സി.എച്ച്. പൌണ്ടര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Sunday, December 6, 2009

പാ (Paa)

Paa - Directed by R. Balki starring Amitabh Bachchan, Abhishek Bachchan, Divya Balan; Film Review by Haree for Chithravishesham.
ആര്‍. ബാലകൃഷ്ണന്‍ അഥവാ ആര്‍. ബല്‍കിയുടെ സംവിധാനത്തില്‍ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യ ബാലന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പാ’. പ്രൊജീറിയ എന്ന അസുഖം ബാധിച്ച പതിമൂന്നു വയസുകാരനായ ഓറോ എന്ന കഥാപാത്രത്തെയാണ് ഇതില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത്. ചെറു പ്രായത്തില്‍ തന്നെ ജനിതക വൈകല്യം മൂലം ശരീരാവസ്ഥ അഞ്ചിരട്ടി പ്രായമുള്ള ഒരാളുടെ അവസ്ഥയിലെത്തുന്ന വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന വൈകല്യമാണിത്. സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം എ.ബി. കോര്‍പ്പറേഷന്‍, സുനില്‍ മന്‍‌ചന്ദ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു.

Friday, October 30, 2009

കേരള കഫെ (Kerala Cafe)

Kerala Cafe - A film by Ranjith & Friends; Film Review by Haree for Chithravishesham.
സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രമുഖരായ പത്ത് സംവിധായകര്‍ ഒന്നിക്കുന്ന ചിത്രമാണ് ‘കേരള കഫെ. വ്യത്യസ്ത ചിത്രങ്ങളിലായി മമ്മൂട്ടി, ശ്രീനിവാസന്‍, സുരേഷ്ഗോപി, ജ്യോതിര്‍മയി, സിദ്ദിഖ്, ശ്വേത മേനോന്‍, സലിം കുമാര്‍, കല്‍‌പന, ദിലീപ്, നവ്യ നായര്‍, സുരാജ് വെഞ്ഞാറമ്മൂട്, സോന നായര്‍, പൃഥ്വിരാജ്, റഹ്മാന്‍, ജയസൂര്യ, ജഗതി ശ്രീകുമാര്‍, നിത്യ മേനോന്‍, അനൂപ് മേനോന്‍, മീര നന്ദന്‍, തിലകന്‍, റീമ കല്ലുങ്കല്‍, ശാന്താദേവി, ധന്യ മേരി വര്‍ഗീസ്, കനി എന്നിങ്ങനെ ഒരു വന്‍‌താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ‘കയ്യൊപ്പും’ ‘തിരക്കഥ’യും പുറത്തിറക്കിയ ക്യാപിറ്റല്‍ തിയേറ്ററിന്റെ ബാനറില്‍ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാ‍ണ ചുമതലകളും നിര്‍വ്വഹിക്കുന്നത്. റയില്‍‌വേ സ്റ്റേഷനിലെ ‘കേരള കഫെ’ എന്ന ഭക്ഷണശാലയില്‍ കേന്ദ്രീകരിച്ച് പത്തു കഥാപാത്രങ്ങളിലൂടെ പത്തുയാത്രകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

Saturday, May 9, 2009

പാസഞ്ചര്‍ (Passenger)

Passenger: A film directed by Ranjith Sankar, starring Sreenivasan, Dileep, Mamta Mohandas.
ഒരേ അച്ചില്‍ വാര്‍ത്ത പോലീസ് കഥകളല്ലാതെ, ത്രില്ലര്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന വ്യത്യസ്തമായ സിനിമകള്‍ മലയാളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഉണ്ടാവാറുള്ളൂ. അത്തരമൊരു അപൂര്‍വ്വതയാണ് ‘പാസഞ്ചര്‍’. നവാഗതനായ രഞ്ജിത് ശങ്കര്‍ കഥയും തിരക്കഥയും സംഭാഷണങ്ങളുമെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍; ശ്രീനിവാസന്‍, ദിലീപ്, മം‌മ്ത മോഹന്‍‌ദാസ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എസ്സ്.സി. പിള്ള. വ്യത്യസ്തമായ പ്രമേയവും, പുതുമയുള്ള ആഖ്യാനരീതിയും കൈമുതലായുള്ള ഈ ചിത്രം പ്രേക്ഷകരെ മടുപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറയാം.

 കഥയും, കഥാപാത്രങ്ങളും [ 6/10 ]

ഒരു സാധാരണ കഥയെന്നപോ‍ലെ പറഞ്ഞു തുടങ്ങി സ്തോഭാത്മക സന്ദര്‍ഭങ്ങളിലേക്ക് ക്രമമായി വളര്‍ന്നു കയറുന്ന കഥയുടെ അവതരണം ചിത്രത്തെ ആസ്വാദ്യകരമാക്കുന്നു. ഓരോ സംഭവങ്ങളേയും യുക്തിസഹമായി കോര്‍ത്തിണക്കുന്നതില്‍ തിരക്കഥാകൃത്ത് വിജയിച്ചിട്ടുണ്ട്. തനതായ സ്വഭാവസവിശേഷതകളോടെ അവതരിപ്പിക്കപ്പെട്ട ചിത്രത്തിലെ കഥാപാത്രങ്ങളും മികച്ചു നിന്നു. ഇടവേള വരെ രണ്ടിഴകളായി മുന്നേറുന്ന കഥ പിന്നീട് ഒന്നായി തുടരുന്നു. എന്നാല്‍ തിരക്കഥയില്‍ പഴുതുകളില്ലെന്നല്ല. ഇന്റര്‍നെറ്റുമായി വളരെ പരിചയമുള്ള മീഡിയ ജേര്‍ണലിസ്റ്റായ അനുരാധ, എന്തുകൊണ്ട് സ്വന്തം നിലയ്ക്ക് വീഡിയോ പ്രസിദ്ധീകരിക്കാവുന്ന YouTube മുതലായ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയില്ല എന്ന്‍ ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ സംശയിച്ചുപോവും. തങ്ങളുടെ പദ്ധതികള്‍ പുറത്തായി എന്നുറപ്പുള്ളപ്പോഴും, അതു നടപ്പിലാക്കുന്നതില്‍ നിന്നും വില്ലന്മാര്‍ പിന്തിരിഞ്ഞില്ല എന്നതിലും അസ്വാഭാവികത കാണാം. മറ്റു ചില നിസാര പിഴവുകളും സൂക്ഷ്മപരിശോധനയില്‍ കണ്ടേക്കാമെങ്കിലും, ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നതല്ല അവയൊന്നും എന്നതിനാല്‍ തന്നെ ഈ കുറവുകള്‍ മറക്കാവുന്നതേയുള്ളൂ.

 സംവിധാനം [ 8/10 ]

ചിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ സംവിധായകന്റെ കൈയ്യടക്കം വളരെ പ്രകടമാണ്. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന സത്യനാഥിന്റെയും ദിലീപ് അവതരിപ്പിച്ച നന്ദന്‍ മേനോന്റെയും ജീവിതസാഹചര്യങ്ങളും പ്രതിസന്ധികളും ഇരുവരുടേയും സ്വഭാവസവിശേഷതകളും ചുരുക്കം ഷോട്ടുകളിലൂടെ വരച്ചിടുവാന്‍ സംവിധായകനു കഴിഞ്ഞു. സൂക്ഷ്മാംശങ്ങളില്‍ പോലും ശ്രദ്ധചെലുത്തി, കഥാസന്ദര്‍ഭത്തോടു ചേര്‍ന്നുപോവുന്ന രീതിയില്‍ അഭിനേതാക്കളെ ഉപയോഗപ്പെടുത്തുന്നതിലും രഞ്ജിത് ശങ്കര്‍ വിജയിച്ചിട്ടുണ്ട്. തുടക്കത്തിലുള്ള ട്രയിന്‍ രംഗങ്ങളിലും, കുടുംബരംഗങ്ങളിലും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള, സമകാലിക രാഷ്ട്രീയസാമൂഹിക സാഹചര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളിലൂടെ, പരോക്ഷമായൊരു സാമൂഹികവിമര്‍ശനവും സംവിധായകന്‍ സാധിച്ചെടുത്തിരിക്കുന്നു. ചിത്രത്തിലുടനീളം ആവശ്യമായ മിതത്വം പാലിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തിയ രഞ്ജിത് അവസാന ഭാഗങ്ങളില്‍ അല്പം വലിച്ചുനീട്ടിയത് ചിത്രത്തിന്റെ നിറമല്പം കുറയ്ക്കുന്നുണ്ട്, ആ ഭാഗങ്ങളില്‍ അല്പം യുക്തിരാഹിത്യവും ചൂണ്ടിക്കാട്ടുവാനാവും.

 അഭിനയം [ 8/10 ]

ഒരു കഥാപാത്രത്തില്‍ കിടന്നു ചുറ്റിക്കറങ്ങുന്ന രീതിയല്ല ഈ ചിത്രത്തിന്. അതിനാല്‍ തന്നെ ചിത്രത്തിന്റെ വിജയത്തില്‍ ഇതിലെ ഓരോ അഭിനേതാവിനും പങ്കുണ്ട്. വിഷചിന്തകളെ മനസിലൊളിപ്പിച്ച് മുഖത്തു തെളിഞ്ഞ ചിരി സൂക്ഷിക്കുന്ന, കാര്യഗൌരവത്തോടെ സംസാരിക്കുന്ന, ആളുകളെ കൈയിലെടുക്കുവാന്‍ പ്രത്യേക വൈഭവമുള്ള തോമസ് ചാക്കോയെന്ന അഭ്യന്തര മന്ത്രിയെ അവതരിപ്പിച്ച ജഗതി ശ്രീകുമാറാണ് ഏറെ മികച്ചു നിന്നത്. ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവിന്റെ മിമിക്രിയാവാതെ, വളരെ പക്വമായി അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലെ ഒരു നായകനായ അഡ്വ. നന്ദന്‍ മേനോനേക്കാള്‍ പ്രാധാന്യമുണ്ട്, നായികയുടെ സ്ഥാനത്തുള്ള അനുരാധയെന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്ക്. അവസരത്തിനൊത്തുയര്‍ന്ന ഒരു പ്രകടനമായിരുന്നു മം‌മ്ത മോഹന്‍‌ദാസില്‍ നിന്നുമുണ്ടായത്. ആരാധകര്‍ക്കുവേണ്ടിയെന്ന പേരില്‍ കോപ്രായങ്ങള്‍ കാട്ടാത്ത, ഹീറോ പരിവേഷമില്ലാത്ത നായകനെ അവതരിപ്പിക്കുവാന്‍ ദിലീപ് തയ്യാറായതില്‍ അദ്ദേഹത്തെ അഭിനന്ദിക്കേണ്ടതുണ്ട്. കഥാപാത്രമായി താന്‍ മാറുകയാണ്, അല്ലാതെ തനിക്കു വേണ്ടി കഥാപാത്രത്തെ മാറ്റുകയല്ല ചെയ്യേണ്ടതെന്ന ബോധം ദിലീപിനുണ്ടായെങ്കില്‍ അതൊരു ശുഭസൂചനയാണ്. ചിത്രത്തിലെ മറ്റൊരു നായകനായ സത്യനാഥനെ അവതരിപ്പിച്ച ശ്രീനിവാസന്‍, കാര്‍ ഡ്രൈവറായെത്തിയ നെടുമുടി വേണു, മാനുഷികവികാരങ്ങള്‍ക്ക് മനസില്‍ ഇടം നല്‍കാത്ത പ്രഫഷണല്‍ ഗുണ്ടയായി ആനന്ദ് സാമി എന്നിവരുടെ കഥാപാത്രങ്ങളും എടുത്തു പറയേണ്ടവ തന്നെ. തങ്കമ്മയെന്ന വേഷത്തില്‍ സോന നായര്‍, സത്യനാഥിന്റെ ഭാര്യയായി ലക്ഷ്മി ശര്‍മ്മ, ട്രയിന്‍ യാത്രക്കാരായി ഹരിശ്രീ അശോകന്‍, അനൂപ് ചന്ദ്രന്‍, കൊച്ചു പ്രേമന്‍, ടി.പി. മാധവന്‍; മറ്റു വേഷങ്ങളില്‍ മധു, മണിക്കുട്ടന്‍, ശ്രീജിത് രവി, ശിവാജി ഗുരുവായൂര്‍ തുടങ്ങിയവരും മോശമായില്ല.

 സാങ്കേതികം [ 3/5 ]

പി. സുകുമാറിന്റെ ഛായാഗ്രഹണം, രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനം, സാബു റാമിന്റെ കലാസംവിധാനം എന്നിവയൊക്കെ ചിത്രത്തോടു ചേര്‍ന്നു പോവുന്നുണ്ട്. മിതമായ ഇഫക്ടുകളും, നിശബ്ദതയ്ക്കു കൂടി പങ്കുള്ള ശങ്കരന്‍‌കുട്ടിയുടെ പിന്നണിസംഗീതവും ചിത്രത്തിനുതകുന്നവ തന്നെ. സാധാരണതകളില്‍ നിന്ന് അസാധാരണതകളിലേക്ക് ചിത്രം വികസിക്കുമ്പോഴും, ഒരു കഥാപാത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്ത സാഹചര്യങ്ങളിലുള്ള മറ്റൊന്നിലേക്കെത്തുമ്പോഴും സാങ്കേതികഭാഷയില്‍ വ്യതിയാനമൊന്നും ഉണ്ടാവുന്നില്ല എന്നതൊരു കുറവായി പറയാം.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 4/5 ]

കഥയുടെ വേഗത കളയുമെന്ന ദോഷം മാത്രം ചെയ്തേക്കുമായിരുന്ന ഗാനങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയത് നല്ലൊരു കാര്യമായി. അനില്‍ പനച്ചൂരാനെഴുതി ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഒരു ഗാനം ഒടുവില്‍ ക്രെഡിറ്റ്സിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നൃത്തത്തിനും ചിത്രത്തില്‍ സ്ഥാനമില്ല. ആക്ഷന്‍ രംഗങ്ങള്‍ക്കായി പ്രത്യേകമൊരു സംവിധായകന്‍ ചിത്രത്തിനില്ല, അങ്ങിനെയൊരു സംവിധായകന്റെ ആവശ്യം വരുന്ന രീ‍തിയില്‍ സംഘട്ടന/സംഘര്‍ഷ രംഗങ്ങളും ചിത്രത്തിലില്ല. (മാഫിയ ശശിക്ക് തുടക്കത്തില്‍ നന്ദി പറഞ്ഞിട്ടുണ്ട്, ചെറിയ സഹായങ്ങള്‍ അദ്ദേഹം ചെയ്തുകൊടുത്തിട്ടുണ്ടാവാം.) ആമാനുഷിക സംഘട്ടനങ്ങളും, സംഭവങ്ങളും ഇത്തരമൊരു ചിത്രത്തില്‍ ഒഴിവാക്കുവാന്‍ സംവിധായകന്‍ ധൈര്യം കാണിച്ചു എന്നതും വേറിട്ട ഒരു അനുഭവമാണ്.

 ആകെത്തുക [ 7.25/10 ]

പാസഞ്ചര്‍ ട്രയിനുകള്‍ക്കനുസരിച്ച് തങ്ങളുടെ സമയസഞ്ചാരങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന പലരിലൊരാളായ സത്യനാഥന്റെ അസ്വാഭാവികമായ ഒരു ദിവസത്തിനു ശേഷം, സാധാരണനിലയിലേക്ക് മടങ്ങിയുള്ള മറ്റൊരു ദിവസത്തില്‍ ചിത്രം അവസാനിക്കുമ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ കൈയ്യടി. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുന്ന സാധാരണക്കാരനെ ഒന്നു ചിന്തിപ്പിക്കുവാന്‍ ചിത്രത്തിനു കഴിയുന്നുണ്ട്. ചിത്രത്തിനൊടുവില്‍ ദിലീപ് ചിത്രത്തിന്റെ സന്ദേശം വ്യക്തമായി പറയുന്നുണ്ടെങ്കിലും, അതില്ലാതെ തന്നെ പ്രേക്ഷകര്‍ക്ക് കാര്യം മനസിലാവും. അണലി ഷാജിയുടെ മനുഷ്യത്വമില്ലായ്മ തുടക്കത്തില്‍ സൂചിപ്പിച്ച ശേഷം, ഒടുവില്‍ അഭ്യന്തരമന്ത്രി കൂടിയായ തോമസ് ചാക്കോയുടെ മനസിലിരുപ്പ് അറിയുന്ന ഷാജി പോലും മാറി ചിന്തിക്കുന്നു എന്നു കാണിക്കുമ്പോള്‍; റോഡിലിട്ടു മനുഷ്യനെ പച്ചയ്ക്കു വെട്ടിനുറുക്കുന്ന ഗുണ്ടയേക്കാള്‍ അധഃപതിച്ചവരാണ് അധികാരലഹരി മൂത്ത ഇന്നത്തെ രാഷ്ട്രീയക്കാര്‍ എന്നു കൂട്ടിവായിക്കുവാന്‍ ചിത്രം കാണികളെ പ്രേരിപ്പിക്കുന്നു. ഇത്തരം മറ്റു ചില കൂട്ടിവായനകളും ചിത്രത്തില്‍ സാധ്യമാണ്. ഏതെങ്കിലുമൊരു കൊടിയുടെ പക്ഷം പിടിച്ചൊരു രാഷ്ട്രീയ വിമര്‍ശനത്തിനല്ല സംവിധായകന്‍ മുതിര്‍ന്നതെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ജനകീയ കലയ്ക്ക് ഉണ്ടാവേണ്ട സാമൂഹിക പ്രതിബദ്ധത ചിത്രം നിറവേറ്റുമ്പോള്‍ തന്നെ, ഒരു നിമിഷം പോലും സിനിമയില്‍ നിന്നും വിട്ടുപോവാതെ പ്രേക്ഷകനെ പിടിച്ചിരുത്തുകയും ചെയ്യുന്നുണ്ട് ഈ സിനിമ. ഇത്തരമൊരു ചിത്രമൊരുക്കിയ രഞ്ജിത് ശങ്കറും കൂട്ടരും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ദിലീപിന്റെ ചുവടുകള്‍ പിന്‍‌തുടര്‍ന്ന് മറ്റ് സൂപ്പര്‍സ്റ്റാറുകളും, ആരാധകര്‍ക്കായുള്ള കസര്‍ത്തുകള്‍ കാട്ടാതെ, വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ തയ്യാറായാല്‍ മലയാളസിനിമയ്ക്ക് മറ്റൊരു വസന്തകാലമാവും ഇനി വരുന്ന നാളുകള്‍. ആ യാത്രയ്ക്കൊരു തുടക്കം ഈ ‘പാസഞ്ചറി‍’ലൂടെയാവട്ടെ.

Description: Passenger - A Malayalam (Malluwood) film directed by Ranjith Sankar; starring Sreenivasan, Dileep, Mamta Mohandas, Jagathy Sreekumar, Nedumudi Venu, Sona Nair, Manikuttan, Lakshmi Sharma, Harisree Asokan, Madhu, Anand Sami, Srijith Ravi, Sivaji Guruvayur, Anoop Chandran, Kochu Preman, T.P. Madhavan; Produced by S.C. Pillai; Story, Screenplay and Dialogues by Ranjith Shankar; Camera (Cinematography) by P. Sukumar; Editing by Ranjan Abraham; Art Direction by Sabu Ram; Stunts (Action) by ; Background Score by Sankarankutty; Make-up by Sreejith Guruvayoor; Lyrics by Anil Panachooran; Music by Bijibal; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. May 05 2009 Release.
--

Saturday, April 4, 2009

2 ഹരിഹര്‍‌നഗര്‍ (2 Hariharnagar)

2 Harharnagar - A film directed by Lal; Starring Mukesh, Siddique, Jagadish, Asokan, Lakshmi Rai.
1990-ല്‍ പുറത്തിറങ്ങിയ സിദ്ദിഖ്-ലാല്‍ ചിത്രമായ ‘ഇന്‍ ഹരിഹര്‍‌നഗറി’-ന്റെ രണ്ടാം ഭാഗമാണ് ലാല്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്തിരിക്കുന്ന ‘2 ഹരിഹര്‍നഗര്‍’ എന്ന ഈ ചിത്രം. മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍ എന്നിവരവതരിപ്പിക്കുന്ന നാല്‍‌വര്‍സംഘത്തിന്റെ നായികയായി മായ എന്ന വേഷത്തില്‍ ലക്ഷ്മി റായും ചിത്രത്തിലുണ്ട്. പി.എന്‍. വേണുഗോപാല്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊപ്പിച്ചൊരു നിറക്കൂട്ടിലാണ് ഒരുക്കിയെടുത്തിരിക്കുന്നത്.

 കഥയും, കഥാപാത്രങ്ങളും [ 8/10 ]

ആദ്യചിത്രത്തോടു ചേര്‍ന്നുപോവുന്ന വിധത്തില്‍ വിശ്വസിനീയമായൊരു കഥ മെനയുവാന്‍ ലാലിന് കഴിഞ്ഞിരിക്കുന്നു. ഒന്നാം ഭാഗത്തിലെന്നതുപോലെ ഈ ചിത്രത്തിലും കഴിയുന്നിടത്തൊക്കെ നര്‍മ്മം വിതറുവാന്‍ തിരക്കഥയില്‍ ശ്രദ്ധിച്ചിട്ടുണ്ട്. തമാശകളില്‍ ഭൂരിഭാഗവും സാന്ദര്‍ഭികമായ സംഭാഷണങ്ങളിലൂടെയും ഭാവങ്ങളിലൂടെയും സൃഷ്ടിക്കുന്നവയായതിനാല്‍ തന്നെ അവ ചിത്രത്തോട് ചേര്‍ന്നു പോവുന്നുമുണ്ട്. സലിം കുമാര്‍, അറ്റ്‌ലസ് രാമചന്ദ്രന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും, ഇവരെ ഉപയോഗിച്ചുള്ള ചില രംഗങ്ങളും മാത്രമാണ് ഇതിനൊരു അപവാദം. ചിത്രത്തിന്റെ ഒടുവില്‍ അപ്രതീക്ഷിതമായ, എന്നാല്‍ അവിശ്വസിനീയമായി തോന്നാത്ത, ഒരു ക്ലൈമാക്സ് ഒരുക്കുവാനും ലാലിന് കഴിഞ്ഞു. തല്ലിയും കൊന്നുമൊന്നുമല്ല ഒടുവില്‍ വില്ലനുമേല്‍ നായകര്‍ വിജയം നേടുന്നതെന്നതും ഒരു പുതുമയായി. ചിത്രം ഇത്രത്തോളം ആസ്വാദ്യകരമാക്കുന്നതില്‍ ലാലിന്റെ കഥയ്ക്കും തിരക്കഥയ്ക്കും സംഭാഷണങ്ങള്‍ക്കുമുള്ള പങ്ക് ചെറുതല്ല.

 സംവിധാനം [ 8/10 ]

വളച്ചുകെട്ടൊന്നുമില്ലാതെ ലളിതമായി കഥപറഞ്ഞുപോവുകയാണ് ലാല്‍ ഇതില്‍ ചെയ്തിരിക്കുന്നത്. തിരക്കഥയുടെ രസം കളയാതെ ഓരോ രംഗവും പകര്‍ത്തുന്നതില്‍ ലാല്‍ വിജയിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു കഥാപാത്രത്തിന് അനാവശ്യ പ്രാധാന്യം വരാതിരിക്കുവാനും ലാല്‍ ശ്രദ്ധവെച്ചിരിക്കുന്നു. ഒരു നല്ല തിരക്കഥയെ എപ്രകാരമൊരു മികച്ച സിനിമയാക്കിമാറ്റാമെന്ന് ഇതില്‍ കാണാം. ഇങ്ങിനെയൊക്കെയെങ്കിലും, സിദ്ദിഖിനൊപ്പം സംവിധാനം ചെയ്തു വിജയിച്ച മുന്‍‌കാല ചിത്രങ്ങളിലെന്നപോലെ എത്രവട്ടം കണ്ടാലും ചിരിച്ചുപോവുന്ന മികവ് ചിത്രത്തിനുണ്ടെന്നു തോന്നുന്നുമില്ല.

 അഭിനയം [ 7/10 ]

മഹാദേവന്‍, ഗോവിന്ദന്‍‌കുട്ടി, അപ്പുക്കുട്ടന്‍, തോമസുകുട്ടി എന്നിവരെ യഥാക്രമം മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍ തുടങ്ങിയവര്‍ തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയമെടുത്താല്‍ സിദ്ദിഖാണ് കൂട്ടത്തില്‍ മികച്ചുനിന്നതെങ്കില്‍, അപ്പുക്കുട്ടന്റെ മണ്ടത്തരങ്ങളിലൂടെ ജഗദീഷാണ് പ്രേക്ഷകരെ കൈയ്യിലെടുത്തത്. മുകേഷ്, അശോകന്‍ തുടങ്ങിയവര്‍ അല്പം നിറം മങ്ങിയതായി തോന്നിച്ചു. ആദ്യ ചിത്രത്തിലെ ‘മായ’യായ ഗീത വിജയന്റെ സ്ഥാനത്ത്, അതേ പേരില്‍, ഇവിടെ ലക്ഷ്മി റായാണ്. പുതിയ മായയെ മോശമാവാതെ അവതരിപ്പിക്കുവാന്‍ ലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്. വിനീത്, ജനാര്‍ദ്ദനന്‍, സലിം കുമാര്‍, കൊച്ചുപ്രേമന്‍, രോഹിണി, ലെന, റീന ബഷീര്‍ തുടങ്ങിയ മറ്റു താരങ്ങള്‍ക്ക് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. കഴിഞ്ഞ സിനിമയിലെ തുടര്‍ച്ചയായുള്ള, അപ്പ ഹാജ അവതരിപ്പിച്ച പോലീസ് വേഷവും രസകരമായി. വില്ലന്‍ വേഷത്തിലെത്തുന്ന സുദീപ് തോയും തന്റെ വേഷം നന്നായി ചെയ്തിരിക്കുന്നു.

 സാങ്കേതികം [ 6/10 ]

വേണുവിന്റെ ഛായാഗ്രഹണം, വി. സാജന്റെ ചിത്രസംയോജനം തുടങ്ങിയവയ്ക്ക് എടുത്തുപറയത്തക്ക മികവൊന്നുമില്ലെങ്കിലും ചിത്രത്തോട് ചേര്‍ന്നുപോവുന്നു. ചിത്രത്തിനുതകുന്ന രീതിയില്‍ ചുറ്റുപാടുകളൊരുക്കുവാന്‍ കലാസംവിധാനം നിര്‍വ്വഹിച്ച പ്രശാന്തിനായി. തുടക്കത്തിലെ ടൈറ്റിലുകളിലും മറ്റും കണ്ട പുതുമയും ഊര്‍ജ്ജവും തുടര്‍ന്ന് ചിത്രത്തില്‍ കാണുവാനില്ല. കുറച്ചുകൂടി സ്റ്റൈലിഷ് ആയി അവതരിപ്പിച്ചിരുന്നെങ്കില്‍ ഇനിയും ആകര്‍ഷകമാകുമായിരുന്നു ഈ ചിത്രം.

 പാട്ട്, നൃത്തം, ആക്ഷന്‍ [ 3/5 ]

“ഏകാന്തചന്ദ്രികേ...”, “ഉന്നം മറന്നു തെന്നിപ്പറന്ന...” ബിച്ചു തിരുമല രചിച്ച ഈ ഗാനങ്ങള്‍ ചിത്രത്തില്‍ വീണ്ടും ഉപയോഗിച്ചിരിക്കുന്നു. എസ്. ബാലകൃഷ്ണന്‍ സംഗീതം നല്‍കിയ ആദ്യചിത്രത്തിലെ ഗാനങ്ങള്‍ റീമിക്സ് ചെയ്ത് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത് അലക്സ് പോളാണ്. അധികം കസര്‍ത്തുകള്‍ റീമിക്സെന്ന പേരില്‍ ചേര്‍ക്കാത്തതിനാല്‍ ഇവ രണ്ടും കേട്ടിരിക്കാം. സിനിമയുടെ ഒടുവില്‍ ചേര്‍ത്തിരിക്കുന്ന “അടവുകള്‍ പലതും പയറ്റിയ കാലം...” എന്ന ഗാനമാണ് ഈ ചിത്രത്തില്‍ ശ്രദ്ധേയമായത്. ‘2 ഹരിഹര്‍‌നഗറി’ലെ താരങ്ങള്‍ക്കൊപ്പം, ‘ഇന്‍ ഹരിഹര്‍‌നഗറി’ലെ താരങ്ങളായ ഗീത വിജയന്‍, കവിയൂര്‍ പൊന്നമ്മ, രേഖ തുടങ്ങിയവരും ഇതില്‍ തലകാണിക്കുന്നുണ്ട്. ഗാനരംഗങ്ങളില്‍ ഇടയ്ക്കിടെ ഉപയോഗിച്ചിരിക്കുന്ന നൃത്തച്ചുവടുകളിട്ട പ്രസന്നയ്ക്ക് കാര്യമായി അധ്വാനിക്കേണ്ടി വന്നിട്ടില്ല. ചിത്രത്തിലെ ആക്ഷന്‍‌രംഗങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍, ക്ലൈമാക്സ് രംഗത്തിലെ കൂട്ടത്തല്ലിനു പോലും എന്തെങ്കിലും പുതുമ നല്‍കുവാന്‍ ആക്ഷന്‍ രംഗങ്ങളൊരുക്കിയ മാഫിയ ശശി ശ്രമിച്ചതായി തോന്നിയില്ല.

 മറ്റുള്ളവ [ 4/5 ]

‘ഇന്‍ ഹരിഹര്‍‌നഗറി’ലെ രംഗങ്ങള്‍ മിന്നിമായുകയും, ഒരു കോമഡി ഫീലോടെ ചിത്രത്തില്‍ സഹകരിച്ചവരുടെ പേരുകള്‍ തുള്ളിനില്‍ക്കുകയും ചെയ്യുന്ന ചിത്രത്തിന്റെ തുടക്കത്തിലെ ടൈറ്റിലുകള്‍ ആകര്‍ഷകമായി ചെയ്തിരിക്കുന്നു. സാബു കൊളോണിയ ഒരുക്കിയിരിക്കുന്ന പോസ്റ്ററുകളും, ഗ്രാഫിക്കുകളും; സുനില്‍ ഗുരുവായൂരിന്റെ നിശ്ചലച്ചിത്രങ്ങളും ചിത്രത്തിന്റെ കൌതുകം നിലനിര്‍ത്തുവാന്‍ പര്യാപ്തമാണ്. നാല്‍‌വര്‍ സംഘത്തില്‍ ഓരോരുത്തരുടേയും സ്വഭാവത്തിനനുസൃതമായി ഒരുക്കിയെടുത്ത മേക്കപ്പ്-മാന്‍ പി.എന്‍. മണിയും അഭിനന്ദനമര്‍ഹിക്കുന്നു.

 ആകെത്തുക [ 7.2/10 ]

തിയേറ്ററുകള്‍ നിറഞ്ഞോടിയ ഒരു ഉഗ്രന്‍ ചിത്രത്തിനൊരു തുടര്‍ച്ചയെടുക്കുക എന്നത് സംവിധായകനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയാണ്. പലപ്പോഴും അത്തരം ചിത്രങ്ങള്‍ക്ക് അതേ മായാജാലം വീണ്ടും ആവര്‍ത്തിക്കുവാന്‍ സാധിക്കാറുമില്ല. കഥാപാത്രത്തിന്റെ തുടര്‍ച്ച മാത്രമേയുള്ളൂവെങ്കിലും ‘സാഗര്‍ ഏലിയാസ് ജാക്കി റിലോഡഡ്’ എന്ന ചിത്രം ഈ പറഞ്ഞതിന് ഏറ്റവും പുതിയ ഒരു ഉദാഹരണമാണ്. അങ്ങിനെയുണ്ടാവാതിരിക്കുവാന്‍ ലാല്‍ ഈ ചിത്രത്തില്‍ വളരെ ശ്രദ്ധിച്ചിട്ടുള്ളതായി കാണാം. അതില്‍ അദ്ദേഹം നല്ലൊരുപരിധിവരെ വിജയിച്ചിട്ടുമുണ്ട്. ‘എച്ച്യൂച്ച്മി, കാക്ക തൂറിയെന്നാ തോന്നുന്നേ...’ തുടങ്ങി എപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്ന, എപ്പോള്‍ കണ്ടാലും ചിരിച്ചു പോവുന്ന രംഗങ്ങളുടെ അഭാവമാണ് എടുത്തുപറയാവുന്ന ഒരു കുറവ്. ‘തോമസൂട്ടീ... വിട്ടോട...’ തുടങ്ങിയ പഞ്ച് ഡയലോഗുകളുടെ ഉപയോഗവും വിരളം, പുതിയതായി എന്തെങ്കിലും ഡയലോഗുകള്‍ കാണുവാനുമില്ല. എന്നാല്‍ ചിത്രം കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകനും ഇതൊന്നുമൊരു കുറവായി തോന്നുവാന്‍ സാധ്യതയില്ല. ആദ്യചിത്രം ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍, രണ്ടരമണിക്കൂറോളം എല്ലാം മറന്നു ചിരിക്കുവാനുള്ളത് ഈ ചിത്രത്തിലുണ്ട്. ചിത്രമൊരുക്കിയ ലാലിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍.

Description: 2 Hariharnagar (To Hariharnagar) - A Malluwood (Malayalam) film directed by Lal; starring Mukesh, Siddique, Jagadish, Asokan, Lakshmi Rai, Sudeep Tho, Vineeth, Janardanan, Kochu Preman, Appa Haja, Rohini, Lena, Reena Basheer, Atlas Ramachandran; Produced by P.N. Venugopal; Story, Screenplay and Dialogues by Lal; Camera (Cinematography) by Venu; Editing by V. Saajan; Art Direction by Prasanth; Stunts (Action) by Mafia Sasi; Background Score by ; Make-up by P.N. Mani; Lyrics by Bichu Thirumala; Music by Alex Paul; Film Review in Malayalam by Hareesh N. Nampoothiri aka Haree | ഹരീ for Chithravishesham (Chitravishesham) Blog. April 01 2009 Release.
--

Thursday, September 18, 2008

തലപ്പാവ് (Thalappavu)

Thalappavu Film Review - Depute film by actor turned director Madhupal. Story, Screenplay and Dialogues by Babu Janardanan; Starring Prithviraj, Lal, Dhanya Mary Varghese, Atul Kulkarni, Rohini, Jagathy Sreekumar, Sreejith Ravi, Maniyan Pillai Raju.
ചലച്ചിത്ര നടനായും, സാഹിത്യകാരനായും മറ്റും മലയാളികള്‍ക്ക് പരിചിതനായ മധുപാലിന്റെ ആദ്യ സംവിധാന സംരഭമാണ് ‘തലപ്പാവ്’. ബാബു ജനാര്‍ദ്ദനന്റേതാണ് കഥയും, തിരക്കഥയും. പൃഥ്വിരാജ്, ലാൽ, ധന്യ മേരി വര്‍ഗ്ഗീസ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നക്സലൈറ്റ് വര്‍ഗ്ഗീസിന്റെ മരണം; വര്‍ഗ്ഗീസ് ഏറ്റുമുട്ടലിലല്ല, പോലീസ് പിടികൂടി അസൂത്രിതമായി കൊല്ലുകയായിരുന്നുവെന്ന, വര്‍ഗ്ഗീസിനെ വെടിവെച്ച, പോലീസ് കോണ്‍‌സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തൽ; ഇവയെയൊക്കെ ബന്ധിപ്പിച്ചാണ് ‘തലപ്പാവി’ന്റെ കഥയൊരുക്കിയിരിക്കുന്നത്.

ഒരു കൊടിയ ജനവഞ്ചനയുടെ സത്യാവസ്ഥ മനസില്‍ കൊണ്ടു നടന്ന് നീറുകയാണ് പഴയ പോലീസുകാരനായ രവീന്ദ്രന്‍ പിള്ള(ലാൽ‍). എന്നാല്‍ താന്‍ ഈ രഹസ്യം സൂക്ഷിക്കുന്നത് വെറുതെയാണെന്ന് മനസിലാക്കുന്ന നിമിഷം, മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങള്‍ രവീന്ദ്രന്‍ പിള്ള വെളിപ്പെടുത്തുന്നു. അത് മറ്റൊന്നുമല്ല; നക്സലൈറ്റായിരുന്ന ജോസഫി(പൃഥ്വിരാജ്)ന്റെ മരണം ഏറ്റുമുട്ടലിനിടയിലായിരുന്നില്ലെന്നും, അത് ആസൂത്രിതമായ കൊലപാതകമായിരുന്നുവെന്നും, മേലധികാരികളുടെ ഭീഷണികള്‍ക്കു വഴങ്ങി താനാണ് ജോസഫിനെ വെടിവെച്ച് കൊന്നതെന്നുമായിരുന്നു. മനസിന്റെ ഭാരമിറക്കിവെച്ച് അയാള്‍ സ്വതന്ത്രനായപ്പോഴേക്കും; ജീവിതവും, കുടുംബവുമെല്ലാം അയാള്‍ക്ക് കൈവിട്ടുപോയിരുന്നു.

ചരിത്രസത്യങ്ങളില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ, സിനിമയുടെ സാധ്യതകളെ ഉപയോഗിക്കത്തക്കവണ്ണം, തിരക്കഥ തയ്യാറാക്കിയ ബാബു ജനാര്‍ദ്ദനന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. തെളിവുകളില്ലാത്ത രാഷ്ട്രീയാരോപണങ്ങള്‍ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കാതിരിക്കുവാനും തിരക്കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്. പഴയകാലവും, പുതിയകാലവും ഇടവിട്ടിടവിട്ടു മാറിവരുന്ന കഥാകഥനരീതി നന്നായി ഉപയോഗിച്ചിരിക്കുന്നു ഇതിൽ‍. കഥാപാത്രങ്ങള്‍ക്ക് യോജിച്ച അഭിനേതാക്കളെ തിരഞ്ഞെടുത്ത്, അവരെ അഭിനയിപ്പിച്ചിരിക്കുന്നതില്‍ സംവിധായകനായ മധുപാലിന്റെ മിടുക്ക് പ്രകടമാണ്. രവീന്ദ്രന്‍ പിള്ളയെ ലാല്‍ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ജോസഫായി പൃഥ്വിരാജും മോശമായില്ല. സാറാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖം, ധന്യ മേരി വര്‍ഗ്ഗീസും പ്രശംസയര്‍ഹിക്കുന്നു. സയ്‌വര്‍ എന്ന ജന്മിയെ അതുല്‍ കുല്‍ക്കര്‍ണിയും മികച്ചതാക്കി. ഇവരെക്കൂടാതെ രോഹിണി, ജഗതി ശ്രീകുമാര്‍, മണിയന്‍ പിള്ള രാജു, ശ്രീജിത് രവി തുടങ്ങിയവരും നല്ല രീതിയില്‍ അഭിനയിച്ചിട്ടുണ്ട്.

ഒ.എന്‍.വി. കുറുപ്പെഴുതി, അലക്സ് പോള്‍ സംഗീതം നല്‍കിയിരിക്കുന്ന “കണ്ണിനു കുളിരായ്...” എന്ന ഇമ്പമാര്‍ന്ന ഗാനം രവീന്ദ്രന്‍ പിള്ളയുടെയും, കളിക്കൂട്ടുകാരിയായിരുന്ന സാറാമ്മയുടേയും കുട്ടിക്കാലത്തിനു പശ്ചാത്തലമായാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു കാലഘട്ടങ്ങളേയും വേര്‍തിച്ചറിയുവാന്‍ തക്കവണ്ണം, രംഗങ്ങളെ അഴകപ്പന്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. ഇരുളും, കാര്‍മേഖവും, മഴയുമൊക്കെ പശ്ചാത്തലമാവുന്ന മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പുള്ള വയനാട് പ്രേക്ഷകന്റെ മനസില്‍ പതിയുവാന്‍ തക്കവണ്ണമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡോണ്‍ മാക്സ്, വിപിന്‍ മണ്ണൂര്‍ എന്നിവരുടെ എഡിറ്റിംഗ്; ശ്യാം ധര്‍മ്മന്റെ പിന്നണിസംഗീതം എന്നിവയും ചിത്രത്തിനു മുതല്‍ക്കൂട്ടാണ്.

രവീന്ദ്രന്‍ പിള്ളയുടെ ഓര്‍മ്മകളിലെ ജോസഫിന്റെ രൂപം ചോരവാര്‍ന്നൊലിക്കുന്നതാണെങ്കിലും, അവസാനസമയത്തെ ദൈന്യത ഓര്‍മ്മകളില്‍ നിന്നും മാഞ്ഞതുപോലെ തോന്നി. അത്രയും ബീഭത്സമായ മേക്കപ്പില്‍, പൃഥ്വിരാജ് പൂര്‍ണ്ണാരോഗ്യവാനായി പെരുമാറുന്നത് യുക്തിസഹമായി തോന്നിയില്ല. ഇതൊഴിച്ചു നിര്‍ത്തിയാല്‍ മലയാള സിനിമയില്‍ അപൂര്‍വ്വമായി കാണാറുള്ള, ഏവരുടേയും ആത്മാര്‍ത്ഥമായ പരിശ്രമമാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. സംവിധാനരംഗത്ത് തന്റേതായ സ്ഥാനം ആദ്യചിത്രത്തിലൂടെ തന്നെ നേടിയെടുക്കുവാന്‍ മധുപാലിനു കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നുള്ള ചിത്രങ്ങളിലും ഈ മികവ് കാത്തു സൂക്ഷിക്കുക എന്നതാണ് മധുപാലിന്റെ മുന്‍പില്‍ ഇനിയുള്ള വെല്ലുവിളി. അതില്‍ വിജയിക്കുവാന്‍ അദ്ദേഹത്തിനു കഴിയുമെന്നും, പ്രതികരണശേഷി നഷ്ടപ്പെട്ട ജനതയ്ക്ക് അല്പമെങ്കിലും ഉണര്‍വ്വേകുവാന്‍ ചിത്രത്തിനാവുമെന്നുമുള്ള പ്രതീക്ഷയോടെ; ‘തലപ്പാവി’ന്റെ സൃഷ്ടാക്കള്‍ക്ക് അഭിവാദ്യങ്ങൾ.

വെബ്‌സൈറ്റ്: www.thalappavu.com

Description: Thalappavu - Depute film by actor turned director Madhupal. Story, Screenplay and Dialogues by Babu Janardanan; Starring Prithviraj, Lal, Dhanya Mary Varghese, Atul Kulkarni, Rohini, Jagathy Sreekumar, Sreejith Ravi, Maniyan Pillai Raju. Lyrics by O.N.V. Kurup and Music by Alex Paul. Background score by Syam Dharman. Malayalam Film/Movie/Cinema Review by Hareesh N. Nampoothiri aka Haree | ഹരീ.
--

Wednesday, January 2, 2008

താരേ സമീന്‍ പര്‍ (Taare Zameen Par)

Taare Zameen Par - A Film by Aamir Khan.
മനോഹരമായൊരു ചിത്രം, ഇങ്ങിനെ ആത്മവിശ്വാസത്തോടെ പറയുവാന്‍ കഴിയുന്ന ചിത്രങ്ങള്‍ വളരെക്കുറവാണ്. ആമിര്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ‘താരേ സമീന്‍ പര്‍’ അവയിലൊന്നാണ്. അമോല്‍ ഗുപ്തേയുടെ രചനയിലുള്ള ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ആമിര്‍ ഖാന്‍ തന്നെ. ഭാഷയിലെ അക്ഷരങ്ങള്‍, ചിഹ്നങ്ങള്‍, അവയുടെ ഉച്ചാരണം, ലിഖിതം എന്നിവയൊക്കെ മനസിലാക്കുവാന്‍ പ്രയാസമനുഭവിക്കുന്ന ഡിസ്‌ലെക്സ്യ എന്ന വൈകല്യമുള്ള കുട്ടികളാണ് സിനിമയുടെ വിഷയം.

എട്ടുവയസുകാരനായ ഇഷാന്‍ നന്ദകിഷോര്‍ അവസ്‌തി(ദര്‍ശീല്‍ സഫറി)യുടെ കഥയാണിത്. അച്ഛന്‍ നന്ദകിഷോര്‍ അവസ്തി(വിപിന്‍ ശര്‍മ്മ), അമ്മ മായ അവസ്തി(തിഷ ചോപ്ര), ദാദ എന്നുവിളിക്കുന്ന ചേട്ടന്‍ യോഹന്‍ അവസ്‌തി(സചേത് എഞ്ചിനീര്‍) എന്നിവരടങ്ങുന്ന കുടുംബമാണ് ഇഷാന്റേത്. ചേട്ടന്‍ യോഹന്‍ പഠനത്തിലും കളികളിലും ഒന്നാമതു നില്‍ക്കുന്നെങ്കിലും ഇഷാന്‍ ഇവയിലൊക്കെ വളരെ പിന്നിലാണ്. ഇഷാനെ നേരെയാക്കുവാന്‍ അമ്മ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും ഫലം കാണുന്നില്ല. ഒടുവില്‍ അനുസരണാശീലം വരുവാന്‍ ബോര്‍ഡിംഗിലാക്കുകയാണ് നല്ലതെന്ന് മാതാ‍പിതാക്കള്‍ തീരുമാനിക്കുന്നു. ബോര്‍ഡിംഗിലും ഇഷാന്റെ സ്ഥിതി മെച്ചപ്പെടുന്നില്ല. രാജന്‍ ദാമോദരന്‍(തനയ് ചെഡ്ഡ) എന്ന അംഗവൈകല്യമുള്ള കുട്ടിയോടുമാത്രം ഇഷാന്‍ അടുപ്പം കാണിക്കുന്നു. ആയിടയ്ക്കാണ് താത്കാലികമായി രാം ശങ്കര്‍ നികുംഭ്(ആമിര്‍ ഖാന്‍) എന്ന ടീച്ചര്‍ ചിത്രകലാധ്യാപകനായി എത്തുന്നത്. രാം ശങ്കറിന്റെ വരവ് ഇഷാനെ മറ്റൊരാളാക്കുന്നു.

ഡിസ്‌ലെക്സ്യ എന്ന അസുഖമാണ് ഇഷാന്റേത്. കൂടുതല്‍ കരുതലും, സ്നേഹവും, പരിചരണവും ആവശ്യമുള്ള ഒരു വൈകല്യമാണിത്. ഈ വൈകല്യം കുട്ടിക്കാലത്ത് പ്രകടിപ്പിച്ചിരുന്ന, എന്നാല്‍ പില്‍ക്കാലത്ത് വളരെയേറെ പ്രശസ്തരാ‍യ ഒട്ടേറെപ്പേരുണ്ട്. അവയില്‍ കുറച്ചുപേരേക്കുറിച്ച് സിനിമയില്‍ എടുത്തു പറയുന്നുമുണ്ട്. (കൂടുതല്‍ പേരേക്കുറിച്ചറിയുവാന്‍ ഇവിടെ നോക്കൂ.) എന്നാല്‍ ഇത്തരം കുട്ടികളെ എത്ര തെറ്റായ രീതിയിലാണ് നമ്മള്‍ മനസിലാക്കുന്നതും, അവരെ പരിപാലിക്കുന്നതും എന്ന് കാട്ടിത്തരികയാണ് ഈ ചിത്രം.

ചിത്രത്തിന്റെ ആദ്യഭാഗം കാണുന്ന പ്രേക്ഷകന് അവനവനുടെ കുട്ടിക്കാലം ഓര്‍ക്കാതിരിക്കുവാനാവില്ല. ഇഷാന്റെ വികൃതികള്‍ കണ്ടു ചിരിക്കുന്ന പ്രേക്ഷകര്‍, ഇഷാന്റെ പ്രശ്നങ്ങളും വ്യക്തമായി മനസിലാക്കുന്നു. അവിടെയാണ് ഈ സിനിമ വിജയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവതരണം പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു. ആമിര്‍ ഖാന്‍ എന്ന ഒരു മികച്ച അഭിനേതാവ്, താരമൂല്യമുള്ള നടന്‍ ചിത്രത്തിലുണ്ടായിട്ടും; കഥ ഇഷാനില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. മലയാളസിനിമാ പ്രവര്‍ത്തകര്‍ പാഠമാക്കേണ്ട ഒന്നാണിത്. കഥ എന്തായാലും സൂപ്പര്‍സ്റ്റാറുകളില്‍ കേന്ദ്രീകരിക്കുവാന്‍ ശ്രമിക്കുന്നിടത്ത് സിനിമ മോശമാകുവാന്‍ തുടങ്ങുന്നു, ഒടുവില്‍ അവര്‍ക്കായുള്ള കഥയായി മാറുന്നിടത്ത് ആ സിനിമ മരിക്കുന്നു!

മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളും ചിത്രത്തോടിണങ്ങുന്നവ തന്നെ. തന്നെ ബൊര്‍ഡിംഗിലാക്കി മടങ്ങുന്ന മാതാപിതാക്കളെ നോക്കി നില്‍ക്കുന്ന ഇഷാന്‍, രാത്രി കുളിമുറിയില്‍ ഒറ്റയ്ക്കു കരയുന്ന ഇഷാന്‍ ഈ രണ്ടു ഷോട്ടുകളുമാണ് എനിക്കേറെ ഇഷ്ടമായവ. ക്യാമറമാന്‍ സേതുവിനും, സംഗീതം നല്‍കിയിരിക്കുന്ന ശങ്കര്‍-എഹ്സാന്‍-ലോയ് എന്നിവര്‍ക്കും അഭിമാനിക്കാം. ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നവരെല്ലാവരും നന്നായിത്തന്നെ അഭിനയിച്ചിരിക്കുന്നു. പ്രത്യേകിച്ചും ദര്‍ശീല്‍ സഫറി, തിഷ ചോപ്ര, ആമിര്‍ ഖാന്‍ തുടങ്ങിയവര്‍.

പ്രേക്ഷകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. പക്ഷെ, സങ്കടം കൊണ്ടല്ല കണ്ണു നിറയുക; ചിലപ്പോള്‍ സന്തോഷം കൊണ്ട്, ചിലപ്പോള്‍ വാത്സല്യം കൊണ്ട്, മറ്റു ചിലപ്പോള്‍ തങ്ങളുടെ കുട്ടിക്കാലം ഓര്‍ത്തുപോവുന്നതുകൊണ്ട്, ചിലപ്പോള്‍ നാം കുട്ടികളോട് പെരുമാറുന്നതോര്‍ത്ത്... ഒടുവില്‍ ഇഷാന്റെ ജിവിതത്തിന് പുതിയൊരു ലക്ഷ്യവും മാര്‍ഗവും കൈവരുമ്പോള്‍, ഇഷാന്റെ മാതാപിതാക്കളെപ്പോലെ നമ്മളും സന്തോഷിച്ചുപോവും, മനസുനിറഞ്ഞ്. എല്ലാ മാതാപിതാക്കളും കുട്ടികള്‍ക്കൊപ്പം കണ്ടിരിക്കേണ്ട ഒരു ഉത്തമചിത്രം എന്നു തറപ്പിച്ചു പറയുവാന്‍ സാധിക്കുന്ന ഒരു ചിത്രമാണിത്. നക്ഷത്രങ്ങള്‍ ആകാശത്തല്ല, അവ നമുക്കൊപ്പം ഈ ഭൂമിയില്‍ തന്നെയാണെന്ന് കാണുവാന്‍ മറക്കുന്ന നമ്മളോരോരുത്തരുടേയും കണ്ണു തുറപ്പിക്കുകയും ചെയ്യുന്നു ഈ ചിത്രം. ആമിര്‍ ഖാനും, ഈ സിനിമയുമായി സഹകരിച്ച മുഴുവന്‍ കലാകാരന്മാര്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും അഭിനന്ദനങ്ങള്‍.

സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
താരേ സമീന്‍ പര്‍ - വിക്കിപ്പീഡിയ
താരേ സമീന്‍ പര്‍ - ഔദ്യോഗിക വെബ് സൈറ്റ്



Keywords: Aamir Khan, Producer, Director, Taare Zameen Par, Tare Zameen Par, Thare Zameen Par, Hindi Film Review, Cinema, Movie, in Malayalam, Darseel Safary, Tisca Chopra, Tanay Chheda, Vipin Sharma, Sachet Engineer.
--

Tuesday, August 28, 2007

ഒരേ കടല്‍ (Ore Kadal)

Ore Kadal, The Sea Within, Syamaprasad, Syama Prasad, Mammootty, Meera Jasmine, Mammoty, Narain, Remya Krishnan, Ramya, Onam Release, August, Malayalam Movie Review, Reviews, Films, Cinema, Film.
‘അകലെ’ എന്ന ചിത്രത്തിനു ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരേ കടല്‍’. സംവിധായകന്റെ തന്നെയാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിന്ധ്യന്‍. പ്രഥമചിത്രമായ ‘അഗ്നിസാക്ഷി’യുടെയത്രയും നിലവാരം പുലര്‍ത്തുവാന്‍ ‘അകലെ’യില്‍ ശ്യാമപ്രസാദിനു കഴിഞ്ഞിരുന്നില്ല. എന്നാല്‍ ‘ഒരേ കടലി’ലൂടെ, സംവിധായകനെന്ന നിലയില്‍ ഒരു തിരിച്ചു വരവു നടത്തുവാന്‍ ശ്യാമപ്രസാദിന് കഴിഞ്ഞിട്ടുണ്ട്.

ബംഗാളി കഥാകാരന്‍ സുനില്‍ ഗംഗോപാധ്യയുടെ ‘ഹീരക് ദീപ്തി‘ എന്ന കഥയെ ആസ്പദമാക്കിയുള്ള ചലച്ചിത്രമാണിത്. ദീപ്തിയും(മീര ജാസ്മിന്‍), ഭര്‍ത്താവ് ജയനും(നരേന്‍), അവരുടെയൊരു മകനുമടങ്ങിയ കൊച്ചുകുടുംബം, കേരളത്തിനു പുറത്തുള്ള തിരക്കേറിയ ഒരു നഗരത്തിലെ ഫ്ലാറ്റിലാണ് താമസം. ചില പ്രത്യേക സാഹചര്യങ്ങളില്‍ ദീപ്തിക്ക് മുകളിലെ നിലയില്‍ താമസിക്കുന്ന മലയാളിയായ സാമൂഹിക ശാസ്ത്രജ്ഞന്‍ നാഥന്റെ(മമ്മൂട്ടി) സഹായം തേടേണ്ടി വരുന്നു. സമൂഹത്തിലെ സദാചാര സങ്കല്പങ്ങള്‍ക്കുള്ളില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് ദീപ്തി, നാഥനാവട്ടെ അവയ്ക്കെല്ലാം മുകളില്‍ തന്റെ സ്വന്തം ഇഷ്ടാനുസരണം ജീവിക്കുന്ന മറ്റൊരു സാധാരണക്കാരന്‍; നാഥന്‍ വൈകാരിക തലങ്ങളില്‍ ഒരു സാധാരണക്കാരന്‍ മാത്രമാണെന്ന് പ്രേക്ഷകന്‍ തിരിച്ചറിയുന്നുണ്ടെന്നത് ഇവിടെ എടുത്തു പറയേണ്ടതാണ്. ഇവരുടെ ബന്ധം വളരുന്നു, തുടര്‍ന്ന് വ്യത്യസ്ത ചിന്തകളുടെ ഉടമകളായ ദീപ്തിയുടേയും നാഥന്റേയും ജീവിതത്തില്‍ വരുന്ന മാറ്റങ്ങളാണ് ‘ഒരേ കടല്‍’. എല്ലാ മനുഷ്യരുടെയുള്ളിലും ഇരമ്പുന്ന അതേ കടല്‍.

ബാല(രമ്യ കൃഷ്ണന്‍)യാണ് നാഥന്റെ ഒരു അടുത്ത സുഹൃത്ത്. ബാലയും ബന്ധങ്ങളുടേയും സദാചാരത്തിന്റേയും കെട്ടുപാടുകള്‍ വിട്ട് ജീവിക്കുന്ന ഒരു സ്ത്രീയാണ്. ദീപ്തിയെ മനസിലാക്കുവാന്‍ നാഥനെ അവര്‍ സഹായിക്കുന്നു. ഈ മനസിലാക്കലുകളാണ് നാഥനെ സ്വയം തിരിച്ചറിയുവാനും, ബാലയുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു മനുഷ്യനാകുവാനും സഹായിക്കുന്നത്. നിസ്സഹായയായ സ്ത്രീയില്‍ നിന്നും സ്വന്തമായി തീരുമാനങ്ങളെടുത്ത്, നടപ്പിലാക്കുവാന്‍ സാധിക്കുന്ന ഒരു സ്ത്രീയായി ദീപ്തിയുടെ വളര്‍ച്ചയുമാണ് ഈ സിനിമ. നായകനെ കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമല്ലെന്നു സാ‍രം. അഴകപ്പന്‍ നിര്‍വ്വഹിച്ച ഛാ‍യാഗ്രഹണവും മികച്ചു നിന്നു. എങ്കിലും വളരെ മികച്ച ഒരു ചലച്ചിത്രം എന്ന വിശേഷണം ഈ ചിത്രത്തിനു നേടുന്നതില്‍, ‍ സംവിധായകന്‍ വിജയിച്ചു എന്നു കരുതുവാനാവില്ല. ഇനിയും മികച്ചതാക്കുവാന്‍ സാധ്യതയുള്ള ഒന്നായിരുന്നു ഇതെന്ന തോന്നലുണ്ടാക്കിയാണ് ചിത്രമവസാനിക്കുന്നത്.

അഭിനയം
വളരെ നാളായി മലയാളസിനിമയില്‍ സജീവമായിട്ടുണ്ടെന്നുള്ളതും, ധാരാളം പുരസ്കാരങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നുള്ളതും, പ്രതികൂല ഘടകങ്ങളാവുകയില്ലെങ്കില്‍; മമ്മൂട്ടി, ഒരു അവാര്‍ഡിനര്‍ഹമായ അഭിനയമാണിതില്‍ കാഴ്ചവെച്ചിരിക്കുന്നത്. ദീപ്തിയുടെ മാനസികവ്യഥകള്‍ ഒട്ടും കുറയാതെ പ്രേക്ഷകനിലെത്തിച്ച മീരയുടെ അഭിനയവും മികച്ചു നിന്നു. ദീപ്തിയുടെ ഭര്‍ത്താവ്, ജയനെ അവതരിപ്പിച്ച നരേന്റെ അഭിനയം അത്രയ്ക്ക് നന്നായതുമില്ല. ഒരുപക്ഷെ, പ്രേക്ഷകന്റെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ കഴിയാത്ത ഏക കഥാപാത്രവും ഇതാവും. ബാല എന്ന കഥാപാത്രം വളരെക്കുറച്ചു ഭാഗങ്ങളില്‍ മാത്രമേ എത്തുന്നുള്ളൂ, എന്നാല്‍ സിനിമയിലെ ഒരു ശക്തമായ കഥാ‍പാത്രമാക്കി ബാലയെ മാറ്റുവാന്‍ രമ്യ കൃഷ്ണനു സാധിച്ചു.

സംഗീ‍തം
‘അകലെ’യിലെന്ന പോലെ, ‘ഒരേ കടലി‘ലും സംഗീതത്തെ ശ്യാമപ്രസാദ് വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നു. പാട്ടിനു വേണ്ടി പാട്ടു ചേര്‍ക്കുകയെന്ന സ്ഥിരം മലയാളസിനിമയുടെ ശൈലി വിട്ട്, ഗാനങ്ങളെ ചിത്രത്തിന്റെ ഒരു ‘മൂഡ്’ സൃഷ്ടിക്കുവാനായി ഉപയോഗിക്കുന്ന രീതി അനുകരണീയമാണ്. നാല്പത്തിയഞ്ചാമത് മേളകര്‍ത്താരാഗമായ ശുഭപന്തുവരാളിയുടെ (അനുബന്ധം: ഈ) ഒരു ഭാവത്തിന്റെ തന്നെ വിവിധ രീതികളിലുള്ള പ്രയോഗങ്ങളാണ്, ‘ഒരേ കടലി’ലെ ഗാ‍നങ്ങള്‍ക്കുപയോഗിച്ചിരിക്കുന്നത് (അനുബന്ധം: ആ, അനുബന്ധം: ഇ). കര്‍ണ്ണശപഥം ആട്ടക്കഥയില്‍, കുന്തിയുടെ മാനസിക പിരിമുറുക്കം ഏറ്റവുമധികം പ്രകടമാക്കുന്ന പദം, ‘കര്‍ണ! മതിയിദം, കര്‍ണരുന്ദുത വാക്യം’ എന്ന പദവും ഇതേ രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്. വ്യവസ്ഥാ‍പിത സദാചാര സങ്കല്പങ്ങള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന കുന്തിയുടെ പദത്തിനുപയോഗിച്ചിരിക്കുന്ന രാഗം തന്നെ; പുതിയ കാലഘട്ടത്തിലെ സ്ത്രീയുടെ സദാചാരസംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ ‘ഒരേ കടലി’നും ഉപയോഗിച്ചിരിക്കുന്നതില്‍ അതിശയിക്കുവാനില്ല.

ഈ ചിത്രത്തിലെ മനോഹരമായ രണ്ടു ഗാനങ്ങളാണ്, ബോംബെ ജയശ്രീ ആലപിച്ചിരിക്കുന്ന (അനുബന്ധം: ആ), ‘പ്രണയസന്ധ്യയൊരു വെണ്‍ സൂര്യന്റെ വിരഹമറിയുന്നുവൊ’ എന്ന ഗാനവും ശ്വേത ആലപിച്ചിരിക്കുന്ന ‘യമുനവെറുതേ രാപ്പാടുന്നു’ എന്ന ഗാനവും. ദീപ്തി എന്ന ഭാര്യയുടെ, അമ്മയുടെ, കാമുകിയുടെ മാനസികപിരിമുറുക്കങ്ങള്‍ വെളിവാക്കുന്ന ഈ ഗാനങ്ങള്‍ വല്ലാതെ ചിത്രത്തോടിണങ്ങുന്നു. ദീപ്തിയുടേയും നാ‍ഥന്റേയും ബന്ധത്തിന്റെ വളര്‍ച്ചയടങ്ങുന്ന, ‘മനസിന്റെ കാവല്‍ വാതില്‍ തുറന്നാല്‍’ എന്ന ഗാനവും മികച്ചു നിന്നു. ജി. വേണുഗോപാല്‍, സുജാത എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇടയ്ക്കിടെ പിന്നണിയായെത്തുന്ന; വിനീത് ശ്രീനിവാസന്‍, നവീന്‍ എന്നിവര്‍ ആലപിച്ചിരിക്കുന്ന ‘നഗരം വിധുരം’, ‘ഒരു കടലായ് ഞാന്‍ നിറയുന്നു’ എന്നീഗാനങ്ങളും മികച്ചവതന്നെ. ഗിരീഷ് പുത്തഞ്ചേരി രചിച്ച, ഈ ചിത്രത്തിലെ ഗാനങ്ങളുടെ സാഹിത്യവും അര്‍ത്ഥസമ്പുഷ്ടമാണ്. വളരെ നാളുകള്‍ക്കു ശേഷമാണ് ഗാനങ്ങള്‍ ചിത്രത്തിന്റെ ജീവനായ ഒരു മലയാളസിനിമ പ്രേക്ഷകരെത്തേടിയെത്തുന്നത്. ഈ സിനിമയില്‍ ഗാനങ്ങള്‍ക്കുള്ള സ്ഥാ‍നം മനസിലാക്കി, സംവിധാ‍യകന്റെ ഇംഗിതങ്ങള്‍ക്കനുസൃതമായി ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ ഔസെപ്പച്ചനും, ഗാനരചന നിര്‍വ്വഹിച്ച ഗിരീഷ് പുത്തഞ്ചേരിയും, അഭിനന്ദനമര്‍ഹിക്കുന്നു.

ഒരുപക്ഷെ, ഓണം ‘അടിച്ചുപൊളി’ച്ചാഘോഷിക്കുവാനാഗ്രഹിക്കുന്ന പ്രേക്ഷകനെ സംബന്ധിച്ച് ‘ഒരേ കടല്‍‘ നല്ലൊരു അനുഭവമായിരിക്കണമെന്നില്ല. എന്നാല്‍, ഗൌരവമായി സിനിമയെ സമീപിക്കുന്ന ഏതൊരാള്‍ക്കും, കണ്ടുമടുത്ത മലയാളം സിനിമയില്‍ നിന്നും മാറി ചിന്തിക്കുന്ന ഈ സിനിമ തെല്ലൊരാശ്വാസമായിരിക്കും. വിനോദമെന്നതിനപ്പുറം, നമുക്കുചുറ്റുമുള്ള പ്രശ്നങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം സിനിമകളോടുള്ള, മലയാള സിനിമാസ്വാദകരുടെ പിന്തിരിഞ്ഞ സമീപനം മാറ്റിയാല്‍ മാത്രമേ, മലയാള സിനിമയെ സമ്പുഷ്ടമാക്കുവാനുതകുന്ന ഇത്തരം സിനിമകള്‍ ഇനിയും ഉണ്ടാവുകയുള്ളൂ. അതോര്‍ക്കുമ്പോള്‍, ഈ സിനിമയൊന്ന് വിജയിച്ചിരുന്നെങ്കിലെന്നറിയാതെ ആശിച്ചു പോവുന്നു!
--
അനുബന്ധം:
അ) Mapping Emotional Terrain - The Hindu - Apr'06, 2007
ആ) Melody, Mood & Lyrics - The Hindu - Jun'01, 2007
ഇ) Of Human Bondage - The Hindu - Aug'24, 2007
ഈ) Melakarta Ragas - Wiki


സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
ഒരേ കടല്‍ - മലയാളം മൂവി റിവ്യൂസ്
ഒരേ കടല്‍ - ഇന്ദുലേഖ


Read More:
Ore Kadal - Wikipedia
Ore Kadal - SifyMovies
Ore Kadal - IndiaGlitz
Keywords: Ore Kadal, The Sea Within, Syamaprasad, Syama Prasad, Mammootty, Meera Jasmine, Mammoty, Narain, Remya Krishnan, Ramya, Onam Release, August, Malayalam Movie Review, Reviews, Films, Cinema, Film.
--

Monday, July 9, 2007

ഹലോ

Hello, Hallo, Mohanlal, Rafi, Mecartin, Jagathi Sreekumar, Parvathi Milton, Parvathy, Alex Paul, Vayalar Sarathchandravarma, Malayalam Film Review, Cinema, Movie, July Release
മായാവി എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയിലൂടെ രണ്ടാം വരവു നടത്തിയ റാഫി-മെക്കാര്‍ട്ടിന്‍ സഖ്യം കഥ-തിരക്കഥ-സംഭാഷണം-സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ഹലോ'. ജോയ് തോമസ് ശക്തികുളങ്ങരയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കുക എന്ന ലക്ഷ്യത്തിലുള്ള ഈ ചിത്രം അതില് വിജയിച്ചിരിക്കുന്നു. രണ്ടേമുക്കാല്‍ മണിക്കൂറോളമുള്ള 'ഹലോ’ ഒരു സമയത്തും പ്രേക്ഷകനെ മുഷിപ്പിക്കുന്നുമില്ല.

തന്റെ കാമുകിയുടെ ദാരുണമായ മരണത്തിന് കാരണക്കാരായ അച്ഛനമ്മമാരോടും അനുജനോടുമുള്ള പ്രതികാരമായി, കുടിച്ചു നശിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെ ജീവിക്കുന്ന അഡ്വ. ശിവരാമന്‍ നമ്പ്യാരുടെ(മോഹന്‍ലാല്‍) കഥയാണിത്. ചാരായം വാറ്റുന്നതില്‍ നിപുണനായ, റെയ്ഡിന് പോലീസെത്തുമ്പോള്‍ അവരെ ഓടിത്തോല്‍പ്പിക്കുന്ന, ചാണ്ടിക്കുഞ്ഞാ(ജഗതി ശ്രീകുമാര്‍)ണ് ശിവരാമന്റെ സന്തതസഹചാരി. കള്ളുകുടിച്ചും ബാറുകളില്‍ തല്ലുണ്ടാക്കിയും കാലം കഴിക്കുന്ന ശിവരാമിന്റെ മൊബൈലിലേക്ക് ഒരു പെണ്‍കുട്ടി, തന്റെ ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ച്, വിളിക്കുന്നു. സമ്പന്നനായ മാ‌ര്‍വാഡി(മധു)യുടെ ഒറ്റമകളായ പാ‍ര്‍വതി(പാര്‍വതി മില്‍ട്ടണ്‍) ആയിരുന്നു ആ പെണ്‍കുട്ടി. അവളെ അപായപ്പെടുത്തുവാന്‍ ശ്രമിക്കുന്നതാവട്ടെ, സ്വത്തു തട്ടിയെടുക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബന്ധുമിത്രാദികള്‍ തന്നെയും. പ്രത്യേക സാഹചര്യങ്ങളില്‍ പാര്‍വതിയുടെ സംരക്ഷണം ശിവരാമന് ഏറ്റെടുക്കേണ്ടിവരുന്നു. അതോടെ പാര്‍വതിയുടെ ബന്ധുക്കളും ശിവരാമന് എതിരാവുന്നു. പാര്‍വതിയുടെ അച്ഛനെ സത്യാവസ്ഥകള്‍ മനസിലാക്കിക്കുവാന്‍ ശിവരാമന്‍ നടത്തുന്ന ശ്രമങ്ങളാണ് തുടര്‍ന്ന്.

ചിത്രത്തിലെ മോഹന്‍ലാലിന്റെ അവതരണം പുതുമയുള്ളതും ആകര്‍ഷകവുമായി. നര്‍മ്മം കൈകാര്യം ചെയ്യുന്നതില്‍ മോഹന്‍ലാലിനുള്ള കഴിവ് പണ്ടേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്, എന്നാലത് ഉപയോഗിക്കുവാന്‍ തക്ക മിടുക്കുള്ള സംവിധായകര്‍ ഇടക്കാ‍ലത്ത് മലയാള സിനിമയിലില്ലാതെ പോയി. ഇവിടെ മോഹന്‍ലാലൊരു തിരിച്ചുവരവു തന്നെയാണ് നടത്തിയിരിക്കുന്നത്. അഡ്വ. ശിവരാമന്‍ എന്ന കഥാപാത്രത്തെ ഇതിലും മികച്ചതാക്കുവാന്‍ ഇന്ന് മറ്റൊരു നടനുണ്ടാവില്ല. പണക്കാരനായ അച്ഛന്‍ - ഒറ്റ മകള്‍ - സ്വത്ത് തട്ടിയെടുക്കുവാന്‍ കൊലപാതകം വരെ ചെയ്യുവാന്‍ തയ്യാറാവുന്ന ബന്ധുക്കള്‍; പലതവണ കേട്ട കഥ തന്നെ. പക്ഷെ, അവതരണത്തിലേയും പാത്രസൃഷ്ടിയിലേയും വ്യത്യസ്തത ഈ ചിത്രത്തെ ആകര്‍ഷകമാക്കുന്നു. മോഹന്‍ലാല്‍, ജഗതി, സുരാജ്, സലിം കുമാര്‍ എന്നിവരുടെ നര്‍മ്മം പ്രേക്ഷകരെ നന്നായി ചിരിപ്പിക്കും. വയലാ‍ര്‍ ശരത്ചന്ദ്രവര്‍മ്മയെഴുതി അലക്സ്പോള്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങളും മോശമായില്ല. നൃത്തരംഗങ്ങളില്‍ ‘നൃത്തം’ സാധാരണ കാണാറുള്ളതിലും ഭേദമായി ചെയ്തിരിക്കുന്നു എന്നതും എടുത്തുപറയാവുന്നതാണ്.

ജനാര്‍ദ്ദനന്‍, സിദ്ദിഖ്, റിസബാവ, ജഗദീഷ്, മധു വാര്യര്‍, സ്ഫടികം ജോര്‍ജ്, ഭീമന്‍ രഘു, കീരിക്കാടന്‍ ജോസ്, ഗണേഷ് കുമാര്‍, ജിഷ്ണു, സംവൃത സുനില്‍, മങ്ക മഹേഷ് എന്നിങ്ങനെ ഒരു നീണ്ട താരനിരതന്നെ ചിത്രത്തിലുണ്ട്. പാര്‍വതി മില്‍ട്ടണ്‍ എന്ന പുതുനായികയ്ക്ക് എപ്പോഴും ചിരിക്കുക, പാട്ടുപാടുക, നൃത്തമാടുക എന്നിവയല്ലാതെ കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. ഇടവേളവരെ ഒരു പൂര്‍ണ്ണ ഹാസ്യചിത്രമായ ‘ഹലോ’ പിന്നീട് ഒരു ചെറിയ കുറ്റാന്വേഷണപാതയിലൂടെ സഞ്ചരിക്കുന്നു. അപ്രതീക്ഷിതമായ വ്യതിയാനങ്ങളുള്‍പ്പെടുന്ന, സസ്പെന്‍സ് നിറഞ്ഞ ക്ലൈമാക്സ് രംഗം, ചിത്രത്തെ കൂടുതല്‍ മികച്ചതാക്കുന്നു. വിനോദത്തിനായെത്തുന്ന പ്രേക്ഷകരെ എല്ലാ അര്‍ത്ഥത്തിലും തൃപ്തിപ്പെടുത്തുന്ന ഈ മോഹന്‍ലാല്‍ ചിത്രം, ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടുമെന്നതില്‍ സംശയമില്ല.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
ഹലോ - ഇന്ദുലേഖ
ഹലോ - മലയാളം മൂവി റിവ്യൂസ്


Read More:
IndiaGlitz
NowRunning
Sify Movies
--


Keywords: Hello, Hallo, Mohanlal, Rafi, Mecartin, Jagathi Sreekumar, Parvathi Milton, Parvathy, Alex Paul, Vayalar Sarathchandravarma, Malayalam Film Review, Cinema, Movie, July Release
--

Sunday, July 8, 2007

അറബിക്കഥ

Arabikkadha, Arabikadha, Sreenivasan, Srinivasan, Lal Jose, LalJose, Chinese, Samvritha Sunil, Jagathi Sreekumar, Indrajith, Jayasurya, Hussain,  Anil Pachooran, Biji Bal, Malayalam Movie Review, Film, Cinema, July Release
ഒരു വിനോദമെന്ന മലയാളിയുടെ സിനിമാസങ്കല്പത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടുതന്നെ എന്തെങ്കിലും പുതിയതു പറയുവാനും പുതിയതായി പറയുവാനും സംവിധാകന്‍ ലാല്‍ ജോസിന്, അദ്ദേഹത്തിന്റെ മറ്റു സിനിമകളിലേതു പോലെ ഇതിലും കഴിയുന്നു. ഇടതുപക്ഷ വിപ്ലവവും, വിപ്ലവപ്പാര്‍ട്ടിയിലെ അപചയവും, നര്‍മ്മവും, പ്രവാസികളുടെ ദുരിതവും, അവരുടെ നൊമ്പരങ്ങളുമൊക്കെ ഇടചേര്‍ന്ന ഇതിന്റെ കഥയും തിരക്കഥയുമെഴുതിയിരിക്കുന്നത് ഡോ. ഇക്‍ബാല്‍ കുറ്റിപ്പുറം. ശ്രീനിവാസന്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹുസൈന്‍.

ചെമ്മണ്ണൂരിലെ പാര്‍ട്ടിയുടെ സ്ഥാപകനും, പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുള്ള സഖാവുമാണ് സൊസൈറ്റി ഗോപാലന്‍(നെടുമുടി വേണു). അദ്ദേഹത്തിന്റെ മകനും വിപ്ലവപാതയില്‍ തന്നെയാണ്, പേര് ക്യൂബ മുകുന്ദന്‍(ശ്രീനിവാസന്‍). പേരു സൂചിപ്പിക്കുമ്പോലെ ക്യൂബയും ചൈനയും മുകുന്ദന്റെ ദൌര്‍ബല്യങ്ങളാണ്. മുകുന്ദനോടൊപ്പമുള്ള ചെറുപ്പക്കാരില്‍ പ്രധാനിയാണ് പാര്‍ട്ടിയിലെ തീവ്രവാദിയായ അന്‍‌വര്‍(ഇന്ദ്രജിത്ത്). പ്രായോഗിക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന, രാഷ്ട്രീയമെന്നാല്‍ സ്വയംസേവയാണെന്നു കാഴ്ചപ്പാടുള്ള സ. കരുണന്‍, ഫാക്ടറിയുടമ കുഞ്ഞുണ്ണി മുതലാളി(ജഗതി ശ്രീകുമാര്‍) എന്നിവരാണ് ചെമ്മണ്ണൂരില്‍ പാര്‍ട്ടിയെ വഴിതെറ്റിക്കുന്നതില്‍ പ്രധാനികള്‍. ഇവരുടെ ഒത്തുകളിയുടെ ഫലമായി മുകുന്ദന് പണമുണ്ടാക്കുവനായി ഗള്‍ഫിലെത്തേണ്ടിവരുന്നു. അവിടെ സഹായത്തിനെത്തുന്നത് കരുണന്റെ അനന്തിരവന്‍ സിദ്ധാര്‍ത്ഥന്‍(ജയസൂര്യ). നല്ല മനസുള്ള ഒരുകൂട്ടം പ്രവാസിമലയാളികളേയും മുകുന്ദന്‍ കണ്ടുമുട്ടുന്നു.

ചിത്രത്തിന്റെ ആദ്യഘട്ടം സഞ്ചരിക്കുന്നത് ഇടതുപക്ഷ വിമര്‍ശനത്തിലൂടെയും ന്യായീകരണങ്ങളിലൂടെയുമാണ്, എന്നാല്‍ മുകുന്ദന്‍ ഗള്‍ഫിലെത്തുന്നതോടെ സിനിമയുടെ വിഷയം പ്രവാസികളേയും അവരുടെ ദുരിതങ്ങളേയും ചുറ്റിപ്പറ്റിയായി. ഈയൊരു വ്യതിയാനം വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു സംവിധായകന്‍. ഇടതുപക്ഷത്തെക്കുറിച്ചായാലും പ്രവാസി മലയാളികളെക്കുറിച്ചായാലും; രണ്ടിലേയും നന്മതിന്മകളെ എടുത്തുകാട്ടുന്നുണ്ട് ഈ സിനിമ, ഏകപക്ഷീയമല്ല എന്നു സാരം.

ക്യൂബ മുകുന്ദന്‍ എന്ന പാര്‍ട്ടിയില്‍ അടിയുറച്ചു വിശ്വസിക്കുന്ന സാധാരണക്കാരനാ‍യ പാര്‍ട്ടിപ്രവര്‍ത്തകനെ ശ്രീനിവാസന്‍ മനോഹരമാക്കി. ‘സൂത്തി’ എന്ന ചൈനീസുകാരിയെ അവതരിപ്പിക്കുന്നത് ഴാങ്-ഷു-മിന്‍, തുടക്കക്കാരിയെങ്കിലും അന്യഭാഷചിത്രമെങ്കിലും കഥാപാത്രത്തെ സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു അവര്‍. മറ്റ് അഭിനേതാക്കളായ സംവൃത സുനില്‍, ജഗതി ശ്രീകുമാര്‍, ജയസൂര്യ, ഇന്ദ്രജിത്ത്, സലിം കുമാര്‍, സുരാജ്, നെടുമുടി വേണു തുടങ്ങിയവരെല്ലാവരും തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ട്. തുടക്കക്കാരായ അനില്‍ പനച്ചൂരാന്‍, ബിജി ബാല്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയിരിക്കുന്ന ഗാനങ്ങളും ആകര്‍ഷകമായി. ‘ചോര വീണ മണ്ണില്‍’ എന്നു തുടങ്ങുന്ന വിപ്ലവഗാനം ചിത്രത്തിന് ഒരു വല്ലാത്ത ഭാവം നല്‍കുന്നുണ്ട്, ആ ഭാഗത്തെ ചിത്രീകരണവും നന്നായി. തുടക്കത്തില്‍ ടൈറ്റിലെഴുതിക്കാണിക്കുന്നതിനായി സമയവും ഫിലിമും പാഴാക്കിക്കളഞ്ഞിട്ടില്ല എന്നതും ആശ്വാസകരമായി.

ഇവിടെ നോക്കുകൂലിയും കേട്ടുകൂലിയും വാങ്ങുന്ന മലയാളി തൊഴിലാളികള്‍ തന്നെ, വിദേശത്ത് യാതൊരു മാനുഷിക പരിഗണനയുമില്ലാത്ത സാഹചര്യങ്ങളില്‍ കഠിനമായി തൊഴിലെടുക്കുന്നു. അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്നതിനൊപ്പം കടമകള്‍ നിര്‍വ്വഹിക്കുവാനുള്ള ആഹ്വാനവും പാര്‍ട്ടികളില്‍ നിന്നുണ്ടാവണം എന്ന ശക്തമായ ഒരു സന്ദേശം ഈ ചിത്രം നല്‍കുന്നുണ്ട്. വികസനത്തിലേക്കും സമത്വത്തിലേക്കുമുള്ള പാത അതുമാത്രമാണെന്ന തിരിച്ചറിവോടെയാണ്, പ്രവാസിജീവിതം കഴിഞ്ഞ് സ. മുകുന്ദന്‍ ചെമ്മണ്ണൂരില്‍ തിരികെയെത്തുന്നത്. വിനോദമെന്ന മാധ്യമധര്‍മ്മം നിറവേറ്റിക്കൊണ്ടുതന്നെ, കാലികപ്രസക്തിയുള്ള ഇത്തരം ചിന്തകളെ ഉദ്വീപിപ്പിക്കുന്ന ലാല്‍ ജോസിന്റെ സംവിധാനശൈലിക്കൊരു മുതല്‍കൂട്ടാണ് ഈ ചലച്ചിത്രം.
--

സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
അറബിക്കഥ - ഇന്ദുലേഖ
അറബിക്കഥ - മലയാളം മൂവി റിവ്യൂസ്


Read More:
IndiaGlitz
Sify Movies
NowRunning


Keywords: Arabikkadha, Arabikadha, Sreenivasan, Srinivasan, Lal Jose, LalJose, Chinese, Samvritha Sunil, Jagathi Sreekumar, Indrajith, Jayasurya, Hussain, Anil Pachooran, Biji Bal, Malayalam Movie Review, Film, Cinema, July Release
--

Friday, March 2, 2007

നിശബ്ദ്


നിശബ്ദമായി പ്രേക്ഷകനോട് സം‌വേദിക്കുന്ന ഒരു ചിത്രം തന്നെയാണ് ‘നിശബ്ദ്’. ചിത്രത്തിലെ ഡയലോഗുകളേക്കാള്‍ പ്രേക്ഷകന്‍ അറിയുന്നതും കഥാപാത്രങ്ങളുടെ മൌനത്തെയാണ്. രാംഗോപാല്‍ വര്‍മ്മ സം‌വിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആര്‍.ജി.വി. ഫിലിംസാണ്. വ്ലാഡിമര്‍ നബോക്കോവ് കഥയായ 'ലൊലീറ്റ (Lolita)’യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതിയിരിക്കുന്നത് കുസും പഞ്ചാബി.

വിജയ് - അമൃത (അമിതാഭ് ബച്ചന്‍ - രേവതി) ദമ്പതിമാരുടെ കോളേജില്‍ പഠിക്കുന്ന മകളാണ് റിതു (ശ്രദ്ധ ആര്യ). കോളേജ് വിദ്യാര്‍ത്ഥിനിയായ റിതുവിന് ഇത് അവധിക്കാലം. അച്ഛനമ്മമാര്‍ പരസ്പരം വേര്‍പിരിഞ്ഞ, ആസ്ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന റിതുവിന്റെ കൂട്ടുകാരി ജിയയും (ജിയ ഖാന്‍) അവധിക്കാലം ചിലവഴിക്കുവാന്‍ റിതുവിനൊപ്പമെത്തുന്നു. വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്ന വിജയ്‌യുടെ ഇഷ്ടവിനോദം ഫോട്ടൊഗ്രഫിയാണ്. നൃത്തത്തില്‍ തല്പരയായിരുന്ന അമൃത, കുടുംബപ്രാരാബ്ദങ്ങളില്‍ മുഴുകി ജീവിതം കഴിക്കുന്നു. റിതു ഒരു സാധാരണ രീതിയില്‍ ചിന്തിക്കുന്ന ഒരു പെണ്‍കുട്ടി. ജി എന്ന് വിളിക്കുവാന്‍ ഇഷ്ടപ്പെടുന്ന ജിയ, വേറിട്ടൊരു ചിന്താഗതിക്കാരി.

കഥാപാത്രങ്ങളെ സശ്രദ്ധമാണ് സം‌വിധായകന്‍ ഡെവലപ് ചെയ്തിരിക്കുന്നത്. ഓരോ ഡയലോഗും കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ വെളിവാക്കുവാന്‍ തക്കവണ്ണം പാകപ്പെടുത്തിയിരിക്കുന്നു. “Do you love my spirit?" ... "I love yours." എന്നീ ജിയയുടെ വാചകങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. കഥയേതാണ്ട് മദ്ധ്യഭാഗമെത്തുമ്പോള്‍, വിജയ്‌‌യും ജിയയും പരസ്പരമുള്ള ഇഷ്ടം തുറന്നു സമ്മതിക്കുന്നുണ്ട്, എന്നാലതില്‍ ഒരു അസ്വാഭാവികതയും പ്രേക്ഷകന് തോന്നില്ല, അവിടെയാണ് പാത്രസൃഷ്ടിയില്‍ സം‌വിധായകന്‍ വിജയിച്ചിരിക്കുന്നത്.

ഇവര്‍ തമ്മിലുള്ള പ്രണയം വീട്ടിലെ മറ്റംഗങ്ങള്‍ അറിയുന്നതും, തുടര്‍ന്ന് ആ ഒരു സിറ്റുവേഷനോട് ഓരോ കഥാപാത്രങ്ങളുടേയും പ്രതികരണവുമാണ് സിനിമയിലെ കാതല്‍. അമൃതയുടെ സഹോദരനായി നാസറും ജിയയെ കുട്ടിക്കാലം മുതല്‍ സ്നേഹിക്കുന്ന കാമുകനായി അഫ്‍താബും സിനിമയിലുണ്ട്. അമിതാഭ് ബച്ചന്‍ വിജയ് എന്ന കഥാപാത്രത്തെ വളരെ നന്നായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. വളരെ മനക്കട്ടിയുള്ള, കാര്യങ്ങള്‍ നന്നായി മനസിലാക്കുന്ന വിജയ്; ജിയയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ചൂളുന്നതും, തീരുമാനമെടുക്കാനാവാതെ ഉഴറുന്നതും വളരെ നന്നായി ബച്ചന്‍ അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നു. ജിയയായി ജിയ ഖാനും നന്നായിത്തന്നെ അഭിനയിച്ചിട്ടുണ്ട്. മറ്റുള്ള കഥാപാത്രങ്ങളും മോശമായിട്ടില്ല.

എടുത്തു പറയേണ്ട മറ്റൊരു കാര്യം ചിത്രത്തിലെ ഛായാഗ്രഹണമാണ്. ഡിജിറ്റല്‍ പ്രൊജക്ഷന്‍ സിസ്റ്റം ഉപയോഗിക്കുന്ന ഈ ചിത്രത്തിലെ ഓരോ ഷോട്ടും മനോഹരമാണ്. മൂന്നാറിലെ ടീ-എസ്റ്റേറ്റുകളിലെ ഷോട്ടുകള്‍ മാത്രമല്ല, മുറിക്കുള്ളിലെ ഷോട്ടുകളും, അമിതാഭിന്റെ ക്ലോസപ്പ് ഷോട്ടുകളും എല്ലാം നന്നായിരിക്കുന്നു. ചിത്രത്തിന്റെ ബാക്ക്ഗ്രൌണ്ട് സ്കോര്‍ വളരെ നന്നായി ചിത്രവുമായി ചേര്‍ന്നു പോകുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ ജിയ വിജയോട് ചോദിക്കുന്നു, “What you can break without touching it?" ഉത്തരം മുട്ടുന്ന വിജയ്‍യോട് ജിയ പറയുന്നു, "A promise." കഥാന്ത്യത്തിലേക്കൊരു ചൂണ്ടുപലകയാണ് ആ വാചകം എന്ന് സിനിമതീരുമ്പോള്‍ നിങ്ങള്‍ക്കു മനസിലാവും. തീര്‍ച്ചയായും കാണേണ്ട ചിത്രങ്ങളിലൊന്നായി നിശബ്ദിനെ പരിഗണിക്കുന്നതിലും തെറ്റില്ല.
--
Read more:
Nishabd - IndiaGlitz
Nishabd - NowRunning
Nishabd - Sify Movies
--

Tuesday, November 21, 2006

കറുത്തപക്ഷികൾ


‘രാപ്പകലി’നു ശേഷം മമ്മൂട്ടിയും കമലും വീണ്ടും ഒന്നിക്കുന്നു ഈ ചിത്രത്തിൽ. കമലിന്റെ തന്നെയാണ് കഥയും തിരക്കഥയും. സംവിധാനമികവുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു രാപ്പകൽ. രാപ്പകലിന്റെ കഥാകഥനരീതി നന്നായിരുന്നെങ്കിലും പറഞ്ഞു പഴകിയ ഒരു ‘ത്രഡ്’ ആയിപ്പോയി എന്നൊരു ന്യൂനത അതിനുണ്ട്. എന്നാൽ ഇവിടെ കമൽ തികച്ചും വ്യത്യസതമായ ഒരു കഥയാണ് പറയുന്നത്.

തമിഴ്നാട്ടിൽ നിന്നും നമ്മുടെയിടയിൽ പണിയെടുത്തു കഴിയുന്ന ധാരാളം തമിഴർ ഇവിടെയുണ്ട്. അത്തരത്തിലൊരു തേപ്പുകാരനാണ് മുരുകൻ, മമ്മൂട്ടി വളരെ നന്നായി ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചേരിയിലെ ജീവിതവും, അവരുടെ മനസിലെ നന്മകളും തിരിച്ചറിയുവാനാണ് സംവിധായകന്റെ ശ്രമം. കണ്ണു നിറയുന്ന സന്ദർഭങ്ങൾ ഒരു പിടിയുണ്ട് ചിത്രത്തിൽ. മുരുകന്റെ അന്ധയായ മകളെ അവതരിപ്പിക്കുന്ന ബേബി മാളവികയും നല്ലരീതിയിൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മീന, പത്മപ്രിയ ഇവരുടെയെല്ലാം കഥാപാത്രങ്ങൾ നമ്മൾ നിത്യജീവിതത്തിൽ പലപ്പോഴും കടന്നു പോകുന്നവതന്നെ. സഹതാപം, പരിഹാസം, ദേഷ്യം, ചൂഷണം ഇവയെല്ലാം ഇവർ നേരിടുന്നുണ്ട്, ഇവയൊക്കെയും സംവിധായകൻ പ്രേക്ഷകരിലെത്തിക്കുകയും ചെയ്യുന്നു. മീന, പത്മപ്രിയ, ജഗതി ഇവരൊക്കെയും നന്നായിത്തന്നെ അഭിനയിച്ചിരിക്കുന്നു.

ചിത്രത്തിന്റെ എടുത്തു പറയേണ്ട സവിശേഷത, ഇതിൽ ഒരു വില്ലൻ കഥാപാത്രമില്ല എന്നുള്ളതാണ്. മനുഷ്യൻ നേരിടുന്ന ജീവിതാവസ്ഥകളാണ് ഒരാളുടെ ഏറ്റവും വലിയ വില്ലൻ എന്ന് ഈ ചിത്രം ഓർമ്മപ്പെടുത്തുന്നു. അങ്ങിനെ നോക്കുമ്പോൾ ഈ സമുഹമാണ് യഥാർത്ഥവില്ലൻ എന്നൊരു തിരിച്ചറിവ് നാം അനുഭവിക്കും. മമ്മൂട്ടിയുടെ ‘മുരുകൻ’ എന്ന ഹീറോയുടേയും കാര്യം വ്യത്യസ്തമല്ല. ഈ കഷ്ടതകളിൽ നിന്നു കൊണ്ട് മൂല്യങ്ങളിലും, പരസ്പര സ്നേഹത്തിലും, നന്മയിലും വിശ്വസിക്കുന്ന ഈ കഥാപാത്രം പ്രേക്ഷകരെ ചിന്തിപ്പിക്കുക തന്നെ ചെയ്യും. സമസ്ത സൌഭാഗ്യങ്ങൾക്കു നടുവിലും മനസിലെ നന്മ സൂക്ഷിക്കുവാൻ കഴിയാത്ത, ചുറ്റുമുള്ള മനുഷ്യരെ സ്നേഹിക്കുവാനറിയാത്ത എത്രയെത്ര മനുഷ്യർ നമുക്കു ചുറ്റും, അത്തരത്തിലുള്ളയാളായാണ് മീനയുടെ ഭർത്താവെത്തുന്നത്.

കമലിന്റെ സംവിധാനവും, പി.സുകുമാറിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ടവ തന്നെ. സംഗീതത്തിന് വലിയ പ്രാധാന്യമില്ല ഈ ചിത്രത്തിൽ.സിനിമ കഴിഞ്ഞപ്പോൾ കയ്യടി ഉയർന്നത് വളരെ അതിശയകരമായിത്തോന്നി എനിക്ക്. മലയാളിയുടെ മാറുന്ന സ്വഭാവമായും ഇതിനെക്കാണാം, അതായത് നല്ലതിനെ അംഗീകരിക്കുവാൻ അവർ തയ്യാറാവുന്നു എന്നത്. വളരെ നന്നായി തുടങ്ങി, നല്ല രീതിയില്‍ അവസാനിക്കുന്ന ഒരു ചിത്രമാണിത്. അസ്വാഭാവിക പരിണാമങ്ങൾ ഒന്നും തന്നെയില്ല ഈ ചിത്രത്തിൽ. വിധി മനുഷ്യനെ എങ്ങിനെ ഒരു കളിപ്പാവയാക്കുന്നു എന്ന് വ്യക്തവും ശക്തവുമായി കമല്‍ ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു.

തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. ഒന്നു കൂടി കാണണം എന്ന് വളരെനാളുകൾക്കു ശേഷം എനിക്ക് തോന്നുന്ന ഒരു ചിത്രം കൂടിയാണിത്. നല്ല ചിത്രം, നല്ല നടൻ, നല്ല ബാലതാരം എന്നീ അവാർഡുകൾക്ക് തീർച്ചയായും ഈ ചിത്രവും മമ്മൂട്ടിയും ബേബി മാളവികയും അർഹരാണ്. ഇത്രയും നല്ല ഒരു ചിത്രമൊരുക്കിയ കമലിന് ആശംസകൾ.
--